ADVERTISEMENT

തൃശൂർ നഗരത്തിൽ ശക്തൻ തമ്പുരാൻ ബസ്‌സ്റ്റാൻഡിൽ ജോസ്കോ ഫൈവ് എന്ന വാച്ച് കട നടത്തുന്ന ഏങ്ങണ്ടിയൂർ സ്വദേശി ജോസ് പുലിക്കോട്ടിലിന്റെ മനസ്സു നിറയെ ആശയങ്ങളാണ്. ഈ ആശയങ്ങൾക്കു മുകളിൽ അടയിരുന്ന് ജോസ് വിരിയിച്ചെടുത്ത ഉപകരണങ്ങൾ ഒട്ടേറെ. അവയിൽ രണ്ടെണ്ണം അടുക്കളത്തോട്ടവും പുരയിടക്കൃഷിയുമുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. ആദ്യത്തേത് പുല്ലുവെട്ടി. പേരു പുല്ലുവെട്ടി എന്നാണെങ്കിലും ബ്രഷ് കട്ടറിന്റെ ചേട്ടനോ അനുജനോ അല്ല ഈ  ഉപകരണം. മോട്ടറിൽ പ്രവർത്തിക്കുന്ന ബ്രഷ്കട്ടർ പുല്ല് അരിഞ്ഞിടുമ്പോൾ ജോസിന്റെ പുല്ലുവെട്ടി പറമ്പിലെ പുല്ലും പടർപ്പുമെല്ലാം ചുവടോടെ പറിച്ചു നീക്കാൻ ഉപകാരപ്പെടും. ബ്രഷ്കട്ടര്‍കൊണ്ട് പുല്ലുവെട്ടിയാൽ താമസിയാതെ വീണ്ടും വളർന്നു പൊങ്ങും. എന്നാൽ ജോസിന്റെ പുല്ലുവെട്ടി പുല്ലും പടർപ്പുമൊക്കെ വേരോടെ പിഴുതെടുക്കുന്നതിനാൽ അത്ര പെട്ടെന്നൊന്നും വീണ്ടും കാടുനീക്കേണ്ടി വരില്ല. എന്നാൽ ബ്രഷ് കട്ടർ മോട്ടറിൽ പ്രവർത്തിക്കുമ്പോൾ, പുല്ലുവെട്ടിക്കു മനുഷ്യാധ്വാനം തന്നെ വേണം. പുരയിടക്കൃഷിയിലൂടെ ലഘു വ്യായാമം ലഭിക്കുന്നത് നല്ല കാര്യമല്ലേ എന്നു ജോസ്. 

പുല്ലിനും കുറ്റിച്ചെടികൾക്കും പുറമെ, പറമ്പിലെ ജൈവാവശിഷ്ടങ്ങൾ, ചപ്പുചവറുകൾ എന്നിവ യെല്ലാം കൈതൊടാതെ കോരി കുഴിയിലോ മറ്റെവിടെങ്കിലുമോ നിക്ഷേപിക്കാനും വാരിക്കൂട്ടാനു മെല്ലാം ഈ ഉപകരണം പ്രയോജനപ്പെടും. അതിനിടെ ഇഴജന്തുക്കളെ കണ്ടാൽ അവയെയും ഉപകരണത്തിൽ കുരുക്കി അപകടമില്ലാതെ നീക്കാം. ഇരുമ്പുപൈപ്പിന്റെ അറ്റത്തു ഘടിപ്പിച്ച മൺവെട്ടി പോലുള്ള ഭാഗം, അതിനെ കൈകൊണ്ട് ചലിപ്പിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന കേബിൾ, ബെയറിങ്, ക്ലച്ച് എന്നിവ ചേരുന്ന ഉപകരണത്തിന് 2 കിലോയിൽ താഴെ ഭാരം. ആവശ്യാനുസരണം മാത്രമാണ് ജോസിന്റെ നിർമാണം. 2500 രൂപയാണ് വില ഈടാക്കുന്നത്.

മാജിക് കട്ടറാണ് ജോസിന്റെ കണ്ടെത്തലുകളിൽ കൗതുകകരമായ മറ്റൊന്ന്. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന കട്ടർ സംവിധാനമാണിത്. പേരയ്ക്ക പോലുള്ള ലഘു ഫലങ്ങൾ നിലത്തു വീ ഴാതെ പറിച്ചെടുക്കുന്നതു മുതൽ, വാഴയില വെട്ടാനും കറിവേപ്പിലത്തണ്ട് മുറിക്കാനും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾക്ക് സഹായിയാകും ഈ മാജിക് തോട്ടി. ചെറിയ ചില്ലകൾ മുറിച്ചു നീക്കി പേര പോലുള്ളവ കമ്പുകോതി (പ്രൂണിങ്) നിർത്താനും മാജിക് കട്ടർ ഉപകാരപ്പെടും. ഭാരം തീരെ കുറഞ്ഞ പൈപ്പിലാണ് കട്ടർ സംവിധാനം ഉറപ്പിച്ചിരിക്കുന്നത്. തോട്ടിയുടെ നീളം 12 അടി വരെ വർധിപ്പിക്കാം. തോട്ടിയുടെ അറ്റത്തെ കട്ടറിനെ ക്ലച്ച് സംവിധാനത്തിലൂടെ കൈകൊണ്ട് നിയന്ത്രിക്കാം. ആവശ്യാനുസരണം മാത്രം നിർമ്മിക്കുന്ന ഈ യന്ത്രത്തിന് 1200 രൂപയാണ് ഈടാക്കുന്നത്.

farm-tools-1
മാജിക് കട്ടർ, വെജിറ്റബിൾ കട്ടർ

ജോസിന്റെ കണ്ടുപിടിത്തങ്ങളിൽ വീട്ടമ്മമാരുടെ പ്രീതി നേടിയതു പക്ഷേ, വെജിറ്റബിൾ കട്ടർ. കത്തിയും ബോർഡും ചേരുന്ന, നമുക്കു പരിചിതമായ കട്ടിങ് ബോർഡിനെ കൂടുതൽ പ്രയോജനപ്ര ദവും ഉപയോഗക്ഷമവുമാക്കിത്തീര്‍ത്തിരിക്കുകയാണ് ജോസ്. കട്ടിങ് ബോർഡിന്റെ നടുവിൽ ഘടിപ്പിച്ച സ്റ്റീൽ ഭാഗവും അതിന്റെ നടുവിലെ പിളർപ്പിലേക്ക് കത്തിയുടെ അഗ്രം ഇറക്കിവച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യവും സ്റ്റീൽ കത്തിയും ചേരുന്നതാണ് വെജിറ്റബിൾ ക‌ട്ടർ. കത്തി അനായാസം ചലിപ്പിക്കാനും പച്ചക്കറി, ഇറച്ചി എന്നിവ എളുപ്പത്തിൽ അരിഞ്ഞെടുക്കാനും സൗകര്യം. വെജിറ്റബിൾ കട്ടറിന് ജോസ് ഈടാക്കുന്ന വില 1300 രൂപ.

ഫോൺ: 9847977600

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com