ADVERTISEMENT

ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കുമ്പോഴും രഘുത്തമൻ ഇരുമ്പും ചുറ്റികയുമായി ആലയിൽ കയറുന്നത് കുലത്തൊഴിൽ അന്യം നിന്നു പോകരുതെന്ന നിർബന്ധംകൊണ്ടാണ്.  കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ  ഈ ഹിന്ദി അധ്യാപകന്‍ അവധി ദിവസങ്ങളിൽ വിശ്രമിക്കാതെ കൃഷിപ്പണിക്കുള്ള ആയുധങ്ങള്‍ പണിയുന്നതു കൃഷിയോടുള്ള സ്നേഹംകൊണ്ടും. 

പൈതൃക വഴിയേ

കരുനാഗപ്പള്ളി തൊടിയൂരിലെ ലക്ഷ്മിവിലാസം വീട്ടില്‍  രഘുത്തമൻ അച്ഛന്റെ പാത പിന്തുടർന്നാണ് കൃഷിയിലും ഇരുമ്പുപണിയിലുമെത്തിയത്. വീടിനു സമീപമാണ് പണിശാല. തൂമ്പ, കോടാലി, മണ്‍വെട്ടി, വെട്ടുകത്തി, കൊയ്ത്തരിവാൾ, കറിക്കത്തി തുടങ്ങിയവയെല്ലാം ആവശ്യക്കാര്‍ക്കു നിർമിച്ചു നൽകുന്ന ഉത്തമന്‍ സാര്‍ സ്കൂള്‍ വിട്ടുവന്നാല്‍ ആലയിലുണ്ടാവും. അയല്‍ക്കാരും നാട്ടിലെ കച്ചവടക്കാരും പണിയായുധങ്ങൾക്ക് ഓർഡർ നൽകാറുണ്ട്. മാസം 15,000 രൂപയിലേറെ ഈയിനത്തിൽ വരുമാനവുമുണ്ടെന്ന് മാഷ്.

raghuthaman-sir-2

തുരുമ്പെടുക്കാത്ത കരവിരുത്

വാഹനങ്ങളുടെ പ്ലേറ്റ് ഉപയോഗിച്ചാണ് കാർഷികോപകരണങ്ങൾ നിർമിക്കുന്നത്. വെട്ടുകത്തി ഉണ്ടാക്കുന്നതിന് 2 ദിവസം വേണം. തൂമ്പയ്ക്ക് ഒരു ദിവസം മതി. 500 രൂപയാണ് കറിക്കത്തിക്ക് ഈടാക്കുന്നത്. മറ്റു പണിയായുധങ്ങൾക്ക് വില വലുപ്പമനുസരിച്ച് 1500 രൂപ മുതൽ. കൈപ്പണിയായതിനാൽ അധ്വാനവും സമയവും കൂടുതല്‍ വേണ്ടിവരും. ‘വിപണിയിൽ ഇതിലും  കുറഞ്ഞ വിലയ്ക്കു പണിയായുധങ്ങൾ ലഭിക്കും, പക്ഷേ അവയ്ക്ക് ഗുണനിലവാരം കുറവാണ്.’ ഉത്തമന്‍ സാര്‍ പറയുന്നു. 

raghuthaman-sir-1
ശേഖരത്തിലുള്ള പഴയ കാർഷികോപകരണങ്ങൾ

കാർഷിക നിധിശേഖരം

കാർഷിക കുടുംബമാണ് ഉത്തമൻ സാറിന്റേത്. 6 ഏക്കറിൽ നെൽകൃഷിയുണ്ട്. മഞ്ഞൾ, മരച്ചീനി, ഇഞ്ചി, വാഴ, തെങ്ങ് തുടങ്ങിയ വിളകളും 11 നാടൻ പശുക്കളുമുണ്ട്. ഗതകാല കാർഷിക സംസ്കൃതിയുടെ ഓര്‍മകളായി പഴയ പണിയായുധങ്ങളുടെ അപൂര്‍വ ശേഖരവും ഇവിടെ കാണാം. മരക്കലപ്പ, കച്ചി ഒടിക്കുന്ന കലപ്പ, മറിക്കുന്ന ഇരുമ്പു കലപ്പ, കാറലടിക്കുന്ന പല്ലുചെരുപ്പ്(കള പറിക്കാനുള്ള  ഉപകരണം), കൊച്ചു തൂമ്പ, നെല്ലുചിക്കി, പറക്കുട്ട, നുകം ഇങ്ങനെ നീളുന്നു പട്ടിക.  ഇരുമ്പുപണി ചെയ്യുന്നതിൽ ഒരു മാന്യതക്കുറവും തോന്നിയിട്ടില്ലെന്നും ജോലിയിൽനിന്നു വിരമിച്ചശേഷം ആലയിൽ കൂടുതല്‍ സജീവമാകുമെന്നും രഘുത്തമൻ പറഞ്ഞു. കോടതി ഉദ്യോഗസ്ഥയായ ഷീജയാണ് ഭാര്യ. ഏകമകൾ ശ്രീലക്ഷ്മി വിദ്യാർഥിനി.

ഫോണ്‍: 9947039420

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com