കൃഷിയിടത്തിലെ ആവശ്യങ്ങൾക്കായി ഒരു കുഞ്ഞൻ വാഹനം കൈവശമുണ്ടെങ്കിൽ എങ്ങനെയിരിക്കും? വാഹനങ്ങൾ കയറിച്ചെല്ലാൻ ബുദ്ധിമുട്ടുള്ള മലമുകളിലെ കൃഷിയിടങ്ങളിലെത്താൻ ഇത്തരം ചെറിയ വാഹനങ്ങൾ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് ചിന്തിക്കാത്ത കർഷകർ കുറവായിരിക്കും. അതുകൊണ്ടുതന്നെയാണ് മികച്ചൊരു സാധ്യതയാണ് ചാർലിക്കുള്ളത്. അതായത്, വാഹനങ്ങൾ കടന്നുചെല്ലാത്ത കൃഷിയിടത്തിൽ കയറിച്ചെല്ലാൻ വൈകാതെ ചാർലിയെത്തും. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (എസ്ജെസിഇടി) ഒരു പറ്റം വിദ്യാർഥികൾ നിർമിച്ച ചാർലി എന്ന കുഞ്ഞൻ വാഹനം കൃഷിയിടത്തിലേക്കിറങ്ങാൻ തയാറെടുക്കുകയാണ്.
കാഴ്ചയിൽ ഡെസേർട്ട് ബഗ്ഗികളുമായി അടുത്തുനിൽക്കുന്ന ഒരു എടിവി അഥവാ ഓൾ ടെറൈൻ വെഹിക്കിളാണ് ചാർളി. എസ്‍ജെസിഇടിയിലെ മിടുക്കരായ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച ഒരു കുഞ്ഞൻ വാഹനം. ദേശീയ തലത്തിലുള്ള മത്സരങ്ങൾക്കായി നിർമിച്ച ഈ വാഹനം കൃഷിയിടത്തിലേക്കിറങ്ങാൻ തയാറെടുക്കുന്നതിനു കാരണം കാർഷിക മേഖലയിൽനിന്നുവന്ന അന്വേഷണംതന്നെ.

ചൂണ്ടച്ചേരി കോളജിലെ എസ്എഇ കോളജിയേറ്റ് ക്ലബ്ബിനു കീഴിലുള്ള തൈറോവെലോസ് റേസിങ് ടീമാണ് ഈ കുഞ്ഞൻ എടിവിയുടെ ശിൽപികൾ. 2018ൽ രൂപീകൃതമായ ഈ ടീം 2019 മുതൽ ഇന്ത്യയിലെ വിവിധ എടിവി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വാഹനങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത്, നിർമിച്ച് അതുപയോഗിച്ച് റേസിങ്ങിൽ പങ്കെടുക്കുക എന്നതാണ് മത്സരയിനം. അതുകൊണ്ടുതന്നെ ശക്തമായ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം വാഹനം നിർമിക്കേണ്ടത്. തൈറോവെലോസ് ടീമിന്റെ മൂന്നാം വാഹനമാണ് ചാർലി. 2019ൽ ആൽഫാ എന്ന പേരിലും 2021ൽ ബ്രാവോ എന്ന പേരിലുമാണ് ടീം വാഹനങ്ങൾ നിർമിച്ച് മത്സരത്തിനിറങ്ങിയത്. കോവിഡ് മൂലം 2020 മത്സരങ്ങളുണ്ടായിരുന്നില്ല. 2022ലെ വാഹനമാണ് ചാർളി. ഈ വർഷത്തെ മത്സരങ്ങൾക്കായി ഡെൽറ്റ എന്ന വാഹനം വിദ്യാർഥികളുടെ പണിപ്പുരയിലാണ്.

ചെങ്കുത്തായ കയറ്റങ്ങളിലൂടെയും പാറക്കെട്ടുകളിലൂടെയും കല്ലും മണ്ണും മണലും നിറഞ്ഞ, മറ്റു വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ എടിവി വാഹനങ്ങളുടെ രൂപകൽപന. അതുകൊണ്ടുതന്നെയാണ് മലയോര കർഷകർക്ക് ഇത്തരം വാഹനങ്ങൾ ഉപയോഗപ്രദമാകുമോയെന്നു പരിശോധിക്കാൻ തൈറോവെലോസ് ടീം ശ്രമിച്ചതെന്ന് ടീം ലീഡർ നെബിൻ മാത്യു. മേലുകാവിന് സമീപം പയസ്‌മൗണ്ടിൽ അഡ്വ. ഫ്രിൻസോ മാത്യു കല്ലക്കാവുങ്കലിന്റെ കൃഷിയിടത്തിലായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. അദ്ദേഹത്തിന്റെ ചെരിവു നിറഞ്ഞ കൃഷിയിടത്തിലൂടെ അനായാസം വാഹനം ഓടിക്കാൻ കഴിഞ്ഞെന്നുമാത്രമല്ല മലമുകളിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ താഴെയെത്തിക്കാനും കഴിഞ്ഞെന്നും നെബിൻ. ടു വിൽ ഡ്രൈവിൽ രൂപകൽപന ചെയ്ത ചാർലിയുടെ കൃഷിയിടത്തിലെ പരീക്ഷണയോട്ടത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും മാറ്റങ്ങൾ നൽകി വാഹനം പരിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. ഈ വർഷത്തെ മത്സരങ്ങൾക്കുശേഷം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ വാഹനം പരിഷ്കരിക്കുമെന്നും നെബിൻ പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻവേണ്ടി കോംപാക്ട് രൂപമാണ് നിലവിൽ വാഹനത്തിന്. കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ. ബിനോയി ബേബി, ഡോ. ജിൽസ് സെബാസ്റ്റ്യൻ, ജോസ് ടോം തറപ്പേൽ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനത്തിന്റെ രൂപമാറ്റങ്ങൾ പുരോഗമിക്കുന്നത്.
ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് ഡ്രൈവറെക്കൂടാതെ 350 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്നും നെബിൻ അവകാശപ്പെട്ടു. ഫോർ വീൽ ഡ്രൈവിലാണ് ‘ഡെൽറ്റ’ എന്ന നാലാം നിർമിക്കുന്നതെന്ന് ടീം റിസേർച്ച് ഹെഡ് ആയ അലൻ ജോസ് പറഞ്ഞു. ബെൻ തോമസും ഫിബി ജോസുമാണ് ഈ വർഷത്തെ ഡ്രൈവർമാർ.
ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും മധ്യപ്രദേശിലും ഗോവയിലും നടക്കുന്ന രണ്ടു ദേശീയ മത്സരങ്ങളിലേക്ക് ടീം യോഗ്യത നേടിയിട്ടുണ്ട്. ഈ മത്സരങ്ങൾക്കു ശേഷം കർഷകർക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തി ഒരു മികച്ച ഉൽപന്നമായി വാഹനം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടീം കോ–ഓർഡിനേറ്റേഴ്സ് ആയ ജോയൽ ജോ തോമസും അക്ഷയ് ബിജുവും പറഞ്ഞു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പ്രാക്ടിക്കൽ അറിവുകൾ ആർജിക്കുന്നതിനും അങ്ങനെ വിദ്യാർഥികളുടെ പ്രഫഷണൽ സ്കിൽ ഉയർത്തുന്നതിനും ഇൻഡസ്ട്രികൾക്ക് അനുയോജ്യരാക്കുന്നതിനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ താങ്ങാകുമെന്ന് ടീം ഫാക്കൽറ്റി അഡ്വൈസർ ഡോ. ജിൽസ് സെബാസ്റ്റ്യൻ. കഴിഞ്ഞ വർഷത്തെ ടീമിൽനിന്ന് 10 വിദ്യാർഥികൾക്ക് മെക്കാനിക്കൽ കോർ കമ്പനികളായ മഹീന്ദ്രയിലും വെറോക്കിലും പ്ലെയ്സ്മെന്റ് ലഭിച്ചിരുന്നുവെന്നും ഡോ. ജിൽസ്.
നിലവിൽ മൂന്ന് ഓർഡറുകളാണ് കാർഷികമേഖലയിൽനിന്ന് ലഭിച്ചിട്ടുള്ളത്. ഓഫ് റോഡ് വിനോദസഞ്ചാരത്തിനായി രണ്ട് ഓർഡറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് ചാർലി
305 സിസി സിവിടി എൻജിനാണ് 210 കിലോഗ്രാം ഭാരമുള്ള ചാർലിയുടെ കരുത്ത്. ഈ എൻജിൻ 10എച്ച്പി കരുത്തിൽ 18എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. വീൽബേസ് 57 ഇഞ്ച്. ഗ്രൗണ്ട് ക്ലിയറൻസ് 14 ഇഞ്ച്. ഉയരും 54 ഇഞ്ച്. ടയർ 22 ഇഞ്ച്. ഡബിൾ വിഷ്ബോൺ A-arm സസ്പെൻഷൻ.