ADVERTISEMENT

എന്തിനാണ് റബർ ബോർഡ്?– നിതി ആയോഗിന്റെ സംശയമാണ്. 

പ്രകൃതിദത്ത റബറിന്റെ ഉൽപാദനം, വ്യാപാരം, സംസ്കരണം, ഉൽപന്നനിർമാണം എന്നിങ്ങനെ സമസ്തമേഖലകളെയും കൂട്ടിയിണക്കുന്ന ഏജൻസിയെന്ന നിലയിൽ റബർ ബോർഡിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുമ്പോൾ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്? മറ്റ് റബർ ഉൽപാദക രാജ്യങ്ങളിൽ റബർ ബോർഡുണ്ടോ? 

കർഷകർ റബർ ഉൽപാദനം നടത്തുന്ന മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പിന്തുണ നൽകാനുമായി പ്രത്യേക ഏജൻസിയുള്ളതായി കാണാം, പേരുകൾ പലതാണെങ്കിലും. വൻകിട റബർ കർഷകരുടെ എസ്റ്റേറ്റുകൾ മാത്രമുള്ള ബ്രസീലാണ് ഇക്കാര്യത്തിൽ അപവാദം. പിന്നെയുള്ളത് ചൈനയും വിയറ്റ്നാമുമാണ്. അവിടെ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല കമ്പനികളാണ് പ്രകൃതിദത്ത റബർ ഉൽപാദനം നടത്തുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു സർക്കാർ ഏജൻസിയുടെ ഇടപെടൽ വേണ്ടിവരുന്നില്ല. എല്ലായിടത്തുംതന്നെ റബർവികസന പ്രവർത്തനങ്ങൾക്ക് സെസ് തുകയാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയം.

പ്രമുഖ റബർ ഉൽപാദകരാജ്യങ്ങളിൽ നമ്മുടെ സാഹചര്യങ്ങളോട് ഏറ്റവും  സാമ്യമുള്ളത് ശ്രീലങ്കയിലാണ്.  അവിടെ തോട്ടവിളകൾക്കായി മാത്രം പ്രത്യേക മന്ത്രാലയമുണ്ട്. അതിനു കീഴിൽ പത്തോളം ഏജൻസികളാണ് റബർകൃഷി പ്രോത്സാഹിപ്പിക്കുന്നത്. വിജ്ഞാനവ്യാപനം, സെസ് പിരിക്കൽ, സബ്സിഡി വിതരണം എന്നിവയൊക്കെ നടത്തുന്ന റബർ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റാണ് ഇവയിൽ പ്രധാനം. ലോകത്തിലെ ആദ്യത്തെ റബർ ഗവേഷണകേന്ദ്രമായ ആർആർഐ ശ്രീലങ്ക ഏറെ ആദരിക്കപ്പെടുന്ന ഒരു സ്ഥാപനമാണ്. റബർ മേഖലയിലെ  സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘തുറസാവിയ’ ഫണ്ടും  നിർണായക പങ്ക് വഹിക്കുന്നു. നടീൽവസ്തു വാങ്ങുന്നതിനും കൊണ്ടുപോകുന്നതിനും നടുന്നതിനുമൊക്കെ ഇവിടെ സബ്സിഡിയുണ്ടത്രെ. ഒരു കിലോ റബർ ഉൽപാദിപ്പിക്കുമ്പോൾ വിവിധ പദ്ധതികളിലായി ലങ്കൻ റബർ കർഷകന് ഒരു ഡോളർ സബ്സിഡി ലഭിക്കുമെന്നാണ് അറിയുന്നത്.

തായ്‌ലൻഡിൽ നമ്മുടെ റബർ ബോർഡ്പോലെ സമസ്ത മേഖലകളിലും മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് റബർ അതോറിട്ടി. ഗവേഷണം, വിജ്ഞാനവ്യാപനം, സെസ് പിരിക്കൽ, സബ്സിഡി വിതരണം, വിപണന പിന്തുണ, കയറ്റുമതി പ്രോത്സാഹനം, നിലവാരനിയന്ത്രണം എന്നിവയൊക്കെ ഈ  ഏജൻസി തന്നെ. ഒരു ഹെക്ടറിന് 3600 ഡോളറാണ് അവർ ആവർത്തനക്കൃഷിക്കു സബ്സിഡി നൽകുന്നത്.

റബർ ബോർഡിനു സമാനമായ സ്ഥാപനം ഇല്ലെങ്കിലും ഏറെ വിലമതിക്കപ്പെടുന്ന റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്തൊനീഷ്യയ്ക്കുണ്ട്.  എന്നാൽ കർഷകർക്കിടയിലെ വിജ്ഞാനവ്യാപനപ്രവർത്തനങ്ങൾ കൃഷിവകുപ്പാണ് നടത്തുക. കയറ്റുമതി പ്രോത്സാഹനം വാണിജ്യവകുപ്പും  ഉൽപന്നനിർമാണത്തിന്റെ മേൽനോട്ടം വ്യവസായവകുപ്പും. സെസ് പിരിക്കാറില്ല, അതുകൊണ്ടുതന്നെ സബ്സിഡിയുമില്ല.

മലേഷ്യൻ റബർ ബോർഡിനു മുഖ്യമായും ഗവേഷണത്തിലാണ് ശ്രദ്ധ. ബോർഡിനു കീഴിൽ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേഷ്യയുമുണ്ട്. എന്നാൽ റബർകർഷകർക്കിടയിലെ വിജ്ഞാനവ്യാപനം ഗ്രാമവികസന വകുപ്പിനു കീഴിലുള്ള റിസ്ദ (റബർ ഇൻഡസ്ട്രി സ്മോൾ ഹോൾഡർ ഡവലപ്മെന്റ് അതോറിട്ടി)യാണ് നടത്തുക. കൃഷി പ്രോത്സാഹനവും സബ്സിഡി വിതരണവുമൊക്കെ റിസ്ദ വഴി നടക്കും. ഹെക്ടറിന് 3500 ഡോളറിലേറെയാണ് ഇവിടെ ആവർത്തനകൃഷിക്ക് സബ്സിഡി.  കയറ്റുമതിക്ക് സെസ്സുണ്ട്.

എന്നാൽ, ചൈനയിലും വിയറ്റ്നാമിലും ബ്രസീലിലും കാര്യങ്ങൾ വ്യത്യസ്തം. റബർ ബോർഡോ സമാനസംവിധാനങ്ങളോ ബ്രസീലിലില്ല. സമ്പന്നരായ വൻകിട കർഷകർ മാത്രമാണ് അവിടെയുള്ളത്. സ്വന്തം എസ്റ്റേറ്റിനു കൺസൽട്ടന്റുമാരായി കാർഷിക വിദഗ്ധരെ അവർ തന്നെ നിയോഗിക്കും. പോരാത്തതിന്  സംസ്കരണരംഗത്തെ വൻകിട കമ്പനികൾ കർഷകർക്ക് വിദഗ്ധരുെട സേവനം വിട്ടുനൽകാറുമുണ്ട്.  കൃഷിക്കാരെ പ്രീണിപ്പിച്ചാലേ ലാറ്റക്സും ഒട്ടുപാലുമൊക്കെ കമ്പനികൾക്കു കിട്ടൂ.    വിയറ്റ്നാമിലാകട്ടെ, വൻകിട പൊതുമേഖലാ പ്ലാന്റേഷൻ കമ്പനികളാണ് റബറിന്റെ ഉൽപാദനവും കയറ്റുമതിയുമൊക്കെ നടത്തുക.   എന്നാൽ അവർക്ക് സ്വന്തം ഉൽപാദനം മതിയാവില്ല. തന്മൂലം അവർ ചെറുകിടക്കാരിൽനിന്നു റബർ വാങ്ങും.  കർഷകർക്കാവശ്യമായ നടീൽവസ്തുക്കളും സാങ്കേതിക അറിവുകളും നൽകുന്നതും ഈ കമ്പനികൾ തന്നെ – ഒരു തരം കരാർ കൃഷി.  കർഷകരിൽനിന്നു നേരിട്ടു റബർ വാങ്ങുകയാണ് പതിവ്. 

വിയറ്റ്നാ‌മിലെ കൃഷിമന്ത്രാലയം ഉൽപാദനവികസനത്തിനു മേൽനോട്ടം വഹിക്കുമ്പോൾ വാണിജ്യമന്ത്രാലയം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നു. റബർകൃഷി വികസനത്തിനായി പ്രത്യേക ഏജൻസിയൊന്നുമില്ല. റബറുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും പ്രാതിനിധ്യമുള്ള വിയറ്റ്നാം റബർ അസോസിയേഷനാണ് വിലസൂചിക തയാറാക്കുക. ചൈനയിലെ സ്ഥിതിയും ഇതുപോലെതന്നെ. സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട കമ്പനികളാണ് റബർകൃഷിയും സംസ്കരണവും നടത്തുന്നത്. കോർപറേറ്റ് കൃഷിയും വ്യവസായവും ഗവേഷണവികസനവുമാണ് ഈ കമ്പനികളിലൂടെ നടക്കുന്നത്. നമ്മുടെ രാജ്യത്തേതുപോലെ കൃഷിയും വ്യാപാരവും വ്യവസായവും വേർപെട്ടിട്ടില്ലാത്തതിനാൽ ഏകോപനത്തിനു പ്രത്യേക ഏജൻസിയുടെ ആവശ്യമില്ലെന്നു സാരം. സബ്സിഡിയില്ല, സെസുമില്ല.

English summary: Niti Aayog says that rubber board is no longer relevant; How about other rubber producing countries?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com