ADVERTISEMENT

യുവജനങ്ങളെ കാർഷികമേഖലയില്‍ സ്വയംസംരംഭകരാക്കാനുള്ള പദ്ധതിയാണ് അട്രാക്ടിങ് ആൻഡ് റിട്ടെയ്നിങ് യൂത്ത് ഇന്‍ അഗ്രികൾച്ചർ (ആര്യ). ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ആരംഭിച്ച ഈ പദ്ധതി 3 വര്‍ഷമായി പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രത്തിൽ തുടരുന്നു.  പത്തനംതിട്ട കൂടാതെ കണ്ണൂർ, മലപ്പുറം ജില്ലകൾക്കാണ് സംസ്ഥാനത്തു പദ്ധതി അനുവദിച്ചിട്ടുള്ളത്. തേനീച്ച വളർത്തൽ, കോഴിവളർത്തൽ, ചക്ക സംസ്കരണവും മൂല്യവർധനയും, നഴ്സറി നടത്തിപ്പ് എന്നീ മേഖലകളിൽ സംരംഭകരാകാൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് പദ്ധതിപ്രകാരം പരിശീലനം നൽകുന്നു. സംരംഭത്തിന് ആവശ്യമുള്ള ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നല്‍കും.  102 പരിശീലന പരിപാടികള്‍ നടത്തിയെന്നും റജിസ്റ്റർ ചെയ്ത 279 യുവാക്കളിൽനിന്ന് 54 യുവ സംരംഭകരെ പത്തനംതിട്ട ജില്ലയില്‍ സജ്ജരാക്കിയെന്നും കെവികെ മേധാവി ഡോ. റോബര്‍ട്ട് അറിയിച്ചു.

പ്രൊജക്ട് ലീഡർ ഡോ. സി.പി.റോബർട്ടിന്റെ നേതൃത്വത്തിൽ ഡോ. സിന്ധു സദാനന്ദൻ നോഡൽ ഓഫീസറായും ഡോ. ഷാന ഹർഷൻ, അലക്സ് ജോൺ, ഡോ. സെൻസി മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം എന്നിവർ ഇംപ്ലിമെന്റിങ് ഓഫീസർമാരായും ആര്യ പദ്ധതിക്കായി പ്രവർത്തിക്കുന്നു.

kvk-arya-project
ആര്യ പദ്ധതിയിലൂടെ പരിശീലനം നേടി സ്വന്തം സംരംഭം തുടങ്ങിയവർ കെവികെയിലെ വിദഗ്ധർക്കൊപ്പം

തേനീച്ച വളർത്തലിലൂടെ വരുമാനം 9000ൽനിന്ന് 90,000ലേക്ക്

ആര്യ പദ്ധതിയിലൂടെ തേനീച്ചവളർത്തൽ തുടങ്ങി മികച്ച വിജയ നേടിയ വീട്ടമ്മയാണ് സീതത്തോട് സ്വദേശിനിയായ പി.സി.സിന്ധു. ആര്യ പദ്ധതിയിലൂടെ തേനീച്ച വളർത്തലിൽ പരിശീലനം നേടിയ സിന്ധുവിന കെവികെയുടെ വിദഗ്ധരുടെ കൂടാതെ തേനീച്ച വളർത്തലിൽ വർഷങ്ങളായി പ്രവർത്തി പരിചയമുള്ള കർഷകരുടേയും അനുഭവങ്ങൾ മാർഗദർശി ആയിരുന്നു.

kvk-arya-project-bee-keeping-sindhu
ആര്യ പദ്ധതിയിലൂടെ തേനീച്ച വളർത്തൽ പരിശീലനം നേടിയ പി.സി. സിന്ധു ആര്യ പദ്ധതിയുടെ നോഡൽ ഓഫീസറായ ഡോ. സിന്ധു സദാനന്ദനും ഇംപ്ലിമെന്റിങ് ഓഫീസറായ അലക്സ് ജോണിനുമൊപ്പം

വീടിനോട് ചേർന്നാണ് സിന്ധുവിന്റെ തേനീച്ച കൃഷി. തുടക്കത്തിൽ 5 പെട്ടിയോടു കൂടി ആരംഭിച്ച ഈ സംരംഭം കെവികെയുടെ സഹായത്തോടെ വിപുലീകരിച്ചു. ഇന്ന് പെട്ടികളുടെ എണ്ണം 50നു മുകളിലാണ്. തുടക്കം കഷ്ടപ്പാട് നിറഞ്ഞതായിരുന്നെങ്കിലും അതൊക്കെ അതിജീവിക്കാനും ഇന്ന് തേനീച്ചകളുടെ ഒരു സുഹൃത്തായി മാറാനും ഈ വീട്ടമ്മയ്ക്ക് സാധിച്ചു. കുളവിയുടെ ആക്രമണവും പ്രതികൂല കാലാവസ്ഥയും ഒക്കെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ആത്മവിശ്വാസം മാത്രമായിരുന്നു യുവകർഷകയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത്. ആദ്യ വർഷത്തിൽ തന്നെ ഏകദേശം 40 കിലോ തേൻ ലഭിച്ചു. ശുദ്ധമായ തേനിന്റെ വിപണനത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫെയ്സ്ബുക്കിലൂടെയും തേനിന്റെ വിൽപന സാധ്യമായതോടെ നല്ല വിലയും ലഭിച്ചു.     

തേൻ കൂടാതെ മെഴുക് ഉരുക്കി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും ഈ വീട്ടമ്മ ശ്രദ്ധചെലുത്തുന്നു. 2020ൽ 9000 രൂപ നേടാനായ സിന്ധുവിന് കഴിഞ്ഞ വർഷം 90,000 രൂപ തേനിന്റെ വിപണനത്തിലൂടെ മാത്രം നേടാനായി എന്നത് പദ്ധതിയുടെ എടുത്ത് പറയത്തക്ക വിജയമാണ്. ഒരു അധിക വരുമാനം എന്നതിലുപരി പ്രകൃതിക്ക് അനുയോജ്യമായ ഒരു കൃഷി സ്വീകരിച്ചതിൽ ആത്മസംതൃപ്തിയും ഈ വീട്ടമ്മയ്ക്കുണ്ട്. മികച്ച പരാഗണം ലഭിച്ചതിലൂടെ തന്റെ വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിയിൽ മികച്ച ഉൽപാദനവും ലഭിച്ചതായി യുവകർഷക സാക്ഷ്യപ്പെടുത്തുന്നു. 

തേനീച്ച കൃഷി കൂടാതെ Farmers Point എന്ന പേരിൽ ഒരു ജൈവവളത്തിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിപണിയായി ഒരു ചെറിയ കടയും സിന്ധു നടത്തിവരുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ജൈവോൽപ്പന്നങ്ങൾ കൂടാതെ വിത്തും മറ്റ് ഉൽപ്പന്നങ്ങളും ഈ കടയിൽ വിപണനം ചെയ്യുന്നു. ചുരുക്കത്തിൽ കൃഷിയിലും ബിസിനസ് രംഗത്തും സജീവമാണ് സിന്ധു. ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങാതെ എല്ലാ മേഖലകളും സ്വന്തം കൈമുദ്ര പതിപ്പിക്കാൻ യുവസംരംഭകയ്ക്ക് ആയി. പ്രതിസന്ധികളെ പതറാതെ നേരിട്ടതിനാൽ നിത്യ ചെലവിനൊപ്പം ഭാവിയിലേക്കുള്ള കരുതലും ഈ സംരംഭക നേടിക്കഴിഞ്ഞു.

ഫോൺ: 9446083639

kvk-arya-project-nursery-suja
ആര്യ പദ്ധതിയിലൂടെ നഴ്സറി പരിപാലനത്തിൽ പരിശീലനം നേടിയ സുജ തന്റെ റബർ നേഴ്സറിയിൽ

ആര്യയിലൂടെ നഴ്സറിയിലേക്ക്

ആര്യ പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങിയതാണ് അടൂർ പുതുശ്ശേരി ഭാഗം സ്വദേശിയായ എസ്.വി.സുജ. ഫിനാൻസ് മേഖലയിലെ ജോലി വിരസമായപ്പോൾ അതിനോട് വിടപറഞ്ഞ സുജ ഇന്ന് “അശ്വതി ഗാർഡൻസ്” എന്ന നഴ്സറിയുടെ ഉടമയായി ഈ രംഗത്ത് സജീവമാണ്. “അശ്വതി ഗാർഡൻസ്” എന്ന് നഴ്സ വിജയകരമായി നടത്താൻ സുജയ്ക്ക് സഹായമായത് പദ്ധതിയിലെ ഒരുവർഷം നീണ്ട  നഴ്സറി പരിപാലനം എന്ന വിഷയത്തിൽ ലഭിച്ച നൈപുണ്യവികസന പരിശീലനമാണ്. പരിശീലനത്തോടൊപ്പം നഴ്സറിക്ക് ആവശ്യമായ ഉപകരണങ്ങളും പദ്ധതിയിൽനിന്ന് ലഭിച്ചത് ഇവരുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി.

മലയാളികൾ കൃഷിയിലേക്ക‌ുകൂടി തിരിഞ്ഞതിനാൽ കാർഷിക മേഖലയിൽ കുതിപ്പുണ്ടായ കാലമാണ് കോവിഡ് കാലഘട്ടം. അശ്വതി ഗാർഡൻസിനും ഇതൊരു സുവർണകാലഘട്ടം ആയിരുന്നു. മികച്ച രീതിയിലുള്ള തൈകളുടെ വിപണനം ഇവർക്ക് സാധ്യമാകുകയും ഉയർന്ന വരുമാനം കൈവരിക്കാനാവുകയും ചെയ്തു.

വിവിധ തരം അലങ്കാരചെടികൾ (റോസ്, യൂജിനിയ, അരേലിയ, തെറ്റി തുടങ്ങിയവ), ഫലവൃക്ഷങ്ങളുടെ ബഡ് തൈകൾ (മാവ്,പ്ലാവ്, മാങ്കോസ്റ്റീൻ, നാരകം) എന്നിവയുടെ വിപുലമായ ശേഖരം 50 സെന്റ് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ നഴ്സറിയിൽ ഉണ്ട്. ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുന്നതിനാൽ ദൂരെ നിന്നുപോലും ആവശ്യക്കാർ ഇവിടെയെത്താറുണ്ട്. ഫലവൃക്ഷത്തൈകളുടെയും അലങ്കാരച്ചെടികളുടെയും വിപണനം കൂടാതെ  പ്രതിവർഷം  ഏകദേശം അറുപതിനായിരത്തോളം റബർ തൈകളും ബഡ് ചെയ്ത് ഈ നഴ്സറിയിൽ വിപണനം നടത്താറുണ്ട്. നഴ്സറിയിലൂടെ പ്രതിമാസം 50,000 രൂപ വരെ വരുമാനം ഉണ്ടാക്കാൻ സുജയ്ക്കു സാധിക്കുന്നു. ഒപ്പം ഏതാനും പേർക്ക് തൊഴിൽ നൽകാൻ സാധിച്ചതിലുള്ള സന്തോഷവുമുണ്ട്.

തന്നോടൊപ്പം  ആര്യ പദ്ധതിയിൽ പരിശീലനം നേടിയ മറ്റ് യുവസംരംഭകർക്കും വിപണനത്തിനാവശ്യമായ കൈത്താങ്ങ് നൽകുന്നതിനും സുജയ്ക്ക് സാധിക്കുന്നുണ്ട്. 2021-22 ലെ മാരാമൺ കൺവെൻഷൻ സമയത്ത് നടന്ന വ്യാപാരമേളയിൽ ആര്യ സംരംഭകർക്ക് തൈകളുടെ വിപണനത്തിലൂടെ  1.5 ലക്ഷം രൂപയിലധികം വിറ്റുവരവ്  നേടാൻ സാധിച്ചു. കെവികെയുടെ വിദഗ്ധ സംഘത്തിന്റെ സാങ്കേതിക സഹായത്തോടൊപ്പം കുടുംബത്തിന്റെ കൈത്താങ്ങും ഈ യുവതിയുടെ വിജയത്തിന്റെ രഹസ്യമാണ്.

ഫോൺ: 9961793461

kvk-arya-project-poultry-farmer-ajay
മുട്ടക്കോഴി സംരംഭം തുടങ്ങിയ അജയ് കെവികെ ഉദ്യോഗസ്ഥർക്കൊപ്പം

കോഴിവളർത്തൽ ശാസ്ത്രീയമായപ്പോൾ ലാഭം പിന്നാലെ

കോഴി വളർത്തൽ ശാസ്ത്രീയമായും ലാഭകരമായും എങ്ങനെ നടത്താം എന്ന അജിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആര്യ പദ്ധതിയിലൂടെയുള്ള കോഴിവളർത്തൽ നൈപുണ്യവികസന പരിശീലനത്തിലൂടെ സാധ്യമായി. 

സമ്മിശ്ര കൃഷി രീതിയോട് ആയിരുന്നു അജയ്‌ക്ക് എന്നും താൽപര്യം. കോഴിവളർത്തൽ കൂടാതെ മീൻ വളർത്തലും പശുവളർത്തലും പരമ്പരാഗത കൃഷിയും അദ്ദേഹം തന്റെ ഒരേക്കർ ഫാമിൽ അവലംബിച്ചു വരുന്നു. ഹൈ-ടെക് കോഴിവളർത്തലിൽ തീറ്റച്ചെലവ് കുറയ്ക്കുന്നതിന് പട്ടാളപ്പുഴു ഉൽപാദിപ്പിക്കുന്നതിനും അജയ് ശ്രദ്ധ ചെലുത്തുന്നു. കെവികെയുടെ മാർഗ്ഗനിർദ്ദേശങ്ങളും പദ്ധതിയിൽനിന്നു ലഭിച്ച സഹായങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായി. സ്വന്തം ഫാമിൽനിന്ന് ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പാലും മുട്ടയും വച്ചുള്ള ഉൽപ്പന്നങ്ങളും അജയ് തന്നെ നടത്തിവരുന്ന ഗ്രാമശ്രീ ഷോപ്പ് എന്ന് കടയിലൂടെ വിൽപന ചെയ്തുവരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് 2021 മികച്ച കർഷകനുള്ള പുരസ്കാരം നൽകി കൃഷിഭവൻ ആദരിക്കുകയുണ്ടായി. 

1,50,625 രൂപ വാർഷികവരുമാനം കോഴിവളർത്തലിലൂടെ മാത്രം അജയ്ക്ക് നേടാനായി എന്നത് ആര്യ പദ്ധതിയുടെ വിജയമാണെന്ന് കെവികെ അധികൃതർ പറയുന്നു. 

ഫോൺ: 9539874787

English summary: ARYA Attracting and Retaining Youth in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com