ADVERTISEMENT

നെൽപ്പാടം ഉഴുതു കൃഷിയോഗ്യമാക്കാൻ കൊണ്ടുവന്ന ട്രാക്ടറിൽ ഉപ്പ് നിറച്ച് സാമൂഹ്യവിരുദ്ധരുടെ ദ്രോഹം. കോട്ടയം പാലായ്ക്കടുത്ത് ചേർപ്പുങ്കലിൽ 60 ഏക്കറോളം സ്ഥലത്ത് നെൽക്കൃഷി ചെയ്തുവരുന്ന വാലെപീടികയിൽ മാത്തുക്കുട്ടിയുടെ ട്രാക്ടറിന്റെ എയർ ഫിൽറ്ററിലാണ് സാമൂഹ്യവിരുദ്ധർ ഉപ്പുനിറച്ചത്. ഇതേത്തുടർന്ന് രണ്ടു ലക്ഷം രൂപയോളം നഷ്ടമാണ് മാത്തുക്കുട്ടിക്കുണ്ടായത്.

നാലു പതിറ്റാണ്ടിലേറെയായി കൃടുംബസ്വത്തായുള്ള സ്ഥലത്ത് നെൽക്കൃഷി ചെയ്തുവരുന്ന മാത്തുക്കുട്ടി 10 വർഷമായി കൂടുതൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. സ്വന്തമായുള്ള രണ്ടേക്കർ ഉൾപ്പെടെ 60 ഏക്കർ സ്ഥലത്ത് ഇപ്പോൾ നെൽക്കൃഷി ചെയ്യുന്നു. ഘട്ടം ഘട്ടമായി ഈ സ്ഥലങ്ങൾ കൃഷിക്കായി ഒരുക്കി നെൽവിത്ത് പാകിവരുന്നതിനിടെയിലാണ് ഇത്തരത്തിലൊരു ദുരനുഭവം. 10 ഏക്കർ കൃഷിഭൂമികൂടി ഉഴുത് ഒരുക്കാൻ ബാക്കിനിൽക്കെയാണ് ട്രാക്ടറിൽ ഉപ്പ് കണ്ടെത്തിയത്. 

ചേർപ്പുങ്കൽ ഹോളിക്രോസ് നഴ്സിങ് സ്കൂളിന് സമീപമുള്ള നെൽപ്പാടം പൂർണമായും ഏറ്റെടുത്ത് കൃഷിയിറക്കുന്നത് മാത്തുക്കുട്ടിയാണ്. തിങ്കളാഴ്ച ഉഴവിനു ശേഷം ട്രാക്ടർ പാടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിൻ ബോക്സിനു പുറത്ത് ഏതാനും ഉപ്പുകല്ലുകൾ കിടക്കുന്നത് ഇന്നലെ രാവിലെ ജോലിക്കെത്തിയ ഡ്രൈവർ മധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള പരിശോധനയിലാണ് എയർ ഫിൽറ്ററിനുള്ളിൽ ഉപ്പ് നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്. ട്രാക്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കാത്തതിനാൽ വലിയ നഷ്ടമുണ്ടായില്ല.

pala-paddy-farmer-mathukutty-tractor-2
മാത്തുക്കുട്ടിയുടെ ട്രാക്ടർ

എൻജിൻ ബോക്സിന് പുറത്ത് ഉപ്പുപായ്ക്കറ്റുകൾ വച്ചശേഷമാകണം അത് എയർ ഫിൽറ്ററിൽ നിറച്ചത്. അതിനാലാകാം ഉപ്പ് ട്രാക്ടറിൽ കണ്ടതെന്ന് മധു കർഷകശ്രീയോടു പറഞ്ഞു. എൻജിൻ ബോക്സ് തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ട്രാക്ടറിന്റെ മുൻവശത്തെ ഗ്രിൽ ചളുങ്ങിയ അവസ്ഥയിലാണ്. ഒന്നിൽക്കൂടുതൽ ആളുകൾ ഇതിനു പിന്നിലുണ്ടാകാമെന്നും മധു. ഫിൽറ്ററിനുള്ളിൽനിന്ന് മൂന്നു കിലോയോളം ഉപ്പാണ് ലഭിച്ചത്. പ്രാഥമികമായ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും സർവീസ് ചെയ്യേണ്ട ആവശ്യമുണ്ട്. അതുപോലെ എൻജിൻ ഓയിൽ, ഡീസൽ എന്നിവയും മാറ്റേണ്ടിവരും. 35,000 രൂപയുടെയെങ്കിലും നഷ്ടം വാഹനത്തിനു മാത്രം ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. കേന്ദ്രസർക്കാരിന്റെ സ്മാം പദ്ധതിയിലൂടെ കഴിഞ്ഞ വർഷമാണ് മാത്തുക്കുട്ടി ട്രാക്ടർ വാങ്ങിയത്. 

pala-paddy-farmer-mathukutty-tractor-4
മാത്തുക്കുട്ടി കൃഷിയിറക്കിയിരിക്കുന്ന പാടങ്ങൾ

ട്രാക്ടർ പ്രവർത്തിക്കാതെ വന്നതോടെ മാത്തുക്കുട്ടിക്കുണ്ടായ സാമ്പത്തികനഷ്ടം ചെറുതല്ല. 10 ഏക്കർ സ്ഥലത്തെ കൃഷി വേണ്ടെന്ന് വയ്ക്കേണ്ടിവരും. ‌ഈ സ്ഥലത്തിന് ഒന്നര ലക്ഷം രൂപ മുൻകൂർ നൽകിയാണ് പാട്ടത്തിന് എടുത്തിരുന്നത്. ഇവിടെ കൃഷിയിറക്കാൻ സാധിക്കാതെ വന്നാൽ ഈ നഷ്ടം നികത്തുക വെല്ലുവിളിയാണ്. മറ്റു സ്ഥലങ്ങളിൽനിന്ന് ട്രാക്ടർ എത്തിക്കാൻ ശ്രമിച്ചാലും ഇപ്പോൾ കൃഷിയിറക്കുന്ന സമയം ആയതിനാൽ കിട്ടുക പ്രയാസമാണ്. ഈ പ്രശ്നം മൂലം 6 ഏക്കർ സ്ഥലത്തെ വിതയും ഇന്നലെ മുടങ്ങി. ഇന്നലെ വിതയ്ക്കേണ്ടിയിരുന്ന നെല്ല് ഇന്ന് വിതയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു ദിവസംകൂടി പിന്നിട്ടതിനാൽ മുളയ്ക്ക് നീളം കൂടിയിട്ടുണ്ട്. അതിനാൽ കൃത്യമായി വളരുമോ എന്നതിൽ മാത്തുക്കുട്ടിക്ക് ആശങ്കയുണ്ട്. കൈപ്പുഴമുട്ടിൽനിന്ന് 10,000 രൂപയിലേറെ മുതൽമുടക്കിയാണ് ഈ വിത്ത് എത്തിച്ചത്. 

pala-paddy-farmer-mathukutty-tractor-1
ഉഴുതു കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥലം

ഏക്കറിന് ഇവിടെ സാധാരണ 40 കിലോ നെൽവിത്താണ് ആവശ്യം. എന്നാൽ, പ്രാവ്, കുളക്കോഴി എന്നിവ വ്യാപകമായി വിത്ത് കഴിക്കുന്നതിനാൽ 50 കിലോ നെൽവിത്ത് വേണ്ടിവരുന്നുണ്ടെന്നും മാത്തുക്കുട്ടി. കഴിഞ്ഞ രണ്ടു വർഷമായി നഷ്ടത്തിലൂടെയാണ് തന്റെ കൃഷി മുൻപോട്ടു പോകുന്നതെന്നും മാത്തുക്കുട്ടി. 60 ഏക്കറിൽനിന്ന് 80 ടൺ നെല്ലാണ് കിട്ടിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ അതിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പെട്ടെന്നുള്ള മഴയെത്തുടർന്ന് നെൽക്കതിർ വെള്ളത്തിനടിയിലായതും കൊയ്ത്ത് നടത്താൻ കഴിയാത്തതുമാണ് വിളവ് കുറയാൻ കാരണം.

നെൽക്കൃഷി കൂടാതെ കപ്പക്കൃഷിയും മാത്തുക്കുട്ടിക്കുണ്ട്. ഒപ്പം ഏതാനും പശുക്കളെയും അവയുടെ കുട്ടികളെയും വളർത്തുന്നുണ്ട്. കറവയുള്ള നാലു പശുക്കളിൽനിന്ന് ദിവസം 40 ലീറ്ററോളം പാൽ ലഭിക്കുന്നു. സമീപ പ്രദേശങ്ങളിൽത്തന്നെ വീടുകളിലെത്തിച്ചാണ് പാൽ വിപണനം. ലീറ്ററിന് 50 രൂപ നിരക്കിലാണ് വിൽപന.

പതിറ്റാണ്ടുകളായി കൃഷിയിൽ സജീവമായ തനിക്കുണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ എന്ന് ഈ കർഷകർ ആശിക്കുന്നു. തനിക്ക് ഇത്രയേറെ ബുദ്ധിമുട്ട് വരുത്തിയവരെ പൊലീസ് പിടികൂടുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.

English summary: Anti socials filled salt into the tractor engine

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com