ADVERTISEMENT

കാഴ്ചയിൽ വ്യത്യസ്തമായ ആ രംഗോലി കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ തല ഉയർത്തി നിന്നു. ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ വളരുന്ന ഒരു പിടി നാടൻ ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയതായിരുന്നു ആ രംഗോലി. സാധാരണക്കാരിൽ സാധാരണക്കാർ കഴിക്കുന്ന ജോവർ, ബജ്റ, റാഗി, കുട്കി, സൻവ എന്നീ ചെറുധാന്യങ്ങൾ കൊണ്ടാണ് അഴകുള്ള ആ രംഗോലി തയ്യാറാക്കിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഒരുക്കിയ ആ രംഗോലിയിൽ നാളെ ലോകത്തിന് ഭക്ഷണം നൽകാനുള്ള വിത്തുകളുണ്ട്. കാലാവസ്ഥാ മാറ്റം കാർഷിക മേഖലയിൽ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്. 

അതു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഈ വർഷം ചെറുധാന്യങ്ങളുടെ വർഷമായി പ്രഖ്യാപിച്ചതും. ഈ ദൗത്യം മനസിലാക്കിയാണ് കേന്ദ്ര ബജറ്റിൽ മില്ലറ്റുകളുടെ വികസനത്തിന് ധന മന്ത്രി നിർമല സീതാരാമൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചതും. ചെറുധാന്യങ്ങളുടെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്റെ കേന്ദ്രമായും പ്രഖ്യാപിച്ചു. ഹരിത വിപ്ലവത്തിനു പിന്നാലെ ഇന്ത്യയിൽ മില്ലറ്റ് വിപ്ലവത്തിനു വഴിയൊരുങ്ങുന്നു. ഹരിത വിപ്ലവത്തിലൂടെ നെല്ലിന്റെയും ഗോതമ്പിന്റെയും ഉൽപാദനം വർധിപ്പിച്ച ഇന്ത്യ രണ്ടാം ഹരിത വിപ്ലവത്തിനു തയ്യാറാകുകയാണോ. 

ഇന്നലെകളിൽ അരിയും ഗോതമ്പും ലോകത്തിന്റെ വിശപ്പകറ്റി. നാളെ റാഗിയും തിനയും ഭക്ഷണമാകുന്നു. അരിയും ഗോതമ്പും തിനയ്ക്കും റാഗിക്കും വഴിമാറുന്നു. ആ തുടക്കമാണ് ഒരു വിഐപിയെപ്പോലെ ‘നാടൻ റാഗി ദോശ’ പാർലമെന്റ് കന്റീനിൽ എത്തിയത്. ഈ വർഷം നടക്കാൻ പോകുന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലെ തീൻമേശയിൽ അതിഥികൾക്ക് അതിഥേയരായ ഇന്ത്യ റാഗി ദോശയും ജോവർ ഉപ്പുമാവും വിളമ്പും. കാർഷിക മേഖലയിൽ കാലാവസ്ഥാ മാറ്റം ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ മില്ലറ്റുകൾ എന്ന ചെറുധാന്യങ്ങളുടെ അകക്കാമ്പിലുണ്ടോ ? ചെറുധാന്യങ്ങളിലേക്ക് ലോകം മാറുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങൾ സന്തോഷിക്കാൻ എന്താണ് കാരണം ? ഇനി വരാൻ പോകുന്നത് ചെറുധാന്യങ്ങളുടെ ലോകമാണോ ? 

millets-4

മലയാളിയുടെ ചാമക്കഞ്ഞി, പുതിയ ലോകത്തിന്റെ ഭക്ഷണശാസ്ത്രം 

കർക്കടക മാസത്തിൽ ചാമക്കഞ്ഞി കുടിക്കുന്നതാണ് മലയാളിയുടെ പഴമ. കാലത്തെ അതിജീവിക്കുന്ന ഭക്ഷണ ശാസ്ത്രം ഇതിലുണ്ടെന്ന് എത്ര പേർക്കറിയാം. മഴക്കാലം പണ്ടൊക്കെ പട്ടിണിക്കാലമാണ്. എങ്ങും മഴ. നാടു മുഴുവൻ വെള്ളം. മഴയ്ക്കു മുൻപ് പത്തായം കാലിയാകും. അപ്പോഴാണ് ചാമ വിളയുന്നത്. വെറും 60 ദിവസം കൊണ്ട് വിളവായി. നെല്ലു വിളയാൻ 90 മുതൽ 120 ദിവസം വരെ വേണം. മാത്രമല്ല ചാമക്കഞ്ഞി പാകാമാക്കൻ ചൂടു കുറച്ചു മതി. രണ്ട് ഓലച്ചൂട്ടു വച്ചാൽ കഞ്ഞി തിളയ്ക്കും. വിറകിനായി അലയേണ്ട. അൽപ്പം ഉപ്പിട്ടാൽ കഴിക്കാം. കറിയും വേണ്ട. പോഷക സമൃദ്ധവും. വർഷകാലത്തിന് അനുയോജ്യമായ ഭക്ഷണമായി. ഈ ഭക്ഷണ ശാസ്ത്രമാണ് ലോകം പകർത്തുന്നത്. ഈ കഴിവുള്ളത് മില്ലറ്റുകൾ അല്ലെങ്കിൽ ചെറുധാന്യങ്ങൾ എന്നിവയ്ക്കാണ്. കാലാവസ്ഥാ മാറ്റം കാർഷിക മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന കെടുതികൾക്ക് പരിഹാരമായി ശാസ്ത്ര ലോകം കണ്ടു വയ്ക്കുന്നത് ഈ ചെറുധാന്യങ്ങളെയാണ്. ആഗോള താപനം മൂലം സമുദ്ര നിരപ്പുയരുകയും നിലവിലുള്ള കൃഷി അപ്രാപ്യമായി മാറുകയും ചെയ്യുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ. അത്തരം സാഹചര്യത്തിൽ അരിയും ഗോതമ്പും ഉൾപ്പടെയുള്ള ധാന്യങ്ങൾ കൃഷി ചെയ്യുക ബുദ്ധിമുട്ടായി മാറും. ‘ഈ സാഹചര്യത്തിലാണ് ചെറുധാന്യങ്ങളുടെ പ്രസക്തി. ഏതു സാഹചര്യത്തിലും വളരുന്നവയാണ് ഇവ. പോഷക സമൃദ്ധം. എവിടെയും വളരും. വെള്ളം അധികം വേണ്ട. കീടങ്ങളും കുറവ് ’ ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് പറഞ്ഞു. കാലാവസ്ഥയ്ക്ക് അനുയോജ്യമാണിവ. നെല്ലിനു വേണ്ടതിനേക്കാൾ 70 % ജലം കുറച്ചു മതി. ഗോതമ്പ് വിളവു കാലത്തിന്റെ പകുതി സമയം കൊണ്ട് മില്ലറ്റുകൾ വിളയും. മില്ലറ്റുകൾ രൂപപ്പെടാനുള്ള ഊർജമാകട്ടെ 40 % കുറവു മതി. ഏതു കാലാവസ്ഥയിലും ഇവ വളരുകയും ചെയ്യും. ശാസ്ത്ര ലോകത്തിന്റെ അന്വേഷണം തിരികെ മില്ലറ്റുകളിൽ എത്തിയതിനു കാരണം വേറെ വേണ്ടല്ലോ. 

millets-3

ആദ്യഭക്ഷണം ചെറുധാന്യം, ഇതു മനുഷ്യരുടെ ചരിത്രം 

ചെറുധാന്യങ്ങളിലേക്ക് മടങ്ങാൻ ലോകത്തിനു കഴിയുമോ ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ശാസ്ത്രജ്ഞർ. ആ ഉത്തരം ചരിത്രത്തിലുണ്ട്. അരിക്കും ഗോതമ്പിനും മുൻപേ മനുഷ്യൻ കഴിച്ചു തുടങ്ങിയത് ചെറുധാന്യങ്ങളാണ്. മനുഷ്യൻ ആദ്യം വിളവിറക്കിയയവും ചെറുധാന്യങ്ങളാണെന്ന് സ്പ്രിങ്ങർ നേച്ചർ എന്ന ശാസ്ത്ര പ്രസിദ്ധീകരണം പറയുന്നു. 3500 ബിസി മുതൽ ചെറുധാന്യങ്ങൾ കഴിച്ചു തുടങ്ങിയതായി ഗവേഷർ കണ്ടെത്തിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യയും പിന്നിലല്ല. പ്രിയംഗവ എന്ന ചെറുധാന്യത്തെ കുറിച്ച് യജുർവേദത്തിൽ പരാമർശമുണ്ട്. ആനാവ, ശ്യാമക എന്നീ ധാന്യങ്ങൾ 4500 ബിസിയിൽ പ്രചാരത്തിലുണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ വികസനങ്ങളും ആധുനിക കൃഷി രീതികളും പിന്നീട് നെല്ലും ഗോതമ്പും പ്രചാരത്തിലാക്കിയെന്നു മാത്രം. മാത്രമല്ല ചെറുധാന്യങ്ങളുടെ ഉൽപാദന ശേഷി താരതമ്യേന കുറവാണ്. ഒരു ഹെക്ടറിൽ നിന്ന് 7 ടൺ നെല്ല് ശരാശരി കിട്ടും. എന്നാൽ 2 ടണ്ണിൽ കൂടുതൽ ചെറുധാന്യങ്ങൾ ലഭിക്കാൻ പ്രയാസമാണ്. ഉൽപാദനത്തിലെ കുറവും കർഷകരെ പിന്തിരിപ്പിച്ചു. നെല്ലിലും ഗോതമ്പിലും നടന്നതു പോലുള്ള ഗവേഷണങ്ങൾ മില്ലറ്റുകളിൽ നടന്നതുമില്ല. ഇക്കാരണങ്ങളാൽ തന്നെ മില്ലറ്റുകളുടെ കാലത്തേക്ക് തിരിച്ചു പോകാൻ ലോകത്തിനു കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. 

millets-1

അട്ടപ്പാടിയുടെ തെറ്റ്, ലോകത്തിന്റെ അബദ്ധം, ഇനി തിരുത്തൽ കാലം 

നമ്മുടെ തീൻമേശയിൽ നിന്ന് ചെറുധാന്യങ്ങൾ എങ്ങനെ പുറത്തായി. കാർഷിക മേഖലയിലെ വികസനങ്ങളാകാം ഒരു പക്ഷേ ഈ മാറ്റത്തിനു കാരണം. വേട്ടയാടി ജീവിച്ച കാലത്ത് നിന്ന് കൃഷി ചെയ്തു ജീവിക്കുന്ന കാലങ്ങളിലേക്ക് പരിഷ്കാരം വന്നതോടെ മില്ലറ്റുകൾ മെല്ലെ പുറത്തായി. അട്ടപ്പാടിയിലെ ആദിവാസി സമൂഹം വർഷങ്ങൾക്കു മുൻപേ മില്ലറ്റുകൾ കൃഷി ചെയ്തു കഴിച്ചു ജീവിച്ചിരുന്നവരാണ്. ഇരുമ്പിന്റെയും മറ്റും അംശം ധാരാളമുള്ള ചെറുധാന്യങ്ങൾ അവർക്ക് വേണ്ട പോഷകാഹാരമായി മാറി. പരിഷ്കാരത്തിന്റെ ഭാഗമായി അരിയും റേഷനും അട്ടപ്പാടിയിൽ എത്തി. ഒപ്പം ആരോഗ്യ പ്രശ്നങ്ങളും. തെറ്റു തിരിച്ചറിഞ്ഞ അട്ടപ്പാടി ചെറുധാന്യങ്ങൾ വീണ്ടും കൃഷി ചെയ്തു തുടങ്ങി. അതുവഴി അട്ടപ്പാടിയിൽ ആരോഗ്യവും തിരച്ചു വന്നു തുടങ്ങി. ലോകത്തും ഇതു തന്നെ സ്ഥിതി. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലുമാണ് മില്ലറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്തു വന്നിരുന്നത്. 1970 കളിൽ ആകെ ധാന്യ ഉൽപാദനത്തിന്റെ 20 % മില്ലറ്റുകളായിരുന്നു. ഇന്നത് 6 % മാത്രം. ഈ കണക്കുകളിൽ നിന്ന് തന്നെ എന്തു സംഭവിച്ചുവെന്നു വ്യക്തം. ഹരിത വിപ്ലവം വന്നതോടെ ഇന്ത്യയിലും മില്ലറ്റുകൾ പിന്നിലായി. നെല്ലും ഗോതമ്പും മുന്നിലുമായി. 60 വർഷം മുൻപ് ഇന്ത്യയിൽ ജോവർ ഉൽപാദനം 12 % ഉണ്ടായിരുന്നു. നിലവിൽ 3 % മാത്രം. നാലിലൊന്നായി കുറഞ്ഞു. അതേ സമയം ഗോതമ്പ് ഉൽപാദനം 7% ത്തിൽ നിന്ന് 16.2 % ആയി വർധിച്ചു. എന്നാൽ കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഗോതമ്പിന് താങ്ങാൻ കഴിയുമോ. നെല്ലിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സമുദ്ര നിരപ്പ് ഉയരുമ്പോൾ കൃഷി ഭൂമിയുടെ നല്ല ശതമാനം വെള്ളത്തിന് അടിയിലാകാം. അങ്ങനെ വന്നാൽ വെള്ളത്തിൽ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെയും പൊക്കാളി നിലങ്ങളിലെയും കൈപ്പാട് നിലങ്ങളിലെയും കൃഷി രീതി ലോകത്തിന് മാതൃകയാകും. സലൈൻ അഗ്രിക്കൾച്ചർ എന്നു പേരിട്ടുള്ള ഉപ്പുവെള്ള കൃഷി രീതിയാണ് ലോകം ഉറ്റു നോക്കുന്നത്. അവയ്ക്കൊപ്പം ഇനി ഇന്ത്യയുടെ ചെറുധാന്യങ്ങളും ലോകത്തിന് വഴികാട്ടും. 

millets-2

ചെറുധാന്യം നാളെയുടെ ഭക്ഷണം, ഇന്ത്യ നിർദേശിച്ചു, ലോകം അംഗീകരിച്ചു

2023 ചെറുധാന്യങ്ങളുടെ വർഷമാക്കാനുള്ള നിർദേശം ഇന്ത്യയുടേതാണ്. യുഎൻ ജനറൽ അസംബ്ലി ഈ നിർദേശം അംഗീകരിക്കുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ആശങ്കയ്ക്കുള്ള ഉത്തരം ലോകത്തിന് ഈ നിർദേശത്തിൽ കണ്ടെത്താം. അതേ സമയം ചെറുധാന്യങ്ങളുടെ കലവറയായ ഇന്ത്യയ്ക്ക് നേട്ടങ്ങൾ ഏറെയും. ഇന്ത്യയിലെ ചെറുകിട കർഷകർക്കാണ് പുതിയ തീരുമാനം ഗുണം ചെയ്യുക. ലോകത്തെ ആകെ ചെറു ധാന്യങ്ങളുടെ ഉൽപാദനത്തിലെ 41 % ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിലെ കാലാവസ്ഥ ഇവയ്ക്ക് യോജിച്ചതുമാണ്. രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളൽ ചെറുധാന്യങ്ങൾ വളരുന്നു. കേരളത്തിൽ അട്ടപ്പാടിയും ഇടുക്കിയുമാണ് മില്ലറ്റുകളുടെ നാട്. ഇന്ത്യയിലെ ആകെ ഉൽപാദനത്തിന്റെ പകുതിയും രാജസ്ഥാനിൽ നിന്നാണ്. ‘ചെറുകിട കർഷകരെ ശാക്തീകരിക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക, വിശപ്പ് ഇല്ലാതാക്കുക, ജൈവ വൈവിധ്യം പുനസ്ഥാപിക്കുക എന്നിവയാണ് ചെറുധാന്യങ്ങളിലേക്ക് തിരികെ പോകുന്നതിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം, യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഡയറക്ടർ ക്യൂ ഡോംങ്യൂ പറയുന്നു. 

graphics01

പണ്ട് നാടൻ ധാന്യങ്ങൾ, ഇന്ന് പോഷക ധാന്യങ്ങൾ 

ചെറുധാന്യങ്ങളുടെ മാറ്റ് തിരിച്ചറിയാൻ നാം വൈകിയോ. ആരും നോക്കാതെ നാട്ടിൻ പുറത്ത് പുല്ലു പോലെ അവ വളർന്നു. അക്കാരണത്താൽ തന്നെ നാടൻ ധാന്യങ്ങൾ എന്ന് അവയെ വിളിച്ചു. ‘ കോർസ് ഗ്രെയിൻസ് ’ എന്ന്. ധാന്യത്തിന്റെ പുറന്തോട് കടുപ്പമുള്ളതാണ്. അതും പേരിന് കാരണമായി. പിന്നീടാണ് മില്ലറ്റുകളുടെ മികവ് ലോകം തിരിച്ചറിഞ്ഞത്. അപ്പോഴേക്ക് അന്നജം നിറഞ്ഞ അരിയുടെയും ഗോതമ്പിന്റെയും അമിത ഉപയോഗം പ്രമേഹം പോലുള്ള അസുഖങ്ങളുടെ വർധനയ്ക്ക് ഇടയാക്കി. അതിനുള്ള പരിഹാരം തേടിയുള്ള അന്വേഷണമാണ് മില്ലറ്റുകളിൽ എത്തിയത്. മില്ലറ്റുകളിൽ മാംസ്യം, നാരുകൾ, ഇരുമ്പ്, കാത്സ്യം എന്നിവ അരി, ഗോതമ്പ് എന്നിവയേക്കാൾ കൂടുതലാണ്. അവ ശരീരത്തിനും ആരോഗ്യത്തിനും നല്ലതും. അതോടെ ലോകത്തിന്റെ മനസു മാറി. നാടൻ ധാന്യം എന്ന പേരും മാറ്റി. പോഷകങ്ങളുടെ പവർഹൗസ് എന്നാണ് പുതിയ ഓമനപ്പേര്. 

ചെറുധാന്യങ്ങളുടെ ഗുണം ഇന്ത്യ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2018 ൽ തന്നെ ചെറുധാന്യങ്ങളുടെ പേരു മാറ്റി ഇന്ത്യ വിജ്ഞാപനം ചെയ്തു. പോഷക ധാന്യങ്ങൾ എന്നാണ് ഇവയുടെ പുതിയ പേര്. ഇവയുടെ വികസനത്തിനും വിപണത്തിനും 66 സ്റ്റാർട്ട് അപ് കമ്പനികളെയും സഹായിക്കുന്നു. 

millet-murukesh
മുരുകേശ്

അട്ടപ്പാടി, കേരളത്തിന്റെ ധാന്യപ്പാടി 

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. നെല്ല് ഉൽപാദനത്തിലെ മികവാണ് ഈ പേരിന് കാരണം. എന്നാൽ പാലക്കാടിന്റെ കിഴക്ക് അട്ടപ്പാടി ഇന്ന് ചെറുധാന്യങ്ങളുടെ കലവറയാണ്. പരമ്പരാഗതമായി മില്ലറ്റുകൾ ഉപയോഗിക്കുന്നവവരാണ് അട്ടപ്പാട്ടി നിവാസികൾ. ഇടക്കാലത്ത് അവർ നെല്ലിലേക്ക് മറി. എന്നാൽ 2017 മുതൽ അട്ടപ്പാടിയിൽ മില്ലറ്റുകളുടെ കൃഷി ആരംഭിച്ചു. റാഗി, ചാമ, തിന, കുതിരവാലി, പനിവരഗ്,  വരഗ്, കമ്പ്, മണിച്ചോളം എന്നിവ അട്ടപ്പാടിയുടെ പരമ്പരാഗത വിളകളാണ്. കുറുമ്പ, ഇരുള, മുഡുക എന്നി ഗോത്രവിഭാഗത്തിൽപ്പെടുന്ന 192 ഊരുകൾ ഇവിടെയുണ്ട്. ഇന്ന് 71 ഊരുകളിൽ ചെറുധാന്യ കൃഷിയുണ്ട്. 2685 ഹെക്ടർ സ്ഥലത്തു ചെറുധാന്യങ്ങൾ ഉൽപ്പാദിപ്പിച്ചു. അട്ടപ്പാടിയിലെ കാലാവസ്ഥയ്ക്ക്  അനുകൂലമായ കൃഷിയാണ് ചെറുധാന്യങ്ങളുടെ കൃഷി. ഒരു വർഷത്തിൽ കാലാവസ്ഥക്ക് അനുസൃതമായി പടിഞ്ഞാറൻ അട്ടപ്പാടിയിൽ ഒരു തവണയും കിഴക്കൻ അട്ടപ്പാടിയിൽ രണ്ടു തവണയും കൃഷി ചെയ്യാൻ സാധിക്കുന്നു. 

graphics02

സർക്കാരിന്റെ ചെറുധാന്യ ഗ്രാമ പദ്ധതിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കർഷകരുടെ സമിതിയായ അട്ടപ്പാടി ട്രൈബൽ ഫാമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സാണ് (എടിഎഫ്എഎം)ഊരുകളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ‘ കൂടുതൽ കർഷകർ ചെറുധാന്യ കൃഷിയിലേക്കു വരുന്നു. കിലോയ്ക്ക് ശരാശരി 60 രൂപ കർഷകർക്ക് നൽകാൻ കഴിയുന്നു. കർഷകരിൽ നിന്ന് സംഭരിക്കുന്ന ചെറുധാന്യങ്ങൾ സംസ്കരിച്ച് പാക്ക് ചെയ്ത് മറ്റ് സ്ഥലങ്ങളിലേക്ക് കൊടുക്കുന്നുണ്ട്. ഇതുവഴി കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്, എടിഎഫ്എഎം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുരുകേശ് ചെറുമാലി പറഞ്ഞു. നാളെയുടെ ലോകത്തിന് അട്ടപ്പാടി വഴികാട്ടുകയാണ്. ഇതു തിരിച്ചറിവിന്റെ വഴിയാണ്. ഈ വഴിയിൽ യാത്രക്കാർ ഏറുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരനായ കർഷകന്റെ മുഖത്ത് സന്തോഷം നിറയുന്നു. കാരണം ഇതു പ്രകൃതിയിലേക്കുള്ള മടക്കം കൂടിയാണ്. 

millet-dr-arun
ഡോ. എൻ.എം. അരുൺ

ചെറുധാന്യങ്ങളിലേക്കുള്ള താൽപര്യം കൂടുന്നത് നല്ലതാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്ന ഇക്കാലത്ത്. ആരോഗ്യ കരമായ ഒരു ശീലത്തിലേക്കുള്ള മാറ്റമാണ്. വെള്ള അരിയേക്കാൾ എന്തു കൊണ്ടും ചെറുധാന്യങ്ങൾ ഗുണം ചെയ്യും. – ഡോ. എൻ.എം. അരുൺ, ആരോഗ്യ പ്രവർത്തകൻ, എഴുത്തുകാരൻ 

millet-dr-padmakumar
ഡോ. ബി. പത്മകുമാർ

ഭക്ഷണ സമൃദ്ധിക്കിടയിലും ലോകത്ത് പോഷക ദാരിദ്ര്യം : പരിഹാരം മില്ലറ്റുകൾ 

( ചെറുധാന്യങ്ങൾ സംബന്ധിച്ച പൊതുവായ സംശയങ്ങൾക്ക് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവിയും എഴുത്തുകാരനുമായ ഡോ. ബി. പത്മകുമാർ മറുപടി നൽകുന്നു )

? എന്താണ് മില്ലറ്റുകളുടെ ഗുണങ്ങള്‍

∙ പോഷക സമൃദ്ധമാണ് മില്ലറ്റുകൾ. ഇവ നാം പരമ്പരാഗതമായി കഴിച്ചു വരുന്നതാണ്. എല്ലാ പോഷകങ്ങളും സമീകൃതമായ അളവിൽ മില്ലറ്റുകളിൽ അടങ്ങിയിരിക്കുന്നു.

? അടുത്ത കാലത്ത് മില്ലറ്റുകളിലേക്ക് ലോകം തിരികെ പോകുന്നു. ഈ നീക്കത്തിന്റെ പ്രസക്തി എന്താണ്

∙ ഉചിതമായ തീരുമാനമാണിത്. അടുത്ത കാലത്തായി നാം ജങ്ക് ഫുഡ് എന്നറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് ആണ് കൂടുതലായി കഴിച്ചു വരുന്നത്. ഇതിന് ഏറെ ദോഷങ്ങളുണ്ട്. രുചി മാത്രമാണ് ഇവയുടെ അടിസ്ഥാനം. ഇവയിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ല. അതിനാൽ സമൃദ്ധിക്കിടയിലും ലോകത്ത് പോഷക ദാരിദ്ര്യം നേരിടുന്നു. ഇതിനുള്ള പരിഹാരമാണ് മില്ലറ്റുകൾ.

? ജീവിത ശൈലീ രോഗങ്ങൾക്ക് മില്ലറ്റുകൾ പരിഹാരമാണോ

∙ അടുത്ത കാലത്തുണ്ടായ ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് ജീവിത ശൈലീ രോഗങ്ങളുടെ കാരണങ്ങളിൽ പ്രധാനം. അവയ്ക്ക് പരിഹാരങ്ങളിൽ ഒന്ന് മില്ലറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്.

? ഏതു പ്രായക്കാർക്കും മില്ലറ്റുകൾ കഴിക്കാമോ

∙ ഉറപ്പായും. ഏതു പ്രായത്തിലുള്ളവർക്കും ഇവ കഴിക്കാം.

? മില്ലറ്റുകൾക്ക് ദോഷ വശങ്ങളുണ്ടോ. ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ.

∙ പൊതുവേ വലിയ ദോഷ വശങ്ങൽ ഇല്ല. എന്നാൽ മില്ലറ്റുകളിൽ കാൽസ്യം കൂടുതലാണ്. ഭാവിയിൽ കിഡ്നി സ്റ്റോൺ പോലുള്ള രോഗങ്ങൾക്ക് സാധ്യത ചെറുതായി ഉണ്ട്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പോംവഴി.

English summary: Union budget by sowing seeds for millet revolution, Union budget, Millet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com