ആർമിയിൽ 17 വർഷത്തെ സേവനത്തിനുശേഷം തിരികെ നാട്ടിലെത്തിയ ജയപ്രകാശ് നായർ ഇന്നും കർമനിരതനാണ്. 2019ൽ നാട്ടിലെത്തിയ അദ്ദേഹം പശുക്കളോടുള്ള ഇഷ്ടംകൊണ്ട് ആരംഭിച്ചതാണ് കാമധേനു അനിമൽ ഫാം. കണ്ണൂർ പയ്യന്നൂരിന് സമീപം അരവഞ്ചാൽ സ്വദേശിയായ അദ്ദേഹം 2020ൽ മൂന്നു പശുക്കളിൽനിന്നാരംഭിച്ച ഫാം ഇന്ന് 40 ഉരുക്കളിലേക്ക് എത്തിനിൽക്കുന്നു.
ദിവസം ശരാശരി 250 ലീറ്റർ പാലാണ് ജയപ്രകാശിന്റെ ഫാമിലെ ഉൽപാദനം. ആദ്യകാലത്ത് ക്ഷീരസംഘം വഴിയായിരുന്നു വിൽപനയെങ്കിൽ ഇന്ന് മുഴുവൻ പാലും വിൽക്കുന്നത് ജനത ചാരിറ്റബിൾ സൊസൈറ്റിക്കാണ്. നാലര പതിറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള ജനത കർഷകർക്ക് മികച്ച വില നൽകാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ജയപ്രകാശ്. ക്ഷീരസംഘത്തിൽനിന്ന് 36–37 രൂപയായിരുന്നു ലഭിച്ചിരുന്നത്. ഈ വിലയിൽ ഫാം മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജനതയിലേക്കു മാറി. അവിടെ 41–43 രൂപ ലഭിച്ചു. കൂടാതെ ഒരു വർഷം ആകെ അളക്കുന്ന പാലിന് ലീറ്ററിന് 2 രൂപ വച്ച് ജനത ഇൻസെന്റീവ് നൽകുന്നു. ഓണത്തോടനുബന്ധിച്ചാണ് കർഷകർക്ക് ഈ ഇൻസെന്റീവ് ലഭിക്കുക.

തുടക്കത്തിലുണ്ടായിരുന്ന മൂന്നു പശുക്കളെക്കൂടാതെ തൊഴുത്തുനിർമാണം പൂർത്തിയായപ്പോൾ തമിഴ്നാട്ടിൽനിന്ന് പ്രസവം അടുത്ത 12 പശുക്കളെ എത്തിച്ചായിരുന്നു ഫാം വിപുലീകരിച്ചത്. പശുക്കൾ അധികം ഇടവേളകളില്ലാതെ പ്രസവിച്ചതോടെ ഫാമിലെ ഉൽപാദനം ശരാശരി 250 ലീറ്ററിലേക്കെത്തി. എന്നാൽ ക്രമേണ ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി. ഇളംകറവക്കാലം കഴിഞ്ഞപ്പോൾ ഒറ്റയടിക്ക് 90 ലീറ്ററോളം പാൽ കുറവു വന്നു. കുറഞ്ഞത് 220 ലീറ്ററെങ്കിലും ലഭിക്കാതെ ഫാം ലാഭത്തിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന് ജയപ്രകാശ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിൽനിന്ന് മൂന്നു പശുക്കളേക്കൂടി എത്തിച്ച് പാലിന്റെ കുറവ് നികത്തി. ഒപ്പം ഫാമിലെ ബീജാധാന രീതിയിലും മാറ്റം വരുത്തി. ഇപ്പോൾ മാസത്തിൽ 1–3 പ്രസവം എന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങൾ മുൻപോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാലിന്റെ അളവിൽ കുറവ് വരുന്നില്ല. എപ്പോഴും ഇളംകറവയിലും വറ്റുകറവയിലുമൊക്കെ പശുക്കളുള്ളതിനാൽ പാലിന് കൊഴുപ്പും എസ്എൻഎഫും കൂടുതലുണ്ട്. അതുകൊണ്ടുതന്നെ പാലിന് നല്ല വിലയും വിലയും ലഭിക്കുന്നു. പാൽവില വർധനയ്ക്കുശേഷം ഇപ്പോൾ ശരാശരി 55 രൂപ തനിക്ക് ലഭിക്കുന്നുണ്ടെന്നും ജയപ്രകാശ്.

ചെറിയ തോതിൽ തീറ്റപ്പുൽക്കൃഷിയുണ്ടെങ്കിലും സൈലേജ് ആണ് കാമധേനു ഫാമിലെ മുഖ്യ തീറ്റ. കർണാടകയിൽനിന്നെത്തിക്കുന്ന ചോളം സൈലേജ് ശരാശരി 25 കിലോയോളം ഒരു പശുവിന് നൽകുന്നുണ്ട്. കൂടാതെ പെല്ലെറ്റ്, ധാന്യപ്പൊടി, പിണ്ണാക്കുകൾ, തവിടുകൾ, ചോറ്, ധാതുലവണമിശ്രിതം എന്നിവ ചേർത്തുള്ള സാന്ദ്രിത തീറ്റയും നൽകുന്നു. പെല്ലെറ്റിനെ മാത്രം ആശ്രയിച്ചാൽ പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ജയപ്രകാശ്. പശുക്കൾക്ക് നിൽക്കാൻ റബർ മാറ്റും ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും മാറ്റിന് അടിഭാഗം രോഗാണുക്കളുടെ കേന്ദ്രമായി മാറാറുണ്ട്. അതൊഴിവാക്കാൻ ദിവസവും മാറ്റ് നീക്കി തറയും കഴുകാൻ ശ്രദ്ധിക്കുന്നുണ്ട്.

പുലർച്ചെ 3.30ന് ഫാം ഉണരും. ചാണകം നീക്കി പശുക്കളെ കുളിപ്പിച്ച് യന്ത്രം ഉപയോഗിച്ചാണ് കറവ. 8 മണിയോടെ ഫാമിലെ രാവിലെയുള്ള പണികൾ അവസാനിക്കും. തുടർന്ന് ഉച്ചയ്ക്ക് 12നാണ് അടുത്ത കറവ ആരംഭിക്കുക. രാവിലെയും ഉച്ചയ്ക്കും കറവയ്ക്കുശേഷം തീറ്റ നൽകും. തീറ്റ നൽകിക്കഴിഞ്ഞാൽ പിന്നെ അവരുടെ വിശ്രമ സമയമാണ്.

പശുക്കളെ കൂടാതെ താറാവ്, കോഴി, ആട് എന്നിവയും ജയപ്രകാശിന്റെ ഫാമിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സെക്യൂരിറ്റി ഓഫീസറാണ് ജയപ്രകാശ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഒഴിവുള്ള ദിവസങ്ങളിൽ മാത്രമാണ് ഫാമിലെത്താൻ കഴിയൂ. ജയപ്രകാശിന്റെ അഭാവത്തിൽ പിതാവ് ഉണ്ണിക്കൃഷ്ണനാണ് ഫാമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
ഫോൺ: 7012976255