ADVERTISEMENT

കോഴിക്കോട്ട് കോഴിക്കടകളിൽ ചത്ത കോഴിയെ വിൽപന നടത്തുന്നു എന്ന് വാർത്ത വന്നു. തൊട്ടു പിന്നാലെ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ പരിശോധന നടത്തി. അതും വാർത്തയായി. ദൃശ്യ മാധ്യമങ്ങളിൽ വന്നു രണ്ടു ദിവസത്തിനുള്ളിൽ ഇതിന്റെ വാർത്ത പ്രാധാന്യം തീരുമ്പോൾ പരിശോധനയും തീരും. 

ശരിക്കും ആരാണ് പരിശോധിക്കേണ്ടത്? എങ്ങനെയാണ് പരിശോധിക്കേണ്ടത്? കോഴികൾ ചത്തതാണെങ്കിൽ ഏത് അസുഖം മൂലം ചത്തു എന്ന് അറിയണം. കടയിൽ എത്തിയതിന് ശേഷമാണോ അതോ ഏതെങ്കിലും ഫാമിൽ കൂട്ടത്തോടെ അസുഖം ബാധിച്ചു ചത്തതാണോ എന്ന് പരിശോധിക്കണം. ഇത് അറിയണമെങ്കിൽ വിശദമായ പോസ്റ്റ്മോർട്ടം പരിശോധനയും, ലബോറട്ടറി പരിശോധനയും ആവശ്യമാണ്. ഇത് നടത്തേണ്ടത് ഹെൽത്ത് ഇൻസ്പെകടർ ആണോ? തീർച്ചയായും അല്ല. 

വെറ്ററിനറി ഡോക്ടർ ചെയ്യേണ്ട ജോലിയാണ്. കാര്യങ്ങൾ അറിയാതെയുള്ള പരിശോധന പ്രഹസനമെന്ന് പറയേണ്ടി വരും. കടയിലെ ഫ്രീസറിൽ ഡ്രെസ് ചെയ്ത കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഈ കോഴിയിറച്ചി ചത്ത കോഴികളുടേതായിക്കൂടെ? അത് പരിശോധിക്കേണ്ടത് ആരാണ്? ഹെൽത്ത് ഇൻസ്പെക്ടറല്ല. കാരണം അവർക്ക് അത് നിർണയിക്കാനുള്ള അറിവില്ല. മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറികളിൽ വെറ്ററിനറി ഡോക്ടറാണ് ഇത് പരിശോധിക്കേണ്ടത്. പക്ഷിപ്പനി നമ്മുടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. 

പക്ഷിപ്പനി ബാധിച്ചാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന അതീവ ഗൗരവമുള്ള ജന്തുജന്യരോഗമാണ് പക്ഷിപ്പനി. ഇത്തരം അസുഖം ബാധിച്ച ഫാമുകളിൽനിന്നും വന്ന കോഴിയാണോ കൂട്ടത്തോടെ ചാകുന്നത് എന്ന് പരിശോധനയ്ക്ക് വിധേയമാക്കണം. ഏകദേശം 70 ശതമാനം രോഗങ്ങളും ജന്തുക്കളിൽനിന്നും മനുഷ്യരിലേക്കു പകരുന്നവയാണ്. ഇവിടെയാണ് ‘ഏകാരോഗ്യം’ എന്ന വിഷയത്തിന്റെ പ്രസക്തി. മൃഗങ്ങളിലെ രോഗങ്ങളെ നിയന്ത്രിച്ചാലെ മനുഷ്യരിൽ രോഗപ്പകർച്ച നിയന്ത്രിക്കാൻ കഴിയൂ. അതിന് മൃഗസംരക്ഷണവും ആരോഗ്യവും രണ്ട് ധ്രുവങ്ങളിൽ പ്രവർത്തിച്ചാൽ പോര. കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം. 

ചെക്ക് പോസ്റ്റ് വഴി ആയിരക്കണക്കിന് കോഴികളാണ് അതിർത്തി കടന്നു വരുന്നത്. എല്ലാ ചെക്ക് പോസ്റ്റുകളിലും വെറ്ററിനറി ഡോക്ടര്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. ഇത്തരം അസുഖങ്ങള്‍ക്കെതിരെ യാതൊരു പരിശോധനയും ചെക്ക് പോസ്റ്റുകളിൽ നടക്കുന്നില്ല.

വാർത്തകൾക്ക് പിന്നാലെയുള്ള പരിശോധനകൾ നടത്തി ജനങ്ങളെ പറ്റിക്കുന്ന നടപടി അവസാനിപ്പിക്കണം. ശാശ്വതമായ നിയമനിര്‍മാണവും പഴുതടച്ച പരിശോധനകളും ആവശ്യമാണ്. പക്ഷിപ്പനിക്ക് കാരണമായ H5N1 എന്ന വൈറസിന് ചെറിയ ഒരു ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിൻ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന മാരകമായ അസുഖമായി മാറാം. അതിനാലാണ് പക്ഷിപ്പനിപോലുള്ള അസുഖങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന അതീവജാഗ്രത പുലർത്തുന്നത്. അതുകൊണ്ട് ഈ സാഹചര്യത്തിന്റെ ഗൗരവം വേണ്ട രീതിയിലെടുത്ത് പഴുതടച്ച പരിശോധനകൾക്ക് സർക്കാർ നിർദേശം നൽകണം.

English summary: Poultry shops selling dead chickens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com