ADVERTISEMENT

അന്താരാഷ്‌ട്ര സുഗന്ധവ്യഞ്‌ജന വിപണിയിൽ കുരുമുളക്‌ ഉൽപാദകരാജ്യങ്ങൾ ചരക്കു വിറ്റഴിക്കാൻ വില ഇടിക്കുന്ന തന്ത്രത്തിലാണ്‌. അമേരിക്കയും യൂറോപ്പും ക്രിസ്‌മസ്‌‐ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണത്തിന്‌ രംഗത്തുണ്ട്‌. ബയ്യർമാർ ഇറങ്ങിയ തക്കത്തിന്‌ അവരെ ആകർഷിക്കാൻ വില ഇടിച്ച്‌ കുരുമുളക്‌ ക്വട്ടേഷൻ ഇറക്കി കയറ്റുമതി മേഖല.

ആഗോള വിപണിയിൽ എറ്റവും താഴ്‌ന്ന നിരക്കിൽ മുളക്‌ വാഗ്‌ദാനം ചെയ്‌തത്‌ ബ്രസീലിയൻ കയറ്റുമതിക്കാരാണ്‌. ടണ്ണിന്‌ 2750 ഡോളറിന്‌ അവർ പുതിയ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ മുന്നോട്ട്‌ വന്നു. നടപ്പു വർഷം വില ഇത്രയെറെ കുറച്ചത്‌ വിയറ്റ്‌നാമിനെ പോലും ഞെട്ടിച്ചു. വിളവെടുപ്പ്‌ വേളയായതിനാൽ വിലയിൽ കൂടുതൽ ചാഞ്ചാട്ട സാധ്യതയുണ്ട്‌. അതേസമയം നാണയപ്പെരുപ്പം രൂക്ഷമായതിനാൽ താഴ്‌ന്ന വിലയ്‌ക്ക്‌ അമേരിക്കൻ ബയ്യർമാർ മൂൻതൂക്കം നൽകുന്നത്‌ ഒരു പരിധി വരെ വില ഇടിക്കാൻ ബ്രസീലിനെ പ്രേരിപ്പിച്ചു. 

നടപ്പുവർഷം ഇതിനകം ഏതാണ്ട്‌ 1.63 ലക്ഷം ടൺ കുരുമുളക്‌ കയറ്റുമതി നടത്തിയ വിയറ്റ്‌നാമിൽ സ്‌റ്റോക്ക്‌ ചുരുങ്ങുകയാണെങ്കിലും അവരും പുതിയ ഓർഡറുകൾ കൈപ്പിടിയിൽ ഒതുക്കാൻ മത്സരരംഗത്തുണ്ട്‌. ടണ്ണിന്‌ 3200 ഡോളറിനു വരെ അവർ മുളക്‌ വാഗ്‌ദാനം ചെയ്‌തു. മികച്ചയിനങ്ങളുടെ നിരക്ക്‌ 3500‐3600 ഡോളറാണ്‌. ഇന്തോനേഷ്യൻ മുളക്‌ വില 3875 ഡോളറിൽ നീങ്ങുന്നതിനിടയിൽ ഒരു വിഭാഗം കയറ്റുമതിക്കാർ 3500 ഡോളറിനും ഓഫറുകൾ ഇറക്കി. 

രാജ്യാന്തര വിപണിയിലെ അനാരോഗ്യകരമായ മത്സരങ്ങൾക്ക്‌ താൽപര്യം കാണിക്കാതെ നാലു മാസത്തിൽ ഏറെയായി മലേഷ്യ 5900 ഡോളറിൽ മുളകുവില നിലനിർത്തി. ആഗോള വിപണിയിൽ ഏറ്റവും ഉയർന്ന വില ഇന്ത്യയുടെതാണ്‌. മലബാർ മുളക്‌ വില ടണ്ണിന്‌ 6400 ഡോളറാണ്‌. ബ്രസീലിയൻ നിരക്കിനെക്കാൾ ഇരട്ടിയിൽ ഏറെ ഉയർന്ന വിലയിൽ നീങ്ങുന്നതിനാൽ ഇറക്കുമതി രാജ്യങ്ങളിൽ നിന്നും ദക്ഷിണേന്ത്യൻ ചരക്കിന്‌ അന്വേഷണങ്ങളില്ല.

എന്നാൽ വിപണന സാധ്യത കണ്ട്‌ കയറ്റുമതി രാജ്യങ്ങൾ ഇന്ത്യയിലേക്കു ഷിപ്പ്‌മെന്റിനു പല അവസരത്തിലും ഉത്സാഹിച്ചു. വിയറ്റ്‌നാമും ബ്രസീലും ഇന്ത്യൻ വ്യവസായികളെ കൈപ്പിടിയിൽ ഒതുക്കി. ഏറ്റവും കുടുതൽ ചരക്ക്‌ ഇന്ത്യയിൽ എത്തിയത്‌ ഈ രണ്ട്‌ രാജ്യങ്ങളിൽ നിന്നുമാണ്‌. വ്യവസായികൾ കിലോ 250‐300 രൂപയ്‌ക്ക്‌ ഇറക്കുമതി നടത്തിയ ചരക്ക്‌ ഉത്തരേന്ത്യയിൽ സ്റ്റോക്കുണ്ട്‌. 

കേരളത്തിലും കർണാടകത്തിലും കിലോ 495 രൂപയിൽ നീങ്ങുമ്പോൾ ഇതേ നിരക്കിൽ അവർ ഇറക്കുമതി ചരക്ക്‌ ഉത്തരേന്ത്യയിൽ വിൽപ്പന നടത്തി. ഇവിടെ നിന്ന്‌ ശേഖരിക്കുമ്പോഴുള്ള ഭാരിച്ച ചരക്കു കൂലി മാത്രം കണക്കിലെടുത്ത്‌ വാങ്ങലുകാർ ഇറക്കുമതി മുളകിന്‌ പിന്നാലെ പാഞ്ഞതിനാൽ പിന്നിട്ടവാരം കിലോ നാലു രൂപ കുറഞ്ഞു. കേരളത്തിൽ മാത്രമല്ല കൂർഗ്ഗിലും ചിക്കമംഗലുരിലും വിൽപ്പനക്കാർ കുറഞ്ഞതിനാൽ അമിതമായി നിരക്ക്‌ ഇടിക്കാനാവില്ല. 

വജയദശമി കഴിയുന്നതോടെ വാങ്ങൽ താൽപര്യം വർധിക്കാൻ ഇടയുണ്ട്‌. ദീപാവലിക്കു മുന്നോടിയായുള്ള ബംബർ വിൽപ്പനയാവും മുന്നിലുള്ള ആഴ്‌ചകളിൽ. ദക്ഷിണേന്ത്യയിൽ വില ഉയർത്തി കുരുമുളക്‌ ശേഖരിക്കാനും അതിന്‌ അനുസൃതമായി ഇറക്കുമതി ചരക്ക്‌ കൂടിയ വിലയ്‌ക്ക്‌ വിറ്റഴിക്കാനുള്ള തന്ത്രം അവർ മെനയാം.

തേയില

തേയില കയറ്റുമതി രംഗം വൻ ആവേശത്തിലാണ്‌. വർഷാന്ത്യത്തിനു മൂന്ന്‌ മാസം മാത്രം ശേഷിക്കവേ കയറ്റുമതി സർവകാല റെക്കോർഡിനെ ഉറ്റുനോക്കുന്നു. വിദേശ രാജ്യങ്ങൾ ഇന്ത്യൻ തേയിലയോടു കാണിച്ച താൽപര്യം വരും വർഷങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ്‌ തോട്ടം മേഖല. യുഎഇയും ഇറാനും നമ്മുടെ ചരക്കിൽ  കാണിക്കുന്ന താൽപര്യം ലേല കേന്ദ്രങ്ങളിൽ വിവിധയിനം തേയിലകളുടെ വില ഉയർത്തി.

മികച്ച കാലവസ്ഥയിൽ ദക്ഷിണേന്ത്യൻ തോട്ടങ്ങളിൽ കൊളുന്തുനുള്ള്‌ ആവേശത്തിൽ മുന്നേറിയത്‌ കയറ്റുമതിക്കാർക്കും ആഭ്യന്തര കമ്പനികൾക്കും ഉയർന്ന അളവിൽ ചരക്കു വാങ്ങിക്കൂട്ടാനും അവസരം ഒരുക്കി. ഓർത്തഡോക്‌സ്‌, സിടിസി ഇനം തേയിലകൾക്ക്‌ രാജ്യാന്തര തലത്തിൽ മികവിന്‌ അവസരം ഒരുക്കിയത്‌ ശ്രീലങ്കൻ സാമ്പത്തികമാന്ദ്യമാണ്‌. അവരുടെ കയറ്റുമതി പ്രതിസന്ധികളും ഉൽപാദന കുറവും നേട്ടമാക്കാൻ ദക്ഷിണേന്ത്യക്കായി. 

നടപ്പ്‌ വർഷം ആദ്യ പകുതിയിൽ തേയില കയറ്റുമതി ഏകദേശം 97 ദശലക്ഷം കിലോയിലേക്ക് അടുത്തു. യുദ്ധ രംഗത്തുള്ള ചൂടൻ വാർത്തകൾക്കിടയിലും കടുപ്പം കൂടിയ ചായ കുടിക്കാൻ റഷ്യ ഉത്സാഹിച്ചു, അതും ഇന്ത്യയിൽ നിന്നുള്ള ഓർത്തഡോക്‌സ്‌ ഇനങ്ങളിൽ കാണിച്ച താൽപര്യം വിലക്കയറ്റം സൃഷ്‌ടിച്ചു.

റഷ്യ, അമേരിക്ക, ഇറാൻ, ഇറാഖ്, യുഎഇ, സൗദി അറേബ്യ, തുർക്കി, പോളണ്ട് എന്നുവേണ്ട പല രാജ്യങ്ങളുടെയും താൽപര്യം കണക്കിലെടുത്താൽ വർഷാന്ത്യം മൊത്തം കയറ്റുമതി 225 ദശലക്ഷം കിലോയിലേക്ക് ഉയരാം. 

ഏലക്ക

ഏലക്ക വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനൊപ്പം ലേല കേന്ദ്രങ്ങളിൽ വരവ്‌ ഉയർന്നതു കണ്ട്‌ ആഭ്യന്തര–വിദേശ വാങ്ങലുകാർ പിടിമുറുക്കി. ഉത്സവ ദിനങ്ങളിലെ ആവശ്യകത മുൻ നിർത്തി ഉത്തരേന്ത്യയുടെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽനിന്നും ഏലത്തിന്‌ അന്വേഷങ്ങളുണ്ട്‌. പിന്നിട്ടവാരത്തിൽ ഒറ്റ ദിവസം 90,000 കിലോഗ്രാമിന്‌ മുകളിൽ ചരക്ക്‌ എത്തിയിട്ടും ഏലം കരുത്ത്‌ കാണിച്ചു. അതായത്‌ വിജയദശമി വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം പൂർത്തിയാക്കാൻ വാങ്ങലുകാർക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ല. 

രണ്ടു വർഷങ്ങളിൽ കോവിഡ്‌ ഭീതി മൂലം നവരാത്രി വേളയിലെ ആഘോഷങ്ങൾക്ക്‌ നിറം മങ്ങിയെങ്കിലും ഇക്കുറി ഉത്സവ ദിനങ്ങളിൽ ഏലം സുഗന്ധം പരത്തും. വിദേശത്ത്‌ ഡിമാൻഡ് നിലവിലുണ്ട്‌. തുടർച്ചയായി ഏഴു ലേലങ്ങളിൽ കിലോ ആയിരം രൂപയ്‌ക്ക്‌ മുകളിൽ ഇടം പിടിക്കാൻ ശരാശരി ഇനങ്ങൾക്കായി.     

English summary: Commodity Markets Review September 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com