വിത്തുബാങ്കിന് കാവലായി; ഒറ്റയാൾ നെൽവിപ്ലവം; രാമേട്ടൻ എന്ന നെല്ലച്ഛനു പത്മശ്രീ

HIGHLIGHTS
  • അംഗീകാരങ്ങളുടെ നിറവ്, ഇപ്പോൾ പത്മ തിളക്കവും
  • കൃഷിയുണ്ടെങ്കിൽ ആർക്കും വിത്തുകൾ നൽകും
cheruvayal-raman-4
ചെറുവയൽ രാമൻ നെല്ലറിവുകൾ അറിയാനെത്തിയ വിദ്യാർഥികളോട് സംസാരിക്കുന്നു
SHARE

കറുത്തൻ, വെളുമ്പാല, കരിമ്പാല, കുഞ്ഞുഞ്ഞി, ഓണച്ചണ്ണ, കുന്നുംകുളമ്പൻ തുടങ്ങി നമുക്കു പരിചയമില്ലാത്ത ഈ പേരുകൾ കേൾക്കുമ്പോൾ ഇവയെല്ലാം എന്താണെന്ന് ആരുടെ മനസ്സിലും സംശയം ഉയരും. പൈതൃകനെൽവിത്തുകളുടെ കാവൽക്കാരനായ ചെറുവയൽ രാമൻ എന്ന വയനാടൻ കർഷകൻ വംശനാശത്തിന് വിട്ടുനൽകാതെ പതിറ്റാണ്ടുകളായി ജൈവകൃഷി ചെയ്ത് കാത്തുസൂക്ഷിക്കുന്ന നെൽവിത്തുകളാണ് മേൽപറഞ്ഞവയെല്ലാം എന്നറിയുമ്പോൾ ആർക്കും കൗതുകമുണരും. വയൽനാടായ വയനാടിന്റെ പൈതൃകസമ്പത്തായ തനത് നെൽവിത്തിനങ്ങളെ കൈവിടാതെ കാത്തുസൂക്ഷിച്ച ഈ കരുതലാണ് വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ കൊയ്‌ലേരി കമ്മനമെന്ന ഗ്രാമത്തിലെ ചെറുവയൽ തറവാട്ടിലെ കുറിച്യകാരണവരായ തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമേട്ടനെ രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മശ്രീ പുരസ്കാരനിറവിലെത്തിച്ചത്. ചെന്താടിയും ചെമ്പകവും ചെന്നെല്ലും കോതാണ്ടനും കറുത്തനും വെളുമ്പാലനും കരിമ്പാലനും കുറുവയും കുറുമ്പാടിയും പാൽത്തൊണ്ടിയും ഗന്ധകശാലയും ജീരകശാലയും   പെരുവകയും  കുങ്കുമശാലിയും കുത്തിച്ചീരയും വെള്ളിമുത്തും  കനകവും ഓണമൊട്ടനും ഓക്കൻപുഞ്ചനുമടക്കം നമ്മുടെയൊന്നും ഓർമകളിൽ പോലുമില്ലാത്ത അൻപതിലധികം തനത് നെല്ലിനങ്ങൾ തന്റെ പാടത്ത്  ജൈവരീതിയിൽ കൃഷി ചെയ്ത് പതിറ്റാണ്ടുകളായി അദ്ദേഹം കാത്തുസൂക്ഷിച്ചു പോരുന്നു. വിത്തുബാങ്കിന് കാവലാകാൻ വെയിലും വിയർപ്പും മഴയും മഞ്ഞും മറ്റു പ്രതികൂലതകളൊന്നും വകവെയ്ക്കാതെ തന്റെ ആയുസ്സും ആരോഗ്യവും അർഥവും സമർപ്പിച്ച് ചെറുവയൽ രാമൻ വയനാടൻ മണ്ണിൽ നടത്തിയ, ഇപ്പോഴും തുടരുന്ന ഒറ്റയാൾ നെൽവിപ്ലവമാണ് പത്മശ്രീ പുരസ്‌കാരലബ്ധിയോടെ ആദരിക്കപ്പെടുന്നത്.

cheruvayal-raman

ഒറ്റയാൾ നെൽവിപ്ലവം; രാമേട്ടൻ എന്ന നെല്ലച്ഛൻ

പത്താം വയസ്സ് മുതൽ തുടങ്ങിയതാണ് ചെറുവയൽ രാമേട്ടന്റെ കൃഷിജീവിതം. മണ്ണിന്റെ ജീവൽ ഗന്ധമുള്ള ആ കാർഷികസപര്യ ഇപ്പോൾ എഴുപത്തിയൊന്നാം വയസ്സിലെത്തി നിൽക്കുമ്പോഴും തന്റെ കൃഷിയിടത്തിൽ രാമേട്ടൻ പൈതൃകനെൽവിത്തുകൾക്ക് കാവലായി കർമനിരതനാണ്. 1969ൽ അദ്ദേഹത്തിന് ഒരു സ്ഥിര ജോലി കിട്ടിയെങ്കിലും ജോലി സ്വീകരിക്കാൻ കുടുംബകാരണവരായ അമ്മാവന്റെ അനുമതി കിട്ടിയില്ല. കുറിച്യതറവാടും നാൽപ്പതിൽലധികം ഏക്കറുകൾ വരുന്ന സ്ഥലവും നോക്കി നടത്താനായിരുന്നു രാമേട്ടനിൽ ഏൽപ്പിക്കപ്പെട്ട നിയോഗം. 1989ൽ അമ്മാവൻ മരിച്ചതോടെ കൃഷി പൂർണമായി അദ്ദേഹത്തിന്റെ ചുമതലയായി. 2000 മുതലാണ് പലഭാഗങ്ങളിൽ നിന്ന് നെൽവിത്ത് ശേഖരണം ചെറുവയൽ രാമൻ തുടങ്ങിയത്. വിത്തിന്റെ നല്ല ഭാവിക്കായുള്ള ഒറ്റയാൾ പ്രവർത്തനമായിരുന്നു അത്. ഓരോ നാട്ടിലുമുള്ള നാടൻ  നെൽവിത്തുകൾ കൃഷി ചെയ്തിരുന്നവർ ഉപേക്ഷിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോഴായിരുന്നു ആ ഉദ്യമത്തിന്റെ തുടക്കം. വിത്ത് പോയാൽ തിരികെ കിട്ടില്ല എന്നതായിരുന്നു ചെറുവയൽ രാമേട്ടന്റെ നിലപാട്. ഇന്ന് അൻപതിലധികം അമൂല്യ നെൽവിത്തുകളുടെ ജനിതക ബാങ്കിന്റെ കാവൽക്കാരനാക്കി രാമേട്ടനെ മാറ്റിയതും ആ ഹരിതനിലപാട് തന്നെ.

cheruvayal-raman-1

വയനാടൻ നെല്ലിനങ്ങളെ വംശനാശത്തിനു വിട്ടുനൽകാതെ കാത്ത ഹരിതപരിശ്രമമാണ് നെല്ലച്ഛന്‍ എന്നു വിശേഷണത്തിനും ചെറുവയൽ രാമനെ അർഹനാക്കിയത്. വയനാടിന്റെ തനതിനങ്ങൾ അല്ലാത്ത വിത്തുകളും അദ്ദേഹം സംരക്ഷിക്കുന്നുണ്ട്. മൂപ്പ് കൂടിയതും കുറഞ്ഞതുമായ ഇനങ്ങൾ അവയിലുണ്ട്. അഞ്ച് മാസം, മൂന്ന് മാസം എന്നിങ്ങനെ പലതാണ് ഓരോ നെല്ലിനത്തിനും മുപ്പുകാലം. വയനാട്ടിൽ നെൽകൃഷി രണ്ടു തരമാണ്. ഒന്നാം കൃഷിയായ നഞ്ചയും രണ്ടാം കൃഷിയായ പുഞ്ചയും. ഈ കൃഷിരീതികൾക്കനുസരിച്ച് വിത്തിന്റെ മൂപ്പിനെ പരിഗണിച്ച് വിത്തിടലിനെ ക്രമീകരിക്കുന്നതാണ് രാമേട്ടന്റെ രീതി. ഓരോ നെല്ലിനത്തിന്റെയും വളർച്ചയെയും വിളവിനെയും പറ്റിയെല്ലാം പരമ്പരാഗത നെല്ലറിവുകളുടെ അഗാധഅനുഭവജ്ഞാനം രാമേട്ടനുണ്ട്. വെള്ളിമുത്ത്, കുറുമ്പാടി, വെളിയൻ, ചെന്നെല്ല,തൊണ്ടി, ചോമാല, കോതാണ്ടൻ, ഗന്ധകശാല, ജീരകശാല, തവളകണ്ണൻ, ഓണമൊട്ടൻ, തൊണ്ണൂറാം തൊണ്ടി, ഓക്കൻ പുഞ്ച തുടങ്ങിയവയെല്ലാം രാമേട്ടന്റെ കൃഷിയിടത്തിലുള്ള വയനാടിന്റെ നെൽ  ഇനങ്ങളിൽ ചിലതാണ്. പാകമാകാൻ 260ലധികം ദിവസം വേണ്ടിവരുന്ന നെല്ലിനങ്ങൾ വരെ രാമേട്ടന്റെ വയലിൽ കൃഷിചെയ്ത് സംരക്ഷിച്ച് പോരുന്നുണ്ട്. കൂടാതെ പാൽകയമ, കുഞ്ഞികയമ, രക്തശാലി തുടങ്ങിയ ഇനങ്ങൾ വിവിധയിടങ്ങളിൽ ശേഖരിച്ച് സംരക്ഷിക്കുന്നുണ്ട്. സ്വന്തമായി നെൽകൃഷിയുള്ളവർക്ക് രാമേട്ടൻ സൗജന്യമായി വിത്ത് നൽകാറുണ്ട്. വിത്തുകൾ കൊണ്ടുപോയി കൃഷിചെയ്ത് വിത്തായി തന്നെ തിരിച്ച് നൽകണമെന്ന വ്യവസ്ഥ മാത്രമേയുളളു. വിത്ത് കൊണ്ടുപോകുന്നവരുടെ വിവരങ്ങൾ ഒരു പുസ്തകത്തിൽ എഴുതിവയ്ക്കും. കൃഷിയുണ്ടെങ്കിൽ ആർക്കും വിത്തുകൾ നൽകും, പക്ഷേ വിത്തായി തന്നെ തിരിച്ചുതരണം, ലാഭമൊന്നും രാമേട്ടന് വേണ്ട. 

cheruvayal-raman-3

അംഗീകാരങ്ങളുടെ നിറവ്, ഇപ്പോൾ പത്മ തിളക്കവും

പത്മശ്രീ അംഗീകാരം തനിക്ക് നെല്ലിന്‍ചുവട്ടിലെ നിധി പോലെയെന്നാണ് ചെറുവയൽ രാമേട്ടന്റെ പക്ഷം. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനായിരുന്നു. 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, സംസ്ഥാന കൃഷി വകുപ്പിന്റെ കർഷകജ്യോതി പുരസ്‌കാരം  തുടങ്ങി നിരവധി പുരസ്കാരങ്ങൾ രാമേട്ടന്റെ വിത്തുസംരക്ഷണത്തെ തേടിയെത്തിയിട്ടുണ്ട്. അഞ്ചാം തരം വരെ മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള ഇദ്ദേഹത്തെ കനപ്പെട്ട നെല്ലറിവുകളുടെ കരുത്തിൽ കേരള കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിൽ അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്തു. ചെറുവയൽ രാമേട്ടൻ എന്ന പച്ച മനുഷ്യനെ കാണാനും നെല്ലറിവുകൾ നുകരാനും മാനന്തവാടി കൊയിലേരി  ഗ്രാമത്തിലെ കമ്മനയിലെ രാമേട്ടന്റെ നൂറ്റിയമ്പത് വർഷത്തിലധികം പഴക്കമുള്ള മൺ വീട്ടിൽ ദിനേനെ എത്തുന്നവരുമേറെ.

English summary: Tribal farmer from Wayanad wins Padma Shri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS