പരിസ്ഥിതി മനുഷ്യനു വേണ്ടിയോ മനുഷ്യൻ പരിസ്ഥിതിക്കു വേണ്ടിയോ? പ്രതിരോധിക്കാൻ കർഷകന് അവകാശമില്ല!: റോസ് മേരി

HIGHLIGHTS
  • നമ്മുടെ കർഷകർ എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് അനുദിനം കടന്നുപോവുന്നത്!
rose-mary
റോസ് മേരി
SHARE

പിറന്നു വീണതേ പച്ചപ്പിന്റെ മടിത്തട്ടിലേക്കാണ്. വീടിനു ചുറ്റും കയ്യെത്തിയാൽ തൊടാവുന്നത്ര അടുത്ത് കാച്ചിലും ചേമ്പും ചേനയും കപ്പയും കുലവാഴകളുമൊക്കെ.

ഇളം പച്ച ഇലകളുമായ് മഴയിൽ കുതിർന്നു നിൽക്കുന്ന വാളൻപുളി, നിറയെ കായ്കൾ ചൂടി ജാതിമരം,  താപസച്ഛായയുള്ള കുടമ്പുളി. പിന്നെ പ്ലാവുകൾ, മാവുകൾ, ശീമക്കൊന്നകൾ, ആഞ്ഞിലിപോലെയുള്ള മാമരങ്ങൾ. എങ്ങും പച്ചയുടെ പ്രസരിപ്പാർന്ന കൊളാഷ് ദൃശ്യങ്ങൾ.

മണങ്ങളാണ് ഓര്‍മയില്‍ മുന്നിട്ടു നിൽക്കുന്നത്. നിലാരാത്രികളിൽ ഒഴുകിയെത്തുന്ന, കാപ്പിപ്പൂക്കളുടെ വശ്യസുഗന്ധം. അറയിലെ ചാക്കിൽ സൂക്ഷിച്ച കുരുമുളകിന്റെ സുവദഗന്ധം. വെല്ലിമ്മച്ചിയുടെ തടിപ്പെട്ടിയിൽ നിന്നുതിരുന്ന ഏലക്കാഗന്ധം. 

പിന്നെ എത്രയെത്ര മുഖങ്ങൾ, പ്രിയതര സാന്നിധ്യങ്ങൾ. പിന്നിൽ ഞാത്തിയിട്ട വെട്ടുകത്തിയുമായ് പരവൻ കുഞ്ഞയ്യൻ, തികഞ്ഞ ശിൽപചാരുതയോടെ  ഉരുളൻകല്ലുകൾ അടുക്കടുക്കായ് കെട്ടിയുയർത്തി കയ്യാല തീര്‍ക്കുന്ന അന്ത്രപ്പോസ്. മുറ്റത്തിരുന്ന് പനമ്പു നന്നാക്കുന്ന കുട്ടകെട്ടുകാരി ത്രേസ്യ.

മറക്കാനാവാത്ത ചില രാത്രികൾ... ആളുകൾ സംഘം ചേർന്ന് കപ്പ ചെത്തുന്നു. ഇഞ്ചി ചുരണ്ടുന്നു, പാക്കു പൊളിക്കുന്നു. പെട്രോമാക്സിന്റെ വെളിച്ചം. അകമ്പടിക്ക് കട്ടൻകാപ്പി. എല്ലാവർക്കും പറയാൻ എമ്പാടും കഥകളുണ്ടായിരുന്നു. സംഭവബഹുലമായ ആ വർണനകൾ കേട്ട് അവയ്ക്കൊപ്പം എത്രയോ രാവുകൾ ഞാനുറങ്ങാതിരുന്നു!

ശൈശവത്തിൽ യക്ഷിക്കഥയിലെ രംഗങ്ങൾപോലെ മനോജ്ഞമായ് അനുഭവപ്പെട്ട ദൃശ്യങ്ങൾ. പക്ഷേ, പിൽക്കാലത്താണ് കാര്യങ്ങൾ അത്രയ്ക്കൊന്നും സമ്മോഹനമല്ലെന്നു തിരിച്ചറിയുന്നത്.

നമ്മുടെ കർഷകർ എന്തെല്ലാം പ്രതിസന്ധികളിലൂടെയാണ് അനുദിനം കടന്നുപോവുന്നത്! ഉയർന്ന വേതനനിരക്ക് അപ്രതീക്ഷിതമായുണ്ടാവുന്ന വിലത്തകർച്ച, ഇടനിലക്കാരന്റെ ചൂഷണം, കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാവുന്ന വിളനാശം, അതിനും പുറമേ അതിവൃഷ്ടി, വെള്ളപ്പൊക്കം.

കേരളം എന്ന പേരിനു കാരകനായ കേരവൃക്ഷത്തിന്റെ കാര്യമാണ് ഏറെ വിശേഷം. തേങ്ങയിടാൻ ആളില്ല. തെങ്ങിനു മണ്ഡരിയോ കാറ്റുവീഴ്ചയോ പിടിപെട്ടാൽ അതിനു മരുന്നു പ്രയോഗിക്കാൻ ആളില്ല. അഥവാ ആറ്റുനോറ്റിരുന്ന് ആളെക്കിട്ടിയാൽ താങ്ങാനാവാത്ത കൂലി. ആ വക കാരണങ്ങളാൽ അരുമയായ് പോറ്റിവളർത്തിയ കല്‍പവൃക്ഷങ്ങളെ പാടേ വെട്ടി നീക്കിയ പലരെയും അറിയാം.

കർഷകൻ സ്വന്തം പുരയിടത്തിൽ നട്ടുവളർത്തിയ തേക്കും ഈട്ടിയും വെട്ടണമെങ്കിൽ എത്രയോ വാതിലുകൾ കയറിയിറങ്ങിയും തടിക്കച്ചവടക്കാരൻ നിശ്ചയിക്കുന്ന വിലയുമായി സമരസപ്പെട്ടും വേണം കാര്യം നടത്താൻ!

മലയോര കർഷകന്റെ കാര്യമാണ് ഏറെ കഷ്ടം. വനാതിർത്തി ലംഘിച്ച് ജനവാസമേഖലകളിൽ യഥേഷ്ടം വിഹരിക്കുന്ന കാട്ടുമൃഗങ്ങൾ – ഒറ്റ രാത്രികൊണ്ട് ഒരു ജീവിതം മുഴുവൻകൊണ്ട് അധ്വാനിച്ചുണ്ടാക്കിയത്രയും നിലംപരിശാക്കുന്ന ആനകൾ, കരിക്ക് അടക്കം തെങ്ങിന്റെ മൊത്തം ഫലങ്ങളും നശിപ്പിക്കുന്ന വാനരപ്പട. ഗ്രാമങ്ങളിലൂടെ വിലസുന്ന കാട്ടുപന്നികൾ, കുറുക്കൻമാർ, കടുവകൾ.

ഇവയുടെ ആക്രമണത്തിൽ എത്ര പേരാണ് കൊല്ലപ്പെടുന്നത്! എത്രപേർക്കാണ് പരിക്കു പറ്റുന്നത്! വന നിയമങ്ങളത്രയും കർഷകന് എതിര്. വന്യമൃഗങ്ങൾ കാടിന്റെ വിസ്തൃതിക്കതീതമായി പെറ്റുപെരുകിയാൽ അവയെ നിയന്ത്രിക്കാൻ വികസിത രാജ്യങ്ങളിൽ കള്ളിങ്(culling)  എന്ന ഏർപ്പാട് വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇവിടെ  ആക്രമണകാരികളായ ഹിംസ്ര ജന്തുക്കളെയും അലഞ്ഞുതിരിയുന്ന പേ നായ്ക്കളെയും വീട്ടിനുള്ളിൽ വന്നു കയറുന്ന വിഷസർപ്പങ്ങളെയും കൂടി പ്രതിരോധിക്കാൻ കർഷകന് അവകാശമില്ല! മനംമടുത്ത് പലരും ഇതിനകം കൃഷി എന്ന ആശയമേ ഉപേക്ഷിച്ചു കഴിഞ്ഞു.

അതിരു കടന്ന ഈ മൃഗസ്നേഹം കാണുമ്പോൾ പരിസ്ഥിതി മനുഷ്യനു വേണ്ടിയോ മനുഷ്യൻ പരിസ്ഥിതിക്കു വേണ്ടിയോ എന്നു ഞാൻ ചിന്താകുലയാവുന്നു. എന്തായാലും നമുക്ക് അന്നം വിളമ്പുന്ന കർഷകനോടുള്ള ഈ അവഗണന തീരെയും ക്ഷന്തവ്യമല്ല. ദീർഘവീക്ഷണമില്ലാത്ത സമീപനങ്ങൾ,  ഉള്ളിൽ കനിവില്ലാത്ത ഭരണാധികാരികൾ, ഇടയിൽപ്പെട്ട് നിസ്സഹായരായ കർഷകർ. ഒക്കെയും കണ്ടും കേട്ടും ‘കേഴുക എൻ പ്രിയ ദേശമേ’ എന്നു ഞാൻ വിലപിച്ചു പോകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS