ADVERTISEMENT

ഐടി മേഖലയിൽനിന്നെത്തിയ 3 ചെറുപ്പക്കാരുടെ ഭക്ഷ്യസംരംഭമാണ് ‘വയനാടൻസ്’. വയനാട് കേന്ദ്രമായി രൂപീകരിച്ച വയനാട് ഓർഗാനിക് റിസർച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് വാക്വം ഫ്രൈഡ് ചക്ക ചിപ്സ് ഉൾപ്പെടെ ഒട്ടേറെ വിഭവങ്ങള്‍ ഇവര്‍  രാജ്യാന്തരവിപണിയിലെത്തിക്കുന്നു. ജിതിൻകാന്ത്–നിതിൻകാന്ത് സഹോദരങ്ങളും സുഹൃത്ത് അരുൺചന്ദ്രനുമാണ് സംരഭത്തിനു പിന്നില്‍. ഭക്ഷ്യസംരംഭത്തിനൊപ്പം ഐടിയിലും കാലുറപ്പിച്ചാണ് മൂവരും നീങ്ങുന്നത്. ഐടി പ്രയോജനപ്പെടുത്തിയുള്ള വിപണി പഠനങ്ങൾ ഭക്ഷ്യസരംഭത്തിനും ശക്തി പകരുന്നെന്ന് ജിതിൻ. 

വാക്വം ഫ്രൈഡ് ചക്ക ചിപ്സ് തന്നയാണ് ഉൽപന്നങ്ങളിലെ തുറുപ്പുചീട്ട്. രാജ്യാന്തരവിപണിയിൽ വാക്വം ഫ്രൈഡ് ചക്ക ചിപ്സിന് മലയാളികൾ മാത്രമല്ല, വിദേശികളും ആവശ്യക്കാരെന്ന് ജിതിൻ. വിപണിയിലു ള്ള  മിക്ക സ്നാക്സിലും  എണ്ണയുടെ അംശം കൂടുതലാണല്ലോ. ഈ പ്രശ്നം മറികടക്കാൻ സഹായിക്കും വാക്വം ഫ്രൈയിങ് വിദ്യ. താപനില 60 ഡിഗ്രി  സെല്‍ഷ്യസില്‍ ക്രമീകരിച്ചു വറുത്തെടുക്കുന്ന ചിപ്സിൽ എണ്ണയളവ് തീരെക്കുറവ്. രുചി വളരെയേറെയും. ഉയർന്ന ചൂടിൽ വറുത്തെടുക്കുമ്പോൾ ഉൽപന്നത്തിന്റെ പോഷകഗുണം ഗണ്യമായി നഷ്ടപ്പെടും. വാക്വം ഫ്രൈയിങ്ങിലാവട്ടെ, ഗുണമേന്മ അതേപടി നിൽക്കും. വാക്വം ഫ്രൈയിങ് യന്ത്രങ്ങൾ, ഉന്നത ഗുണനിലവാരമുള്ള പായ്ക്കിങ് യൂണിറ്റ്, നൈട്രജൻ ഫില്ലിങ് സംവിധാനം എന്നിവയുൾപ്പെടെ സംരംഭത്തിന് ഉയർന്ന മുതൽമുടക്കു വരും. ഉൽപന്നത്തിന്റെ വിലയില്‍  അതു പ്രതിഫലിക്കും. അതുകൊണ്ടുതന്നെ രാജ്യാന്തരവിപണിയിലെ വാങ്ങൽശേഷി കൂടിയ ഉപഭോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നു ജിതിൻ.

jackfruit-wayanadans
‘വയനാടൻസി’ന്റെ ചക്ക സംസ്കരണ യൂണിറ്റ്

ചക്ക, പച്ചക്കറികൾ എന്നിവയുടെ വാക്വം ഫ്രൈഡ് ചിപ്സിനു പുറമെ ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കപ്പൾപ് തുടങ്ങിയവയ്ക്കും മികച്ച വിദേശ മാർക്കറ്റ് ഉണ്ടെന്നു ജിതിൻ. കോവിഡ് കാലത്തും കയറ്റുമതി വിപണി കാര്യമായി ഇടിഞ്ഞില്ല. വയനാടൻ തേൻ ഉൾപ്പെടെ ഒട്ടേറെ തനതു കാർഷികവിഭവങ്ങളും ഇവരുടെ കയറ്റുമതിപ്പട്ടികയിലുണ്ട്. 

wayanadans
വയനാടൻസിന്റെ അണിയറക്കാർ

കേരളത്തിൽനിന്നു മാത്രമല്ല, കർണാടകയിൽനിന്നും നിലവിൽ ചക്ക സംഭരിക്കുന്നു. എന്നാൽ ഇങ്ങനെ ലഭിക്കുന്നതു പലതരം ചക്കകളാണ്. ഉൽപന്നത്തിന് ഏകീകൃത ഗുണനില വാരം ഉറപ്പാക്കണമെങ്കിൽ ഒരേയിനം ചക്കതന്നെ വേണമെന്നു ജിതിൻ. കോഴിക്കോട് നന്മണ്ടയിലെ 5 ഏക്കറിൽ  കഴിഞ്ഞ വർഷം വിയറ്റ്നാം ഏർളി പ്ലാവുകൃഷി തുടങ്ങിയത് ഈ ലക്ഷ്യത്തോടെയാണ്.

wayanadans-1

ഭക്ഷ്യസംരംഭകർക്ക് സർക്കാർ നല്‍കേണ്ട മുഖ്യ സഹായം കുറഞ്ഞ നിരക്കിൽ വൈദ്യതി ലഭ്യമാക്കുകയാണെന്നു ജിതിൻ. ഭക്ഷ്യസംരംഭങ്ങളെ വ്യവസായസംരംഭപ്പട്ടികയിൽനിന്ന് കാർഷികസംരംഭങ്ങളുടെ പട്ടികയിലേക്ക് മാറ്റി അതനുസരിച്ചുള്ള താരിഫ് ക്രമീകരിക്കുകയാണെങ്കിൽ വലിയ സഹായമാകുമെന്നും ജിതിൻ.  ചെറുതും വലുതുമായ കാർഷികോൽപന്ന മൂല്യവർധിതസംരംഭങ്ങൾ  കൃഷിക്കും കൃഷിക്കാർക്കും ഗുണകരമാകുമെന്നും ജിതിൻ പറയുന്നു.

ഫോൺ: 9995111484

www.wayanadans.com

English summary: Vacuum Fried Jackfruit Chips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com