കൃഷിക്കാരുടെ വീട്ടിൽ സൂക്ഷിക്കേണ്ട ഉപകരണങ്ങൾ പരിചയപ്പെടുത്തി കർഷകശ്രീ സ്വപ്ന ജയിംസ് - Farm Equipments

HIGHLIGHTS
  • ജാതിക്കൃഷിക്കാർക്ക് വലിയ ഉപകാരിയാണ് ജാതിക്കാ പ്ലക്കർ
  • പഴങ്ങളും പച്ചക്കറികളുമെല്ലാം ഗുണമേന്മയോടെ ഉണങ്ങി സൂക്ഷിക്കാൻ ഡ്രയർ ഉപകാരപ്പെടും
swapna-james-karshakasree
ഡ്രയറിനരികെ ജയിംസും സ്വപ്നയും
SHARE

പാലക്കാട് കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി പുളിക്കത്താഴെയിലെ കർഷകശ്രീ സ്വപ്നയുടെ വീട്ടിലെത്തിയാൽ ഒട്ടേറെ ലഘു ഉപകരണങ്ങൾ പരിചയപ്പെടാം. കാഴ്ചയിൽ നിസ്സാരമെന്നു തോന്നുമെങ്കിലും പുരയിടക്കൃഷിയിലും മൂല്യവർധനയിലും ഒരുപോലെ ശ്രദ്ധവയ്ക്കുന്ന കൃഷിക്കാർക്ക് ഇവയെല്ലാം അത്യാവശ്യമെന്ന് സ്വപ്നയും ഭർത്താവ് ജയിംസും പറയുന്നു. അക്കൂട്ടത്തിൽ മുഖ്യമായ 3–4 എണ്ണം സ്വപ്ന പരിചയപ്പെടുത്തുന്നു.

swapna-james-karshakasree-1
കപ്പയരിയൽ യന്ത്രത്തിനരികെ സ്വപ്നയും ജയിംസും (ഇടത്ത്), ടപ്പിയൊക്ക പ്ലക്കർ ഉപയോഗിച്ച് കപ്പ പിഴുതെടുക്കുന്ന കെവിൻ (വലത്ത്)

ലഘു ഉപകരണങ്ങളിൽ ഏറ്റവും പ്രയോജനപ്രദം കപ്പയരിയൽ യന്ത്രമാണ്. വർഷം ഒന്നര–രണ്ട് ടൺ കപ്പ അരിഞ്ഞ് ഉണങ്ങി ഉണക്കക്കപ്പയാക്കി വിൽക്കാറുണ്ട്. മുൻപ് കൈകൊണ്ടാണ് അരിഞ്ഞിരുന്നതെങ്കിൽ യന്ത്രം വന്നതോടെ അരിയൽ അനായാസമായി. ഒരാൾക്ക് വളരെ സുഖകരമായി യന്ത്രത്തിനടുത്ത് ഇരുന്ന് മണിക്കൂറിൽ 300 കിലോ പച്ചക്കപ്പ സുരക്ഷിതമായി അരിയാമെന്ന് സ്വപ്ന പറയുന്നു. കപ്പ മാത്രമല്ല, പച്ച ചക്കച്ചുളയും ഒരു പിടിത്തമായി ഒരുമിച്ചെടുത്ത് യന്ത്രത്തിന്റെ പാത്തിയിലൂടെ അമർത്തി മുൻപോട്ടു തള്ളി അരിഞ്ഞെടുക്കാം. തൊടുപുഴ മുട്ടം സ്വദേശി അപ്പച്ചൻ വികസിപ്പിച്ച കപ്പ അരിയൽ യന്ത്രത്തെക്കുറിച്ച് 2016ൽ കർഷകശ്രീയിലൂടെ വായിച്ചറിഞ്ഞു വാങ്ങുകയായിരുന്നു. പച്ചക്കപ്പ തൊണ്ടുപൊളിച്ച് യന്ത്രത്തിലെ പിവിസി പൈപ്പ്കൊണ്ടുള്ള പാത്തിയിൽ വച്ച് മുന്നിലുള്ള ബ്ലെയ്ഡ് കറക്കുന്നു. കപ്പ താനെ ഊർന്നിറങ്ങി ശരിയായ കനത്തിൽ അരിഞ്ഞു വീഴും. 3 ബ്ലെയ്ഡുകൾ ചേർന്ന ഡിസ്ക് കറക്കാൻ മിതമായ അധ്വാനം മതി.

swapna-james-karshakasree-2
ജാതിക്ക പ്ലക്കറുമായി സ്വപ്ന ജയിംസിന്റെ മകൻ കെവിൻ (ഇടത്ത്), ജാതിക്കയും പത്രിയും ഡ്രയറിൽ ഉണങ്ങാൻ വച്ചിരിക്കുന്നു (വലത്ത്)

ജാതിക്കൃഷിക്കാർക്ക് വലിയ ഉപകാരിയാണ് ജാതിക്കാ പ്ലക്കർ എന്ന് ജയിംസ്. 350–400 രൂപ മാത്രം വില വരുന്ന ഈ ലഘു  ഉപകരണം വലിയ സഹായമാണ് ചെയ്യുക. മഴക്കാലത്താണല്ലോ മുഖ്യമായും ജാതിക്കാ വിളവെടുപ്പ്. മൂപ്പെത്തിയ കായ്കൾ മുടങ്ങാതെ പറിച്ചെടുക്കലൊന്നും എളുപ്പമുള്ള കാര്യമല്ല. പൊഴിഞ്ഞു വീഴുന്നവ നിത്യവും പെറുക്കി എടുക്കുന്ന രീതിയാണ് മിക്ക കർഷകരുടേതും. കുനിഞ്ഞും നിവർന്നുമുള്ള പണിക്കു നല്ല കഷ്ടപ്പാടുണ്ട്. അതിനു പരിഹാരമാണ് പ്ലക്കർ. ഊന്നുവടി രൂപത്തിലുള്ള പ്ലക്കറിന്റെ ക്ലച്ച് പോലുള്ള കൈപ്പിടി പ്രവർത്തിപ്പിച്ച്, കുനിയാതെ തന്നെ പത്രിക്ക് കേടുവരാതെ ജാതിക്കാക്കുരു ഒരോന്നായി പെറുക്കി കുട്ടയിലിടാം. 

swapna-james-karshakasree-3
ഡീപ് ഫ്രീസർ

പ്രധാനപ്പെട്ട മറ്റൊരു ഉപകരണമാണ് ഡീപ് ഫ്രീസർ. എത്രയൊക്കെ ഉപയോഗിച്ചാലും ചക്കയും മാങ്ങയും ഉൾപ്പെടെ ഒട്ടേറെ പഴങ്ങളും പച്ചക്കറികളും കൃഷി കുടുംബങ്ങളിൽ ബാക്കിയുണ്ടാവും. ഓരോ സീസണിലും സുലഭമായ  ഈ ഉൽപന്നങ്ങൾ വീട്ടാവശ്യത്തിനും മൂല്യവർധനയ്ക്കുമായി ദീർഘകാലം സൂക്ഷിച്ചു വയ്ക്കാൻ വീട്ടിലൊരു ഡീപ് ഫ്രീസർ അത്യാവശ്യമെന്നു ജയിംസ്. 200 ലീറ്റർ സംഭരണശേഷിയുള്ള ഫ്രീസറാണ്  ഈ ആവശ്യത്തിനായി ഇവർ വാങ്ങിയിരിക്കുന്നത്. ഒട്ടേറെ മികച്ച കമ്പനികളുടെ ഫ്രീസർ വിപണിയിലുണ്ട്. 200 ലീറ്റർ ശേഷിയുള്ളതിന് 15,000–17,000 രൂപയെത്തും വില. പച്ച ചക്കച്ചുളയും പൾപ്പുമെല്ലാം, ഓരോന്നും തയാറാക്കുന്ന  തീയതി രേഖപ്പെടുത്തിയ പായ്ക്കറ്റുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കുന്ന രീതിയാണ് സ്വപ്നയുടേത്. പിന്നീട് മൂല്യവർധനയ്ക്കായി പുറത്തെടുക്കുമ്പോൾ ആദ്യം തയാറാക്കിയത് ആദ്യം എന്ന ക്രമത്തിൽ ഉപയോഗിക്കാനാണിത്.

അത്യാവശ്യമുള്ള മറ്റൊന്നാണ് ഡ്രയർ യൂണിറ്റെന്നു സ്വപ്ന.  വിറകിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതുതന്നെ വാങ്ങുക. വിറകില്ലാത്തപ്പോള്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാവൂ. വീട്ടിലെ പാഴ്ക്കടലാസുകളും തടിക്കഷണങ്ങളുമെല്ലാം ഡ്രയർ പ്രവർത്തിപ്പിക്കാൻ പ്രയോജനപ്പെടുത്താം. കൊപ്ര, ജാതിക്ക തുടങ്ങി പഴങ്ങളും പച്ചക്കറികളുമെല്ലാം ഗുണമേന്മയോടെ ഉണങ്ങി സൂക്ഷിക്കാൻ ഡ്രയർ ഉപകാരപ്പെടുമെന്നു സ്വപ്ന. 60,000 രൂപ വിലയെത്തുന്ന ഡ്രയർ, സ്പൈസസ് ബോർഡിന്റെ, 50 ശതമാനം സബ്സിഡിയോടെയാണ് വാങ്ങിയത്. ഇപ്പോൾ സ്മാം പദ്ധതി വഴി സബ്സിഡിയോടെ വാങ്ങാനാവും.

swapna-james-karshakasree-4

വന്യമൃഗശല്യമുള്ളതിനാൽ കുരങ്ങിനെയും മയിലിനെയും ശബ്ദംകൊണ്ട് വിരട്ടിയോടിക്കുന്ന തോക്കുപോലുള്ള പിവിസി നിർമിത ഉപകരണം, നിന്നുകൊണ്ട് ചക്ക മുറിക്കാവുന്ന ചക്കവെട്ടി, മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാനുള്ള യന്ത്രത്തോട്ടി എന്നിങ്ങനെ വേറെയും ലഘു ഉപകരണങ്ങളും വിപുലമായ തോതിൽ പുരയിടക്കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ മിനിടില്ലറും ഈ കൃഷികുടുംബത്തിന്റെ കൂട്ടുകാരായുണ്ട്. ലഘുയന്ത്രങ്ങൾ വന്നതോടെ കൃഷിയും മൂല്യവർധനയും അനായാസം. അതുകൊണ്ടുതന്നെ സ്വപ്നയ്ക്കും ജയിംസിനുമൊപ്പം വിദ്യാർഥികളായ മക്കൾ അലനും കെവിനും കൃഷിയിൽ സജീവം.

ഫോൺ: 9447329247

English summary: Useful Equipments for Small Scale Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS