ADVERTISEMENT

കേരളത്തിലെ സാഹചര്യത്തില്‍ കാലാസൃതമായി പാല്‍വില നിര്‍ണയിക്കുന്നതിന് ഒരു സ്ഥിരസംവിധാനം എത്ര അനിവാര്യമാണെന്നു വിലയിരുത്തുകയാണ് ഇന്ത്യയിലെയും കേരളത്തിലെയും ക്ഷീരമേഖലയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള മലയാളിയായ അക്കാദമിക് വിദഗ്ധന്‍. 

ഡിസംബർ ഒന്നു മുതൽ കേരളത്തിലെ ക്ഷീരകർഷകർക്ക് ഒരു ലീറ്റർ പാലിന് 6 രൂപ വർധിപ്പിച്ചു നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ വാർത്ത ദേശീയ മാധ്യമങ്ങൾപോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. തീരുമാനം അഭിനന്ദനാർഹമാണ് എന്നതിൽ സംശയമില്ല. കേരളത്തിലെ കർഷകർ ഒരു ലീറ്റർ പാൽ  ഉൽപാദിപ്പിക്കുമ്പോൾ 8.57 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നു മിൽമയുടെ വിദഗ്ധസമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. എന്നാൽ ലീറ്ററിന് 6 രൂപ വർധിപ്പിച്ചതു കൊണ്ടുമാത്രം പാലുൽപാദനത്തില്‍ കർഷകരെ പിടിച്ചു നിർത്താനാകുമോ എന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനു മുൻപ് 2019ലാണ് പാൽവിലയിൽ ലീറ്ററിന് 4 രൂപയുടെ വർധന മിൽമ വരുത്തിയത്. ഇപ്പോൾ വർധിപ്പിച്ച 6 രൂപയിൽ 5 രൂപ മാത്രമേ കർഷകന് ലഭിക്കുകയുള്ളു. ശേഷിക്കുന്ന ഒരു രൂപ പാലുൽപാദക സഹകരണസംഘങ്ങൾ, പാൽ വിതരണക്കാർ, മിൽമ, ക്ഷേമനിധി ബോർഡ് എന്നിവയ്ക്കായി വീതിക്കും.

ഇന്ത്യയിൽ ഉദാരവൽക്കരണം നടപ്പാക്കിയതോടെയാണ് കാർഷികരംഗം പൊതുവേ രൂക്ഷമായ പ്രതിസന്ധിയിലായത്. കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നത് പതിവായി. കർഷക ആത്മഹത്യ ഏറ്റവും കൂടുതലുണ്ടായ മഹാരാഷ്ട്രയിലെ ‘വിദർഭ’യ്ക്കായി 2004ൽ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ ക്ഷീരകർഷകരെ പരിഗണിച്ചില്ല. പിന്നീട് കാർഷികമേഖലയിലെ പ്രതിസന്ധി പഠിച്ച് നിർദേശങ്ങൾ സമർപ്പിച്ച സ്വാമിനാഥൻ കമ്മിറ്റി, ഉൽപാദനവിലയ്ക്കൊപ്പം അതിന്റെ നേർപകുതി കൂടി കൂട്ടിക്കിട്ടുന്ന തുകയ്ക്ക് തുല്യമായിരിക്കണം താങ്ങുവില എന്നു നിർദേശിച്ചു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന മൻമോഹൻ സിങ് സർക്കാർ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്തെങ്കിലും നടപ്പാക്കിയില്ല.  സ്വാമിനാഥൻ റിപ്പോർട്ട് തങ്ങള്‍ക്കും ബാധകമാക്കണമെന്ന് ക്ഷീരകർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും യുപിഎ, ബിജെപി സർക്കാരുകള്‍  ഈ ആവശ്യം പരിഗണിച്ചില്ല. 

പാൽ ഉൽപാദനച്ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് മിൽമ നിയമിച്ച വിദഗ്ധസമിതി കണ്ടെത്തിയത് കേരളത്തിൽ ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് 46 രൂപയെന്നാണ്. സ്വാമിനാഥൻ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണെങ്കില്‍  46 രൂപയുടെ പകുതിയായ 23 രൂപ കൂടി കൂട്ടിച്ചേർത്ത് 69 രൂപയാണ് ഒരു ലീറ്റർ പാലിന്റെ ഏറ്റവും കുറഞ്ഞ വിലയായി പ്രഖ്യാപിക്കേണ്ടത്. അതായത്, ഒന്നര കിലോ അരിയുടെ വില.

മറ്റു സംസ്ഥാനങ്ങളിലെങ്ങനെ

ഇപ്പോൾ മിൽമ  പ്രഖ്യാപിച്ചിരിക്കുന്ന വില കേരളത്തിലെ സാഹചര്യത്തിൽ പര്യാപ്തമാണോ എന്നറിയാൻ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്  എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയണം. ഇന്ത്യയിലെ കാർഷികോൽപാദനമേഖല പ്രതിസന്ധിയിലായിരിക്കുമ്പോഴും 3 പതിറ്റാണ്ടിലേറെയായി ക്ഷീരോൽപാദനമേഖലയിൽ പ്രതിവർഷം 6 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലും പാൽ ഉൽപാദനം എല്ലാ വർഷവും കൂടുന്നുണ്ട്. എന്നാൽ പാൽ ഉൽപാദകർക്കു സര്‍ക്കാര്‍  ആനുകൂല്യങ്ങൾ തുച്ഛം. 

ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ആകെ ഉൽപാദനത്തിന്റെ 23 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. എന്നാൽ കന്നുകാലികളുടെ ഉൽപാദനക്ഷമതയിൽ നാം വളരെ പിന്നിലാണ്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. ഇന്ത്യയിലെ പാൽ ഉൽപാദക സംസ്ഥാനങ്ങളുടെ പട്ടികയിൽ 14–ാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. എന്നാൽ കന്നുകാലികളുടെ പാൽ ഉൽപാദനക്ഷമതയിൽ (ഒരു പശുവിൽനിന്ന് ഒരു ദിവസം കിട്ടുന്ന പാലിന്റെ അളവ്) നമ്മൾ മുന്നിലാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിന്റെ 95 ശതമാനവും സങ്കരയിനം പശുക്കളുടെ സംഭാവനയാണ്. എരുമപ്പാലിന്റെ അളവ് വളരെക്കുറവ്. എന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിന്റെ 35 ശതമാനം എരുമയുടേതും 28 ശതമാനം സങ്കരയിനം പശുക്കളുടേതുമാണ്. ഉൽപാദനക്ഷമത തീരെ കുറഞ്ഞ നാടൻ പശുക്കളുടെ ഉൽപാദനം ഇന്ത്യയിലെ ആകെ പാൽ ഉൽപാദനത്തിന്റെ 10 ശതമാനം വരും. എന്നാൽ കേരളത്തിൽ കറവ വറ്റിയതും ഉൽപാദനക്ഷമത കുറഞ്ഞതുമായ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കുന്നതിനാൽ ഈ വിഭാഗത്തിൽപ്പെട്ട പശുക്കളുടെ വിഹിതം അര ശതമാനത്തിലും കുറവാണ്.

കേരളത്തിലെ പാൽ ഉൽപാദക സഹകരണസംഘങ്ങൾ പാലിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വില നൽകുന്നുണ്ട്. എങ്കിലും ഇപ്പോഴും പാലിനായി നാം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഒരു വർഷം കേരളത്തിൽ വേണ്ടത് 34 ലക്ഷം മെട്രിക് ടൺ പാലാണ്. നമ്മുടെ ആകെ ഉൽപാദനം 25 ലക്ഷം മെട്രിക് ടൺ മാത്രവും. ബാക്കി നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. ഓരോ വർഷവും കേരളത്തിന്റെ പാൽ ഉൽപാദനവും ഉപയോഗവും തമ്മിലുള്ള വിടവ് വർധിക്കുന്ന പശ്ചാത്തലത്തിൽ വേണം കേരളത്തിലെ പാല്‍വില വർധനയെ വിശകലനം ചെയ്യേണ്ടത്.

ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ ദിവസക്കൂലി 150 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിലാണ്. എന്നാൽ കേരളത്തിലെ ദിവസകൂലി നിരക്ക് 800–1000 രൂപനിരക്കിലും. പാലിന്റെ ഉൽപാദനച്ചെലവ് കണക്കാക്കുമ്പോള്‍ ഈ വസ്തുതയും പരിഗണിക്കേണ്ടതുണ്ട്. പുറമെ മറ്റ് ചെലവുകളും കണക്കിലെടുക്കണം.

ഉൽപാദനച്ചെലവ് കൂടുന്നത്?

ഉൽപാദനച്ചെലവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെങ്കിലും പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും വില ഇന്ത്യയിലെല്ലായിടത്തും ഏകദേശം ഒന്നു തന്നെ. പാലുൽപന്നങ്ങൾ വിപണിയിലിറക്കുന്നത് ബഹുരാഷ്ട്ര കുത്തകകൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളാണെന്നതുതന്നെ കാരണം. ഉൽപാദനച്ചെലവിൽ 70 ശതമാനവും വ്യാവസായിക ഉൽപന്നമായ കാലിത്തീറ്റയുടെ വിലയാണ്. 2019ന് ശേഷം 4 വർ ഷം കഴിഞ്ഞാണ് മിൽമപ്പാലിന്റെ വില കൂട്ടുന്നതെങ്കിലും മിൽമ കാലിത്തീറ്റ,  കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ഫീഡ്സ് എന്നിവയുടെ  50 കി ലോ  വരുന്ന ഒരു പായ്ക്കിന് എല്ലാ വർഷവും 100 രൂപ മുതൽ 250 രൂപ വരെ കൂടുന്നുണ്ട്. ഇതനുസരിച്ച് സ്വകാര്യ കമ്പനികളും വില കൂട്ടുന്നു.

പാൽവില വർധന പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുൻപുതന്നെ മിൽമ കാലിത്തീറ്റയുടെ വില കിലോയ്ക്ക് 4–5 രൂപ വർധിപ്പിച്ചിരുന്നു. 2022 ഓഗസ്റ്റിൽ 50 കിലോ  മിൽമ കാലിത്തീറ്റയുടെ വില 1245 രൂപയായിരുന്നത് നവംബറിൽ 1395 രൂപയായി. കേരള ഫീഡിന്റെ വില 1315 രൂപയിൽനിന്നു 1495 രൂപയായി.  അതായത്, കിലോയ്ക്ക് 26 രൂപയിൽനിന്നു 30 രൂപയാക്കി. ഒറ്റത്തവണ തന്നെ 4 രൂപയുടെ വർധന! അതായത്, പാലിന്റെ വില കൂട്ടുന്നതിന് ആഴ്ചകൾക്കു മുൻപുതന്നെ ആ തുക കാലിത്തീറ്റവില വര്‍ധിപ്പിച്ചുകൊണ്ട് കർഷകരിൽനിന്നു തട്ടിയെടുക്കുകയാണ് സർക്കാർ ചെയ്തത്. 

വിലവര്‍ധന ഡിസംബർ ഒന്നിനാണല്ലോ നടപ്പിൽവന്നത്. സാധാരണയായി, ഒരു സങ്കരയിനം പശുവിന് പശുവിന്റെ പ്രസവം കഴിഞ്ഞ് ആദ്യത്തെ 3 മാസമാണ് ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത്. പാലിന്റെ കൊഴുപ്പും എസ്എൻഎഫും അനുസരിച്ചാണ് ക്ഷീരസംഘങ്ങൾ വില തീരുമാനിക്കുന്നത്. പശുവിന് കൂടുതൽ പാൽ കിട്ടുന്ന ഇളം കറവക്കാലത്ത് പാലിന്റെ കൊഴുപ്പളവ് ഏറ്റവും കുറഞ്ഞിരിക്കും. വർധിപ്പിച്ച വിലപ്രകാരം ഇളം കറവക്കാലത്ത്  കിട്ടാവുന്ന പരമാവധി വില ലീറ്ററിന് 36 രൂപ മുതൽ 38 രൂപ വരെ‌യാണ്. പാൽ കുറഞ്ഞ് പശുവിന്റെ കറവ തീരുന്ന സമയത്ത് പാലിൽ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കും. അപ്പോൾ ഒരു പക്ഷേ,  ലീറ്ററിന് 50 രൂപ വരെ കിട്ടിയെന്നിരിക്കാം, പക്ഷേ, കർഷകന്റെ കൈവശം വില്‍ക്കാന്‍ അധികം പാൽ ഉണ്ടാവില്ല.

മിൽമ സംഘങ്ങൾ കർഷകരിൽനിന്ന് 36 രൂപയ്ക്കു വാങ്ങുന്ന പാൽ അവിടെനിന്ന്  അപ്പോള്‍തന്നെ ഉപഭോക്താവിനു നേരിട്ടു വിൽക്കുന്നത് 52 രൂപയ്ക്കാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും കാർഷികോൽപ ന്നത്തിന്  ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും ലാഭം ഉണ്ടാവില്ല. ഇതു കര്‍ഷകര്‍ കാണുന്നും അറിയുന്നുമുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ, സംഘങ്ങള്‍ സംഭരിക്കുന്ന പാലിന്റെ അളവ് കേരളത്തിൽ ആകെ ഉൽപാദിപ്പിക്കുന്നതിന്റെ 27 ശതമാനം മാത്രമായി പരിമിതപ്പെടുന്നത്. 

റബർ അടക്കമുള്ള  കാർഷികവിളകളുടെ വില അസ്ഥിരമായപ്പോൾ സ്ഥിരവില ലഭിക്കുന്ന പാല്‍  അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്രയമായിട്ടുണ്ട്. ക്ഷീര മേഖലയിലുണ്ടായ ഗുണപരമായ മാറ്റമാണിത്. എന്നാൽ വൈക്കോലിന്റെ വില ഒരു കെട്ടിന് 15 രൂപയായിരുന്നത് 40 രൂപയായി. ഒരു പശുവിന്  ഏറ്റവും കുറഞ്ഞത് 2 കെട്ട് വൈക്കോൽ ഒരു ദിവസം കൊടുക്കണം. ഒരു കിലോ  പച്ചപ്പുല്ലിന് 10–15 രൂപ  കമ്പോളത്തിൽ വിലയുണ്ട്. ഏറ്റവും കുറഞ്ഞത് 6 കിലോ പച്ചപ്പുല്ലും ഇളം കറവയിലുള്ള പശുവിന് 4 കിലോ തീറ്റയും കൊടുക്കണം. 1500 രൂപ മുതൽ 2000 രൂപ വരെയാണ് പാൽ കറക്കുന്നയാളിന് ഒരു മാസത്തെ വേതനം. പശുവിനെ വാങ്ങാൻ എടുത്ത ബാങ്ക് വായ്പയുടെ പലിശ ഒരു മാസം ഒരു ലക്ഷം രൂപയ്ക്ക് കുറഞ്ഞത് 700 രൂപ വരും 

കേരളത്തിൽ 95 ശതമാനം പശുക്കളും സങ്കരയിനം ഹോൾസ്റ്റിൻ ഇനത്തിൽപ്പെട്ടവയാണ്. ഇവയുടെ പരിപാലനച്ചെലവ് വളരെ കൂടുതലാണ്. ഒരു പശുവിന്റെ ഇളം കറവയിലെ വില 70,000– ഒരു ലക്ഷം രൂപ വരും.  കൃഷിനാശം ഉണ്ടായാലും  കർഷകന്റെ ഭൂമി അവിടെയുണ്ടാകും. കൃഷിക്കായി മുടക്കിയ തുക നഷ്ടപ്പെടുമെന്നേയുള്ളൂ. എന്നാൽ ഉരു ചത്തുപോയാൽ ക്ഷീരകർഷകന്റെ ആസ്തി സ്ഥിരമായും പൂർണമായും നശിക്കുകയാണ്. വായ്പയെടുത്തു വാങ്ങിയ പശുവാണെങ്കിൽ കടക്കാരനായി മാറുകയും ചെയ്യും.  ഇൻഷുര്‍ ചെയ്താലോ, കമ്പനികൾ പലപ്പോഴും തൊടുന്യായങ്ങള്‍ പറഞ്ഞ് കർഷകന് നഷ്ട പ രിഹാരം നിഷേധിക്കുകയും ചെയ്യും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ വേണം മിൽമയും സർക്കാരും കന്നുകാലി വളർത്തലിനെ കാണേണ്ടത്.

കേരളത്തില്‍ മുഴുവൻ സമയ ക്ഷീരകർഷകര്‍ 3 ലക്ഷത്തോളമുണ്ട്. അവരെ ഈ മേഖലയിൽ ഉറപ്പിച്ച് നിർത്തുന്നതിന് ജീവിതച്ചെലവുകൂടി കണക്കിലെടുത്ത് ഓരോ വർഷവും പാലിന്റെ ഉൽപാദനച്ചെലവ് നിർണയിക്കുകയും ആനുപാതികമായി പാലിന്റെ വില എല്ലാ വർഷവും വർധിപ്പിക്കുകയും വേണം. ഉൽ പാദനച്ചെലവും അതിന്റെ പകുതിയുംകൂടി ചേര്‍ത്ത് പാലിന്റെ ഏറ്റവും  കുറഞ്ഞ വില  നിശ്ചയിക്കുകയും കൊഴുപ്പ് കൂടുന്നതനുസരിച്ച് വില കൂട്ടിക്കൊടുക്കുകയും ചെയ്താലെ പാൽ ഉൽപാദനം ലാഭകരമാകുകയുള്ളൂ. അതിനായി ആദ്യം ചെയ്യേണ്ടത് മിൽമ കാലിത്തീറ്റയുടെ വില പരമാവധി കുറയ്ക്കുകയാണ്. അപ്പോള്‍ മറ്റു ബ്രാന്‍ഡുകള്‍ക്കും വില കുറയ്ക്കണ്ടിവരും. ന്യായവിലയും കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റയും നല്‍കിയാല്‍ ഉൽപാദിപ്പിക്കുന്ന പാലിന്റെ 75 ശതമാനമെങ്കിലും കർഷകർ മിൽമയുടെ സംഘങ്ങളില്‍ നൽകും. അധികമായി ലഭിക്കുന്ന പ്രീമിയം പാല്‍ ഉല്‍പന്നങ്ങളാക്കി മില്‍മയ്ക്കു വിപണിയിലിറക്കാം, വരുമാനം വര്‍ധിപ്പിക്കാം. ലാഭവിഹിതം കര്‍ഷകരുമായി പങ്കുവച്ചാല്‍ അവരും സംതൃപ്തരാകും. 

വിലാസം: പ്രഫസര്‍ ആന്‍ഡ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്  സ്റ്റഡീസ്, രാജസ്ഥാന്‍ 

  • കാലിത്തീറ്റവില കൂട്ടിയതു ചതി
dairy-farming-taj-mansoor
താജ് മൻസൂർ

പാൽവില വർധിപ്പിക്കുമെന്ന് നവംബർ പകുതിയോടെ തീരുമാനമായെങ്കിൽ അതിന് രണ്ടാഴ്ച മുൻപുതന്നെ മില്‍മയും സർക്കാർ കമ്പനിയും തങ്ങളുടെ  കാലിത്തീറ്റകൾക്ക് വില കൂട്ടി. ഇത് വലിയ ചതിയായിപ്പോയി.  ഉല്‍പാദനച്ചെലവു നോക്കി വർഷാവർഷം പാൽവില പുനര്‍നിര്‍ണയിക്കണം. 

പുറമേനിന്നു  പാൽവരവ് ഉയരും എന്നാണ് പാൽവില വർധിപ്പിക്കുന്നതിനെതിരെ ക്ഷീരവികസന മന്ത്രി പറഞ്ഞിരുന്നത്.  അത്തരം ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരും സർക്കാർ ഏജൻസികളുമാണ്. ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുമിച്ച് പ്രവർത്തിച്ചാൽ ഗുണനിലവാരം കുറഞ്ഞ പാൽവരവ് നിയന്ത്രിക്കാൻ കഴിയും.  

കേരളത്തിലെ കർഷകർക്കാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് വില കൂടുതൽ ലഭിക്കുന്നത് എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം അല്ല കേരളത്തിൽ. ഇവിടെ ഉൽപാദനച്ചെലവ് കൂടുതലാണ്. 

പുതിയ പാൽവില ചാർട്ടില്‍ ഏറെ അപാകതകളുണ്ട്. അതു പരിഹരിക്കണം. നിലവിൽ ക്ഷീരകർഷകർക്കു സബ്സിഡി നാമമാത്രമാണ്. സംഘങ്ങളിൽ പാൽ അളക്കുന്ന ഓരോ കർഷകനും പാലിന്റെ അളവ് അനുസരിച്ച് സബ്സിഡി നൽകുന്നതു നന്ന്.   

താജ് മൻസൂർ, ജനറൽ സെക്രട്ടറി, മലബാർ ഡെയറി ഫാർമേഴ്‌സ് അസോസിയേഷൻ

  • വര്‍ഷംതോറും വില പുനര്‍നിര്‍ണയിക്കണം

ഒറ്റയടിക്ക്  ലീറ്ററിന് 6 രൂപ വർധിപ്പിച്ചതില്‍  ഉപഭോക്താക്കൾക്ക് വലിയ എതിർപ്പുണ്ട്. അതേസമയം, ഓരോ വർഷവും സാഹചര്യമനുസരിച്ച് ഒന്നോ രണ്ടോ രൂപ വർധിപ്പിക്കുകയാണെങ്കിൽ ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടു തോന്നില്ല. കർഷകർക്ക് ഗുണം ലഭിക്കുകയും ചെയ്യും.

dairy-farming-yeldho
എൻ.വി.എൽദോ

എൻ.വി.എൽദോ, സമഗ്ര ക്ഷീര കർഷക സംഘടന എറണാകുളം ജില്ലാ സെക്രട്ടറി

  • ദിവസം 700 രൂപ അധിക വരുമാനം

ഏതാനും വർഷങ്ങളായി ഞാന്‍ ഡെയറി നടത്തുന്നു. നിലവിൽ 17 പശുക്കളും ദിവസം 170 ലീറ്റർ പാലും ഉൽപാദനം. 150 ലീറ്റർ പാൽ ക്ഷീരസംഘത്തിൽ അളക്കുന്നു. മുൻപ് 39.5 രൂപയായിരുന്നു പാലിന് വില  ലഭിച്ചിരുന്നത്. വിലവർധനയോടെ അത് 44 രൂപയായി. അതുകൊണ്ടുതന്നെ വരുമാനത്തിൽ 700 രൂപ കൂടി. 20 ലീറ്റർ പാൽ കടകളിൽ വിൽക്കുന്നുണ്ട്. 55 രൂപ അതിനു ലഭിക്കുന്നു. 5 ഏക്കർ സ്ഥലത്ത് പുൽകൃഷി ഉള്ളതിനാൽ തീറ്റച്ചെലവിൽ നല്ലൊരു പങ്ക് കുറയ്ക്കാൻ കഴിയുന്നു. പൈനാപ്പിൾ ഇലയ്ക്ക് ഇവിടെ കിലോയ്ക്ക് 2.5 രൂപ വിലയുണ്ട്. അതു പണം നൽകി വാങ്ങിയാൽ ഒരു പശുവിന് 75 രൂപയിലധികം അധികച്ചെലവു വരുമായിരുന്നു. സാന്ദ്രിത തീറ്റ, തൊഴിലാളിയുടെ വേതനം, മരുന്നുകൾ, വൈദ്യുതി എന്നിവയെല്ലാംകൂടി 3300 രൂപയോളം ദിവസം ചെലവ് വരുന്നുണ്ട്. എങ്കിലും ഇപ്പോൾ ദിവസം 4000 രൂപയോളം ലാഭം കിട്ടും. കാലിത്തീറ്റയ്ക്കും മരുന്നിനുമെല്ലാം വില ഇടയ്ക്കിടെ ഉയരുന്നു. അതനുസരിച്ച് കാലികമായി പാൽവില നിശ്ചയിക്കുന്ന സ്ഥിരം സംവിധാനമുണ്ടായാൽ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യും.

സുനിൽ മലപ്പുറം, ക്ഷീരകർഷകൻ

dairy-farming-sunil
സുനിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com