ബീജാധാനം: ക്ഷീരകര്‍ഷകരെ ഇരുട്ടില്‍ നിര്‍ത്തുന്നു, ആവശ്യപ്പെടുന്ന കാളയിനങ്ങളുടെ ബീജം ലഭിക്കുന്നില്ലെന്നും പരാതി

HIGHLIGHTS
  • ആവശ്യപ്പെടുന്നത് ലഭിക്കുന്നില്ല
  • പരീക്ഷണത്തിന് കർഷകരുടെ പശുക്കൾ
KE-5441
istockphoto
SHARE

ഏറെ നാളത്തെ നിവേദനങ്ങൾക്കും സമരങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിലാണെങ്കിലും പാൽവില ഡിസംബർ ഒന്നു മുതൽ വർധിപ്പിക്കാൻ സംസ്ഥാന മൃഗസംരക്ഷണവകുപ്പും മിൽമയും തീരുമാനിച്ചതു നല്ല കാര്യം. ഇനി അതിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്കു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വീണ്ടും തെരുവിലിറങ്ങാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും കർഷകർ ആവശ്യപ്പെടുന്നു. എന്നാല്‍ ക്ഷീരോല്‍പാദനം ആദായകരമാകാന്‍ പാല്‍വില വര്‍ധന ശാശ്വതമാര്‍ഗമല്ലെന്നും പശുക്കളുടെ പാലുല്‍പാദന ശേഷി കൂട്ടുക മാത്രമാണ്  പ്രശ്നപരിഹാരമെന്നും കർഷകരില്‍ ഒരു വിഭാഗം, വിശേഷിച്ച് യുവസംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. പശുക്കളുടെ ഒരോ തലമുറയും പാലുല്‍പാദനത്തില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കണം. ഇതു സാധ്യമാകണമെങ്കില്‍ കര്‍ഷകരുടെ ചിന്താഗതി മാറണം. 

പശു പ്രസവിക്കണമെന്നല്ലാതെ പിറക്കുന്ന പശുക്കുട്ടി ഭാവിയില്‍ മികച്ച കറവയുള്ള പശുവാകണമെന്ന ചിന്ത പൊതുവെ കര്‍ഷകര്‍ക്കില്ല.  അതുകൊണ്ടുതന്നെ കുത്തിവയ്ക്കുന്ന ബീജം ഏതു കാളയുടേതാണെന്നോ അതിന്റെ വംശപാരമ്പര്യം (പെഡിഗ്രി) എന്നാണെന്നോ അവര്‍ അന്വേഷിക്കുന്നുമില്ല. ആ രീതി തികച്ചും തെറ്റും അശാസ്ത്രീയവുമാണെന്നാണ് ക്ഷീരമേഖലയിലെ യുവ തലമുറയുടെ പക്ഷം. തങ്ങളുടെ തൊഴുത്തിൽ മികച്ച പാലുൽപാദനമുള്ള കുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറ കര്‍ഷകര്‍ക്ക് അതു സാധ്യമാകുന്നുണ്ടോ? മിക്കപ്പോഴും ഇല്ലെന്നുതന്നെ ഉത്തരം. കേരളത്തിലെ ബീജാധാന സംവിധാനം മൃഗസംരക്ഷണവകുപ്പിലൂടെ കേരള ലൈവ് സ്റ്റോക് ഡെവലപ്മെന്റ് ബോർഡ് ആണ് കൈ കാര്യം ചെയ്യുന്നത്. തികച്ചും സൗജന്യമാണ് മൃഗസംരക്ഷണ വകുപ്പിലൂടെ ലഭ്യമാക്കുന്ന ബീജാധാനം. എന്നാല്‍ വിതരണം ചെയ്യുന്ന ബീജത്തിന്റെ ഉറവിടമായ കാളകളുടെ മികവോ അവയുടെ അമ്മമാരുടെ ഒരു കറവക്കാലത്തെ പാലുൽപാദനം എത്രയെന്നോ അന്വേഷിക്കുന്ന കര്‍ഷകരെ ഈ വിവരങ്ങള്‍  അറിയിക്കാന്‍ കുറ്റമറ്റ സംവിധാനം ഇവിടെയില്ല. 

cattle

ആവശ്യപ്പെടുന്നത് ലഭിക്കുന്നില്ല

അന്നേരത്തു ലഭ്യമായ ബീജം കുത്തിവയ്ക്കുകയന്നല്ലാതെ കർഷകരോ കുത്തിവയ്ക്കുന്നവരോ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ അന്തർപ്രജനസാധ്യത ഏറെയാണ്. അതായത്, ഒരു കാളയുടെ ബീജമാത്രയിലൂടെ ജനിച്ച കുട്ടിക്ക് അതേ കാളയുടെ ബീജമാത്ര കുത്തിവയ്ക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇത് പുതുതലമുറയുടെ പാലുൽപാദനത്തെയും ആരോഗ്യത്തെയുമെല്ലാം  രൂക്ഷമായി ബാധിക്കും. 

മികച്ച പാലുൽപാദനമുള്ള പശുക്കളിൽ മികച്ച കാളകളുടെ ബീജം തന്നെ ഇക്കാര്യം സംബന്ധിച്ചു ബോധ്യമുള്ളവര്‍ ആവശ്യപ്പെടാറുണ്ട്.  എന്നാൽ തങ്ങള്‍ ആവശ്യപ്പെടുന്ന ഇനങ്ങളുടെ ബീജം പലപ്പോഴും ലഭിക്കുന്നില്ലെന്നു ഈ കര്‍ഷകര്‍ പരാതിപ്പെടുന്നു. 24 ലീറ്റർ പാൽ ലഭിച്ച പശുവിന് ജനിച്ച കുട്ടിക്ക് അമ്മപ്പശുവി ന്റെ അടുത്തുപോലും പാലുൽപാദനം എത്തിയില്ലെന്ന് ഒരു കർഷകൻ ചൂണ്ടിക്കാട്ടുന്നു. കർഷകർ ആവശ്യപ്പെടുന്നത് ലഭ്യമാക്കിയില്ലെങ്കിൽ ഈ സംവിധാനത്തിൽനിന്നു  കർഷകർ അകന്നുപോകും. അമൂൽ, എബിഎസ്, എൻഡിഡിബി പോലുള്ള സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന ബീജമാത്രകൾക്ക് കേരളത്തില്‍  ആവശ്യക്കാരേറുന്നത് ഇതിന്റെ സൂചനയാണ്. 

അതേസമയം, കേരളത്തിൽ സെക്സ് സോർട്ടഡ് സെമെൻ ഇന്ന് മൃഗസംരക്ഷണവകുപ്പ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ, ആവശ്യപ്പെട്ടുന്നവര്‍ക്കെല്ലാം ലഭ്യമാകുന്നുമില്ല. ഇതു പലപ്പോഴും കർഷകരും വെറ്ററിനറി ഡോക്ടർമാരും തമ്മില്‍ തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. 

cattle-1
ബീജമാത്രകൾ സ്ട്രോകളിൽ നിറയ്ക്കുന്നു

പരീക്ഷണത്തിന് കർഷകരുടെ പശുക്കൾ

ഏതൊരു കാളയുടെയും ബ്രീഡിങ് വാല്യു കണക്കാക്കുന്നത് പ്രോജനി ടെസ്റ്റിലൂടെയാണ്. കേരളത്തിൽ ഏതാനും ജില്ലകളിൽ ഇതിനു  സംവിധാനമുണ്ട്. എന്നാൽ, ഇതിന്റെ സുതാര്യതയില്‍ കര്‍ഷകര്‍ക്കു സംശയമുണ്ട്.  പ്രോജനി ടെസ്റ്റിന്റെ ഭാഗമായി കുത്തിവയ്ക്കുന്ന ബീജം സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ കര്‍ഷകരെ അറിയിക്കാറില്ലെന്നു തൃശൂർ സ്വദേശി നിഖിൽ രമേശൻ പറയുന്നു. ഇതിലൂടെ പിറക്കുന്ന പശുക്കുട്ടി വലുതായി പാലുൽപാദനത്തിലേക്ക് എത്തുമ്പോൾ മാത്രമേ ടെസ്റ്റിന്റെ ഫലം അറിയാൻ കഴിയൂ. ‘ഒരു പശുവിനെ കുത്തിവച്ച് ചെന പിടിപ്പിച്ചു കുട്ടിയുണ്ടാകാനും ഉണ്ടായ കുട്ടി  പ്രസവിക്കാനും കുറഞ്ഞത് 3 - 3.5 വർഷം (283 ദിവസം തള്ളപ്പശു ചെന, 1 വർഷം 6 മാസം കിടാരി കുത്തിവയ്പ്പ്, പ്രസവിക്കാൻ എടുക്കുന്ന 283 ദിവസം) വേണ്ടിവരും. സാധാരണ കർഷകര്‍ ബീജാധാനത്തിനു മൃഗാശുപത്രികളെയാണല്ലോ ആശ്രയിക്കുക. പലപ്പോഴും അവിടങ്ങളില്‍ കുത്തിവയ്ക്കുന്ന ബീജം പ്രോജനി ടെസ്റ്റ് എന്ന പേരിലുള്ളതാവും. എന്നാല്‍ ബീജസ്ട്രോകളിൽ അതിന്റെ ഉറവിടമായ കാളയെ സംബന്ധിച്ച വിവരമൊന്നും ഉണ്ടാവില്ല. എച്ച്എഫ് ബീജം ആവശ്യപ്പെട്ട ഒരു യുവകർഷകനു സുനന്ദിനിയുടെ കളർകോഡ് ഉള്ള സ്ട്രോയാണ് കുത്തിവച്ചത്. എന്റെ സുഹൃത്തായ അദ്ദേഹം ഇത് എച്ച്എഫ് അല്ലല്ലോ എന്ന്  ആവർത്തിച്ച് ചോദിച്ചിട്ടും എച്ച്എഫ് തന്നെയെന്ന് അധികൃതര്‍ ഉറപ്പിച്ചുപറഞ്ഞു. പിന്നീട് മുകളിലുള്ള അധികാരികളെ വിളിച്ച് അന്വേഷിച്ചപ്പോൾ ക്രോസ് ബ്രീഡ് ആണെന്നു മനസ്സിലായി.’– നിഖിൽ പറയുന്നു.

ഓരോ  കാളയിനത്തിന്റെയും കളർ കോഡ് അല്ലെങ്കിൽ ബീജവിവരങ്ങൾപോലും കര്‍ഷകരെ അറിയിക്കാതെയുള്ള ബീജാധാനം ശരിയായ പ്രവണതയല്ല. ചെന പിടിച്ചാൽ  രണ്ടു രണ്ടര വർഷം കുട്ടികളെ വളർത്തിയെടുത്ത് ഭാവിയില്‍ അവയെ ഉപജീവനമാര്‍ഗമാക്കേണ്ട കര്‍ഷകന് ബീജത്തിന്റെ ഗുണമേന്മയെക്കുറിച്ചു മുന്‍കൂട്ടി അറിയാന്‍ എല്ലാ അവകാശവുമുണ്ട്. കർഷകരുടെ പക്കലുള്ള ഉരുക്കളെ പരീക്ഷണ വസ്തുക്കളാക്കാതെ നല്ല മികച്ച കാളകളുടെ ബീജമാത്രകൾ കർഷകർക്ക്  ഉറപ്പാക്കണമെന്നും മൃഗാശുപത്രിയിൽ പശുക്കളെ കുത്തിവയ്പിക്കാന്‍  വരുന്നവരെ ബീജസ്ട്രോകളെയും അവയുടെ ഉറവിടമായ കാളകളെയും കുറിച്ചു ബോധവൽകരിക്കണമെന്നും നിഖിൽ നിര്‍ദേശിക്കുന്നു. 

കർഷകരും ശ്രദ്ധിക്കണം  

തീറ്റച്ചെലവ് ഏറിവരുന്ന സാഹചര്യത്തിൽ പാലുൽപാദനം ഉയരേണ്ടത് ഓരോ കർഷകന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ പശുക്കളുടെ ഓരോ തലമുറയും  കൂടുതല്‍ മെച്ചപ്പെടണം. 10 ലീറ്റർ പാലുള്ള പശുവിന് അത്രതന്നെയോ അതിൽ താഴെയോ പാലുൽപാദനമുള്ള കുട്ടികള്‍ ജനിച്ചിട്ടു കാര്യമില്ല. അതിനാല്‍ ബീജത്തിന്റെ ഉറവിടമായ കാളയുടെ വിവരങ്ങളും അതിന്റെ  അമ്മയുടെ പാലുൽപാദനവും അന്വേഷിച്ച് അറിഞ്ഞശേഷം തൃപ്തികരമാണെങ്കിലേ കുത്തിവയ്പിക്കാവൂ. ഇതിനുള്ള സംവിധാനം കെഎൽഡി ബോര്‍ഡ് അടക്കമുള്ള ബീജോൽപാദകര്‍ തങ്ങളുടെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. 

അതുപോലെ കര്‍ഷകര്‍ ബ്രീഡിങ് റജിസ്റ്റർ സൂക്ഷിക്കണം. ഓരോ പശുവിനും കുത്തിവച്ച കാളയുടെ വിവരങ്ങള്‍ അതിലുണ്ടാവണം. അന്തര്‍ പ്രജനനം (ഇൻ ബ്രീഡിങ്) ഒഴിവാക്കാൻ ഇത് സഹായിക്കും. പശുക്കൾക്ക് നമ്പരോ പേരോ നൽകിയാൽ ഇത് എളുപ്പമാകും. ഒട്ടേറെ കർഷകർ ബ്രീഡിങ് റജിസ്റ്റർ സൂക്ഷിക്കുന്നു ണ്ട്. സൗകര്യങ്ങൾ ഏറെയുള്ള ഫാമുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വേര്‍  ഇതിനായി ഉപയോഗിക്കുന്നു. 

കേരളത്തിൽ ഏറിയപങ്കും സങ്കരയിനം പശുക്കളാണ്. അതുകൊണ്ട് പശുവിന് ഏത് ഇനത്തിന്റെ ഗുണങ്ങളാണ് കൂടുതൽ എന്നു തിരിച്ചറിഞ്ഞ് മികച്ച കാളകളെ തിരഞ്ഞെടുക്കാം. പെട്ടെന്ന് വലിയ ഡാംസ് യീൽഡ് ഉള്ള കാളകളെ തിരഞ്ഞെടുക്കാതെ ഘട്ടം ഘട്ടമായി ഗ്രേഡ് ഉയർത്തിയാൽ ഓരോ തലമുറ പിന്നിടുമ്പോഴും പാലുൽപാദനം വർധിപ്പിക്കാന്‍ കഴിയും. 

English summary: Problems of Artificial Insemination in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS