ജൈവ അരി സ്വന്തം ബ്രാൻഡിൽ, വിപണനത്തിന് കൂട്ടുസംരംഭം: പാൽ വിൽക്കാൻ കർഷകരുടെ ‘ട്രൈ വൺസ്’

HIGHLIGHTS
  • കർഷകരുടെ സ്വന്തം ഡെലിവറി ആപ്
  • പാൽ വിപണനവുമായാണ് ട്രൈ വൺസ് പ്രവർത്തനമാരംഭിച്ചത്
swaroop
സ്വരൂപ്
SHARE

കിലോയ്ക്ക് 55–60 രൂപയെങ്കിലും കൊടുത്ത് കുത്തരി വാങ്ങി ചോറുണ്ണുന്നവരാണ് നാം. അതും എവിടെനിന്നു വന്നെന്നോ എങ്ങനെ ഉൽപാദിപ്പിച്ചെന്നോ നിശ്ചയമില്ലാത്ത അരി. എന്നാൽ ലവലേശം വിഷാംശമില്ലെന്നു ജൈവ സാക്ഷ്യപത്രമുള്ള പാലക്കാടൻ മട്ട 90 രൂപയ്ക്ക് ലഭിച്ചാലോ? പാലക്കാട്ടെ യുവകർഷകനായ സ്വരൂപാണ് രാസകീടനാശിനിയോ രാസവളമോ വീഴാത്ത മണ്ണിൽനിന്നുള്ള ജൈവ അരി  ഉപഭോക്താക്കളിലെത്തിക്കുന്നത്. 10 വർഷ മായ ഈ സംരംഭത്തിലൂടെ മികച്ച ആദായം കിട്ടുന്നുണ്ടെന്നു സ്വരൂപ്.

കഴിഞ്ഞ വർഷം ആകെ ഉൽപാദിപ്പിച്ച 14 ടൺ അരിയിൽ ഇനി ബാക്കിയുള്ളത് ഒരു ടൺ മാത്രം. അടുത്ത വിളവെടുപ്പിനു മുന്‍പ് അതും തീരുമെന്നതിൽ സ്വരൂപിനു സംശയമില്ല. സർക്കാരിന്റെ സംഭരണ സംവിധാനത്തെ തീരെ ആശ്രയിക്കാതെയാണ് ഈ നേട്ടം. ജൈവകൃഷിക്കു സാമ്പത്തിക സുസ്ഥിരത നേടേണ്ടത് എങ്ങനെയെന്നു കാണിച്ചു തരുന്നു സ്വരൂപ്. 

കർഷകശ്രീ വായനക്കാർക്ക് പരിചിതനാണ് സ്വരൂപ്. കോളജിൽ പഠിക്കുമ്പോൾ തന്നെ ജൈവ നെൽകൃഷി ചെയ്തതും വിപണനത്തിനു പുതുരീതി സ്വീകരിച്ചതുമാണ് സ്വരൂപിനെ ശ്രദ്ധേയനാക്കിയത്.  ബിടെക്കിനു പഠിക്കുമ്പോഴാണ്  കണ്ണപ്ര കുന്നംപുള്ളി  തറവാടിനോടു ചേർന്നുള്ള  8 ഏക്കർ പാടത്തെ നെൽകൃഷി സ്വരൂപിന്റെ മേൽനോട്ടത്തിലായത്. ഒപ്പം പ്രകൃതിക്കൃഷിക്കാവശ്യമായ കാർഷികോപാധികളും തയാറാക്കിയിരുന്നു. സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ എംടെക് നേടിയിട്ടും സ്വരൂപ് കൃഷി തുടരുന്നു. 

ജൈവ സാക്ഷ്യപത്രം

ജൈവ സാക്ഷ്യപത്രം നേടിയ പാടമാണ് സ്വരൂപിന്റേത്. മറ്റു കൃഷിയിടങ്ങളിൽനിന്നു വേർപെട്ടു കിടക്കുന്നതിനാൽ പുറമെനിന്നുള്ള വിഷാംശങ്ങൾ  ഇവിടെയെത്തില്ല. ജൈവസാക്ഷ്യപത്രം നേടാൻ  ഇതും സഹായകമായി. തുടക്കത്തിൽ പരമാവധി നാടൻ നെല്ലിനങ്ങൾ ശേഖരിച്ചു കൃഷി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഞവര, തവളക്കണ്ണൻ, രക്തശാലി ഇനങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  പരിചയസമ്പത്തിലൂടെ നേടിയ പക്വതയും പ്രായോഗികതയും തന്നെ കാരണം. പ്രാദേശിക സാഹചര്യങ്ങൾക്ക് ഏറ്റവും യോജിച്ച ഇനമെന്ന നിലയിലാണ് തവളക്കണ്ണൻ തിരഞ്ഞെടുത്തത്. താരതമ്യേന മികച്ച വിളവും വിലയും കിട്ടുന്ന നാടൻ നെല്ലിനമെന്ന നിലയിൽ രക്തശാലിയും.  ജൈവ സാക്ഷ്യപത്രമുള്ള നവര ദുര്‍ലഭമായതിനാല്‍ അതും നിലനിര്‍ത്തി. 

സ്വന്തം ബ്രാന്‍ഡ് 

ആകെ 12 ഏക്കറിലാണ് ഇപ്പോൾ നെൽകൃഷി. ജൈവ വിൽപനശാലകൾ വഴിയും ഓൺലൈനായും ‘കുന്നംപുള്ളി ഓർഗാനിക്’ എന്ന ബ്രാൻഡിലാണ് വിൽപന. അരിയാക്കി വിൽക്കുമ്പോൾ ഒരു കിലോ ജൈവ നെല്ലിന് 30 രൂപയാണ് കൃഷിക്കാരനു കിട്ടുന്നത്. ഉയർന്ന സംസ്കരണച്ചെലവാണ് കാരണം. ഒരു കിലോ നെല്ല് പരമ്പരാഗത രീതിയിൽ പുഴുങ്ങി ചെറുകിട മില്ലുകളിൽ കുത്തി അരിയാക്കുന്നതിന് 15–20 രൂപ ചെലവ് വരും. കൂടിയ അളവിൽ മോഡേൺ റൈസ് മില്ലുകളിൽ അരിയാക്കിയാൽ ഈ ചെലവ് 2 രൂപയായി താഴും. എന്നാൽ കുറഞ്ഞത് 10 ടൺ നെല്ലെങ്കിലും ഒരുമിച്ചു സംസ്കരിച്ചാലേ ഇതു സാധ്യമാകൂ. അത്രയും അരി അധികനാൾ സൂക്ഷിച്ചുവിൽക്കാനാവില്ലെന്ന വെല്ലുവിളിയുമുണ്ട്. വില്‍പനയുടെ തോത് കൂട്ടുക മാത്രമാണ് പരിഹാരം.

വിപണനത്തിനു വേറിട്ട വഴി

കർഷകൻ സ്വന്തം വിള സ്വയം മൂല്യവർധന നടത്തി വിൽക്കുക പ്രായോഗികമല്ലെന്ന് ഇപ്പോൾ സ്വരൂപ് തിരിച്ചറിയുന്നു. വിപണനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഉൽപാദനം ഉഴപ്പുമെന്ന് 10 വർഷത്തെ അനുഭവത്തിലൂടെ പഠിച്ചു.  വിപണനത്തിനു വേറെ സംവിധാനം കർഷകന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുണ്ടാക്കുകയാണ് നല്ലതെന്നു സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. ഉൽപാദകന്റെ താൽപര്യം സംരക്ഷിക്കുന്ന ബദൽ വിപണി സൃഷ്ടിക്കുകയാണു വേണ്ടത്. വിപണി വിപുലമാക്കാനും ഇത് ആവശ്യമാണ്. സുഹൃത്തുക്കളായ  5 കാർഷിക സംരംഭകരോടൊപ്പം ചേർന്ന് ട്രൈ വൺസ് അഗ്രോ ഫാർമേഴ്സ് ഗ്രൂപ്പ് ആരംഭിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഇവരിൽ 4 പേരും സ്വന്തം ബ്രാൻഡുള്ള കർഷകരാണ്. എല്ലാവർക്കും സ്വന്തം ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ ഉപകരിക്കുന്ന മാർക്കറ്റിങ് പ്ലാറ്റ് ഫോമാണ് ട്രൈ വൺസിന്റെ ലക്ഷ്യം. ഇതിനായി ട്രൈ വൺസ് ആപ്പും തയാറാക്കി. വൈകാതെ  വിപണനം പൂർണമായി ട്രൈ വൺസിനു വിട്ടുനൽകുമെന്ന് സ്വരൂപ് പറഞ്ഞു.

അരിക്കു പുറമേ മഞ്ഞൾ, കുരുമുളക് തുടങ്ങി 25 ഉൽപന്നങ്ങളാണ് ‘കുന്നംപുള്ളി ഓർഗാനിക്’ എന്ന ബ്രാൻഡിൽ വിൽക്കുന്നത്.  ഓൺലൈൻ വിപണിയും ജൈവ വിപണനശാലയും വഴിയാണ്  ഇതുവരെ ഉപഭോക്താക്കളെ കണ്ടെത്തിയത്. നെല്ലിൽ കൂടുതൽ ശ്രദ്ധിക്കുമ്പോഴും റബർ, കുരുമുളക്, അടയ്ക്ക, നാളികേരം, ജാതി, മഞ്ഞൾ എന്നിവയും സ്വരൂപ് കൃഷി ചെയ്യുന്നു. അവയുടെ മൂല്യവർധനയ്ക്കായി വീടിനോടു ചേർന്നുള്ള സംസ്കരണകേന്ദ്രം വിപുലമാക്കുകയാണിപ്പോൾ. വിദ്യാഭ്യാസകാലത്തെ വെറും ആവേശം മാത്രമായിരുന്നില്ല കൃഷിയെന്ന്  തെളി യിക്കുകയാണ് സ്വരൂപ്. ഒരു ദശകത്തെ അനുഭവസമ്പത്തിലൂടെ ഇരുത്തം വന്ന കർഷകനായി മാറിക്കഴിഞ്ഞു ഈ യുവാവ്. 

team-try-once
ടീം ട്രൈ വൺസ്

ട്രൈ വൺസ് ഡെലിവറി ആപ്

കോർപറേറ്റ്  ഡെലിവറി ആപ്പുകളിൽനിന്നു വ്യത്യസ്തമായി കർഷകരുടെ സ്വന്തം ഡെലിവറി ആപ് ആണ് തന്റേതെന്ന് സ്വരൂപ്. വ്യത്യസ്ത ഉൽപന്നങ്ങളുള്ള കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്താൻ ട്രൈ വൺസ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താം.

പാൽ വിപണനവുമായാണ് ട്രൈ വൺസ് പ്രവർത്തനമാരംഭിച്ചത്. പാലക്കാട് ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ തനി നാടൻ ക്ഷീരകർഷകരിൽനിന്നു സംഭരിച്ച പാലാണ് ഇതിനായി ട്രൈ വൺസ് തിരഞ്ഞെടുത്തത്. കാലിത്തീറ്റയെ ആശ്രയിക്കാതെ പശുക്കളെ മേയാനായി അഴിച്ചുവിടുകയും കാർഷികാവശിഷ്ടങ്ങൾ തീറ്റയായി നൽകുകയും ചെയ്യുന്നവരാണ് അവിടെ. കൂടുതൽ കൊഴുപ്പും കൊഴുപ്പിതര ഖരപദാർഥങ്ങളുമടങ്ങിയ പാലാണ് ഇത്തരം ചെറു കിടകർഷകരുടേത്. ഗുണമേന്മയേറിയ ഈ പാൽ തനിമ നഷ്ടപ്പെടാതെ നഗരത്തിലെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ട്രൈ വൺസ് ചെയ്യുന്നത്. പാലിന്റെ ഘടനയിൽ മാറ്റം വരുത്താതെ അണുനശീകരണം ചെയ്ത പാൽ ചില്ലുകുപ്പികളില്‍ നൽകുന്നെന്ന സവിശേഷതയുമുണ്ട്. സ്വന്തമായി വെണ്ണ വേർതിരിച്ചെടുത്തു കൊച്ചുകുട്ടികൾക്ക് നൽകാനാഗ്രഹിക്കുന്ന ന്യൂജെൻ വീട്ടമ്മമാർ ട്രൈ വൺസ് മിൽക്ക് വാങ്ങാൻ താൽപര്യം കാണിക്കുന്നു. എറണാകുളം നഗരത്തിൽ 600 കുടുംബങ്ങളും പാലക്കാട് 50 കുടുംബങ്ങളും ഇപ്പോൾ ട്രൈ വൺസ് വരിക്കാരാണ്. 

ജൈവ പാലിനു പുറമേ മറ്റ് ക്ഷീരോൽപന്നങ്ങൾ, അരി, അരിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവയൊക്കെ ട്രൈ വൺസിലൂടെ ലഭ്യമാണ്. കട്ട് വെജിറ്റബിൾസും പഴങ്ങളുമൊക്കെ എത്തിക്കാനും ഉദ്ദേശ്യമുണ്ട്. 

try-once

സ്വന്തം ബ്രാൻഡുള്ള കർഷക കൂട്ടായ്മകൾക്ക് അതു നിലനിർത്തിക്കൊണ്ടുതന്നെ വിതരണം ട്രൈ വൺസിനെ ഏൽപിക്കാം. കുന്നംപുള്ളി ഓർഗാനിക്കിന്റെ 23 കാർഷികോൽപന്നങ്ങൾ ഇപ്പോൾ ട്രൈ വൺസ്  വഴിയാണ് വിതരണം ചെയ്യുന്നത്. പങ്കാളികളായ ഗിരീഷിന്റെ സ്വാഭിമാൻ,  അക്ഷയയുടെ നിറവ്, പത്മനാഭന്റെ എഫ് ടു സി എന്നീ ബ്രാൻഡുകളും ഇങ്ങനെ തന്നെ. മറ്റൊരു പങ്കാളിയായ ടോണിക്ക്  പ്രത്യേക ബ്രാൻഡില്ല. എല്ലാ ബ്രാൻഡുകളും ട്രൈ വണ്‍സിനു കീഴിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. 

നിലവിൽ പാലക്കാടും എറണാകുളത്തുമാണ് ട്രൈവൺസിന്റെ സേവനം ലഭിക്കുക. ദിവസവും പുലർച്ചെ നാലിനും ഏഴിനുമിടയിൽ ഫാം ഫ്രഷ് ഉൽപന്നങ്ങൾ ഭവനങ്ങളിലെത്തുന്നു. എറണാകുളം പാലാരിവട്ടം കേന്ദ്രീകരിച്ച് 14 റൂട്ടുകളിൽ വിതരണമുണ്ട്.  തൃശൂർ, മലപ്പുറം, കോഴിക്കോട് , കോയമ്പത്തൂർ ജില്ലകളിലും  സേവനമെത്തിക്കാനും മത്സ്യം, മുട്ട, മാംസം തുടങ്ങി മറ്റ് കാർഷികോൽപന്നങ്ങളുടെ വിതരണം കൂടി ഏറ്റെടുക്കാനുമുള്ള ആലോചനയിലാണ് ഇവർ.  ഭാവിപ്രവർത്തനങ്ങൾക്കു കൂടുതൽ നിക്ഷേപം സ്വീകരിക്കും. കൃഷിക്കാരനിൽനിന്നു വിപണനത്തിന്റെയും വിതരണത്തിന്റെയുമൊക്കെ തലവേദനകൾ മാറ്റുന്നതിനൊപ്പം വിപണിയിൽ അവന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയുമാണ് ട്രൈ വൺസ് ചെയ്യുന്നത്.

ഫോൺ: 9847887598

English summary: Farmers develop a mobile app to sell their products together

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS