കാലിവളർത്തലില്‍ വിപ്ലവം സൃഷ്ടിച്ച ഇൻഡോ–സ്വിസ് പ്രോജക്ട്: ക്ഷീരകർഷകരെ വളർത്തിയ കെഎൽഡി ബോര്‍ഡ്

HIGHLIGHTS
  • ഏറ്റവും കൂടുതൽ ഡോസ് സങ്കരവർഗ കന്നുകാലികളുടെ ബീജം ഉൽപാദിപ്പിക്കുന്ന സ്ഥാപനം
  • ബീജം കേടുകൂടാതെ സൂക്ഷിക്കാൻ ദ്രവനൈട്രജൻ
dairy-farm-mattuppetty-2
സുനന്ദിനി ഇനത്തിൽപ്പെട്ട കാള
SHARE

1963ൽ ഭാരത സർക്കാരും സ്വിറ്റ്സർലൻഡ് സർക്കാരും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരം നിലവിൽ വന്ന കേരളത്തിലെ ‘ഇൻഡോസ്വിസ്’പ്രൊജക്ടാണ്, പാലുൽപാദനത്തിൽ സ്വയം പര്യാപ്തതയെക്കുറിച്ചു സംസാരിക്കാൻ നമ്മെ പര്യാപ്തമാക്കിയത്.  ‘നാടൻ പശുവും നാഴൂരി പാലും’ എന്ന രീതിയിൽ ഉൽപാദനക്ഷമത തീരെയില്ലാത്ത നാടൻ കന്നുകാലികളും ആദായകരമല്ലാത്ത കാലി വളർത്തലും, അതായിരുന്നു അന്നത്തെ അവസ്ഥ. 

സ്വിറ്റ്സർലൻഡ് സായിപ്പും, നമ്മുടെ ദീർഘവീക്ഷണമുള്ള വെറ്ററിനറി ഡോക്ടർമാരും കൂടി ചേർന്നപ്പോൾ കാലിവളർത്തലില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി എന്നത് ചരിത്രം. മൂന്നാറിലെ മാട്ടുപ്പെട്ടിയിൽ 1963ൽ ഇൻഡോ–സ്വിസ് പ്രൊജക്ട് തുടങ്ങുമ്പോള്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഉൽപാദനക്ഷമതയുള്ള ഒരു പശു ജനുസ് വേർതിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ നമുക്കു ലഭിച്ചതാണ് സുനന്ദിനി എന്ന ഇനം പശു. നമ്മുടെ നാടൻ പശുക്കളിൽ, യൂറോപ്പിൽ നിന്നുള്ള ഉൽപാദനശേഷി കൂടിയ കാളകളുടെ ബീജം, കൃത്രിമ ബീജസങ്കലന മാർഗത്തിലൂടെ നിക്ഷേപിച്ചുണ്ടാകുന്ന, സങ്കര ഇനം പശുക്കുട്ടികളെ വളർത്തി വലുതാക്കിയപ്പോൾ മൃഗസംരക്ഷണ മേഖലയിൽ ക്ഷീരകർഷകർക്ക് പുത്തനുണർവും, കേരളത്തിലെ പാലുൽപാദനത്തിൽ വൻ കുതിച്ചുചാട്ടവുമുണ്ടായി. 

തുടക്കത്തില്‍ കർഷകരെ ബോധവൽക്കരിക്കുക, കൃത്രിമ ബീജസങ്കലനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആവശ്യമായ സാങ്കേതിക വിദഗ്ധരെ കണ്ടെത്തി പരിശീലിപ്പിക്കുക, നാടൻ വിത്തുകാളകളെ വന്ധ്യംകരിക്കുക തുടങ്ങിയവ മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. പാലുൽപാദനം വർധിച്ചപ്പോൾ സംഭരണത്തിനും വിപണനത്തിനുമായി പുതിയ മാർഗം കണ്ടെത്തേണ്ടി വന്നു. തുടർന്ന് കേരള സർക്കാർ 1970ന്റെ മധ്യത്തിൽ ഇൻഡോ–സ്വിസ് പ്രൊജക്ടിനെ കേരള ലൈവസ്റ്റോക് ഡെവലപ്മെന്റ് ബോർഡ് ആൻഡ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ എന്ന സ്ഥാപനമാക്കി പുനഃക്രമീകരിച്ചു. കൃത്രിമ ബീജസങ്കലനത്തിനു വേണ്ട ബീജം ഉൽപാദിപ്പിക്കുക, സങ്കര ഇനം പുൽവിത്തുകൾ വളർത്തുകയും അവ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക, പാൽ സംഭരണം, വിപണനം തുടങ്ങി വിപുലമായ ലക്ഷ്യങ്ങളായിരുന്നു സ്ഥാപനത്തിനുണ്ടായിരുന്നത്. 

1983 ആയപ്പോഴേക്കും പാൽ സംഭരണത്തിനും വിപണനത്തിനുമായി കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ നിലവിൽ വന്നു. 

dairy-farm-mattuppetty-1

ഇപ്പോൾ കേരള ലൈവ് സ്റ്റോക് ഡെവലപ്മെന്റ് ബോർഡിന്റെ കീഴിൽ മൂന്ന് ഫാമുകളിലാണ് ബീജോൽപാദനം നടക്കുന്നത്– കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, പാലക്കാട് ജില്ലയിലെ ധോണി, ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി. പുറമേ നിന്നുള്ള മലിനീകരണങ്ങളൊന്നും ബാധിക്കാത്ത പ്രകൃതി രമണീയ സ്ഥലങ്ങളാണ് ഇവയെല്ലാം. ഈ ഫാമുകളിൽ നിന്നുള്ള ഏകദേശം 160 വിത്തുകാളകളില്‍ നിന്നായി പ്രതിവർഷം 30 ലക്ഷത്തോളം ഡോസ് ബീജം ഉൽപാദിപ്പിക്കുന്നു. ഇതിൽ നിന്നും നമ്മുടെ സംസ്ഥാനത്തിനാവശ്യമായത് നൽകിയതിനു ശേഷം ബാക്കി വരുന്നത് മറ്റു സംസ്ഥാനങ്ങൾക്ക് വിൽക്കുന്നു. കേരള സർക്കാർ കെഎൽഡി ബോർഡിൽനിന്നും വിലയ്ക്ക് വാങ്ങുന്ന ബീജം തീർത്തും സൗജന്യമായാണ് ക്ഷീരകർഷകർക്ക് നൽകുന്നത്. 

ഉൽപാദനത്തിന്റെ ഓരോ ഘട്ടത്തിലും കർശന ഗുണനിലവാര പരിശോധനയ്ക്ക് ഓരോ ഡോസ് ബീജവും വിധേയമാകുന്നുണ്ട്. പ്രത്യേക വൈദഗ്ധ്യം നേടിയ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് വിത്തു കാളകളുടെ ആരോഗ്യപരിപാലനവും ബീജസംസ്കരണവും. വളരെ കുറച്ച് വിത്തുകാളകളിൽനിന്നാണ് കേരളത്തിലെ ക്ഷീരമേഖലയ്ക്കാവശ്യമായ മുഴുവൻ ബീജവും ഉൽപാദിപ്പിക്കുന്നത് എന്നറിയമ്പോഴാണ് അതിന്റെ പരിപാലന മുറകളിലെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാകുന്നത്. അത്യുൽപാദനശേഷിയുള്ള ഗുണമേന്മ കൂടിയ വിത്തുകാളകളുടെ ബീജം വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനും ഉപയോഗിക്കാനും കഴിയും. 

bull-matuppetty-2
ബീജശേഖരണവേള

ഉൽപാദനശേഷി കൂടിയ വിത്തുകാളകൾ മരണപ്പെട്ടാലും ശേഖരിച്ച ബീജം വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയും. ബീജം കേടുകൂടാതെ സൂക്ഷിക്കാൻ ദ്രവീകൃക നൈട്രജൻ ഉപയോഗിക്കുന്നു. കർഷകർക്ക് സ്വന്തമായി കാളകളെ വളർത്തേണ്ട എന്ന പ്രത്യേകതയുമുണ്ട്. വിത്തുകാളകളെ വളർത്തുന്നത് വളരെ ചെലവേറിയതാണ്. അണുബാധയേൽക്കാതിരിക്കാൻ എല്ലാവിധ മുൻകരുതലുകളും ഫാമിൽ സ്വീകരിക്കുന്നുണ്ട്. 

വിപുലമായ വിതരണ ശൃംഖലയാണ് കെഎൽഡി ബോർഡിനുള്ളത്. ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് ‘റീജണൽ സെമൻ ബാങ്കുകളിലേക്കും’ അവിടെനിന്ന് കേരളത്തിലെ മുഴുവൻ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളിലേക്കും, മൃഗാശുപത്രികളിലേക്കും പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിൽ ബീജം എത്തിച്ചു നൽകണം. കർഷകർക്ക് ആവശ്യമെങ്കിൽ ഏതു വിത്തുകാളയുടെ ബീജമാണ് ഉപയോഗിക്കുന്നത്, അതിന്റെ ഗുണമേന്മ തുടങ്ങിയവ അറിയാൻ കഴിയും. ഇന്ത്യയിലാദ്യമായി 1967ൽ ഗാഢശീതീകരണ രീതിയിൽ ബീജം സൂക്ഷിക്കാൻ തുടങ്ങിയത് മാട്ടുപ്പെട്ടിയിലെ ഫാമിലാണ്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡോസ് സങ്കരവർഗ കന്നുകാലികളുടെ ബീജം ഉൽപാദിപ്പിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും കെഎൽഡി ബോർഡിന് സ്വന്തം. കേരളത്തിലാദ്യമായി അത്യന്താധുനിക രീതിയിലുള്ള ഹൈടെക് ഫാം തുടങ്ങിയത് കെഎൽഡി ബോർഡിന്റെ കുളത്തുപ്പുഴ ഫാമിൽ. തുടർന്ന് ഇടുക്കിയിലെ കോലാഹലമേട്ടിലും. മാട്ടുപ്പെട്ടിയിലും ഹൈടെക് ഫാമുകളായി.  

വ്യവസ്ഥാപിത രീതിയിലുള്ള കാലിവളർത്തലിൽനിന്ന് വ്യത്യസ്തമായി, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഹൈടെക് ഫാമുകളിലുള്ളത്. സംസ്ഥാനത്തെ ആടുകളിൽ കൃത്രിമബീജസങ്കലനത്തിനായി ഉയർന്ന ജനിതക ഗുണമുള്ള ആടുകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. ഇവയിൽ നിന്നുള്ള ബീജം മൃഗാശുപത്രി വഴി ലഭ്യമാണ്. 

mattupetty-farm-2

കർഷകർക്ക് കാലിവളർത്തൽ ചെലവ് കുറയ്ക്കാനായി തീറ്റപ്പുൽ വളർത്തുന്നതിലേക്കാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും കെഎൽഡി ബോർഡ് നല്‍കുന്നു. മുന്തിയ ഇനമായ ‘മുറ’ ഇനത്തിലുള്ള പോത്തിന്റെ ബീജം മൃഗാശുപത്രിക്ക് നൽകുന്നതും ഇവിടെ നിന്നാണ്. 

ഇടക്കാലത്ത് അന്യം നിന്ന് പോയ വെച്ചൂർ ഇനം പശുക്കളുടെ നിലനിൽപിനായി, വെച്ചൂർ കാളകളുടെ ബീജം ലഭ്യമാക്കാൻ കഴിയുന്നത് കെഎൽഡി ബോർഡിന്റെ നേട്ടമാണ്. പ്രധാനമായും സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി തുടങ്ങിയവയുടെ ബീജമാണ് ഇപ്പോൾ ഉല്‍പാദിപ്പിക്കുന്നത്. നല്ല ഉൽപാദന ശേഷിയുള്ള സങ്കരവർഗം കന്നുകാലികളെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞതിനാലാണ് ലക്ഷക്കണക്കിന് ക്ഷീരകർഷകർക്ക് പ്രധാന തൊഴിലായി കാലിവളർത്തൽ സ്വീകരിക്കാൻ കഴിഞ്ഞത്. 

mattupetty-farm-1
പുൽമേട്ടിൽ വിഹരിക്കുന്ന പശുക്കൾ

ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കെഎൽഡി ബോര്‍ഡിനു മുന്നിലുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയിലെ 200 ഹെക്ടർ സ്ഥലത്ത് ഹരിതവർണം ചാലിച്ച പുൽത്തകിടിയിൽ ഓടിച്ചാടി നടക്കുന്ന കാലിക്കൂട്ടങ്ങളെ കണ്ടാൽ സ്വിറ്റ്സർലൻഡിലാണോ നിൽക്കുന്നതെന്ന് തോന്നിയാൽ അതിശയിക്കാനില്ല. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മാട്ടുപ്പെട്ടിയും അതിന്റെ പ്രകൃതിദത്ത സുഖശീതള കാലാവസ്ഥയും. ഫാമിന്റെ ദൈനംദിന പ്രവൃത്തികൾക്കും പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും തടസ്സം സൃഷ്ടിക്കാത്ത ടൂറിസം പദ്ധതി നടപ്പിലാക്കാനായാൽ വലിയ നേട്ടമാകും.

മാനേജിങ് ഡയറക്ടർ ഡോ. ആർ.രാജീവിന്റെ നേതൃത്വത്തിലാണ് കെഎൽ ഡി ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

English summary: Kerala Livestock Development Board and Dairy Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}