പാൽ ലഭിക്കാത്ത പൈക്കിടാങ്ങൾ, പാലൂറ്റിയശേഷം കത്തിക്കിരയായ പശുക്കൾ: ഇന്ത്യൻ ക്ഷീരമേഖല ഇങ്ങനെയായിരുന്നു

HIGHLIGHTS
  • ഇന്ന് ദേശീയ ക്ഷീരദിനം
  • ഡോ. വർഗീസ് കുര്യന്റെ ജന്മദിനം
varghese-kurien
SHARE

നവംബർ 26. ഡോ. വർഗീസ് കുര്യൻ അഥവാ ഇന്ത്യയുടെ പാൽക്കാരന്റെ ജന്മദിനം. ക്ഷീരമേഖലയിൽ കർഷകർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത് ഈ ലോകത്തുനിന്ന് അദ്ദേഹം വിട പറഞ്ഞിട്ട് പത്തു വർഷം പിന്നിട്ടു. പാലു‌ൽപാദനത്തിൽ പിന്നിലായിരുന്ന ഇന്ത്യയെ ഒന്നാമതെത്തിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. കഴിഞ്ഞ 7 വർഷമായി അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നു.

ആഗോള പാലുൽപന്ന നിർമാണ രംഗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുക്കുന്നത് അമൂൽ ബ്രാൻഡ് ആണ്. പ്രതിവർഷം 13000 കോടി വിറ്റുവരവുള്ള ഏഷ്യയിലെ ഏറ്റവും മിച്ച വ്യവസായ സംരംഭമായി അമൂൽ മാറിയിരിക്കുന്നു. അതുപോലെതന്നെ രാജ്യത്തെ ക്ഷീരമേഖലയെ ഒന്നിച്ചു നിർത്തുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് ദേശീയ ക്ഷീര വികസന ബോർഡ്. 

ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കി രാജ്യത്തിലുടനീളം പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിച്ച് ഇന്ത്യൻ ക്ഷീര വ്യവസായ രംഗത്ത് ആരംഗത്തവശ്യമായ സാങ്കേതിക ധന സഹായങ്ങൾ നൽകുന്നതിലേക്ക് ഇന്ത്യൻ പാർലമെന്റ് ഒരു ആക്ട് വഴി1965ൽ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് ദേശീയ ക്ഷീര വികസന ബോർഡ്. അതിന്റ പ്രഥമ ചെയർമാൻ ഡോ. വർഗീസ് കുര്യനും. ക്ഷീര വ്യവസായ രംഗത്തേക്ക് കടന്നു വന്ന് ആവശ്യമായ സാങ്കേതിക ശാസ്ത്രീയ അറിവുകൾ നൽകുന്ന പ്രസ്ഥാനമാണ് NDDB. ഇപ്പോഴത്തെ ചെയർമാൻ മീനാഷ് ഷാ.

ഓപ്പറേഷൻ ഫ്ലഡ് അഥവാ ധവള വിപ്ലവം

കുര്യന്റെ തലയിൽ ഉദിച്ച പദ്ധതിക്ക് ഇട്ട പേരാണ് നാട്ടിൻ പുറത്തെ ക്ഷീരകർഷകരെ സഹകരണ സംഘങ്ങൾ വഴി ഒന്നിപ്പിച്ച് അവർ ഉൽപാദിപ്പിക്കുന്ന പാൽ നഗരങ്ങളിൽ വിൽപന നടത്തി ഒരു പാൽ പ്രളയം സൃഷ്ടിക്കുക. ഒന്നാം ഘട്ടത്തിൽ പാൽക്ഷാമം ഉണ്ടായിരുന്ന ഇന്ത്യയിലെ ബോംബെ, കൽക്കട്ട, ഡൽഹി, ചെന്നൈ എന്നീ വൻ നഗരങ്ങളിൽ പാൽ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആനന്ദ് മാതൃകയിൽ 18 ക്ഷീരസഹകരണ മിൽക്ക് യൂണിയൻ ആദ്യ ഘട്ട ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയിൽ ഉണ്ടാക്കിയെടുത്തു.

അന്നത്തെ പാൽക്ഷാമം തീർക്കുന്ന സർക്കാരിന്റെ രീതി കുര്യൻ നിരീക്ഷിച്ചു. അതിലൊന്ന് ടൺ കണക്കിന് പാൽപ്പൊടി ഇറക്കുമതി ചെയ്ത് അത് ബട്ടർ ഓയിലുമായി ചേർത്ത് വിതരണം ചെയ്യുക എന്നതായിരുന്നു. രണ്ടാമതായി മഹാനഗരങ്ങളിൽ നഗരത്തിനു പുറത്ത് പശു ചാപ്രകൾ (മിൽക്ക് കോളണികൾ ) സ്ഥാപിച്ച്  സ്വകാര്യ ഏജന്റുമാരുടെ സഹായത്തോടെ നാട്ടിൻപുറത്തെ നല്ല ഉരുക്കളെ എത്തിച്ച് പാൽ ലഭ്യത ഉറപ്പാക്കുക. ഇതിനായി ബോംബെയിൽ ഉണ്ടാക്കിയ അരേ മിൽക്ക് കോളനി പ്രസിദ്ധമാണ്. പ്രസവമടുത്ത പശുക്കളെ തീവണ്ടി മാർഗ്ഗം നഗരങ്ങളിൽ എത്തിക്കുകയും പൈകിടാങ്ങളെ പാലൂട്ടാതെ ഒഴിവാക്കി കറവമാടുകളെ കറന്നെടുത്ത് കറവ വറ്റിക്കഴിഞ്ഞാൽ അവയെ അറവുശാലയ്ക്ക് അയയ്ക്കുന്ന രീതിയിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ കുര്യൻ കണ്ടറിഞ്ഞു.

ഈ ദുർസ്ഥിതി തുടർന്നാൽ നല്ല ഉരുക്കളുടെ എണ്ണം കുറയും കൂടാതെ പാൽപ്പൊടിക്കായി സർക്കാർ ചെലവാക്കുന്ന തുക വിദേശത്തേക്ക് ഒഴുകും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ ആവശ്യമായ മാർഗ്ഗങ്ങൾ അദ്ദേഹം കണ്ടെത്തി. നഗരങ്ങളിലേക്ക് പശുവിനു പകരമായി പാൽ എത്തിക്കുക, നഗരത്തിലെ പാൽ വിപണി കയ്യടക്കുക, പാലുൽപാദനം കൂട്ടുക, ഉൽപാദിപ്പിക്കുന്ന പാലിന് സ്ഥിരവിപണി ഉണ്ടാക്കുക തുടങ്ങിയവയായിരുന്നു കുര്യന്റെ ലക്ഷ്യങ്ങൾ. 

1970 കാലഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ പാലുൽപാദനം വർധിച്ചതിനാൽ ടൺ കണക്കിനു പാൽപ്പൊടിയും ബട്ടർ ഓയിലും സൗജന്യമായി ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യക്കാരെ പാൽ കുടിപ്പിച്ച് പാലിന്റെ വിപണി കയ്യടക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്. പാൽപ്പൊടിയും ബട്ടർ ഓയിലും സംയോജിപ്പിച്ച് പാലാക്കി വൻ നഗരങ്ങളിൽ സൗജന്യമായി നൽകാതെ ഇന്ത്യൻ പാലുൽപാദനത്തെ ഹനിക്കാത്ത വിധം വിലയിട്ട് വിൽപന നടത്തി. അതിൽ നിന്നും കിട്ടുന്ന തുക ഇന്ത്യൻ ഡെയറി കോർപ്പറേഷൻ എന്ന സ്ഥാപനം വഴി സ്വരൂപിച്ച് ഓപ്പറേഷൻ ഫ്ല‍‍ഡിനാവശ്യമായ പണം കണ്ടെത്തി. ഇതുവഴി ലഭിച്ച തുക ഉപയോഗപ്പെടുത്തി ക്ഷീര സഹകരണ സംഘങ്ങൾ, ഡെയറി പ്ലാന്റ് എന്നിവ ഉണ്ടാക്കി. ഇതിനു വേണ്ട സാങ്കേതിക ഉപദേശങ്ങൾ ദേശീയ ക്ഷീര വികസന ബോർഡ് നൽകി.

