ഡെയറി ഫാമിങ് മേഖലയിൽ പ്രശ്നങ്ങളേറെ, പരിഹാരങ്ങളുമുണ്ട്: മുതിർന്ന ക്ഷീരകർഷകന്റെ കത്ത്

puramattom-dairy-farm-5
SHARE

കേരളത്തിലെ ക്ഷീരമേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് നാളുകളായി പറഞ്ഞുവരുന്ന കാര്യമാണ്. കാലിത്തീറ്റ വിലവര്‍ധനമുതല്‍ അവശ്യമരുന്നുകളുടെ വരെ വിലക്കയറ്റം, പശുക്കളുടെ രോഗങ്ങള്‍, ഉല്‍പാദനം കുറഞ്ഞ പശുക്കള്‍, ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, ക്ഷീരസംഘങ്ങളില്‍നിന്ന് കര്‍ഷകര്‍ നേരിടുന്ന അവഗണന എന്നിങ്ങനെ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. പ്രശ്‌നപരിഹാരത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി അദാലത്തുകള്‍ നടത്താനാണ് തീരുമാനം. കര്‍ഷകര്‍ക്ക് തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അദാലത്തിലൂടെ അവസരം ലഭിക്കുന്നത്. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും ബുദ്ധിമുട്ടുകളുമെല്ലാം വിശദമായി എഴുതിയ കത്ത് കര്‍ഷകശ്രീക്കുകൂടി അയച്ചുതന്നിരിക്കുകയാണ് മുതിര്‍ന്ന ക്ഷീരകര്‍ഷകനായ തൃശൂര്‍ സ്വദേശി സി.എന്‍.ദില്‍കുമാര്‍. അദ്ദേഹത്തിന്റെ കത്തിന്റെ പൂര്‍ണരൂപം വായിക്കാം.

ഞാന്‍ സി.എന്‍.ദില്‍കുമാര്‍, ചക്കുങ്ങതൊടിയില്‍ വീട്, ആശീര്‍വാദ് ഫാം എന്ന പേരില്‍ ഒരു ഡെയറിഫാം നടത്തിവരുന്നു. കഴിഞ്ഞ 32 വര്‍ഷമായി ഞാന്‍ പശുക്കളെ വളര്‍ത്തി പാല്‍ക്ഷീരസംഘങ്ങളില്‍ നല്‍കി വരുന്നു. 1996, 97, 98 വര്‍ഷങ്ങളില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഘത്തില്‍ അളന്ന ക്ഷീരകര്‍ഷകനാണ്. 2022-23 വര്‍ഷത്തില്‍ പാഴായി- ചെറുവാള്‍ ക്ഷീരസംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനാണ്.

സര്‍,

താഴെ എഴുതുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ വരുത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 

1. 2017ലെ ലിഡ ജേക്കബ് കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുക

2. CLR റീഡിങ് എടുക്കുമ്പോള്‍ 29 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പാലിന്റെ റീഡിങ് എടുക്കുവാന്‍ ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. 29 ഡിഗ്രി സെല്‍ഷ്യസില്‍ CLR എടുത്താല്‍ മാത്രമെ കര്‍ഷകന് കൃത്യമായ റീഡിംങ്ങും പാല്‍ വിലയും കിട്ടുകയുള്ളൂ.

3. KLDB നല്‍കുന്ന പ്രീമിയം വിഭാഗത്തില്‍പ്പെട്ട കാളകളുടെ മാത്രം ബീജമാത്രകള്‍ വിതരണം നടത്തുക. കേരളത്തില്‍ കാലാവസ്ഥയ്ക്ക് യോജിച്ച ബ്രീഡിന്റെ Premium semen  കൂടുതലായി വിതരണം നടത്തുക. (Jersy Breed). എങ്കില്‍ മാത്രമെ 300 ദിവസത്തെ കറവയില്‍ 4500 ലീറ്റര്‍ പാല്‍ ലഭ്യമാകൂ(പ്രതിദിനം ശരാശരി 15 ലീറ്റര്‍).

4. വെറ്ററിനറി ഡോക്ടര്‍മാര്‍ കൃത്യമായി രാവിലെ 9നുതന്നെ വെറ്ററിനറി ക്ലിനിക്കുകളില്‍ എത്തണമെന്ന് കര്‍ശനമായ സര്‍ക്കുലര്‍ നല്‍കണം.

5. പാലിന്റെ ഗുണമേന്മ പരിശോധിച്ച് വേണ്ട നിയമ നടപടികള്‍ എടുക്കാനുള്ള അവകാശം ഡെയറി ഡിപ്പാര്‍ട്ട്‌മെന്റിനു തിരിച്ചുനല്‍കാനുള്ള ഉത്തരവും മായം ചേര്‍ത്ത പാലിന്റെ ഉടമകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അനുവദിക്കണം. 2012 വരെ ഡെയറി ഡിപ്പാര്‍ട്ട്‌മെന്റിന് തന്നെയായിരുന്നു ചുമതല എന്നാല്‍ പിന്നീട് രാഷ്ട്രീയ ഇടപെടലുകള്‍ വന്നതുകൊണ്ട് ശിക്ഷാനടപടികള്‍ എടുക്കാനുള്ള അവകാശം ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (ഹെല്‍ത്ത്) കൈമാറിയതാണ്. അതുകൊണ്ടാണ് ഈ ആഴ്ച മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയും, ആരോഗ്യ വകുപ്പ് മന്ത്രിയും തമ്മില്‍ വിഭിന്ന അഭിപ്രായങ്ങളില്‍ സംസാരിക്കാനിടയായത്. പ്രതികള്‍ രക്ഷപ്പെടുകയും കേരളത്തിലെ ജനങ്ങള്‍ക്ക് മലിനമായ പാല്‍ കുടിക്കേണ്ടി വരികയും ചെയ്യുന്നത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന 90% പാലും സംരക്ഷകങ്ങള്‍ ചേര്‍ത്താണ് കേരളത്തില്‍ എത്തുന്നത്. 10 വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും മായം ചേര്‍ത്ത പാല്‍ കുടിക്കേണ്ടിയും വരുന്നുണ്ട്.

6. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും (കേരളം ഒഴികെ) ക്ഷീരസംഘങ്ങളില്‍ പാല്‍സംഭരണ സമയം രാവിലെ 6 മുതല്‍ 8.30 വരെയും, വൈകീട്ട് 4 മുതല്‍ 6.30 വരെയും എന്ന രീതിയിലാണ്. അതായത് 12 മണിക്കൂര്‍ ഇടവിട്ട് ആ നില കേരളത്തിലും നടപ്പാക്കണം. ഇതുമൂലം ഉണ്ടാവുന്ന മാറ്റങ്ങള്‍ താഴെ വിവരിക്കുന്നു. നിലവില്‍ കേരളത്തില്‍. 8 മണിക്കൂറാണ് രാവിലത്തെ കറവയും, ഉച്ചയിലെ കറവയും തമ്മിലുള്ള സമയവ്യത്യാസം.

dairy-farm

a. നിലവില്‍ കേരളത്തിലെ 90% ക്ഷീരസംഘങ്ങളില്‍നിന്നും രാവിലെ 7.30നുള്ളില്‍ മില്‍മയുടെ പാല്‍ വണ്ടികള്‍ എത്തി രാവിലെത്തെ പാല്‍ മില്‍മയുടെ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് കറക്കുന്ന പാല്‍ ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മയുടെ വാഹനം 1.30നും 3.30നും ഇടയില്‍ മില്‍മയുടെ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഈ രണ്ടു കറവയും തമ്മിലുള്ള സമയം 8 മണിക്കാറാണ്. എന്നാല്‍ അടുത്ത ദിവസത്തെ രാവിലത്തെ കറവ 16 മണിക്കൂറിന് ശേഷമാണ് വരുന്നത്. ഈ പ്രവര്‍ത്തിമൂലം കര്‍ഷകന് രാവിലത്തെ കറവയ്ക്ക് ലഭിക്കുന്ന പാലിന്റെ 50% മാത്രമെ ഉച്ചയിലെ കറവയ്ക്ക് ലഭിക്കുകയുള്ളൂ.  ഉദാഹരണത്തിന് ആകെ പ്രതിദിനം 15 ലീറ്റര്‍ പാല്‍ തരുന്ന പശുവിന് (peak yield ല്‍) രാവിലെ 10 ലീറ്ററും, ഉച്ചയ്ക്ക് 5 ലീറ്ററും ആണ് ലഭിക്കുക. രാവിലത്തെ പാലിലെ കൊഴുപ്പ് 3.5% ആണെങ്കില്‍ ഉച്ചയ്ക്ക് കറക്കുന്ന പാലിന് 4% കൊഴുപ്പ്  കിട്ടാം. Average  7.5% / 2 = 3.75% കൊഴുപ്പ്.  എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രകാരം കറവ സമയത്തിന് തുല്യത വന്നാല്‍ ഏകദേശം രാവിലെ 9 ലീറ്ററും ഉച്ചയ്ക്ക് 8 ലീറ്ററും പാല്‍ ലഭിക്കും. 9+8=17 ലീറ്റര്‍ അതായാല്‍ ആകെ 2 ലീറ്റര്‍ പാലിന്റെ പ്രതിദിനവര്‍ധന. രാവിലെ 4% ഉച്ചയ്ക്ക്  4.5 % കൊഴുപ്പ് ലഭിക്കും. അപ്പോള്‍ ആകെ 8.5 % / 2 = 4.25 % ശരാശരി കിട്ടുമ്പോള്‍ കര്‍ഷകന് പാല്‍വിലയില്‍ കൂടുതലായി 2 ലീറ്റര്‍ പാലിന്റെ വിലയായ ഏകദേശം 84 രൂപയും, അധിക കൊഴുപ്പായി കിട്ടുന്ന വില ഇതിനുപുറമെയും ലഭിക്കും. ഏകദേശം ഒരു പശുവില്‍ നിന്നും 84 രൂപയോളം പ്രതിദിനം ലഭിക്കും. മില്‍മയ്ക്ക് കൂടുതല്‍ ഗുണമേന്മയുള്ള പാലും, പാല്‍ അളവില്‍ കൂടുതലും ലഭിക്കും. കര്‍ഷകന് ഒരു മാസത്തില്‍ ശരാശരി 2520 രൂപ കൂടുതലായി ലഭിക്കും. കൂടാതെ പശുക്കള്‍ക്ക് ഒരു വലിയ പരിധി വരെ സമ്മര്‍ദത്തില്‍നിന്നും ഒഴിവാകുകയും, പശു ഒരു സുഖകരമായ അവസ്ഥയില്‍ എത്തുകയും ചെയ്യും. കൂടാതെ അകിടുവീക്കം എന്ന മാരകമായ അസുഖത്തില്‍ നിന്നും 50%  മോചിതയാവുകയും ചെയ്യും.

b. കറവസമയം ഏകോപിപ്പിച്ച് കഴിഞ്ഞാല്‍ 4ഉം 5ഉം പശുക്കളെ മാത്രം വളര്‍ത്തുന്നവര്‍ക്ക് മറ്റുജോലികള്‍ക്ക് കൂടി പോയി കുടുംബത്തിന്റെ  വരുമാനമാര്‍ഗ്ഗം ഉയര്‍ത്താം. രാവിലെ കറവ കഴിഞ്ഞ് ജോലികള്‍ക്ക് പോകുന്ന വഴി പാല്‍ ക്ഷീരസംഘത്തില്‍ അളന്ന്, ജോലി കഴിഞ്ഞ് 5ന് മടങ്ങിയെത്തിയശേഷം ഉച്ച കറവയ്ക്കുശേഷം പാല്‍ വൈകീട്ട് 6.30 നുള്ളില്‍ സൊസൈറ്റിയില്‍ എത്തിക്കാന്‍ സാധിക്കും. 5 പശുക്കളെ മാത്രം വളര്‍ത്തി ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുടുംബത്തിനു വേണ്ട വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കില്ല. ഇപ്പോഴത്തെ ഉച്ചയ്ക്കുള്ള പാല്‍സംഭരണം 3 മണിയായതുകൊണ്ട് കര്‍ഷകന് മറ്റു ജോലികളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പലരും ഈ മേഖല വിട്ട് പോകുന്നുണ്ട്. 

c. മില്‍മയിലെ ചില്ലിങ് പ്ലാന്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യത്തിനു വേണ്ടിയും, പ്ലാന്റിലെ ജോലിക്കാര്‍ക്ക് 5നു പണികള്‍ തീര്‍ത്ത് വീട്ടിലേക്ക് പോകേണ്ടതുകൊണ്ടാണ് ഈ ക്രൂരത ക്ഷീരകര്‍ഷകരോടും, മിണ്ടാപ്രാണികളായ പശുക്കളോടും മില്‍മ കാണിക്കുന്നത്. പലപ്പോഴും മില്‍മ ക്ഷീരകര്‍ഷകരുടെ സംഭാവനകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ ക്ഷീരകര്‍ഷകരാണ് മില്‍മയേയും അതിലെ തൊഴിലാളികളെയും മില്‍മ മാനേജ്‌മെന്റിനെയും ജോലിയും കൂലിയും നല്‍കി സംരക്ഷിക്കുന്നത്. അല്ലാതെ മില്‍മയല്ല കര്‍ഷകരെ സംരക്ഷിക്കുന്നത്.

d. ഇന്ന് കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒരു തൊഴിലാളി പോലും ഡെയറി മേഖലയിലേക്ക് ജോലിക്കു വരുന്നില്ല. ഇതിനു മുഖ്യ കാരണം മില്‍മയുടെ പിടിവാശി മൂലം കറവസമയം ഏകീകരിച്ച് തരാത്തതുകൊണ്ടാണ്. 20 പശുക്കളെ വളര്‍ത്തുന്ന ഒരു ക്ഷീരകര്‍ഷകര്‍ രാവിലെ 6.30നോ 7.30നോ പാല്‍ ക്ഷീരസംഘങ്ങളില്‍ എത്തിക്കേണ്ടതുകൊണ്ട് പുലര്‍ച്ചെ 4നെങ്കിലും ഉണര്‍ന്ന് തൊഴുത്തിലെ ചാണകം മാറ്റി, പശുക്കളെ കുളിപ്പിച്ച് തൊഴുത്തു കഴുകി വരുമ്പോള്‍ തന്നെ രാവിലെ 6 ആകും. പിന്നെ പാല്‍ കറന്ന് സംഘത്തില്‍ എത്തിക്കുന്നതിനും പി.ടി.ഉഷയേക്കാള്‍ വേഗത്തില്‍ പാലുമായി ഒരു ഓട്ടമത്സരമാണ്. പാല്‍ കറന്നയുടനെ പാലിന്റെ ഊഷ്മാവ് 101.6 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ്. അതായത് 38.6 ഡിഗ്രി സെല്‍ഷ്യസ്. അങ്ങനെ 38.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പാല്‍ 29 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധാരണ ഒരു മണിക്കൂറിലധികം സമയം തണുക്കാനായി മാറ്റിവയ്ക്കണം. എങ്കില്‍ മാത്രമേ ക്ഷീരകര്‍ഷകന് പാലിന് കൃത്യമായ വില ലഭിക്കൂ. 25ഉം, 40ഉം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകന്‍ രാവിലെ 2 മണിക്ക് പ്രഭാതത്തില്‍ ഉണര്‍ന്നേഴുന്നേറ്റു ജോലി തുടങ്ങേണ്ടി വരുന്നു. വര്‍ഷത്തില്‍ 365 ദിവസവുമുള്ള ഈ പ്രക്രിയ തൊഴിലാളികളെ ഈ തൊഴില്‍ ചെയ്യുന്നതില്‍നിന്നും സ്ഥിരമായി മാറി നില്‍ക്കാനും, രാവിലെ 8നു തുടങ്ങുന്ന ജോലിയില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

dairy-farm-cattle-cow

e. ഈ പാല്‍സംഭരണ രീതിയില്‍ ഉണ്ടാകുന്ന സാഹചര്യം മൂലം പുതിയ സംരംഭകര്‍ ഈ മേഖലയിലേക്ക് വരുന്നില്ല. വൈറ്റ് കോളര്‍ ജോലി തിരഞ്ഞെടുക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

f. ഈ കറവസമയത്തെ അശാസ്ത്രീയത കാരണം ഒരു ക്ഷീരകര്‍ഷകന് കുടുംബത്തില്‍ നടക്കുന്ന ഒരു വിവാഹത്തിനോ, മരണാനന്തര ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അവന്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ക്ഷീരവികസന വകുപ്പ് മുതലായവ കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന ഒരു ഓഫ് ലൈന്‍ ക്ലാസിനും പങ്കെടുക്കുവാന്‍ സാധിക്കുന്നില്ല. ക്ഷീരകര്‍ഷകന്‍ എന്നും കിണറിലെ തവള പോലെയാണ്.

g. ഒരു ക്ഷീരകര്‍ഷകന്റെ കുടുംബത്തിലെ ആണ്‍കുട്ടിക്ക് ജീവിതപങ്കാളിയെ കിട്ടാന്‍വരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഒരു ക്ഷീരകര്‍ഷകന്റെയും മകന്‍ ഈ മേഖലയിലേക്കു കടന്നുവരില്ല. കുറെ പ്രവാസികള്‍ കോവിഡ് കാലഘട്ടത്തില്‍ ഈ മേഖലയിലേക്കു പുതുതായി എത്തിയിരുന്നു.  എന്നാല്‍ അവരില്‍ 80% ആളുകളും ഈ മേഖല വിട്ടു.

h. ഞാന്‍ കൊടകര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ക്ഷീര കര്‍ഷകനാണ്. ഈ ബ്ലോക്ക് പഞ്ചായത്തില്‍ പ്രതിദിനം ശേഖരിക്കുന്നത് 8000 ലീറ്റര്‍ പാലാണ്. ഇതില്‍ കനകമലയിലുള്ള ക്ഷീര സംഘത്തിലും അവിട്ടപ്പിള്ളിയിലുള്ള ക്ഷീരസംഘത്തിലും കൂടി  4000 ലിറ്റര്‍ കപ്പാസിറ്റിയുള്ള BMCയാണ് നിലവിലുള്ളത്. 2018നുശേഷം അവിട്ടപ്പിള്ളിയില്‍ മാത്രമാണ് 3000 ലീറ്റര്‍ BMC സ്ഥാപിച്ചത്.  അതായത് ഇന്ന് കൊടകര ബ്ലോക്കില്‍ അളക്കുന്ന 8000 ലീറ്റര്‍ പാലില്‍  4000 ലീറ്റര്‍ BMC ഇല്ലാത്തതുകൊണ്ട് ശീതീകരിക്കാന്‍ സാധിക്കുന്നില്ല. ഇതു തന്നെയാണ് കേരളത്തിലെ മുഴുവന്‍ മിക്ക ബ്ലോക്ക് പഞ്ചായത്തിലെയും അവസ്ഥ. അവിട്ടപ്പിള്ളിക്ക് പുതുക്കാട് നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് 26 മിനിറ്റ് യാത്ര ചെയ്താല്‍ മാത്രമെ അവിടെ എത്തിപ്പെടാന്‍ സാധിക്കൂ. കനകമലയിലേക്ക് പുതുക്കാടുനിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട്. 27 മിനിറ്റ് യാത്രയും. കൊടകര  ബ്ലോക്കില്‍ നിന്നും സംഭരിക്കുന്ന പാല്‍ മില്‍മ ചില്ലിങ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന മുരിങ്ങൂരിലേക്കാണ് എത്തിക്കേണ്ടത്. പുതുക്കാട് നിന്നും പ്ലാന്റിലേക്കുള്ള ദൂരം 19 കിലോമീറ്ററും യാത്രാനേരം 22 മിനിറ്റും ആണ്, ദേശീയപാത 544 വഴി. മില്‍മ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്, പാഴായി സംഘത്തില്‍ അളക്കുന്ന 300 ലീറ്റര്‍, പുതുക്കാട് ക്ഷീരസംഘത്തില്‍ അളക്കുന്ന 700ലീറ്റര്‍ , കൊടകര സംഘത്തില്‍ അളക്കുന്ന 700 ലീറ്റര്‍ പാലും ചേര്‍ത്ത് വരുന്ന 1700 ലീറ്റര്‍ കൊടകര സംഘത്തില്‍ ഒരു 2000 ലീറ്റര്‍ BMC നല്‍കി ഈ മൂന്ന് സംഘങ്ങളെയും ഏകോപിപ്പിച്ച് നിറുത്തേണ്ടതാണ്. 

dairy-farm

കറവസമയത്തിന്റെ ദൈര്‍ഘ്യം തുല്യമാക്കുമ്പോള്‍ മില്‍മയ്ക്ക് ഉണ്ടാവുന്ന നേട്ടങ്ങളെ പറ്റി പറയാം.

A. മൂന്നോ നാലോ ക്ഷീരസംഘങ്ങള്‍ക്ക് കൂടി ഒരു BMC നല്‍കണം. അതുപോലെ തന്നെ ഓരോ സംഘങ്ങള്‍ നല്‍കുന്ന പാലിന്റെ CLR ഉം, Fat ഉം കൃത്യമായി രേഖപ്പെടുത്തിയ ശേഷം മാത്രമേ BMCയില്‍ ഒഴിക്കാന്‍ പാടുള്ളൂ. മില്‍മയുടെ ഇന്‍സുലേറ്റഡ് വാഹനങ്ങളില്‍ പാല്‍ കയറ്റുന്നതിനു മുമ്പ് ഒറ്റ റീഡിങ് പ്രകാരം ക്ഷീരസംഘങ്ങള്‍ക്ക് വില നിശ്ചയിച്ചു നല്‍കുന്ന രീതി തീര്‍ത്തും തെറ്റാണ്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ ക്വാളിറ്റി ഉള്ള പാല്‍ സംഭരിച്ച് നല്‍കുന്ന സംഘത്തിന് വിലയില്‍ കുറവ് വരികയും, ക്വാളിറ്റി കുറഞ്ഞ പാല്‍ നല്‍കുന്ന സംഘത്തിന്  കൂടുതല്‍ വില ലഭിക്കുകയും ചെയ്യും. ഈ രീതിയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് പാല്‍ സംഭരിക്കുമ്പോള്‍ തന്നെ പാലിന്റെ CLR ഉം, Fat ഉം, SNF ഉം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നത്. 

B. മില്‍മ BMCയില്‍ നിന്നും പാല്‍ ശേഖരിക്കുമ്പോള്‍ പാലിന്റെ താപനില 4 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മില്‍മയുടെ കളക്ഷന്‍ വണ്ടിയില്‍ മില്‍മ ചില്ലിങ്ങ് പ്ലാന്റില്‍ എത്തിക്കുന്ന പാലിന്റെ താപനില ഏറ്റവും കൂടിയാല്‍ 6-8 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അങ്ങനെ പ്ലാന്റില്‍ എത്തുന്ന പാലിനെ വീണ്ടും ശീതികരിക്കേണ്ടി വരാറില്ല. ഇനി വീണ്ടും ശീതികരിച്ചാല്‍ തന്നെ ഒരു മണിക്കൂറില്‍ പാല്‍ തണുപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാം. അപ്പോള്‍  ഏകദേശം 80% സമയലാഭം ഈ പ്രക്രിയകൊണ്ട് മില്‍മയ്ക്ക് ലഭിക്കുന്നു. മില്‍മയുടെ  ഇലക്ട്രിസിറ്റി ബില്ലിലും 80% കുറവ് വരുന്നു. തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന സമയത്തിനും മിച്ചം വരുന്നു. ഈ മിച്ചം വരുന്ന സമയം കൊണ്ട് മില്‍മയ്ക്ക് തൊഴിലാകളെ മറ്റ് ജോലികളില്‍ ഏര്‍പ്പെടുത്താം ഇതുമൂലം മില്‍മയ്ക്ക് വലിയൊരു ലാഭം കിട്ടുന്നുണ്ട്. കൂടാതെ മില്‍മയ്ക്ക് ക്വാളിറ്റി കൂടുതലുള്ള ബാക്ടീരിയ കുറഞ്ഞ പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും.

C. നിലവില്‍ ഒരു ദിവസം രണ്ടു തവണയാണ് (രാവിലത്തെ പാലും വൈകീട്ടത്തെ പാലും) ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്നത്. BMCകള്‍ ക്ഷീരസംഘങ്ങള്‍ക്ക് കൃത്യമായ അനുപാതത്തില്‍ നല്‍കിയാല്‍ പ്രതിദിനം മില്‍മ ഒറ്റത്തവണ മാത്രമെ പാല്‍ സംഘങ്ങളില്‍ നിന്നും പാല്‍ സ്വീകരിച്ചാല്‍ മതിയാകും. 50% ലാഭമാണ് മില്‍മയ്ക്കു ഇതുമൂലം ഉണ്ടാകുന്നത്. 3:1 അല്ലെങ്കില്‍ 4:1 അനുപാതത്തില്‍ ക്ഷീര സംഘങ്ങളുടെ പാല്‍ ശേഖരണ അളവ് പ്രകാരം BMCകള്‍ നല്‍കിയാല്‍ മതി.

D. മില്‍മയിലെ മാനേജ്‌മെന്റിനെയും തൊഴിലാളികളെയും മാത്രം സംരക്ഷിക്കാനായി കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുത്. ക്ഷീരകര്‍ഷകന്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ഷീരസംഘങ്ങളും, മില്‍മയും നിലനില്‍ക്കൂ എന്ന് മില്‍മ മാനേജ്‌മെന്റ് അവരുടെ മനസ്സില്‍ അടിവരയിട്ട് ഓര്‍മയില്‍ സൂക്ഷിക്കുകയും കര്‍ഷകരെ എന്നും ചേര്‍ത്തുനിര്‍ത്താന്‍ മില്‍മ ആത്മാര്‍ഥമായി ശ്രമിക്കുകയും വേണമെന്ന് ഓര്‍മപ്പെടുത്തുന്നു. മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ ഉണ്ടെങ്കില്‍ മാത്രമേ, മൃഗസംരക്ഷണ വകുപ്പും കേരള വെറ്റിനറി ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയും ക്ഷീരവികസന വകുപ്പും ഉണ്ടാവൂ എന്നത് സത്യമാണ്.

puramattom-dairy-farm-2

2019ല്‍ മന്ത്രിസഭ പാസാക്കിയ 20 പശുക്കള്‍ വരെ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല എന്ന നിയമം എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തണം. 2019ല്‍ പാസാക്കിയ ഒരു നിയമം 2023 ആയിട്ടും നടപ്പാക്കാതിരിക്കുന്നത് ഏത് അവസ്ഥയിലും ന്യായീകരിക്കാന്‍ പറ്റുന്ന ഒന്നല്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ ക്ഷീരവകുക്കു മന്ത്രി നോക്കേണ്ടതാണ്. ന്യായമായ നിബന്ധനകള്‍ അത്യാവശ്യം ആണെന്നും അതു കര്‍ഷകര്‍ പാലിക്കണം എന്നുള്ള വ്യവസ്ഥ സ്വാഗതം ചെയ്യുന്നു.

മില്‍മ തന്നെ 2019ല്‍ ഏര്‍പ്പാടാക്കിയ നാലംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതുവരെ നടപ്പാക്കാതിരുന്നത് ദൂരൂഹവും, കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയുമാണ്. എത്രയും പെട്ടെന്ന് അത് പ്രാബല്യത്തില്‍ വരുത്തണം. (Enclosed Copy)

പാല്‍ വില എല്ലാ വര്‍ഷവും അവലോകനം ചെയ്ത് പുനഃപരിശോധിച്ച് പുതുക്കണം ചെയ്യണം. കഴിഞ്ഞ മൂന്ന് വര്‍ഷം പാല്‍വില കൂട്ടിത്തരാതെ ഈ ഡെയറി മേഖലയെ തളര്‍ത്തിയതും ആയിരകണക്കിന് കര്‍ഷകര്‍ ഈ മേഖല വിട്ടുപോകാന്‍ ഇടയാക്കിയതും മില്‍മ മാനേജ്‌മെന്റിന്റെയും ക്ഷീരവികസവകുപ്പിന്റെയും പിടിവാശി ഒന്നു കൊണ്ട് മാത്രമാണ്. കാലിത്തീറ്റ വില അടിക്കടി കൂട്ടൂന്നതില്‍ നിയന്ത്രണം വരുത്തുകയും വില കൂട്ടാതെ നിവര്‍ത്തിയില്ലാത്ത സാഹചര്യം വന്നാല്‍ അതിന് അനുപാതികമായി പാല്‍ വിലയും കൂട്ടുകയും വേണം.

പാല്‍ ഉല്‍പാദനത്തിന്റെ അളവ് കൂടണമെങ്കില്‍ മികച്ച പാലുല്‍പാദനമുള്ള കുട്ടികളെ തരാന്‍ കെല്‍പ്പുള്ള മുന്തിയ ഇനം കാളകളുടെ ബീജം മാത്രം കേരളത്തിലെ പശുക്കള്‍ക്കായി ഉല്‍പ്പാദിപ്പിക്കുകയും എല്ലാ വെറ്ററിനറി ഡിസ്‌പെന്‍സറികളിലും യഥേഷ്ടം ലഭ്യത വരുത്തുകയും വേണം. 25 ലീറ്റര്‍ പാല്‍ ഇളംകറവക്കാലത്ത് ലഭിക്കുന്ന പശുക്കുട്ടികളെ ഉല്‍പ്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഉയര്‍ന്ന പാലുല്‍പാദനമുള്ള  പശുക്കളെ കര്‍ഷകന് ലഭിക്കാനുള്ള സ്‌കീം നടപ്പില്‍ വരുത്തണം. അങ്ങനെ വരുമ്പോള്‍ ഒരു ദിവസത്തെ ശരാശരി പാല്‍ ഉല്‍പാദനം 15 ലീറ്ററാക്കി ഉയര്‍ത്താം. നിലവില്‍ അത് 8 മുതല്‍ 10 ലീറ്ററാണ്. ഒരു കറവക്കാലത്ത് 300 ദിവസം കൊണ്ട് 4500 ലീറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമെ ഈ ഡെയറി മേഖല ശാശ്വതമായി നിലനില്‍ക്കൂ.

ഡെയറി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ 10 വര്‍ഷമായി വിവിധ സര്‍ക്കാരുകള്‍ രാഷ്ട്രീയ മയക്കുവെടിവച്ച് മയക്കി നിര്‍ത്തിയിരിക്കുകയാണ്. ആരോഗ്യ വകുപ്പിന് നിലവില്‍ മനുഷ്യര്‍ കഴിക്കുന്ന ആഹാരപദാര്‍ഥത്തിന്റെ ഗുണനിലവാരം നോക്കി നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ഈ ഡെയറി മേഖലയിലേക്ക് കൂടി കൈയിട്ടുവാരാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്, അനീതിയാണ്. ഈ നിലമാറണം. പാലിന്റെ ഗുണനിലവാരം പരിശോധിക്കാനും, വേണ്ട ശിക്ഷാനടപടികള്‍ കുറ്റക്കാര്‍ക്കെതിരെ നടപ്പാക്കാനുമുള്ള അധികാരം ഡെയറി ഡിപ്പാര്‍ട്ട്‌മെന്റിന് സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കാതെ തിരിച്ചു നല്‍കേണ്ടതാണ്. ഡെയറി ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിനേയും, മൃഗസംരക്ഷണ വകുപ്പിനെയും കര്‍ഷകരെയും ഒരേ പ്ലാറ്റ് ഫോമില്‍ ചേര്‍ത്ത് നിര്‍ത്താന്‍ ക്ഷീരവികസന വകുപ്പ് ആത്മാര്‍ഥമായി മുന്‍കൈയെടുക്കണം.

ഡെയറി മേഖലയില്‍ ഒരു വര്‍ഷത്തില്‍ നാലു ലക്ഷം പശുക്കള്‍ പ്രസവിക്കുന്നുണ്ട് എന്നാണ് കണക്ക്. അതില്‍ 50 ശതമാനത്തോളം മൂരിക്കുട്ടികളാണ്. അങ്ങിനെ ജനിക്കുന്ന മൂരിക്കുട്ടിയെ 6 മാസത്തിനു ശേഷം ഇറച്ചിക്കായി വില്‍ക്കുമ്പോള്‍ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ അത് വാങ്ങണമെന്നു പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കിയിട്ടില്ല. സമഗ്ര ക്ഷീര കര്‍ഷകസംഘം ഈ ആവശ്യം ശ്രദ്ധയില്‍പെടുത്തിയിട്ടും MPI  മൗനം പാലിച്ച്, കണ്ണടച്ച് ഇരിക്കുന്ന ഒരു നയമാണ് സ്വീകരിക്കുന്നത്. ഇതുമൂലം ലോക്കല്‍ കച്ചവടക്കാര്‍ക്ക് താഴ്ന്ന വിലയ്ക്ക് കര്‍ഷകന്‍ വില്‍ക്കേണ്ടതായി വരുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലകള്‍ തോറും animal Disease control project ADCPയെ upgrade ചെയ്യേണ്ടത് അത്യാവശ്യമാണ്. തൃശ്ശൂര്‍ ജില്ലയിലുള്ള ഒരു ക്ഷീരകര്‍ഷകന്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ADCP യില്‍ നിന്നും വളരെ നല്ല സേവനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് പറയാതിരിക്കാന്‍ പറ്റില്ല. പല പ്രൈവറ്റ് ലബോറട്ടറികളും  400ഉം 500ഉം രൂപ ഫീസ് അടയ്ക്കുമ്പോള്‍ ADCP സൗജന്യമായാണ് പല പരിശോധനകള്‍ നടത്തി തരുന്നത്. എന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധനയ്ക്ക് കൊണ്ടുകൊടുക്കുമ്പോള്‍, പ്രത്യേകിച്ച്  (blood Smear test ന്) അതിന്റെ റിസള്‍ട്ട് കര്‍ഷകന് ലഭിക്കുന്നില്ല. റിസള്‍ട്ട് നേരിട്ട് ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുയാണ് പതിവ്. ക്ഷീരകര്‍ഷകന്‍ ഓമനിച്ചു വളര്‍ത്തുന്ന പശുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് കാണുകയെന്നുള്ളത് കര്‍ഷകന്റെ അവകാശമാണ് അങ്ങിനെ കര്‍ഷകന് റിസള്‍ട്ട് അയച്ച് കൊടുക്കേണ്ടി വരുമ്പോള്‍ ADCPക്ക് ഒരു ഫീസ് ഈടാക്കാവുന്നതാണ്. അങ്ങനെ ഒരു നടപടിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കമാന്‍ മൃഗസംരക്ഷണ വകുപ്പ് തയാറാകണം. തൈലേറിയ, അനാപ്ലാസ്മ തുടങ്ങിയ പ്രോട്ടോസോവന്‍ രോഗങ്ങള്‍ ഇന്ന് കേരളത്തിലെ 90% പശുക്കളിലും നിലവിലുണ്ട്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതായിട്ടുള്ള  വിവിധതരം വാക്‌സീന്‍ ADCP വഴി ലഭ്യമാക്കാനും, സ്റ്റോക്ക് നിലനിര്‍ത്തി പോകാനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തു തരേണ്ടതാണ്.  അസുഖങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പുതന്നെ വാക്‌സീന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. ഈ വര്‍ഷം Lumpy Skin Disease(LSD) Vaccine കൃത്യസമയത്ത് ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ജില്ലയില്‍ പല സ്ഥലത്തും ചര്‍മമുഴ രോഗം വ്യാപകമാണ്. 

KLDBയുടെ ബ്രീഡിങ് പാറ്റേണ്‍ മൂലമാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ തേടി അന്യസംസ്ഥാനത്ത് പോകേണ്ടിവരുന്നതും പല രോഗങ്ങളും കേരളത്തിലേക്ക് സൗജന്യമായി കൊണ്ടുവരുന്നതും. കിടാരി പാര്‍ക്കുകള്‍ തുടങ്ങിയാല്‍ അഞ്ചു വര്‍ഷത്തിനകം നല്ല ജനുസില്‍പ്പെട്ട പശുക്കളുടെ കാര്യത്തില്‍ നമുക്ക് സ്വയം പര്യാപ്തത നേടാം.

കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എല്ലാ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ആറു മാസത്തില്‍ ഒരിക്കല്‍ ഒരു Fresh up or updated classകളില്‍ പങ്കെടുക്കാനുള്ള നടപടിക്രമം ക്ഷീരവികസവകുപ്പ് നിര്‍ബന്ധമാക്കണം. മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ ആരേയും വേദനിപ്പിക്കാനോ, ആര്‍ക്കുനേരെയും വിരല്‍ചൂണ്ടാനോ അല്ല. 32 വര്‍ഷമായി ഡെയറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരകര്‍ഷകന്റെ സങ്കടങ്ങളും, പരാതികളും അപേക്ഷകളുമാണ് ഈ മേഖല ഇത്രയും പരിതാപകരമായത് പല കാരണങ്ങള്‍ മൂലമാണ് പ്രത്യേകിച്ച് പല കമ്മിറ്റികളില്‍ നിന്നും യഥാര്‍ഥ കര്‍ഷകനെ മാറ്റി നിര്‍ത്തി, പകരം രാഷ്ട്രീയക്കാരെ മാത്രം തിരുകി കയറ്റിയതുകൊണ്ടാണ്. ഇതില്‍ കേരള സംസ്ഥാനം ഇന്നേ വരെ ഭരിച്ചിരുന്ന എല്ലാ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഈ മേഖലയില്‍ രാഷ്ട്രീയം കലര്‍ത്താതെ നോക്കിയാല്‍ ലൈവ്‌സ്റ്റോക്ക് മേഖല ഉന്നതിയിലേക്ക് എത്തും. 

പലതവണ വര്‍ഷങ്ങളായി പല മന്ത്രിമാരുടെയും മുന്‍പില്‍ കേണപേക്ഷിച്ച് മനംനൊന്ത് ഞാന്‍ ഉള്‍പെടുന്ന സമഗ്രക്ഷീരകര്‍ഷസംഘം മുഖേനയും, വ്യക്തിപരമായും, പരാതികള്‍, നിവേദനങ്ങള്‍ നല്‍കിയിട്ടും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായിരുന്നു ഫലം. നിവര്‍ത്തിയില്ലാതെ ഗത്യന്തരം ഇല്ലാതെ 2022ല്‍ ഞങ്ങള്‍ ഇതെല്ലാം ചൂണ്ടികാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. 

കേരളത്തില്‍ ക്ഷീരസംഘങ്ങളില്‍ 2.23 ലക്ഷം ക്ഷീരകര്‍ഷകര്‍ ദിനവും പാല്‍ അളക്കുന്നു. ആകെ 8 ലക്ഷം ക്ഷീരകര്‍ഷകരാണ് ഉള്ളത്. ദിനവും 20 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത് അതായത് ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 15 മുതല്‍ 20 ശതമാനം പാല്‍. ബാക്കി 60 ലക്ഷം ലീറ്റര്‍ പാല്‍ PDDP, ജനത പോലുള്ള ഏജന്‍സികള്‍ ശേഖരിക്കുകയും ചെയ്യുന്നു. മില്‍മയുടെയും സര്‍ക്കാരുകളുടെയും ഉത്തരവാദിത്തല്ലായ്മയും, കര്‍ഷകരെ അവഗണിക്കലും മൂലമാണ്  ഇത് സംഭവിച്ചത്. 8 ലക്ഷത്തോളം കര്‍ഷകരെ കൂടെ നിറുത്തേണ്ട   ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. അതായത് മിനിമം 20 ലക്ഷം വോട്ടുകള്‍ കേരളത്തിലെ ക്ഷീരകര്‍ഷക കുടുംബങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു, കേരളത്തില്‍  ഇന്ന് ആറില്‍പരം ക്ഷീരസംഘടനകളുണ്ട്.

മില്‍മ അന്യസംസ്ഥാനങ്ങളില്‍നിന്നും ഒരു തുള്ളി പാല്‍ പോലും കൊണ്ടുവരാന്‍ പാടില്ലാത്തതാണ്. അത് ഈ നാട്ടിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. കുറച്ച് പണലാഭത്തിനുവേണ്ടി ചെയ്യുന്ന വില താഴ്ന്ന പരിപാടിയാണ്. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പാലില്‍ 90 ശതമാനത്തില്‍ സംരക്ഷകങ്ങള്‍ ചേര്‍ത്തിട്ടാണ് വരുന്നത് എന്നുള്ളത് 100 ശതമാനം സത്യമാണ്. കഴിഞ്ഞ ആഴ്ച നടന്ന മായം ചേര്‍ക്കലും അതില്‍പെട്ടതാണ്. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ രാവിലെ 2 മണിക്ക് എഴുന്നേറ്റ് ചാണകത്തിലും, മൂത്രത്തിലും കുളിച്ച് കൊതുകുകടി കൊണ്ട് ക്ഷീരസംഘങ്ങളില്‍ എത്തിക്കുന്ന ശുദ്ധമായ പാലാണ് മില്‍മ ജനങ്ങളില്‍ എത്തിക്കേണ്ടത്. അന്യസംസ്ഥാന പാല്‍ കൊണ്ടുവന്ന് മില്‍മ അതില്‍ മായം ചേര്‍ക്കുകയാണ്. ഇത് മാനേജ്‌മെന്റിന്റെ ഒരു വഴിവിട്ട ഏര്‍പ്പാടും സ്വാര്‍ഥ താല്‍പര്യവുമാണ്. അതുകൊണ്ട് അന്യസംസ്ഥാനത്തുനിന്ന് പാല്‍ കൊണ്ടുവരാതെ കേരളത്തിലെ കര്‍ഷകരെ ചേര്‍ത്തു പിടിച്ച്  കര്‍ഷകരെ കൊണ്ട് അധികം പാല്‍ ഉല്‍പാദിപ്പിച്ച് എടുക്കുകയാണ് വേണ്ടത്. കേരളത്തില കൊച്ചുമക്കള്‍ക്കും, പ്രായമായവര്‍ക്കു വേണ്ടി നമ്മള്‍ കൊടുക്കുന്ന പാല്‍ വിഷാംശം ഇല്ലാത്തതും, സംരക്ഷണോപാധികള്‍ ചേര്‍ക്കാത്തതും ആയിരിക്കണം. ഇത് ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ആണ്. മില്‍മയുടെ പാലില്‍ മില്‍മ അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന പാല്‍ ചേര്‍ത്ത് മലിനപ്പെടുത്തുന്നത്‌കൊണ്ടാണ് കേരള ഹൈക്കോടതി മില്‍മയുടെ കേരളം കണികണ്ട് ഉണരുന്ന നന്മ എന്ന വാചകം പരസ്യത്തില്‍നിന്നും എടുത്ത് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.

വിലാസം: സി.എന്‍.ദില്‍കുമാര്‍, ആശീര്‍വാദ് ഫാം, പാഴായി- പുതുക്കാട്. ഫോണ്‍: 9495095011

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS