ഗിഫ്റ്റ് തന്നെ മികച്ചത്; ജോയലിനു പ്രിയം ഗിഫ്റ്റും ഗൗരാമിയും - Farmers Favourite Fish

joyal-fish-farm-tdpa
ജോയൽ
SHARE

വളർത്തുമത്സ്യങ്ങളിൽ തിലാപ്പിയ ഗിഫ്റ്റ് ഇനത്തോളം ശ്രദ്ധ നേടിയ മറ്റൊരിനമില്ല. മത്സ്യക്കുളത്തിലെ ഇറച്ചിക്കോഴി എന്ന വിശേഷണം പൂർണമായും ശരിവയ്ക്കും വിധം ദ്രുതവളർച്ചയും മികച്ച രുചിയും ഗിഫ്റ്റിന്റെ പ്രചാരം വർധിപ്പിച്ചു. ആണ്ടിൽ ഒറ്റത്തവണ വിളവെടുപ്പ് എന്ന മത്സ്യക്കൃഷിരീതിയെ ആണ്ടിൽ 2 വിളവെടുപ്പ് എന്ന നിലയിലേക്കും ബയോഫ്ലോക്ക് പോലുള്ള ഹൈടെക് രീതികൾ അവലംബിച്ച് ഒന്നിലേറെ ടാങ്കുകളിൽ വിവിധ പ്രായത്തിലുള്ളവയെ വിന്യസിച്ച് ആണ്ടു മുഴുവൻ വിളവെടുപ്പ് എന്ന സ്ഥിതിയിലേക്കും എത്തിച്ചത് ഗിഫ്റ്റിന്റെ വരവാണ്. 

കൃത്രിമത്തീറ്റയും ശരിയായ പരിപാലനവും നൽകി വളർത്തിയ ഗിഫ്റ്റ് തന്നെയാണ് രുചിയിൽ ഇന്നും ജനപ്രീതിയുള്ള ഇനമെന്നു പറയുന്നു തൊടുപുഴ കദളിക്കാടുള്ള മത്സ്യക്കർഷകൻ ജോയൽ മാത്യു. എന്നാൽ ഗിഫ്റ്റിന്റെ വിലയിലും ഹൈടെക് ഗിഫ്റ്റ് മത്സ്യക്കൃഷിയിലും തിരിച്ചടി നേരിടുന്നവരും ഒട്ടേറെയെന്ന് ജോയൽ.‘ബയോഫ്ലോക്ക് സാങ്കേതികവിദ്യ മികച്ചതു തന്നെ. പക്ഷേ പരാജയപ്പെടാതിരിക്കണമെങ്കിൽ അതിയായ ശ്രദ്ധ വേണം. കിലോയ്ക്ക്  250 രൂപയെങ്കിലും ലഭിച്ചെങ്കിലേ ബയോഫ്ലോക്ക് ഗിഫ്റ്റ്കൃഷി ലാഭകരവുമാകൂ. എന്നാൽ നമ്മുടെ കർഷകര്‍  6 മാസത്തെ പരിപാലനത്തിനു ശേഷം വിളവെടുക്കുമ്പോൾ 200–250 ഗ്രാം മാത്രമാണ് ഗിഫ്റ്റിന്റെ തൂക്കം. ഒരു കിലോ എത്തണമെങ്കിൽ 4–5 മീൻ വേണ്ട സ്ഥിതി. ഉപഭോക്താക്കൾക്ക് അതിൽ താൽപര്യം കുറയും, അതോടെ വിലയും താഴ്ത്തേണ്ടി വരും. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വരവു കൂടിയാകുമ്പോൾ വീണ്ടും വിലയിടിവ്. അങ്ങനെ കൃഷി നഷ്ടത്തിലെത്തും. അതുകൊണ്ടുതന്നെ കൃത്രിമക്കുളത്തിൽ പരിമിതമായ എണ്ണം തിലാപ്പിയയെ ഗുണമേന്മയോടെ വളർത്തി 6 മാസം കൊണ്ട് 400–500 ഗ്രാം തൂക്കമെത്തിച്ച് കിലോയ്ക്ക്  250 രൂപയ്ക്കെങ്കിലും വിൽക്കുന്ന രീതിയാണ് ഇവിടെ’, തന്റെ ലാഭവഴിയെക്കുറിച്ച് ജോയൽ പറയുന്നു.

joyal-fish-farm-tdpa-1

കൃത്രിമക്കുളങ്ങളിലും പടുതക്കുളത്തിലും  ഗിഫ്റ്റ് വളര്‍ത്തുന്ന ജോയൽ ഈ രീതിയുടെ വരുമാനക്കണക്കും നൽകുന്നു. പടുതക്കുളം തന്നെ എടുക്കാം. 40 അടി നീളവും 20 അടി വീതിയും 5 അടി ആഴവുമുള്ള കുളമാണിത്. കുളം കുഴിക്കാനും പടുത വിരിക്കാനും ഏകദേശ ചെലവ് 25,000 രൂപ. എയറേറ്ററിനും അനുബന്ധ സാമഗ്രികൾക്കുമായി ഏകദേശം 10,000 രൂപ. 1200 ഗിഫ്റ്റ് കുഞ്ഞുങ്ങളെയിടാം. മികച്ച വിത്ത് ഒന്നിന് 10 രൂപ നിരക്കിൽ 12,000 രൂപ. സബ്സിഡി നിരക്കിൽ വൈദ്യുതിച്ചെലവ് അടുത്ത 5 മാസത്തേക്ക് ഏതാണ്ട് 2500 രൂപ. തീറ്റച്ചെലവ് ഏകദേശം 45,000 രൂപ. ആകെ ഏകദേശം 94,500 രൂപ. ശരാശരി 450 കിലോ ഉൽപാദനം ലഭിച്ചാൽ കിലോയ്ക്ക്  250 രൂപ നിരക്കി ൽ 1,12,500 രൂപയാണ് ആദ്യ കൃഷിയിൽ കിട്ടാവുന്ന നേട്ടം. അടുത്ത കൃഷിയിൽ കുളത്തിന്റെയും എയറേറ്ററിന്റെയും ചെലവു കുറയും. കൃഷിയിൽ കൃത്യത നേടുന്നതിനനുസരിച്ച് നഴ്സറിക്കുളങ്ങൾ നിർമിച്ചും കുഞ്ഞുങ്ങളെ പല വളർച്ചഘട്ടങ്ങളായി തിരിച്ചും വർഷം മുഴുവൻ വിപണനം നടത്തി  കൂടുതൽ വരുമാനം നേടാം. ആദ്യ തവണ തന്നെ അമിത ലാഭം എന്ന ചിന്തയിലാണ് ഈ രംഗത്തേക്കു വരുന്നതെങ്കിൽ മത്സ്യക്കൃഷി നഷ്ടത്തിലെത്തുമെന്നും ജോയൽ.

കാത്തിരിക്കാൻ ക്ഷമയുണ്ടെങ്കിൽ ഏറ്റവും നേട്ടം ജയ്ന്റ്‍ ഗൗരാമിയെന്നു ജോയൽ. രുചിയില്‍  വളർത്തുമത്സ്യങ്ങളിൽ മുൻനിരയിലാണ് ഗൗരാമി. കിലോയ്ക്കു ശരാശരി 400 രൂപ വില. ഉൽപാദനച്ചെലവു കുറവ്. ആദ്യത്തെ 3–4 മാസം കൃത്രിമത്തീറ്റ നൽകിയ ശേഷം  ഇലകൾ തീറ്റയായി നൽകാം. ചേമ്പും ചീരയും മൾബറിയിലയുമെല്ലാം തീറ്റയാക്കാം. മികച്ച വളർച്ചയെത്താൻ 3 വർഷമെടുക്കും. വലുപ്പത്തിന് അനുസരിച്ച് കുഞ്ഞുങ്ങൾക്ക് 30 രൂപ മുതൽ 100 രൂപ വരെ വില. വലുപ്പം കൂടിയ കുഞ്ഞുങ്ങളെങ്കിൽ 3 വർഷംകൊണ്ട് 3 കിലോ വരെ തൂക്കമെത്തുമെന്നും ജോയൽ പറയുന്നു.

ഫോൺ: 9961108999, 9496513559

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS