ADVERTISEMENT

മൂല്യവര്‍ധനയ്ക്ക് വ്യത്യസ്തമായ ആശയം പരീക്ഷിച്ചാണ് എറണാകുളം വൈറ്റില സ്വദേശിയായ ആല്‍ബിന്‍ പ്രകാശിയ മുയലിറച്ചി തട്ടുകട ആരംഭിക്കുന്നത്. ഹൈക്കോടതിക്കു സമീപം ക്വീന്‍സ് വാക് വേയില്‍ ഭക്ഷണപ്രിയര്‍ക്ക് ഒരു നവ്യാനുഭവം നല്‍കുന്ന വിധത്തില്‍ ആരംഭിച്ച കൊച്ചു സംരംഭം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ കാതങ്ങള്‍ താണ്ടിയിരിക്കുന്നു. മുയലിറച്ചി വിഭവങ്ങള്‍ മാത്രമുള്ള തട്ടുകടയില്‍നിന്ന് മുയല്‍ റസ്റ്ററന്റിലേക്കാണ് ആല്‍ബിന്റെ സംരംഭം വളര്‍ന്നിരിക്കുക. ക്വീന്‍സ് വാക് വേയില്‍നിന്ന് സരിത സവിത സംഗീത തിയറ്ററിന് എതിര്‍വശത്തുള്ള കുര്യന്‍സ് ടവറിലേക്ക് സംരംഭം മാറുകയും ചെയ്തു.

വ്യത്യസ്തമായ തട്ടുകട

അധികമാരും കൈവയ്ക്കാത്ത മേഖലയായിരുന്നു മുയലിറച്ചി ഉപയോഗിച്ചുള്ള വിഭവങ്ങള്‍. ചില ഹോട്ടലുകളില്‍ മാത്രം അപൂര്‍വമായി ലഭ്യമായിരുന്ന വിഭവം. അതാണ് ആല്‍ബിന്‍ ജനകീയമാക്കാന്‍ ശ്രമിച്ചത്. മുയലിറച്ചി ഉപയോഗിച്ചുള്ള കൊണ്ടാട്ടവും റോസ്റ്റുമെല്ലാം അതിവേഗം രുചിയില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നവരുടെ ഇടയില്‍ പ്രചാരത്തിലായി. മുയലിറച്ചിക്കൊപ്പം അപ്പവും പുട്ടുമൊക്കെയായിരുന്നു ഇടം പിടിച്ചത്. വീട്ടില്‍നിന്ന് കറികള്‍ പാകം ചെയ്ത് തട്ടുകടയില്‍ എത്തിച്ചായിരുന്നു വിതരണം. അമ്മയും ആല്‍ബിനും ചേര്‍ന്നായിരുന്നു വിഭവങ്ങള്‍ തയാറാക്കിയിരുന്നത്.

തട്ടുകടയിലെത്തുന്നവര്‍ക്കും കാഴ്ചയില്‍ നവ്യാനുഭവം നല്‍കുന്ന വിധത്തിലായിരുന്നു കടയുടെ രൂപഘടന. ഒരു ചെറിയ ഓലപ്പുരയ്‌ക്കൊപ്പം മണ്‍പാത്രങ്ങളും രംഗം കൊഴുപ്പിച്ചു. മുയലിറച്ചി തട്ടുകയെന്ന് ആലേഖനം ചെയ്ത പ്രത്യേക ബോര്‍ഡും ഇവിടുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ തട്ടുകടയും വളര്‍ന്നു.

rabbit-meat-3

തട്ടുകടയില്‍നിന്ന് റസ്റ്ററന്റിലേക്ക്

മുയല്‍ വിഭവങ്ങള്‍ തേടി വരുന്നവര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഇരിപ്പടം ഒരുക്കിക്കൊണ്ടാണ് കുര്യന്‍സ് ടവറിലെ ദ മുയല്‍ റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ മാത്രമുള്ള ഒരു ചെറുകിട സംരംഭം ആയതുകൊണ്ടുതന്നെ വളരെ ചെറിയൊരു കടയാണിത്. എന്നാല്‍, ആരെയും ആകര്‍ഷിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തട്ടുകടയില്‍നിന്ന് റസ്റ്ററന്റ് ആയപ്പോള്‍ വിഭവങ്ങളിലും മാറ്റം വന്നു. മുയല്‍ ബിരിയാണിയാണ് ഇവിടുത്തെ സ്‌പെഷല്‍. 200 രൂപ വിലയില്‍ മുയല്‍ ഇറച്ചിയുടെ രുചി ആസ്വദിക്കാം. കൂടാതെ നഗട്ട്‌സ്, സൂപ്പ്, കട് ലറ്റ് എന്നിവയും പ്രധാന വിഭവങ്ങളില്‍ പെടും. ആദ്യത്തെ തട്ടുകടയില്‍ വിതരണം ചെയ്ത രുചി വിഭവങ്ങള്‍ തേടി എത്തുന്നവരും ഏറെയുണ്ടെന്ന് ആല്‍ബിന്‍. അതുകൊണ്ടുതന്നെ മുയല്‍ കൊണ്ടാട്ടം പോലുള്ളവ തിരികെ കൊണ്ടുവരാനാണ് തീരുമാനം.

rabbit-restaurant-albin-2
മുയൽ ബിരിയാണിയും സൂപ്പും

കോവിഡ് കാലത്തിന്റെ ക്ഷീണത്തില്‍നിന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ആല്‍ബിനും സംരംഭവും. മുയല്‍ ഇറച്ചി അധികമാര്‍ക്കും പരിചയമില്ലാത്തതിനാല്‍ കൂടുതല്‍ പേരിലേക്ക് ഈ സംരംഭം എത്തിയിട്ടില്ല. മാത്രമല്ല മുയലുകളെ കഴിക്കാന്‍ പറ്റുമോ എന്നു ചോദിക്കുന്നവരും കുറവല്ലെന്ന് ആല്‍ബിന്‍. മുയലിറച്ചിയുടെ പ്രത്യേകതകളും പോഷകമൂല്യങ്ങളുമെല്ലാം പ്രത്യേകം ബോര്‍ഡുകളിലാക്കി റസ്റ്ററന്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ യുവാവ്. 

മറ്റു ഭക്ഷ്യയോഗ്യമായ മാംസങ്ങളില്‍നിന്ന് വ്യത്യസ്തമായി കൊളസ്‌ട്രോളിന്റെ അളവ് തീരെ കുറവാണെന്നതാണ് മുയലിറച്ചിയുടെ പ്രത്യേകത. അതിവേഗം ദഹിക്കുന്ന മാംസ്യത്തിന്റെ അളവ് കൂടുതല്‍, വൈറ്റ് മീറ്റ്, കാലറിമൂല്യം കുറവ്, ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിന്‍ ബി3, ബി 12 എന്നിവയുടെ കേന്ദ്രം എന്നിങ്ങനെ ഒട്ടേറെ പോഷകഗുണങ്ങള്‍ മുയലിറച്ചിക്കുണ്ട്.

rabbit-restaurant-albin-3
നഗട്ട്സ്

സ്‌പെഷല്‍ അച്ചാര്‍

മുയലിന്റെ ഉദരഭാഗത്തെ ഇറച്ചിക്ക് കനം കുറവാണ്. അതുകൊണ്ടുതന്നെ ബിരിയാണിയിലോ മറ്റ് വിഭവങ്ങളിലോ ആല്‍ബിന്‍ അത് ഉപയോഗിക്കാറില്ല. പക്ഷേ, എല്ല് ഇല്ലാത്ത ആ മാംസഭാഗം അച്ചാറാക്കിയിട്ടുണ്ട് ആല്‍ബിന്‍. 200 ഗ്രാം ബോട്ടിലിലാക്കിയാണ് വിപണനം. എല്ല് ഇല്ല എന്നതുകൊണ്ടുതന്നെ വാങ്ങുന്നവര്‍ക്കും നഷ്ടമുണ്ടാകില്ല. അതിനാല്‍, അതിനും ആവശ്യക്കാരേറെയാണ്.

rabbit-restaurant-albin-1
ആൽബിൻ

എല്ലാവരില്‍നിന്നും മുയല്‍ വാങ്ങില്ല

മുയല്‍ ഇറച്ചി സംരംഭം എന്ന് കേട്ടറിഞ്ഞ് ഒട്ടേറെ പേര്‍ മുയലിനെ എടുക്കുമോ എന്നു ചോദിച്ച് തന്നെ സമീപിക്കാറുണ്ടെന്ന് ആല്‍ബിന്‍ പറയുന്നു. അത്തരം ആളുകളോട് സ്‌നേഹപൂര്‍വം വേണ്ട എന്നു പറയാനേ കഴിയൂ എന്ന് ആല്‍ബിന്‍. ഒന്നും രണ്ടും മുയലുകളെ കൊടുക്കാനുണ്ടെന്ന് പറയുന്നവരില്‍ നല്ലൊരു പങ്കും വീട്ടില്‍ മക്കള്‍ക്കുവേണ്ടിയോ പെറ്റ് ആയിട്ടോ വളര്‍ത്തുന്നവരാകും. അതുകൊണ്ടുതന്നെ ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ നല്‍കുന്നുണ്ടാവില്ല. ചോറു പോലുള്ള ഭക്ഷണമായിരിക്കും നല്‍കിയിട്ടുണ്ടാവുക. മാത്രമല്ല പ്രായവും കൂടും. അതുകൊണ്ടുതന്നെ അത്തരം മുയലുകളുടെ ഇറച്ചി ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടെന്നുവരില്ല. പ്രായമേറുന്തോറും മുയലിന്റെ ഇറച്ചിക്ക് ദൃഢത കൂടും. അതിനാല്‍ പാകം ചെയ്യാന്‍ ബുദ്ധിമുട്ടാകും രുചിയിലും മാറ്റം വരും. സ്ഥിരമായി ചോറ് കൊടുത്താല്‍ നെയ്യും കൂടുതലായിരിക്കും.

തൃശൂര്‍ സ്വദേശിയായ ലിംസണ്‍ എന്ന കര്‍ഷകനാണ് മുയലിറച്ചി ആല്‍ബിന് എത്തിച്ചുനല്‍കുന്നത്. കൃത്യമായ ഭക്ഷണരീതിയിലൂടെ വളര്‍ത്തിയെടുത്ത 3-4 മാസം പ്രായം മാത്രമുള്ള മുയലുകളെയാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്. മുയലിറച്ചി ഉപയോഗിക്കാനുള്ള ഏറ്റവും ഉത്തമമായ പ്രായമാണിത്. 

ഫോണ്‍: 9388833331

English summary: Special Rabbit Meat Restaurant at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com