ADVERTISEMENT

കർഷകശ്രീ വായനക്കാർക്ക് ചിന്മയനെ ഓർമയുണ്ടാവും. യന്ത്രങ്ങളുടെ സഹായത്തോടെ 20 ഏക്കറില്‍ റബർകൃഷി ചെയ്യുന്ന ചെറുപ്പക്കാരൻ. തൊഴിലാളികളുടെ തീരെ ആവശ്യമില്ലാത്ത വിധത്തിലാണ് ചിന്മയൻ തന്റെ കൃഷിയിടത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റബർ വെട്ടുന്നതും കാടുവെട്ടുന്നതും തുരിശടിക്കുന്നതും ആവർത്തനക്കൃഷിക്ക് കുഴിയെടുക്കുന്നതുമൊക്കെ തനിച്ച്. അതേസമയം വിനോദത്തിനും വിശ്രമത്തിനും വേണ്ടത്ര സമയം കണ്ടെത്താനും അദ്ദേഹത്തിനു കഴിയുന്നു. തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും കേരളത്തിലെ കൃഷിക്കാർക്ക് ഏറ്റവും പ്രായോഗികമാണ് ചിന്മയൻ മോഡൽ.

farm-tools-chinamayan
ചിന്മയൻ ടൂൾ റൂമിൽ

ചെറുയന്ത്രങ്ങളുടെ സഹായത്തോടെ സ്വന്തം കൃഷിയിടത്തിലെ മുഴുവൻ ജോലികളും കര്‍ഷകനു തനിച്ചോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ ഇന്നു പൂർത്തിയാക്കാനാകും. ഇതിനു സഹായകമായ യന്ത്രോപകരണങ്ങളെക്കുറിച്ചു കൃത്യമായ വിവരമുണ്ടാകുകയും അവ ഉപയോഗിക്കുകയും ചെയ്യണമെന്നു മാത്രം. യന്ത്രവൽക്കരണത്തിനു പ്രധാന തടസ്സം അവയുടെ ഉയര്‍ന്ന വിലയായിരുന്നു. ചെറുകിട കർഷകർ വലിയ വില നൽകി യന്ത്രങ്ങൾ വാങ്ങാൻ മടിക്കുന്നതു സ്വാഭാവികം. എന്നാൽ ഇന്ന് താരതമ്യേന കുറഞ്ഞ വിലയുള്ള ചെറുയന്ത്രങ്ങൾ ലഭ്യമാണ്. അതിലുപരി, വിലയുടെ പകുതിയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി ലഭിക്കുന്ന സാഹചര്യവുമുണ്ട്. സബ്സിഡി അനുവദിക്കുന്ന സംവിധാനം സുതാര്യവും  കാര്യക്ഷമവുമായതിനാല്‍ ഈ പദ്ധതി കര്‍ഷകര്‍ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.  ഒരു ദശകത്തിനുള്ളിൽ കൃഷിക്കാര്‍  ഏറ്റവും പ്രയോജനപ്പെടുത്തിയ  സബ്സിഡിയും ഇതുതന്നെ – സ്മാം  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ മുൻപുണ്ടാകാത്ത മുന്നേറ്റമാണ് കേരളത്തില്‍  കാര്‍ഷിക യന്ത്രവല്‍ക്കരണത്തിലുണ്ടായത്. 

ട്രാക്ടറിലും ടില്ലറിലും മാത്രം ഒതുങ്ങിനിന്ന  കേരളത്തിലേക്ക് കോടിക്കണക്കിനു രൂപയുടെ കാർഷികയന്ത്രങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ  എത്തി. കുറ്റങ്ങളും കുറവുകളുമൊക്കെ ഈ പദ്ധതിയിലുമുണ്ടാകും. എന്നാൽ മറ്റൊരു സബ്സിഡിക്കും സൃഷ്ടിക്കാനാവാത്ത വിധം കേരളത്തിലെ കൃഷിക്ക് ആധുനിക മുഖം നൽകാൻ ഈ പദ്ധതി ഉപകരിച്ചിട്ടുണ്ട്. നമ്മുടെ പുരയിടങ്ങളും റബർതോട്ടങ്ങളും ഇന്നു ചെറു വനങ്ങളായി മാറാതിരിക്കുന്നത് ബ്രഷ് കട്ടറുകളുള്ളതുകൊണ്ടാണ്. കാലം തെറ്റി മഴയെത്തുമ്പോൾ ജാതിക്കായും പച്ചച്ചക്കയുമൊക്കെ കൃഷിക്കാർ ഉണങ്ങി സൂക്ഷിക്കുന്നത് ഡ്രയറുകളിലാണ്. പത്തും ഇരുപതും ഏക്കറിൽ ചേനയും കപ്പയും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നത് ചെറുടില്ലറുകളും ട്രാക്ടറുകളും ഉള്ളതുകൊണ്ടാണ്. ടാപ്പർമാരെ കിട്ടാനില്ലാതെ വരുമ്പോൾ പല റബർ കർഷകർക്കും വരുമാനം നിലയ്ക്കാതിരിക്കുന്നത് ടാപ്പിങ് മെഷീന്‍ ഉള്ളതുകൊണ്ടാണ്. പല തൊഴുത്തുകളിലും കറവക്കാരൻ യന്തിരനാണ്. 

പെട്രോളിലും ഡീസലിലുമൊക്കെ പ്രവർത്തിക്കുന്ന കാർഷികയന്ത്രങ്ങൾ ബാറ്ററിയിലേക്കു ചുവടുമാറുന്ന കാലമാണിത്. പലതിന്റെയും ബാറ്ററി മോഡലുകൾ വന്നുകഴിഞ്ഞു. ലിഥിയം അയോൺ ബാറ്ററി ഘടിപ്പിച്ച മൾട്ടി പർപ്പസ് പവർഹെഡാണ് ഇവയുടെ കാതലായ ഭാഗം. മുക്കാൽ മണിക്കൂർ ചാർജ് ചെയ്താൽ അതിന്റെ ഇരട്ടി സമയം പ്രവർത്തിപ്പിക്കാവുന്ന യന്ത്രങ്ങളുണ്ട്. ബ്രഷ് കട്ടർ, എഡ്ജി ട്രിമ്മർ, ഗ്രൗണ്ട്  ട്രിമ്മർ,  ബോൾ ഹെഡ്ജ് ട്രിമ്മർ, പോൾ സോ, കൾട്ടിവേറ്റർ, കോഫി ഹാർവെസ്റ്റർ, റോട്ടറി സിസ്സർ, ബ്ലോവർ എന്നിവയുടെയൊക്കെ ബാറ്ററി മോഡൽ വന്നുകഴിഞ്ഞു

ഇതൊക്കെയാണെങ്കിലും കേരളത്തിലെ കർഷകരിൽ നല്ല പങ്കും ഈ യന്ത്രസാധ്യതകള്‍  വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. അവയൊക്കെ വൻകിട കർഷകര്‍ക്കുള്ളതാണെന്നാണ്  പലരുടെയും ചിന്ത. എന്നാല്‍ ചെറുകിട കർഷകർക്കും പാർട് ടൈം കർഷകർക്കും അധ്വാനഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും  ഉതകുന്ന ഒട്ടേറെ ചെറുയന്ത്രങ്ങള്‍  ഇന്നു വിപണിയിലുണ്ട്. വലിയ വൈദഗ്ധ്യ മില്ലാത്തവർക്കുപോലും പ്രവർത്തിപ്പിക്കാവുന്നവയാണ് പലതും. സ്വന്തം ആവശ്യങ്ങൾക്കും സാഹചര്യ ങ്ങൾക്കും ചേർന്ന ചെറുയന്ത്രങ്ങൾ കണ്ടെത്തിയാൽ നിങ്ങൾക്കും ചിന്മയനെപ്പോലെ അമിതമായ അധ്വാനഭാരമില്ലാതെ സ്വയം കൃഷിപ്പണികള്‍ ചെയ്യാം. അതിഥിത്തൊഴിലാളികൾ തിരികെപ്പോയാലും നാളെ നമുക്ക് കൃഷി തുടരാൻ തുണയാകുന്നത് യന്ത്രങ്ങളാവും. കേരളത്തിലെ  കൃഷിക്കാർ ശ്രദ്ധിക്കേണ്ടതും പുതുമയുള്ളതുമായ ഏതാനും യന്ത്രോപകരണങ്ങള്‍  പരിചയപ്പെടാം. 

ജൈവവളം പൊടിക്കുന്ന യന്ത്രം

ചാണകവും ആട്ടിൻകാഷ്ഠവും വേപ്പിൻപിണ്ണാക്കും കരിയിലയുമൊക്കെ  പൊടിച്ചു തരുന്ന ഉപകരണം. മണിക്കൂറിൽ 100 കിലോ മുതൽ 500 കിലോ വരെ പൊടിക്കുന്ന മോഡലുകൾ ലഭ്യമാണ്. ശരാശരി 55,000 രൂപ വിലയാകും. ചില മോഡലുകൾ വേപ്പിൻപിണ്ണാക്ക് പൊടിക്കാൻ യോജ്യമല്ല. ആട്ടിൻകാഷ്ഠവും മറ്റും പൊടിരൂപത്തിലാക്കുന്നതുവഴി അതിലെ പോഷകങ്ങൾ ചെടികൾക്ക് ലഭ്യമാകുന്നതിനുള്ള കാലതാമസം കുറയും. ജൈവവളമിശ്രിതമുണ്ടാക്കാനും മലിനീകരണം ഒഴിവാക്കാനും നന്ന്. സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന 2 എച്ച്പി മോട്ടറാണ് ഇതിനുള്ളത്.  പ്രാദേശികമായി ജൈവവളമുണ്ടാക്കി വിപണനം നടത്തുന്ന കർഷക കൂട്ടായ്മകൾക്ക് ഉപകാരപ്രദമായ ഈ യന്ത്രത്തിനു സ്മാം പദ്ധതി പ്രകാരം സബ്സിഡി ലഭ്യമാണ്.

ബാറ്ററി സ്പ്രെയർ

സാധാരണ ബാക് പാക് സ്പ്രെയറുകളിൽനിന്നു വ്യത്യസ്തമായി കായികാധ്വാനമില്ലാതെ മരുന്നു തളിക്കാൻ സഹായകം. നിശ്ചിത സമയം ചാർജ് ചെയ്തശേഷം  പ്രവർത്തിപ്പിക്കാം. ബാറ്ററി ഉപയോഗിച്ചും യന്ത്രസഹായം ആവശ്യമില്ലാത്തപ്പോൾ കൈകളുപയോഗിച്ചും പ്രവർത്തിപ്പിക്കാവു‌ന്ന മോഡലുകൾ ലഭ്യമാണ്.  വില 3000 രൂപ മുതൽ. ചാർജില്ലാത്തപ്പോള്‍ കൈകൊണ്ടും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് മോഡലുകളും ലഭ്യമാണ്.  സ്മാം പദ്ധതിപ്രകാരം പരമാവധി 750 രൂപ മാത്രമേ ഇതിന് സബ്സിഡി ലഭിക്കൂ.

farm-tools-drone

ഡ്രോൺ

കൃഷിയിടങ്ങളിലെ ഹൈടെക് പങ്കാളി. പറന്നുനടന്ന് മരുന്നുതളിക്കുന്ന ഡ്രോണിനെ നിലത്തൊരിടത്തിരുന്നു നിയന്ത്രിക്കാം. ജൈവ കീടനാശിനികളും സൂക്ഷ്മ മൂലകങ്ങളുമൊക്കെ തളിക്കാനാണ് ഉപയോഗിച്ചു തുടങ്ങിയതെങ്കിലും വൈകാതെ മറ്റു കീടനാശിനികളും വളങ്ങളുമൊക്കെ തളിക്കാനും ഇവ വേണ്ടിവരും. മാത്രമല്ല, വിത്തു വിതയ്ക്കാനും കൃഷിയിടത്തിൽ രോഗ– കീട നിരീക്ഷണം നടത്താനുമൊക്കെ പ്രയോജനപ്പെടുത്താവുന്ന ഡ്രോണിന് സ്മാം പദ്ധതിയിലൂടെ 75 ശതമാനം സബ്സിഡി ലഭിക്കും.  ഈ വർഷം കർഷക ഗ്രൂപ്പുകൾക്കു മാത്രമായി ഇതു പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കാർഷികാവശ്യത്തിനു ഡ്രോൺ നിർമിച്ചു നൽകുന്നവരുണ്ട്. വില  5–5.2 ലക്ഷം രൂപ. സബ്സിഡി കിഴിച്ച ശേഷം ഒന്നേകാൽ ലക്ഷം രൂപയേ ഇതിനായി മുതൽ മുടക്കേണ്ടി വരികയുള്ളൂവെന്നു സാരം.

വരമ്പുണ്ടാക്കാനും യന്ത്രം

നെൽകൃഷിയിൽ ഇനിയും യന്ത്രസഹായം ലഭിക്കാത്ത ജോലികളില്‍ ഒന്നായിരുന്നു വരമ്പു നിർമാണം. പാടത്തെ ജലനിയന്ത്രണത്തിനും കൃഷിയിടത്തിലൂടെ നടക്കുന്നതിനുമൊക്കെ  വരമ്പുകൾ കൂടിയേ തീരൂ. എന്നാൽ  തൂമ്പ പിടിക്കാതെ വരമ്പു കോരുന്നതിനുള്ള ഉപകരണവും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വരമ്പ് നിർമിക്കാൻ മാത്രമല്ല ഇഞ്ചി, മഞ്ഞൾ എന്നിവ നടാനുള്ള വാരങ്ങൾക്കും ഈ യന്ത്രം പ്രയോജനപ്പെടുത്താം. ട്രാക്ടറിൽ ഘടിപ്പിച്ചാണ് ഇവ പ്രവർത്തിപ്പിക്കുക. 

മണ്ണു കിളച്ചു കുഴച്ച് വരമ്പുകളിൽ തേച്ചുമിനുസപ്പെടുത്തി ശക്തിപ്പെടുത്തുകയാണ് ഇത് ചെയ്യുക. മണ്ണു കിളച്ചെടുക്കുന്നതിനുള്ള റോട്ടവേറ്റർ,  തേച്ചുപിടിപ്പിക്കുന്നതിനുള്ള ട്രാക്ടർ ഹൈഡ്രോളിക്സ് എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.  വെള്ളം കെട്ടിനിർത്തിയ പാടങ്ങളിലും ജലാംശമുള്ള പറമ്പുകളിലും വരമ്പുണ്ടാക്കാൻ ഇതുപകരിക്കും. 30–60 സെ.മീ. വീതിയിലും  അത്രയും തന്നെ ഉയരത്തിലുമുള്ള വരമ്പുകളാണ് ഇപ്രകാരം നിർമിക്കാനാവുക. മൂന്നര കി.മീ. വരമ്പുണ്ടാക്കാൻ ഈ യന്ത്രത്തിന് ഒരു മണിക്കൂർ മതി. കുറഞ്ഞത് 45 എച്ച്പിയുടെ ട്രാക്ടറുകളാണ് ഇത് പ്രവർത്തിപ്പിക്കാൻ വേണ്ടത്. ഏകദേശ വില 3.5 ലക്ഷം രൂപ.

ടില്ലറിൽ പ്രവർത്തിപ്പിക്കാവുന്ന ബെഡ് ഫോമറിന് 6000 രൂപയാണ് വില. ഒന്നേകാലടി വീതിയിൽ മാത്രം വരമ്പുണ്ടാക്കുന്ന ഈ യന്ത്രം ചെറുകിട കർഷകർക്ക് പ്രയോജനപ്പെടുത്താം.  കൂടുതൽ സ്ഥലം പാട്ടത്തി നെടുത്ത് വാണിജ്യ പച്ചക്കറിക്കൃഷി നടത്തുന്നവർക്ക് കൃത്യതാകൃഷിക്കു ബെഡ് ഉണ്ടാക്കാനും ഇതുപകരിക്കും. 

farm-tools-solar-dryer

സോളർ /  ഇലക്ട്രിക് ഡ്രയറുകൾ

പഴങ്ങളും പച്ചക്കറികളുമൊക്കെ ഉണങ്ങാൻ ഡ്രയറുകൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയെങ്കിലും കൂടിയ ഇന്ധനച്ചെലവും അത് ജ്വലിപ്പിക്കുന്നതിനുള്ള അധ്വാനവും പലരെയും ഇതിൽനിന്ന് അകറ്റുന്നു. എന്നാല്‍ ഈ രംഗത്തു വലിയ മാറ്റവുമായി വൈദ്യുതി ഡ്രയറുകളും  തീരെ ഇന്ധനച്ചെലവില്ലാത്ത സോളർ ഡ്രയറുകളും ഇടംപിടിക്കുകയാണ്.  മൈക്രോവേവ് അവ്ൻപോലെ മേശപ്പുറത്തു വയ്ക്കാവുന്ന ചെറു വൈദ്യുതി ഡ്രയറുകള്‍പോലുമുണ്ട്. പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉണങ്ങി സൂക്ഷിക്കാൻ ഇവയുപകരിക്കും. നാളികേരം കൊപ്രയാക്കാൻ 24 മണിക്കൂർ മാത്രം മതിയെന്ന് അവകാശപ്പെടുന്ന വൈദ്യുതി ഡ്രയറുകളും വിപണിയിലെത്തുന്നുണ്ട്.  വീട്ടാവശ്യത്തിനുള്ള ചെറുകിട സോളാർ ഡ്രയർ തിരുവനന്തപുരത്തെ മിത്രനികേതൻ കെവികെ രൂപകല്‍പന ചെയ്തിട്ടുണ്ട്. വിപുലമായ ആവശ്യങ്ങൾക്ക് മിനി പോളിഹൗസ് മാതൃകയിലുള്ള വൻകിട സോളർ ഡ്രയറുകള്‍ വിവിധ  ബ്രാൻഡുക ളിൽ ലഭിക്കും. വില 27,000 രൂപ മുതൽ.

farm-tools-multipurpose-tool
മൾട്ടി പർപസ് പവർഹെഡും അനുബന്ധ ഉപകരണങ്ങളും

ഇലക്ട്രിക് ബ്രഷ് കട്ടറുകൾ

കേരളത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാർഷികോപകരണം ബ്രഷ്കട്ടര്‍ ആണ്. തുടർച്ചയായ മഴ നാട്ടിലെങ്ങും പുരയിടങ്ങളെ ചെറുകാടുകളാക്കുമ്പോൾ അവയെ വെടിപ്പായി സംരക്ഷിക്കാൻ ബ്രഷ് കട്ടര്‍ തന്നെ ആശ്രയം. എന്നാൽ പെട്രോളിലും ഡീസലിലുമൊക്കെ പ്രവർത്തിക്കുന്നവയുടെ,  എൻജിൻ സഹിതമുള്ള ഭാരം കൈകളിൽ താങ്ങേണ്ടിവരുന്നത്  ജോലി ആയാസകരമാക്കിയിരുന്നു. ഇതിനു പരിഹാരമായി ഇപ്പോൾ ചുമലിൽ തൂക്കിയിടാവുന്ന സൈഡ് പാക് മോഡലുകൾ ലഭ്യമാണ്. ചെറിയ തോതിൽ മണ്ണിളക്കാവുന്ന ബ്ലേഡുകളോടു കൂടിയവയാണ് ഇവ. ചക്രം ഘടിപ്പിച്ച സ്റ്റാൻഡുകളോടുകൂടിയ ട്രോളി ബ്രഷ് കട്ടറുകളുമുണ്ട്. നിലത്തുകൂടി ഉരുട്ടിനീക്കാവുന്നതിനാൽ ഭാരവും പ്രവർത്തനസമയത്തെ വിറയലും കൈവേദനയുമൊക്കെ ഒഴിവാക്കാം. തീരെ ഭാരം കുറഞ്ഞ ഇലക്ട്രിക് ബ്രഷ്കട്ടറുകളും ആയാസരഹിതമായി കാടുവെട്ടാൻ പ്രയോജനപ്പെടുത്താം. ഇവയിൽ തന്നെ പ്ലഗ് ചെയ്തും ബാറ്ററിയിലും  പ്രവർത്തിക്കുന്നവയുണ്ട്. മിതമായ തോതിൽ മാത്രം ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ഇവ തിരഞ്ഞെടുക്കാം. 

മിനി യന്ത്രവാൾ

മരംവെട്ടുകാർ ഉപയോഗിക്കാറുള്ള യന്ത്രവാളുകൾ ( chain saw) എല്ലാവർക്കും പരിചിതമാണ്. എന്നാൽ വൈദഗ്ധ്യമില്ലാത്തവർ ഉപയോഗിച്ചാൽ അപകടം ഉറപ്പ്. വീട്ടുവളപ്പുകളിലെ ചെറു കമ്പുകളും വിറകുമൊക്കെ മുറിച്ചു കഷണങ്ങളാക്കുന്നതിനു ചെറു യന്ത്രവാൾ  കിട്ടിയിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ? വെട്ടുകത്തിക്കു പകരക്കാരനാക്കാവുന്ന കുഞ്ഞൻ യന്ത്രവാൾ ഇപ്പോൾ വിപണിയിലുണ്ട്. ഭാരം കുറവായതിനാൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും ഉപയോഗിക്കാം.  ചെറു മരങ്ങളുടെയും കുറ്റിച്ചെടികളുടെയുമൊക്കെ കമ്പു മുറിക്കാൻ ഇതു മതി. പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലിന്റെ വില 7000–8000 രൂപ.  വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുണ്ടെങ്കിലും അവയ്ക്കു വില കൂടും. ഭാരം കുറവായതിനാൽ ഒരു കൈ ഉപയോഗിച്ചുതന്നെ നിയന്ത്രിക്കാം. ഏകദേശം 16,000 രൂപയാണ് വില. ഉയരത്തിലെ മരക്കമ്പുകൾ മുറിക്കുന്നതിനുള്ള പോൾ സോയും ഇപ്പോൾ സബ്സിഡിയോടെ വാ ങ്ങാം. കൈകൊണ്ടും മോട്ടർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാവുന്ന മോഡലുകളുണ്ട്. അലുമിനിയം, ഫൈബർ എന്നിവകൊണ്ടു നിർമിച്ചതും നീളം ക്രമീകരിക്കാവുന്നതുമായ  തോട്ടികളിലാണ്  പോൾ സോ ഘടിപ്പിക്കുന്നത്. 

farm-tools-harvester
ട്രാക്ടറിൽ ഘടിപ്പിച്ച കംബയിൻഡ് ഹാർവെസ്റ്റർ

ട്രാക്ടർ ഓപ്പറേറ്റഡ് മിനി കംബയിൻഡ് ഹാർവെസ്റ്റർ 

സീസണാകുമ്പോൾ തമിഴ്നാട്ടിൽനിന്നെത്തുന്ന നെല്ലുകൊയ്ത്ത് യന്ത്രങ്ങൾ  അമിതവാടക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. മാത്രമല്ല, ഇവയിൽനിന്നുള്ള ധാന്യനഷ്ടം ഹെക്ടറിന് 1500–2500 കിലോയാണ്. വിരിപ്പുകൃഷിയുടെ കൊയ്ത്തിന് ഇവ കിട്ടുകയുമില്ല. ട്രാക് ടൈപ് ടയറുകളുള്ള കംബയിൻഡ് ഹാർവെസ്റ്ററുകൾ  പാടത്തെത്തിക്കുന്നതിനു  കടത്തുകൂലിയും കൂടും. 

ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് ട്രാക്ടർ ഓപ്പറേറ്റഡ് കംബയിൻഡ് ഹാർവെസ്റ്റര്‍. ട്രാക്ടർ പ്രവർത്തിപ്പിക്കുമ്പോഴുള്ള ഊർജമുപയോഗിച്ച് കൊയ്ത്തും മെതിയും പാറ്റലും നടത്താൻ  ഇതിനു കഴിയും. ഏതു സീസണിലും പ്രയോജനപ്പെടുത്താമെന്ന മെച്ചവുമുണ്ട്. ഫോർ‍വീൽ ഡ്രൈവ് ട്രാക്ടറുകളിൽ ഘടിപ്പിച്ചാൽ ചെളിയിലും ഇവ ഫലപ്രദമായി പ്രവർത്തിക്കും. കുറഞ്ഞത് 45 എച്ച്പിയുള്ള ട്രാക്ടര്‍ ഉപയോഗിച്ച് മണിക്കൂറിൽ 0.2 ഹെക്ടർ കൊയ്യാൻ ഇവയ്ക്കു സാധിക്കും. കൊയ്ത്തിലെ വിളനഷ്ടം 3 ശതമാനത്തിൽ താഴെ മാത്രം. 

താരതമ്യേന കുറഞ്ഞ വില നല്‍കിയാല്‍ മതിയെന്നതും  ഇത്തരം കംബയിൻഡ് ഹാർവെസ്റ്ററുകളെ ആകർഷകമാക്കുന്നു.  7 ലക്ഷം രൂപ മാത്രം വില വരുന്ന ഈ ഹാർവെസ്റ്ററുകൾ സ്വന്തമായി ട്രാക്ടറുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. ട്രാക്ടറുകളോട് ഘടിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിനാൽ സങ്കീർണമായ യന്ത്രഭാഗങ്ങൾ ഇതിനില്ല. കൊയ്ത്തുകാലം കഴിഞ്ഞാലുടൻ ഇത് അഴിച്ചുമാറ്റി ട്രാക്ടർ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഇവ വാങ്ങി സ്വന്തം ഉപയോഗശേഷം വാടകയ്ക്കു നൽകാന്‍ നമ്മുടെ കര്‍ഷകര്‍തന്നെ തയാറായാല്‍ സീസണില്‍ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കൊയ്ത്തുയന്ത്രങ്ങളിന്മേലുള്ള ആശ്രയത്വം കുറയ്ക്കാനാകും.

തൊണ്ടുപൊളിക്കുന്ന യന്ത്രം

നാളികേരവും അടയ്ക്കായുമൊക്കെ  തൊണ്ടുപൊളിച്ചെടുക്കുന്നതിന് സമയവും അധ്വാനവും കൂടും. ഇതൊഴിവാക്കാൻ സഹായകമായ തൊണ്ടുപൊളിക്കൽ യന്ത്രങ്ങൾ ഇപ്പോൾ ലഭ്യമാണ്. മണിക്കൂറിൽ കുറഞ്ഞത് 500 നാളികേരത്തിന്റെ തൊണ്ടു പൊളിക്കുന്ന മെഷിന് ഏകദേശം 2.40 ലക്ഷം രൂപയാകും. ഒറ്റ വരിയായി അടയ്ക്ക ലോഡ് ചെയ്യുന്നതും  80 കിലോ  അടയ്ക്ക പൊളിക്കാൻ ശേഷിയുള്ളതുമായ മെഷീന് ഏകദേശം 1.60 ലക്ഷം  രൂപയാണ് വില. രണ്ടു വരിയിലായി മണിക്കൂറിൽ 160 കിലോ സംസ്കരിക്കുന്ന മെഷീന്റെ വില 1.89  ലക്ഷം രൂപയാണ്.

farm-tools-rice-mill
മിനി റൈസ് മിൽ

മിനി റൈസ് മിൽ

വൻകിട മില്ലുകാർക്ക് നെല്ല് വിറ്റശേഷം അവരുടെയും കച്ചവടക്കാരുടെയും ലാഭംകൂടി ചേർത്തു നൽകി അതേ നെല്ലിന്റെ അരിവാങ്ങുന്ന നെൽകർഷകരാണ് കേരളത്തിലുള്ളത്. നെല്ലുകുത്താനും അരിയാക്കാനുമുള്ള സാഹചര്യം നമുക്ക് നഷ്ടമായെന്ന യാഥാർഥ്യം വിസ്മരിക്കുന്നില്ല.  എന്നാൽ സ്വന്തം ആവശ്യത്തിനും അയൽക്കാർക്കുമുള്ള അരി വീട്ടിൽ തന്നെ കുത്തിയെടുക്കാമെന്നായാലോ? അതിനുള്ളതാണ് മിനി റൈസ് മിൽ. വീടിനുള്ളിലെ സിംഗിൾ ഫേസ് ലൈനുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു മിനി റൈസ് മില്ലുണ്ടെങ്കിൽ നിങ്ങൾക്കും അയൽക്കാർക്കും ബന്ധുക്കൾക്കുമുള്ള നെല്ല് കുത്തി അരിയാക്കാം. ഒരു മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 120 കിലോ നെല്ല് കുത്തുന്ന ചെറുമില്ലുകൾ ഇപ്പോൾ ലഭ്യമാണ്.  നെൽകർഷകർക്ക് മൂല്യവർധനയിലൂടെ അധിവകവരുമാനം നേടാനുള്ള സാധ്യതയാണ് ഇതുവഴി തുറന്നുകിട്ടുന്നത്.  കൊയ്ത്തു കഴിയുമ്പോൾ പത്തു ചാക്ക് നെല്ല് വീട്ടിലേക്ക് മാറ്റിയാൽ അരിയാക്കി പ്രാദേശിക വിപണനം നടത്താം. അധികവരുമാനം ഉറപ്പ്. ധാന്യങ്ങളുടെ വില കുത്തനെ ഉയരുകയും അരിക്ഷാമം ഒരു സാധ്യതയായി നിലനിൽക്കുകയും ചെയ്യുമ്പോൾ മിനി റൈസ് മില്ലിന്റെ പ്രസക്തി തിരിച്ചറിയാൻ നമുക്ക് കഴിയണം.

ചാണകം പൊടിക്കാനും യന്ത്രം

ചാണകപ്പൊടിയുണ്ടാക്കാൻ സഹായിക്കുന്ന യന്ത്രം. പച്ചച്ചാണകത്തിലെ അമിത ജലാംശം പിഴിഞ്ഞു നീക്കി നേരിയ ഈർപ്പമുള്ള പൊടിയാവും  ഇതിലൂടെ ലഭിക്കുക.  മണിക്കൂറിൽ 1–2 ടൺ ചാണകം സംസ്കരിക്കാം. ഏകദേശം 2.75 ലക്ഷം രൂപ വിലയുള്ള  ഈ യന്ത്രം ഡെയറി സംരംഭകർക്ക് ഏറെ ഉപകാരപ്രദമാണ്– ചാണകം വൃത്തിയായി സൂക്ഷിക്കുന്നതിനും വിപണനത്തിനും. ചാണകം വെയിലത്തുണങ്ങുമ്പോള്‍  സൂക്ഷ്മാണുക്കൾ നശിക്കുന്നതിനാൽ ചാണകപ്പൊടിക്കു ഗുണമേന്മ കുറയും.  എന്നാൽ യന്ത്രത്തിൽ സംസ്കരിച്ച ചാണകപ്പൊടിയില്‍ ഈർപ്പം നിലനില്‍ക്കുന്നതിനാൽ  ആ പ്രശ്നമില്ല. ചാണകം പിഴിഞ്ഞു കിട്ടുന്ന സ്ലറിയിൽ ഏറെ സസ്യപോഷകങ്ങളുള്ളതിനാൽ അതും  സംഭരിച്ച് കൃഷിയിൽ പ്രയോജനപ്പെടുത്താം. സ്മാം പദ്ധതിയിൽ ഇത് ഇപ്പോള്‍  ഉൾപ്പെടുത്തിയിട്ടില്ല. 

English Summary: Useful Equipments for Small Scale Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com