മുറ്റത്തെ തേങ്ങ ഞാനെടുക്കും! ഓപ്പറേഷൻ തേങ്ങാക്കുല: പച്ചത്തേങ്ങ ‘ഗ്രീൻ ഗോൾഡും’ കുരുമുളക് ‘ബ്ലാക് ഗോൾഡു’മായത് വെറുതെയല്ല!

HIGHLIGHTS
  • അടുക്കളഭാഗത്തെ തെങ്ങുകളിൽനിന്നു തേങ്ങയിടുമ്പോഴാണ് ഈ ‘ഓപ്പറേഷൻ’
  • ആയിരം തേങ്ങയുടെ വില 80 രൂപയായിരുന്നത് 16 രൂപയായി കുറഞ്ഞത്രെ
coconut-1
വര: ഹരികുമാർ
SHARE

പണ്ട് നാട്ടില്‍ ആരുടെ പക്കലും പണം ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ സാധാരണക്കാരനും ജന്മിയും തമ്മിൽ വ്യത്യാസമില്ലായിരുന്നു. ഒരു ബ്രിട്ടിഷ് രൂപ വേണമെങ്കിൽ തിരുവിതാംകൂറിലെ ഇരുപത്തിയെട്ടര ചക്രം വേണമായിരുന്നു. ഒരു ചക്രം കിട്ടണമെങ്കിൽ പതിനാറ് കാശും കൊടുക്കണം! അതത്ര എളുപ്പമല്ല താനും! കാശില്ലാത്തവൻ, ചക്രമില്ലാത്തവൻ എന്നൊക്കെ പറയുന്നതിന്റെ പൊരുളും പിടികിട്ടിയില്ലേ? 

പണമില്ലാതെയും അക്കാലത്ത് ഒരു വിധം ജീവിച്ചു പോകാമായിരുന്നു. നെല്ലും തേങ്ങയും മാങ്ങയും ചക്കയും വാഴയ്ക്കയും പാലും പഴവുമൊക്കെ വീട്ടിൽത്തന്നെ കിട്ടും. വൈദ്യനും അലക്കുകാരനും ക്ഷുരകനും കൂലിയായി അരിയും തേങ്ങയും കൊടുത്താൽ മതി. വേലയ്ക്കു കൂലി നെല്ലും കഞ്ഞിയും! പിന്നെ, പണം എന്തിനാണ്?

കാലം കുറെക്കഴിഞ്ഞ്, ആവശ്യങ്ങൾ കൂടിയപ്പോഴാണ് സ്ഥിതി മാറിയത്. ദൂരയാത്ര, കുട്ടികളുടെ വിദ്യാഭ്യാസം, ജീവിത ശൈലിമാറ്റത്തിന് അനുസരിച്ചു പുതിയ സാധന–സാമഗ്രികൾ വാങ്ങല്‍ എന്നിവയ്ക്കു പണം വേണ്ടി വന്നു. അങ്ങനെയാണ് തേങ്ങയുടെ പ്രതാപകാലം വന്നത്. 

പണം തേങ്ങയായി മതിയോ?

റബർത്തോട്ടങ്ങള്‍ ആവിർഭവിക്കുന്നതിനു മുന്‍പ് തെങ്ങിന്‍തോപ്പുകളായിരുന്നു പ്രൗഢിയുടെയും ലിക്വിഡിറ്റിയുടെയും അടയാളം. തേങ്ങ ഉറപ്പുള്ള സാമ്പത്തിക സ്രോതസ്സായിരുന്നു. ഓരോ നാട്ടിലും കൊപ്രാ അട്ടിയും തേങ്ങ വെട്ടുകാരനും ഉണ്ടായി. കൊപ്രാമുതലാളിയായിരുന്നു നാട്ടുകാരുടെ ബാങ്കർ. സ്കൂള്‍–കോളജ് ഫീസ്, ആശുപത്രി ചികിത്സ തുടങ്ങിയ അത്യാവശ്യങ്ങൾക്കൊക്കെ ഇവരോടാണ്  മുന്‍കൂര്‍ പണം വാങ്ങുക. തറവാടുകളിലെ നിരാശരായ ചെറുപ്പക്കാർ തേങ്ങാ വെട്ടുകാരനോടു പണം കടം വാങ്ങിയാണ് ജോലി തേടി നാടുവിടാറുണ്ടായിരുന്നത്. പച്ചത്തേങ്ങ ‘ഗ്രീൻ ഗോൾഡും’ കുരുമുളക്  ‘ബ്ലാക് ഗോൾഡു’മായത് വെറുതെയല്ല!

തന്റെ ഉയർച്ചയ്ക്കു കാരണം നാട്ടിലെ തേങ്ങാവെട്ടുകാരനായ ശങ്കു ആണെന്ന് മാർ ക്രിസോസ്റ്റം തിരുമേനി തമാശയായി പറയാറുണ്ടായിരുന്നു.  തേങ്ങ വിറ്റുകിട്ടിയിരുന്ന പണംകൊണ്ടാണ് തിരുമേനി പഠിച്ചതും പൗരോഹിത്യത്തിന് ചേര്‍ന്നതും. അപ്പോള്‍ തിരുമേനിയെ മെത്രാപ്പൊലീത്തയാക്കിയത് ശങ്കു അല്ലേ?

ഓപ്പറേഷൻ തേങ്ങാക്കുല!

തറവാടു ഭരിക്കുന്ന കാരണവരുടെ കയ്യിൽപ്പോലും പണം ദുർലഭമായിരുന്ന കാലത്ത് കൂട്ടുകുടുംബത്തിലെ സ്ത്രീകളും ചെറുപ്പക്കാരും കാശിനെന്തു ചെയ്യും? അവരെയും രക്ഷിച്ചിരുന്നത് തേങ്ങ തന്നെ. പഴയ തറവാടുകളിൽ തേങ്ങയിടുന്ന സമയത്ത് വീട്ടിലുള്ള പെണ്ണുങ്ങള്‍ ചില ആക്രമണ പദ്ധതികൾ പ്ലാൻ ചെയ്യും, വട്ടച്ചെലവിനുള്ള പണം കാരണവരറിയാതെ ഒപ്പിക്കാൻ. ഇന്നത്തെ ഭാഷയില്‍ ‘ഓപ്പറേഷൻ തേങ്ങാക്കുല’ എന്നു  പറയാം. അടുക്കളഭാഗത്തെ തെങ്ങുകളിൽനിന്നു തേങ്ങയിടുമ്പോഴാണ് ഈ ‘ഓപ്പറേഷൻ’. അകലേക്കു തെറിച്ചുപോകുന്ന തേങ്ങകൾ പെറുക്കി അടുക്കളയിലും വിറകുപുരയിലുമൊക്കെ സ്ത്രീജനം സൂ ക്ഷിച്ചുവയ്ക്കും.  ഈ ചെയ്തികൾ കാരണവർ കണ്ടാലും കണ്ടില്ലെന്നു നടിക്കും. 

മുറ്റത്തു വീണ തേങ്ങ ഞങ്ങൾ എടുത്തു സൂക്ഷിച്ചു എന്നു ന്യായീകരണം! സർപ്പക്കാവിലേക്കും മറ്റും തെറിച്ചു പോകുന്ന തേങ്ങകൾ തറവാട്ടിലെ ചെറുപ്പക്കാരും അടിച്ചുമാറ്റും. തേങ്ങയിടുമ്പോള്‍ മേല്‍നോട്ടത്തിനു ചിലപ്പോള്‍ കാരണവര്‍ അനന്തരവന്മാരെ നിയോഗിക്കും. അതുമൊരു സുവര്‍ണാവസരമായിരുന്നു. ചായകുടിക്കും  ചെറിയ നേരമ്പോക്കുകൾക്കും അവര്‍ക്ക് ഏക ആശ്രയം ഈ തേങ്ങകൾ രഹസ്യമായി വിറ്റു കിട്ടുന്ന പണം മാത്രമായിരുന്നു.

തേങ്ങയും കമ്യൂണിസവും

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളര്‍ച്ചയില്‍പോലും തേങ്ങയ്ക്കു പങ്കുണ്ടെന്നു പറയാം. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം തേങ്ങയ്ക്കും നെല്ലിനുമുണ്ടായ വിലയിടിവു മൂലം സാമ്പത്തികത്തകർച്ചയുണ്ടായി. ആയിരം തേങ്ങയുടെ വില 80 രൂപയായിരുന്നത് 16 രൂപയായി കുറഞ്ഞത്രെ.  ഇതിനിടയിൽ 1921 ൽ അഞ്ചാം ക്ലാസ് മുതലു ള്ള സ്കൂൾ ഫീസ് തിരുവിതാംകൂർ സർക്കാർ വർധിപ്പിച്ചു. പണക്കാർപോലും കുട്ടി കളുടെ ഫീസ് കൊടുക്കാനാവാതെ വലഞ്ഞു. പലരും പഠനം നിർത്തി. തുടര്‍ന്ന് തിരുവനന്തപുരം മഹാരാജാസ് കോളജിൽ(ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) വലിയൊരു സമരം നടന്നു. ബഹളത്തിനിടെ കുതിരപ്പട്ടാളത്തിന്റെ മർദനമേറ്റ് 3 വിദ്യാർഥികൾ മരിച്ചു. സമരം മറ്റിടങ്ങളിലേക്കും പടർന്നു. തിരുവനന്തപുരത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന രൂപീകരിക്കപ്പെടാൻ കാരണമായത് ഈ സമരമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് ചിന്തകൾക്കു തുടക്കമായത് ലീഗിലൂടെയാണ്. 

ഇങ്ങനെ നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല, രാഷ്ട്രീയചരിത്രത്തില്‍പോലും നിര്‍ണായക സ്വാധീനം ചെലുത്തിയ നാളികേരത്തിന്റെ  ഇന്നത്തെ അവസ്ഥയോ? ആരു പിണങ്ങിയാലും നമുക്കിന്നു ധൈര്യ മായി പറയാം, ‘അവൻ പിണങ്ങിയാൽ എനിക്കു രണ്ടു തേങ്ങാക്കുലയാണ്!’

ഫോൺ: 9447809631

English summary: Problems and Challenges in Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS