കുട്ടനാട് നെല്ലിന്റെയല്ല ശുദ്ധജലമത്സ്യങ്ങളുടേത്, ഇന്ന് കാൻസർ ഹബ്ബ്: ആലപ്പുഴയ്ക്ക് സംഭവിച്ചത്

HIGHLIGHTS
  • ഓരുമുട്ടുകളും രാസവിഷങ്ങളും: കുട്ടനാടിനെ ഗ്രസിച്ച ലഹരി
paddy-2
SHARE

പണ്ടൊക്കെ അച്ഛൻ നിലം ഉഴുതതിനുശേഷം വീട്ടിലെത്തുമ്പോൾ വല്ലപ്പോഴും വലിയ താമരക്കാലൻ ആറ്റുകൊഞ്ച് (scampi) പാടത്തുനിന്നും കൊണ്ടുവരുമായിരുന്നു. അമ്മ അത് വൃത്തിയാക്കി അരകല്ലിൽ വച്ച് ചതച്ചു വറുത്തു തരുന്നത് രുചിയോടെ കഴിച്ചിട്ടുണ്ട്. ഇന്ന് മിക്കവാറും ആളുകൾക്ക് കൊഞ്ചും ചെമ്മീനും ഒന്നുതന്നെയാണ്. ചെമ്മീൻ (prawn) കൂടിവന്നാൽ നാലിഞ്ചോളമേ വളരൂ. എന്നാൽ, ആറ്റുകൊഞ്ച് ഒരെണ്ണം 300 ഗ്രാമോളം വളരും, ഏതാണ്ട് പത്തു പന്ത്രണ്ട് ഇഞ്ചോളം വലുപ്പവും കാണും. അത് അതിന്റെ കാലുകളും വാലും മീശയും തേറ്റയും ഒക്കെയായി വെള്ളത്തിൽ നിൽക്കുന്നത് കണ്ടാൽ പ്രൗ‍‍ഢിയുള്ള ജലകേസരിയാണെന്നു തോന്നും.

ഇപ്പോൾ കൊഞ്ച് കിട്ടുന്നത് അപൂർവം തന്നെ. അപൂർവമായി കിട്ടുന്നവ കയറ്റുമതി ചെയ്ത് സായിപ്പിന്റെ തീന്മേശയിൽ എത്തി ഡോളറുകൾ തിരികെയെത്തിക്കും.

പണ്ട് നെല്ലിന്റെ കലവറ അല്ലായിരുന്നു കുട്ടനാട്. അത് ആറ്റുകൊഞ്ച്, കരിമീൻ, വരാൽ, കാരി, കല്ലേമുട്ടി, ആരകൻ, വലഞ്ഞിൽ, ചേറുമീൻ, വാക, ആറ്റുവാള തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളുടെ കലവറയായിരുന്നു. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഏറിയവയും കൃത്രിമസൃഷ്ടികൾ തന്നെയാണ്. കായൽപ്പരപ്പുകളും വിസ്തൃതമായ ജലാശയങ്ങളും ഒക്കെ വളച്ചുകെട്ടിയെടുത്തു, നമ്മുടെ ഭക്ഷ്യധാന്യ സ്രോതസ് കൂട്ടാൻ സൃഷ്ടിക്കപ്പെട്ടവ. കായൽരാജാവ് ജോസഫ് മുരിക്കനെക്കുറിച്ച് നാം കുട്ടനാട്ടുകാർ കേട്ടിരിക്കുമല്ലോ. കൃത്രിമ നെൽപ്പാടങ്ങളുടെ പിതാവെന്ന് അദ്ദേഹത്തെ വിളിക്കാം.

scampi
കൊ​ഞ്ച്

ഇന്നിപ്പോൾ ആറ്റുകൊഞ്ച്, കാരി, ആരകൻ തുടങ്ങിയ മത്സ്യങ്ങളൊക്കെ കണ്ടുകിട്ടാൻ പാടാണ്. മീനുകളുടെ അന്തകനായ നീർക്കാക്കകളുടെ സംരക്ഷണത്തിനു വേണ്ടി കോടികൾ നമ്മുടെ ഭരണകൂടങ്ങൾ ചെലവാക്കുന്നുണ്ട്. മനുഷ്യന് ആവശ്യമായ നാടൻ മത്സ്യങ്ങളുടെ ഉന്മൂലനം സർക്കാരിന് ചിന്താവിഷയമേയല്ല.

ഇനി കാര്യത്തിലേക്കു വരാം.

ഇന്ന് കർഷകൻ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത് കളകളുടെയും കീടങ്ങളുടെയും വെല്ലുവിളി നേരിടുന്നതിനാണ്. അതിനായി ആയിരക്കണക്കിന് രൂപ രാസ കള/കീട നാശിനികൾക്കായി മുടക്കേണ്ടി വരുന്നു (മറ്റൊന്ന് വിളവെടുപ്പ് സമയത്തു പ്രതികൂല കാലാവസ്ഥ മൂലം വരുന്ന വിളനാശ കെടുതികളും. അതിന് പ്രധാന ഹേതു മനുഷ്യരാശിയുടെ മൊത്തം കെടുകാര്യസ്ഥതകൾ മൂലമുള്ള കാലാവസ്ഥാവ്യതിയാനം ആണ്. അതിന് തടയിടാൻ ഒരു സംസ്ഥാനമോ രാഷ്ട്രമോ ശ്രമിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ല).

paddy

അമിതമായ രാസവിഷങ്ങൾ മീനുകളുടെ വംശഹത്യ നടത്തുന്നു. ആറ്റുകൊഞ്ചുകളുടെ കാര്യത്തിൽ രാസവിഷങ്ങൾ മാത്രമല്ല വില്ലൻ. പണ്ടൊക്കെ ആണ്ടുതോറും കുട്ടനാടൻ തോടുകളിലും അതുവഴി പാടങ്ങളിലും കയറിയിറങ്ങിയിരുന്ന ഓരുവെള്ളം കയറാതെ പ്രതിരോധിക്കുന്ന spillway, sluice shutters, ഓരുമുട്ടുകൾ എന്നിവയൊക്കെയാണ്. കുട്ടനാട്ടിലെ നിലങ്ങളിൽ പണ്ട് ഉണ്ടായിരുന്ന കളകൾ കതിരയും കറുകയും കാക്കപ്പോളയും ഒക്കെ ആയിരുന്നു. വിളവെടുപ്പ് കഴിഞ്ഞ് തുറന്നുവിടുന്ന പാടങ്ങളിൽ സ്വാഭാവികമായും കളകൾ വളരും. പക്ഷേ നിലങ്ങളുടെ പ്രകൃതിദത്തമായ ശുദ്ധീകരണലായനി എന്ന നിലയിൽ ഓരുവെള്ളം കയറുന്നതോടെ കളകളും പായലും ഒക്കെ നശിക്കുന്നു. ആറ്റുകൊഞ്ചിന്റെ പ്രജനനത്തിന് ഓരുവെള്ളം അത്യാവശ്യമാണ്. ശുദ്ധജലമത്സ്യമാണെങ്കിലും കൊഞ്ച് മുട്ടയിടുന്നത് ഓരുവെള്ളത്തിലാണ്. പ്രജനന കാലയളവിൽ പൊഴിമുഖങ്ങളിൽ ആണ് ഏറ്റവുംകൂടുതൽ കൊഞ്ച് ലഭ്യമാകുക. കാരണം ശുദ്ധജലവും സമുദ്രജലവും ഒരു പ്രത്യേക സാന്ദ്രതയിൽ കൂടിക്കലർന്നെത്തുന്ന ജലമേഖലയിലാണ് കൊഞ്ചുകൾ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകൾ അതിജീവിക്കുന്നതിനാവശ്യമായ ആർട്ടീമിയ ന്യൂപ്ലിയ ലഭ്യമാകുന്നത് ഈ പ്രത്യേക ജലസവിശേഷതയുള്ള ഇടങ്ങളിൽ മാത്രമാണ്. ഈ പ്രത്യേക വാസസ്ഥലത്തു പതിനൊന്നോളം പരിണാമചക്രഗതികൾ മൂന്നാഴ്ചകൾകൊണ്ട് കടന്നതിനു ശേഷമാണ് അവ തിരികെ ശുദ്ധജല ആവാസമേഖലയിലേക്കു കടന്ന് വസിക്കുന്നത്. ഇപ്പോൾ മനുഷ്യനിർമിതമായ പ്രതിബന്ധങ്ങൾ അവയുടെ പ്രജനനപ്രക്രിയയ്ക്ക് കാര്യമായ ആഘാതം ഏൽപ്പിച്ചിരിക്കുന്നു.

അല്ലെങ്കിലും നമ്മുടെ നയങ്ങളൊക്കെ പിന്തിരിപ്പൻ ആണല്ലോ. പുഴയിലെ മണൽ വാരൽ നിരോധിച്ചിട്ടു മലയുടെ പാറ പൊട്ടിച്ചു മണലും മെറ്റലും ഉണ്ടാക്കുന്ന വിദ്വാന്മാർ നമ്മൾ. നിലങ്ങൾ നികത്തി ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി ആന്ധ്രയിൽനിന്നും അരിയിറക്കുമതി ചെയ്യുന്ന ആസൂത്രകപുംഗവർ നാം. പറമ്പുകൾ കാടുകയറാനിട്ടിട്ട് കറിക്കായകൾക്കായി തമിഴ്‌വണ്ടികളെത്താൻ വഴിക്കണ്ണുമായി കാത്തിരിക്കുന്ന വിശാലചിത്തർ നാം. ചന്ദനം, ഈട്ടി തുടങ്ങി പൊതുജനങ്ങൾക്ക് അദായം കൂടുതൽ നൽകുന്ന വൃക്ഷങ്ങൾ വളർത്തുന്നതിനും പാകമാകുമ്പോൾ വെട്ടുന്നതിനും നിരോധനം ഏർപ്പെടുത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്ന പ്രകൃതിസ്നേഹികൾ നാം.

paddy-1
മടവീഴ്ച

എന്താണ് നമ്മൾ കർഷകർക്ക് ഇപ്പോൾ വേണ്ടത്?

ആണ്ടിലൊരു പൂ കൃഷി എന്നതുകൊണ്ട് നമ്മുടെ നാൾക്കുനാൾ ശുഷ്കിച്ചു വരുന്ന കാർഷിക ഭൂവിസ്തൃതിയിൽ നിന്നും ഭക്ഷ്യധാന്യോൽപാദനം കൂട്ടുക എന്നത് അസാധ്യം ആയതുകൊണ്ടാണ് ലഭ്യമായ കൃഷിയിടങ്ങളിൽ രണ്ട് പൂ കൃഷി എന്ന ആശയം ഉടലെടുത്തത്. നല്ല കാര്യം. പക്ഷേ മേൽപ്പറഞ്ഞ ഓരുവെള്ളസംചേതനത്തിന്റെ അഭാവം, കുടിയേറ്റക്കളകളുടെ ആധിപത്യം, അസാധാരണമായ ഋതു വ്യതിയാനം എന്നിവ മൂലമുള്ള കെടുതികൾ കർഷകന്റെ നടുവൊടിക്കുകയാണ്.

ഇന്ന് നിലങ്ങളിൽ ഉണ്ടാകുന്ന കളകൾ കതിരയും കറുകയും കാക്കപ്പോളയും പായലും അല്ല. പണ്ടൊക്കെ നാം വിളവെടുപ്പിൽനിന്നും കരുതിവച്ചിരുന്ന വിത്തുകൾ വിതച്ചിരുന്നപ്പോൾ തദ്ദേശീയമായ അത്തരം കളകളേ വിത്തിന്റെ കൂടെ കിളിർത്തിരുന്നുള്ളൂ എങ്കിൽ ഇന്ന് കുടിയേറ്റ കളകൾ നിലങ്ങളിൽ ആധിപത്യം പുലർത്തുന്നു. NSCയുടെയും KSCയുടെയും വിത്തുകളുടെകൂടെ കവിട, മൈസൂർ കവിട, കമ്പിക്കവിട എന്നിങ്ങനെ പെട്ടെന്നുവളർന്നും പന്തലിച്ചും നെൽച്ചെടിയേക്കാൾ പെട്ടെന്ന് പൂത്തു കായ്ച്ചു വിളഞ്ഞു നിലങ്ങളിൽ തന്നെ നിന്നുപോഴിഞ്ഞു വീണ്ടും കൃഷിയിറക്കുമ്പോൾ കിളിർത്തു തഴച്ചു പെരുകുന്ന ഹൈ-ബ്രീഡ് കളകൾ. പിന്നെയുള്ള തലവേദന വരിനെല്ലാണ്. അതിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെ. എത്ര മരുന്നടിച്ചാലും മരിക്കാത്ത അമരജന്മം. ആളുകളെ ഇറക്കി പറിച്ചുകളയാമെന്നു വച്ചാലും കോൺക്രീറ്റ്പോലെ മണ്ണിനെ വിട്ടുപോരാത്ത വീറുകാട്ടുന്ന ജനുസ്സുകൾ.

ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണ്. പരാധീനതകളും ആവലാതികളും നമ്മൾ ഒട്ടേറെ പറഞ്ഞു മടുത്തു, നമുക്കും നമ്മെ കേൾക്കുന്നവർക്കും. നാം കർഷകരും, പടശേഖരസമിതികളും രണ്ടുമൂന്നു കൊല്ലത്തിലൊരിക്കൽ നിലങ്ങൾക്ക് ഒരവധി/ഇടവേള കൊടുക്കണം. അതും ഓരുവെള്ളം നിലങ്ങളിൽ കയറി ഇറങ്ങിയൊഴുകാൻ അനുയോജ്യമായ സമയം നോക്കി നൽകണം. പരീക്ഷണാർഥം ഒരു തവണ ചെയ്തു നോക്കിയിട്ട് വിജയകരമെങ്കിൽ അങ്ങനെയൊരു ഇടവേള നൽകൽ ആസൂത്രണം ചെയ്യണം. പൊതുഖജനാവു കാലിയാക്കി ഏതാനും ചിലരുടെ സ്വകാര്യ ഖജനാവുകൾ മാത്രം നിറയ്ക്കുന്ന ഫലപ്രദമല്ലാത്ത ഓരുമുട്ടുകൾ ആണ്ടോടാണ്ട് നിർമിക്കുന്ന അഴിമതിക്കരാറുകൾ ഒഴിവാക്കി ഫലവത്തും ബലവത്തുമായ ബദൽമാർഗങ്ങൾ സ്വീകരിക്കണം.

നമുക്ക് കക്ഷികൾ തോറും കാർഷിക സംഘടനകളുണ്ട്. കക്ഷിരഹിതം എന്ന് അവകാശപ്പെടുന്നവയും ഉണ്ട്‌. ഇവരിൽ ആരെങ്കിലും ഓരോ കാർഷിക മേഖലയ്ക്കും വേണ്ടി പഠന-ഗവേഷണ-നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി വിദഗ്ധ സമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടോ? കുട്ടനാട്ടിലെ അമ്ലബാധിതമായ കരിനില മേഖലയിൽ ഒരു കരിനില വികസന ഏജൻസി ഉണ്ടായിരുന്നു. കുറച്ചു രാഷ്ട്രീയ നിയമനങ്ങളും സർക്കാർ (വേണ്ടിടത്തു എങ്ങുമെത്താത്ത) ഫണ്ട് ചെലവഴിക്കലും അല്ലാതെ എന്ത് കരിനില വികസനമാണ് അത് നടപ്പാക്കിയത്? കൃഷിവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് കുറച്ചൊക്കെ വികസനം ഉണ്ടായിട്ടുണ്ടാവും.

അതുകൊണ്ട് നമ്മുടെ കാർഷിക (നെല്ലും മത്സ്യസമ്പത്തും ഒക്കെ ഉൾക്കൊള്ളുന്ന) കലവറയെ അൽപമാത്രമായെങ്കിലും വീണ്ടെടുക്കുന്നതിന് ഓരുവെള്ളം ഒരിടവേളയിലെങ്കിലും കടന്നുവന്ന് ഇറങ്ങിപ്പോകാൻ അവസരം ഉണ്ടാക്കുക. തദ്ദേശീയരായ തൊഴിലാളികൾക്ക് തോടുകളിൽ നിന്നും മണലും ചെളിയും വാരുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. ഇപ്പോൾ സർക്കാർ കാശ് അങ്ങോട്ടുകൊടുത്തു ആഴം കൂട്ടൽ എന്ന പ്രഹസനം നിർത്തലാക്കിയാൽ നാട്ടിലെ തൊഴിലാളികൾക്ക് വരുമാനവും സർക്കാർ ഖജനാവിലെ പണം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യാം. രാസ വിഷങ്ങളുടെ വില യാതൊരു മാനദന്ധവുമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. അതിനും മരുന്നുകളുടെ ഉൽപാദകർ അവകാശപ്പെടുന്നതുപോലെയുള്ള ഫലപ്രാപ്തി കിട്ടാതെവന്നാൽ നിയമനടപടിക്കുമുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം എന്നും അഭ്യർഥിക്കുന്നു. 

ഉത്തരകേരളത്തെ എൻഡോസൾ‍ഫാൻ ബാധിച്ചപ്പോൾ കുട്ടനാടിനെ നാൾക്കുനാൾ പെരുകുന്ന അർബുദരോഗങ്ങളാണ് കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ആവർത്തിച്ചുള്ള രാസവിഷ പ്രയോഗങ്ങൾ ആലപ്പുഴയെ 'cancer hub' ആക്കി മാറിയിരിക്കുന്നു. നാം നടപടി കൈക്കൊണ്ടേ പറ്റൂ.

English summary: Problems of Kuttanad Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS