ADVERTISEMENT

നാളികേര കർഷകർ പ്രതീക്ഷകളോടെയാണ്‌ പുതുവർഷത്തെ ഉറ്റുനോക്കുന്നത്‌. നടപ്പുവർഷം ഉൽപ്പന്നത്തിന്‌ നേരിട്ട രൂക്ഷമായ വിലത്തകർച്ചയിൽനിന്നും ജനുവരി‐ഏപ്രിൽ കാലയളവിൽ ശക്തമായ തിരിച്ചുവരവിന്‌ അവസരം ലഭിക്കുമെന്ന നിഗമനത്തിലാണ്‌ ഉൽപാദകർ. 

ദക്ഷിണേന്ത്യൻ നാളികേര കർഷകർ പിന്നിട്ട 10 വർഷങ്ങളിൽ അഭിമുഖീകരിച്ച എറ്റവും കനത്ത പ്രതിസന്ധിയിലൂടെയാണ്‌ നീങ്ങുന്നത്‌. ഒരു വശത്ത്‌ അധികോൽപാദനവും മറുവശത്ത്‌ വിപണിയിൽ പിൻതള്ളപെടുന്ന സ്ഥിതിയും ഉൽപാദകരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിച്ചു ജനുവരിയിൽ 16,000 രൂപ ഉറപ്പുവരുത്താനായ വെളിച്ചെണ്ണ പിന്നീട്‌ 12,700ലേക്ക്‌ ഇടിഞ്ഞപ്പോൾ പച്ചത്തേങ്ങ വിലയിലുണ്ടായ തകർച്ച കർഷകരെ അക്ഷരാർഥത്തിൽ പിരിമുറുക്കത്തിലാക്കി. 

കിലോ 24 രൂപ പോലും തേങ്ങയ്‌ക്ക്‌ ലഭിക്കാതെ വന്നത്‌ പലരെയും വളപ്രയോഗങ്ങളിൽനിന്ന്‌ പൂർണമായി പിൻതിരിപ്പിച്ചു. ഇതിനിടെ കൊപ്ര 9500ൽനിന്ന്‌ 7400ലേക്കും താഴ്‌ന്നു. ഒരുവശത്ത്‌ കഠിനപ്രയത്നത്തിലൂടെ വിളവ്‌ ഉയർത്താൻ കർഷകർ വിയർപ്പ്‌ ഒഴുക്കുമ്പോൾ മെച്ചപ്പെട്ട വില അവർക്ക്‌ നേടിക്കൊടുക്കാൻ ഭരണ രംഗം ശ്രമിക്കേണ്ടതായിരുന്നു. കൊപ്രയ്‌ക്ക്‌ ആകർഷകമായ താങ്ങുവില പ്രഖ്യാപിച്ചതുകൊണ്ട്‌ മാത്രം ഈ മേഖലയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാവില്ല. 

നാളികേര വിപണിയുടെ മുഖഛായ മാറിമറിഞ്ഞത്‌ 2021ന്റെ അവസാന മാസങ്ങളിലാണ്‌. വർഷാവസാനത്തിൽ കേന്ദ്രം കൈക്കൊണ്ട പല തീരുമാനങ്ങളും ദക്ഷിണേന്ത്യൻ നാളികേര കർഷകരുടെ നടുവൊടിച്ചു. വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യം ഉയർത്തിപ്പിടിച്ച്‌ വിദേശ പാചകയെണ്ണ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ വൻ ഇളവുകൾക്ക്‌ പുറമേ ശുദ്ധീകരിച്ച പാം ഓയിൽ ഇറക്കുമതി കൂടുതൽ സുതാര്യമാക്കിയതും എണ്ണക്കുരു കർഷകരെ കണ്ണീർ കുടിപ്പിക്കുന്ന തീരുമാനങ്ങളായി മാറി. 

ഇറക്കുമതി ഡ്യൂട്ടി ഗണ്യമായി കുറച്ച്‌ വ്യവസായികൾക്കു നേട്ടം പകരാൻ വാണിജ്യമന്ത്രാലയം നടത്തിയ ചുവടുവയ്പ്പ്‌ ഫലത്തിൽ രാജ്യത്തെ എണ്ണക്കുരു കർഷകരുടെ നിലനിൽപ്പ്‌ തന്നെ ആശങ്കയിലാക്കി. വിദേശ ഭക്ഷ്യയെണ്ണകൾ ആഭ്യന്തര വിപണി കയ്യടക്കിയതോടെ കൊപ്രയാട്ട്‌ വ്യവസായികൾക്ക്‌ കാര്യമായ റോൾ ഇല്ലാത്ത അവസ്ഥയായി. പച്ചത്തേങ്ങയും കൊപ്രയും ശേഖരിച്ച്‌ എണ്ണയാക്കുമ്പോൾ വിപണിവില അടിക്കടി താഴ്‌ന്നത്‌ മില്ലുകാരെ കനത്ത സാമ്പത്തികമായി കുരുക്കി. 

ഈ പ്രതിസന്ധിയിൽനിന്ന്‌ ചെറുകിട മില്ലുകാർക്ക്‌ രക്ഷനേടണമെങ്കിൽ മാർച്ച്‌‐ഏപ്രിൽ വരെ കാത്തിരിക്കമെന്ന അവസ്ഥയാണ്‌. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും വ്യവസായികൾ നിരക്ക്‌ ഉയർത്തി തേങ്ങ ശേഖരിക്കാൻ താൽപര്യം കാണിച്ചില്ല. ഇതിനിടെ 10,000 രൂപയെ ചുറ്റിപ്പറ്റി നിലകൊണ്ട പാം ഓയിൽ വില ഡിസംബർ ആദ്യ ദിനത്തിൽ തന്നെ 9750ലേക്ക്‌ ഇടിഞ്ഞു.

വിപണിയിൽ വെളിച്ചെണ്ണയ്‌ക്കു മുന്നിൽ പാം ഓയിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ലാത്തതിനാൽ മില്ലുകാർ കരുതലോടെയാണ്‌ കൊപ്ര ശേഖരിക്കുന്നത്‌. പത്തു ദിവസമായി 9000 രൂപയിൽ നീങ്ങുന്ന കൊപ്ര താൽക്കാലികമായി ഈ തടസം മറികടന്നാലും 9400ൽ പുതിയ പ്രതിരോധ മേഖല ഉയരും. അതായത്‌ 13,600 രൂപയിൽ നിലകൊള്ളുന്ന വെളിച്ചെണ്ണയ്‌ക്ക്‌ 14,000‐14,500ന്‌ മുകളിൽ ക്രിസ്‌മസ്‌ വേളയിൽ ഇടംപിടിക്കാൻ അൽപ്പം ക്ലേശിക്കേണ്ടിവരും. 

Representative Image. Photo Credit : Tim Ur / iStock.com
Representative Image. Photo Credit : Tim Ur / iStock.com

കുരുമുളക്‌

തെക്കൻ കേരളത്തിൽ കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ ചരക്കുലഭ്യത കുറഞ്ഞതായാണ്‌ വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. മേഖലയിലെ പ്രമുഖ വിപണിയായ നെടുമങ്ങാട്‌ പുതിയ മുളക്‌ വരവ്‌ ചുരുങ്ങിയത്‌ വിലക്കയറ്റത്തിനും വഴിതെളിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ ആദ്യം കിലോ 90 രൂപയിൽ വ്യാപാരം നടന്ന മൂപ്പുകുറഞ്ഞ കുരുമുളകുവിലയിപ്പോൾ 145‐150 രൂപയിലെത്തി. ചെറുകിട വ്യവസായികളാണ്‌ മൂപ്പുകുറഞ്ഞ ചരക്ക്‌ ശേഖരിക്കുന്നത്‌. കാലാവസ്ഥ വ്യതിയാനം ഉൽപാദനത്തെ ബാധിച്ചത്‌ ചരക്കു വരവ്‌ കുറയാൻ ഇടയാക്കിയെന്നാണ്‌ വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ.

ക്രിസ്മസിന്‌ മുന്നോടിയായി കൂടുതൽ ചരക്ക്‌ കാർഷിക മേഖലകളിൽനിന്നും വിൽപ്പനയ്‌ക്ക്‌ ഇറങ്ങുമെന്നാണ്‌ സൂചന. വരവ്‌ വാങ്ങലുകാരുടെ കണക്കുകൂട്ടലിനൊത്ത്‌ ഉയർന്നില്ലെങ്കിൽ കിലോ 160 രൂപയ്‌ക്കു മുകളിലേക്കു മുളകുവില സഞ്ചരിക്കാം.  

idukki news

ഏലം

ക്രിസ്‌മസ്‌‐ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന്റെ തിരക്കിലാണ്‌ വിപണി. രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽനിന്നും ഇക്കുറി ഏലക്ക ഉൽപാദന രംഗത്തെ ചലനങ്ങൾ ഇടപാടുകാർ വീക്ഷിക്കുന്നുണ്ട്‌. സീസണായതിനാൽ താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ ശേഖരിക്കാൻ കഴിയുമോയെന്നാണ്‌ ആഭ്യന്തര വ്യാപാരികൾക്ക്‌ ഒപ്പം കയറ്റുമതിക്കാരും തിരക്കുന്നത്‌.

ലേല കേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തുന്നതും വില ഇടിക്കാൻ വാങ്ങലുകാരെ പ്രേരിപ്പിക്കുന്നു. ഡിസംബറിൽ ആദ്യ മൂന്നു ദിവസങ്ങളിൽ 3,67,145 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 3,16,545 കിലോ വിൽപ്പന നടന്നു. ശരാശരി ഇനങ്ങൾ 975 രൂപ വരെ കയറിയെങ്കിലും നാലക്കത്തിലേക്ക്‌ ഉൽപ്പന്നത്തെ കയറ്റിവിടാൻ വാങ്ങലുകാർ തയാറായില്ല. മികച്ചയനങ്ങൾ 1557 രൂപ വരെ ഉയർന്നു. 

പശ്‌ചിമേഷ്യൻ രാജ്യങ്ങളിൽ ഏലത്തിന്‌  ഡിമാൻഡ് ഉയർന്നു. കൊറോണ പ്രതിസന്ധികളിൽനിന്നും പൂർണമായി മോചനം നേടിയത്‌ ന്യൂ ഇയർ വേളയിലെ ആഘോഷങ്ങൾക്കു നിറം പകരുമെന്നാണ്‌ ഇറക്കുമതിക്കാരുടെ കണക്കുകൂട്ടൽ. ഗൾഫ്‌ വിപണികളിൽ ഇന്ത്യൻ ഏലത്തിനൊപ്പം ഗ്വാട്ടിമല ചരക്കും വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌. 

English summary: Commodity Markets Review December 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com