1970ൽ തുടങ്ങിയ ധവളവിപ്ലവത്തിന്റെ ഒന്നാം ഘട്ടം 10 വർഷം കൊണ്ട് പൂർത്തിയാക്കിയപ്പോൾ അതിന്റെ ഗുണം തമിഴ്നാട് വരെ ലഭിച്ചു. സേലത്തും ഈറോഡിലും ആനന്ദ് മാതൃകയിൽ ഡെയറികൾ സ്ഥാപിക്കപ്പെട്ടു. ഇങ്ങനെ രൂപപ്പെട്ടത് 18 മിൽക്ക് യൂണിയനുകളായിരുന്നു. നാലു മെട്രോ നഗരങ്ങളിൽ പാലിന്റെ വിപണി കയ്യടക്കാനായ കുര്യന്റെ വിപണ തന്ത്രം ലക്ഷ്യം കണ്ടു.

മദർ ഡെയറിയും ഫീഡർ ബാലൻസിങ് ഡെയറികളും

ഒന്നാം ഘട്ടത്തിൽ വൻ നഗരങ്ങളിൽ വന്ന ഡെയറികളെ മദർ ഡെയറി എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് പാൽ വിതരണം ചെയ്യുന്ന ജില്ലാ അടിസ്ഥാനത്തിലുള്ള  ഡെയറികളെ ഫീഡർ ബാലൻസിങ്ങ് ഡെയറികൾ എന്ന് വിളിക്കുന്നു. ഗ്രാമീണ മേഖലകളിൽ ശേഖരിക്കുന്ന പാൽ കേടുകൂടാതെ തണുപ്പിക്കുന്ന ചില്ലിങ് പ്ലാന്റിലെത്തുന്നു. ഇവിടെ നിന്നു തണുപ്പിച്ച പാൽ ഫീഡർ ബാലൻസിങ് ഡെയറികളിലെത്തുന്നു. അധികമുള്ള പാൽ പൊടിയാക്കാനുള്ള സംവിധാനം ഫീഡർ ബാലൻസിങ് ഡെയറിക്ക് ഉണ്ടാകും.  പാൽക്ഷാമസമയത്ത് പാൽപ്പൊടിയെ പാലാക്കിയെടുക്കുന്നതിലെക്കും പാലുൽപന്ന നിർമാണത്തിനുമാണ് പാൽപൊടി നിർമിക്കുന്നത്. ഫീഡർ ഡെയറിയിൽ നിന്നും റെയിൽ ടാങ്കറുകൾ വഴി തീവണ്ടി മാർഗ്ഗമായിരുന്നു പാൽ മദർ ഡെയറികളിൽ എത്തിക്കുക. ഒരു ടാങ്കറിൽ 40000 ലീറ്റർ പാൽ വഹിക്കാനാകും. ഒന്നാം ഘട്ടം തീരാറാകുമ്പോൾ ഇന്ത്യയിലെ നാലു മെട്രോ നഗരങ്ങളിലേക്ക് ദിവസേന ഒഴുകിയെത്തിയത് 22 ലക്ഷം ലീറ്റർ പാലാണ്.

കേരളത്തിന് ഓപ്പറേഷൻ ഫ്ലഡിന്റെ ഒന്നാം ഘട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞില്ല. രണ്ടാം ഘട്ടം 1981 മുതൽ 1985 വരെയായിരുന്നു. മിൽക്ക് യൂണിയനുകളുടെ എണ്ണം 18ൽനിന്ന് 136 ആയി ഉയർന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ 43,000 വില്ലേജ് തല ക്ഷീരസഹകരണ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ലക്ഷകണക്കിനു കർഷകർ ധവളവിപ്ലവത്തിന്റെ ഭാഗമായി മാറി. പാൽപ്പൊടി ഉൽപാദനം 22000 മെട്രിക് ടണിൽ നിന്നും 1,40,000 മെട്രിക് ടണ്ണായി ഉയർന്നു. ലോകബാങ്ക് ഇതിലേക്ക് ധനസഹായം നൽകിയിരുന്നു. 

 കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കയറി പറ്റുന്നത്. 1981 നവംബർ ഒന്നിന് ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങൾ ( ആപ്കോസ് ) നിലവിൽ വന്നു. കേരളത്തിലെ ക്ഷീരകർഷകരെ ദേശീയ ക്ഷീരശൃംഖലയുമായി ബന്ധിപ്പിക്കുന്ന കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ (KCMMF) Kerala Co operative Milk Marketting Federation അഥവാ മിൽമ രൂപം കൊണ്ടു. ഇതിനു കീഴിൽ തിരുവനന്തപുരം, എറണാകുളം, മലബാർ എന്നിങ്ങനെ 3 മേഖലാ മിൽക്ക് യൂണിയനുകളും അവയ്ക്ക് പാൽ തരുന്ന പാലുൽപാദക സഹകരണ സംഘങ്ങളും നിലവിൽ വന്നു. ഇന്ന് 3 മേഖലാ യൂണിയന്റെ കീഴിൽ 3279 ആപ്കോസ് ക്ഷീരസംഘങ്ങളും 355 ക്ഷീര വ്യവസായ സംഘങ്ങളും പ്രവർത്തിക്കുന്നു.

ഓപ്പറേഷൻ ഫ്ലഡിന്റെ മൂന്നാം ഘട്ടം 1986 മുതൽ 1996 വരെയായിരുന്നു. ക്ഷീരസംഘങ്ങളുടെ ശക്തീകരണം, വനിതാ ക്ഷീരസഹകരണ സംഘങ്ങളുടെ രൂപീകരണം, മൃഗചികത്സയുമായി ബന്ധപ്പെട്ട് വെറ്ററിനറി സേവന വിഭാഗം, പശുക്കൾക്കും എരുമകൾക്കും കൃത്രിമ ബീജാധാന സൗകര്യം, ഉരുക്കൾക്കാവശ്യമായ കാലിത്തീറ്റ ഉൽപാദനം തുടങ്ങി ജന്തു പോഷണ രംഗത്തും മൃഗാരോഗ്യ രംഗത്തും ഗവേഷണവും വികസനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ മൂന്നാം ഘട്ടത്തിന്റെ സംഭാവനകളായി മാറി. ഒപ്പം മിൽക്ക് യൂണിയനുകളുടെ എണ്ണം 173 ആയി ഉയർന്നു. 30000 പുതിയ ക്ഷീരസംഘങ്ങൾ കൂടി ചേർക്കപ്പെട്ടു. 

ലോകബാങ്ക് 1997ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ധവളവിപ്ലവത്തെ പാലുൽപ്പാദന വർധന മാത്രമായല്ല ഗ്രാമീണ വികസനത്തെ സഹായിച്ച പദ്ധതിയായാണ് വിവക്ഷിച്ചത്. ഒരു തുള്ളിയിൽ നിന്നും ഒരു പ്രളയത്തിലേക്ക് നയിക്കുക എന്നതായിരുന്നു ധവളവിപ്ലവത്തിന്റെ  ലക്ഷ്യം. ആനന്ദിലെ ക്ഷീര വിജയം ഇന്ത്യയിലെ പ്രധാന പാലുൽപാദന മേഖകളിൽ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യം വെച്ചുള്ള ദീർഘവീക്ഷണം വിജയം കണ്ടു. അങ്ങനെ ലോകബാങ്ക് 100 കോടി നൽകിയ ധവളവിപ്ലവ പദ്ധതി 10 വർഷം പിന്നിട്ടപ്പോൾ വർഷം തോറും 24000 കോടി രൂപയുടെ ആസ്ഥി നേടിയ സംരംഭമായി മാറി. 

English summary: Operation Flood and Verghese Kurien

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS