ADVERTISEMENT

തെക്കൻ കേരളത്തിൽ കുരുമുളക്‌ സീസണിന്‌ തുടക്കംകുറിച്ചു. മൂപ്പ്‌ കുറഞ്ഞ മുളകും സത്ത്‌ നിർമാണത്തിന്‌ ആവശ്യമായ പൊള്ള മുളകിന്റെയും വിളവെടുപ്പ്‌ പുരോഗമിക്കുന്നു. മികച്ച കാലാവസ്ഥ നിലനിന്നതിനാൽ പല ഭാഗങ്ങളിലും ഉൽപാദനം മെച്ചപ്പെട്ടതായാണ്‌ കാർഷിക മേഖലകളിൽ നിന്നുള്ള ആദ്യ വിലയിരുത്തൽ. 

അച്ചാർ നിർമാതാക്കളാണ്‌ മൂപ്പ്‌ കുറഞ്ഞ കുരുമുളക്‌ കൂടുതലായി ശേഖരിക്കുന്നത്‌. പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി മാസാരംഭത്തിൽ തന്നെ വിവിധ ഭാഗങ്ങളിൽനിന്നും ചരക്ക്‌ ശേഖരിക്കാൻ അവർ ഇറങ്ങി. പിന്നിട്ട രണ്ടു വർഷങ്ങളിൽ കോവിഡ്‌ വ്യാപനം മൂലം അച്ചാർ വ്യവസായ രംഗം തളർച്ചയിൽ അകപ്പെട്ടതിനാൽ കുരുമുളക്‌ സംഭരണത്തിൽ നിന്നും ഇക്കൂട്ടർ അൽപ്പം അകന്ന്‌ നിന്നിരുന്നു. 

എന്നാൽ ഇക്കുറി സ്ഥിതിഗതികളിൽ കാര്യമായ മാറ്റമുണ്ടായതിനാൽ അച്ചാർ വിൽപ്പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഉത്തരേന്ത്യൻ ഇടപാടുകാർ. കിലോ 130‐150 രൂപയ്‌ക്കാണ്‌ പല ഭാഗങ്ങളിൽനിന്നും അവർ ചരക്ക്‌ ശേഖരിക്കുന്നത്‌. ഇതിനിടെ രാജ്യത്തെ വൻകിട ഒലിയോറസിൻ നിർമാതാക്കൾ പൊളള മുളക്‌ സംഭരിക്കുന്നുണ്ട്‌. കാർഷിക മേഖലകളിലെ ചലനങ്ങൾ അവർ നേരിട്ട്‌ ഇറങ്ങി പഠിച്ചാണ്‌ ലൈറ്റ്‌ പെപ്പർ ശേഖരിക്കുന്നത്‌.

സത്ത്‌ ഉൽപാദകരുടെ ആവശ്യത്തിനു വേണ്ട  മുളകിൽ ചെറിയൊരു പങ്ക്‌ മാത്രമേ ഇവിടെ വിളയുന്നുള്ളൂ. എണ്ണയുടെ അംശം ഉയർന്ന്‌ നിൽക്കുന്ന തെക്കൻ മുളകിനെ മാത്രം ആശ്രയിച്ചാൽ വിദേശ ഡിമാൻഡിന്‌ അനുസൃതമായി ഓലിയോറസിൻ കയറ്റുമതി ഉയർത്താനാവില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും പൊള്ള മുളക്‌ ഇറക്കുമതി നടത്തിയാണ്‌ ഒലിയോറസിൻ വ്യവസായം മുന്നോട്ട്‌ പോകുന്നത്‌. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഓലിയോറസിൻ നിർമാതാക്കൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്‌.  

അന്താരാഷ്‌ട്ര കുരുമുളക്‌ വിപണിയിൽ വിയറ്റ്‌നാമും ബ്രസീലും തമ്മിൽ മത്സരം മുറുകി. പുതിയ മുളക്‌ വിറ്റഴിക്കാൻ ബ്രസീലിയൻ കയറ്റുമതിക്കാർ ആകർഷകമായ നിരക്കിലെ ക്വട്ടേഷൻ ഇറക്കിയപ്പോൾ വിയറ്റ്‌നാമും നിരക്ക്‌ താഴ്‌ത്തി. ക്രിസ്‌മസ്‌‐ന്യൂ ഇയർ ചരക്ക്‌ സംഭരണ തിരക്കിലാണ്‌ യു എസ്‌‐യൂറോപ്യൻ ബയ്യർമാർ. ബ്രസീലിയൻ മുളക്‌ വില ടണ്ണിന്‌ 2500 ഡോളറാണ്‌. വിയറ്റ്‌നാം മുളക്‌ വില 2800 ഡോളറും,  അതായത്‌ കിലോ 186 രൂപ. അടുത്ത സീസണിന്‌ മുന്നേ സ്‌റ്റോക്ക്‌ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്‌ വിയറ്റ്‌നാം. 

രണ്ട്‌ ദശാബ്‌ദം മുൻപ്‌ വരെ ഇന്ത്യൻ കുരുമുളകിനെ ആശ്രയിച്ചിരുന്ന അമേരിക്ക ഇപ്പോൾ വിയറ്റ്‌നാം ചരക്കാണ്‌ കൂടുതൽ ഇറക്കുന്നത്‌. ഈ വർഷം ആദ്യ പത്തു മാസങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച്‌ അമേരിക്കയിലേയ്‌ക്കുള്ള വിയറ്റ്‌നാം മുളക്‌ കയറ്റുമതി 25 ശതമാനം വർധിച്ചു. ഗുണ നിലവാരത്തെക്കാൾ വിലക്കുറവിനാണ്‌ അമേരിക്കയും മുൻതൂക്കം നൽക്കുന്നത്‌. വൈറ്റ്‌ പെപ്പറിനും ആവശ്യക്കാരുണ്ട്‌. മലേഷ്യ ടണ്ണിന്‌ 7300 ഡോളറിനും ഇന്തോനേഷ്യ 5878 ഡോളറിനും വിയറ്റ്‌നാം 4850 ഡോളറിനും വെള്ളക്കുരുമുളക്‌ വിൽപ്പന നടത്തുന്നു. 

നാളികേരം

നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്‌ ദൃശ്യമായി. മാസങ്ങളായി തുടർച്ചയായ വിലത്തകർച്ചയെ നാളികേരം അഭിമുഖീകരിച്ചതോടെ സംസ്ഥാനത്തെ കർഷക കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയിൽ കാര്യമായ ക്ഷതമാണ്‌ സംഭവിച്ചത്‌. വർഷാരംഭം മുതൽ കൊപ്രയ്‌ക്ക്‌ നേരിട്ട വിലയിടിവ്‌ താങ്ങുവിലയ്‌ക്കുള്ള സംഭരണത്തിലൂടെ തടയാൻ സർക്കാർ ഏജൻസികൾ ശ്രമിക്കാഞ്ഞത്‌ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. 

വർഷാരംഭത്തിൽ 9300 രൂപയിൽ കൊപ്രയുടെ ഇടപാടുകൾ നടന്ന അവസരത്തിൽ 10,590 രൂപയാണ്‌ കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ചത്‌. എന്നാൽ സംസ്ഥാന സർക്കാരിന്റെ കൊപ്ര സംഭരണം പൂർണ പരാജയമായതോടെ കൊപ്രയുടെ വിപണി വില 7400 ലേക്ക്‌ ഇടിഞ്ഞു. ഓരോ ക്വിന്റലിനും 3090 രൂപയുടെ നഷ്‌ടത്തിലാണ്‌ കർഷകർ കൊപ്ര വിൽപ്പന നടത്തിയത്‌. നിലവിൽ 7800 രൂപയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌. 

കൊപ്രയ്‌ക്ക്‌ വ്യാവസായിക ഡിമാൻഡ് ഉയർന്നതായി ഇനിയും വിലയിരുത്താനായിട്ടില്ല. തമിഴ്‌നാട്ടിൽ മഴ കനത്തതോടെ വിളവെടുപ്പ്‌ നിർത്തിവയ്ക്കാൻ തോട്ടങ്ങൾ നിർബന്ധിതരായി. തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ മില്ലുകാർ കൊപ്ര ചെറിയതോതിൽ ശേഖരിച്ചു. മാസാരംഭ വേളയായതിനാൽ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ വിൽപ്പന മെച്ചപ്പെട്ടതും മില്ലുകാർക്ക്‌ ആശ്വാസം പകർന്നു. ശബരിമല സീസൺ തുടങ്ങുന്നതോടെ നാളികേരത്തിന്‌ ഡിമാൻഡ് ഉയരും. ഇതിനിടെ പല ഭാഗങ്ങളിലും വിളവെടുപ്പ്‌ ആരംഭിക്കുന്നത്‌ വിലയിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കാം.      

റബർ

ചൈന കൊവിഡ്‌ മുക്തമാകുന്നതോടെ രാജ്യാന്തര റബർ വിപണിയിൽ അവരുടെ സജീവ സാന്നിധ്യം ഉറപ്പ്‌ വരുത്താനാവുമെന്ന പ്രതീക്ഷയിലാണ്‌ മുഖ്യ ഉൽപാദകരാജ്യങ്ങൾ. ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിങ്‌ പുരോഗമിക്കുന്നതിനിടം ചൈനയിൽ നിന്നുള്ള അനുകുല വാർത്തകൾ ഉൽപാദകകേന്ദ്രങ്ങളിൽ ആവേശം പരത്തും. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന ചൈന പുതിയ വ്യാപാരങ്ങൾക്കായി രംഗത്ത്‌ തിരിച്ചു എത്തുന്നതോടെ റബർ പഴയ പ്രതാപം തിരിച്ചു പിടിക്കുമെന്ന്‌ കണക്ക്‌ കൂട്ടുന്നവരുമുണ്ട്‌. ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിൽ പുതിയ ലോങ്‌ പൊസിഷനുകൾക്ക്‌ ഇടപാടുകാർ ഇനിയും കാര്യമായ താൽപര്യം കാണിച്ചിട്ടില്ല. 

സംസ്ഥാനത്ത്‌ റബർ കിലോ 150 രൂപയെ ചുറ്റിപ്പറ്റിയാണ്‌ നീങ്ങുന്നത്‌. അമിതമായി നിരക്ക്‌ ഉയരാനുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ലെങ്കിലും മഴ ടാപ്പിങിന്‌ സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ വിപണിയുടെ അടിത്തറ ശക്തമാക്കാൻ ഉപകരിക്കും. ത്രിപുര, ആസാം, മേഘാലയ സംസ്ഥാനങ്ങളിലും മഴ റബർ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്.   

English summary: Commodity Markets Review November 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com