ചർമമുഴയും ചാണകധാരയും... പശുക്കൾ അസ്വസ്ഥരാണ് സർ; പശുവിനെ ‘കെട്ടിപ്പിടിക്കും’ മുൻപ്

cow-hug
SHARE

ലോക പ്രണയദിനം ഫെബ്രുവരി 14നാണ്. പ്രണയന്മാരും പ്രണയിനികളും സ്നേഹസമ്മാനങ്ങളും, ഹൃദയവികാരങ്ങളും പരസ്പരം കൈമാറുന്ന ദിനം. ഈ വർഷം മുതൽ പശുക്കളെ ആലിംഗനം ചെയ്ത് പ്രണയിക്കാമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ് ഉത്തരവിറക്കിയിരിക്കുന്നു. ഈ ഉത്തരവു കണ്ട് പശുക്കളെ ഓടിച്ചെന്ന് ആലിംഗനം ചെയ്താൽ ‘നിന്നെ പുൽകാൻ നീട്ടിയ കൈകളിൽ വേദനയോ’ എന്ന് നീട്ടിപ്പാടി നടക്കേണ്ടി വരുമെന്ന് ക്ഷീരകർഷകൻ പറയുന്നു. അതായത്, പശുവിന് ഫെബ്രുവരി 14ന്റെ പ്രാധാന്യം അറിയില്ലല്ലോ. 

മിക്കവാറും പശുക്കളൊക്കെ ചർമമുഴ വന്ന് ശരീരത്തിൽ വൃണവുമായി നിൽക്കുകയാണ്. അതിന്റെ അസ്വസ്ഥതയും വേദനയുമൊക്കെ അവറ്റകൾക്കുണ്ട്, അതുകൊണ്ട് ആലിംഗനത്തിനു മുൻപ് സൂക്ഷിക്കണം. 

ഇനി കോട്ടയം ജില്ലയിലുള്ളവരാണെങ്കിൽ പശുവിന്റെ പിന്‍ഭാഗം വഴി പോകരുത്, കാരണം കാലിത്തീറ്റയിലെ വിഷബാധമൂലം അവിടുള്ള മിക്കവാറും പശുക്കൾക്ക് ‘ജലധാര’ പോലെയാണ് വയറിളകി വരുന്നത്, ചിലപ്പോൾ ‘ചാണകാഭിഷേകം’ നേരിടേണ്ടി വരും. അല്ലെങ്കിൽ തന്നെ കേരളത്തിലെ പശുക്കളെല്ലാം കലിപ്പിലാണ്. ബജറ്റിനു മുന്നോടിയായി ഗവർണർ നടത്തിയ നയപ്രഖ്യാപനം പ്രസംഗത്തിൽ ‘കേരളം പാലുൽപാദനത്തിൽ സ്വയംപര്യാപ്തമായി’ എന്ന് പറഞ്ഞതിനാണ് പശുക്കൾ മൂക്കത്ത് വിരൽ വച്ച് ഇടം തിരിഞ്ഞു നിൽക്കുന്നത്. 

സ്വയംപര്യാപ്തമായെങ്കിൽ പിന്നെ എന്തിനാണ് മിൽമ ദിവസവും 2 ലക്ഷം ലീറ്റർ പാലും സ്വകാര്യകമ്പനികൾ അതിലധികം പാലും വെളിയിൽനിന്നും കൊണ്ടു വരുന്നതെന്ന് പശുക്കൾ കൂട്ടമായി ചോദിക്കുന്നുണ്ട്. 2011ൽ കേരളത്തിലെ പശുക്കൾ 26 ലക്ഷം ടൺ പാൽ പ്രതിവർഷം ഉൽപാദിച്ചപ്പോൾ 2020ൽ 25 ലക്ഷം ടൺ പാൽ മാത്രമേ ഉൽപാദിപ്പിച്ചുള്ളൂ. പിന്നെങ്ങനെ സ്വയം പര്യാപ്തമാകും? പശുക്കളുടെ ചോദ്യമാണ്. 

സ്വയംപര്യാപ്തതയെന്ന് തെറ്റായി പ്രഖ്യാപിച്ചാൽ പിന്നെ ഞങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തുന്ന തുക കുറയ്ക്കാമല്ലോ എന്ന് ഏതെങ്കിലും പശുക്കൾ ചിന്തിച്ചാൽ അതിനെ കുറ്റം പറയാൻ കഴിയുമോ? അതിനാൽ പശുക്കളെല്ലാം ദേഷ്യത്തിലാണ്. അടുത്തു പോകുന്നത് സൂക്ഷിക്കണം. 

എല്ലാ മാസവും ഞങ്ങൾ തരുന്ന ഓരോ ലീറ്റർ പാലിനും നാലു രൂപ വീതം ഇൻസെന്റീവ് തരാമെന്ന് പറഞ്ഞ് പറ്റിച്ചതൊന്നും ഞങ്ങൾ മറന്നിട്ടില്ല. ആദ്യം അത് തന്നിട്ടു മതി കെട്ടിപ്പിടുത്തം, എന്നാണ് കൂടുതൽ പശുക്കളും പറയുന്നത്. ശരിയല്ലേ പറയുന്നത്? അതുകൊണ്ട് ദേഷ്യത്തിൽ നിൽക്കുന്ന പശുക്കൾ പിൻകാലിന് തൊഴിക്കാതെ നോക്കണം. കാലിത്തീറ്റ വിലകുറയ്ക്കാൻ സംസ്ഥാനത്ത് ചോളം കൃഷി നടത്തി അതില്‍നിന്ന് ചോളം ‘വിളവെടുത്ത്’ ഉൽപാദനച്ചെലവ് കുറയ്ക്കാമെന്നുള്ള പ്രസ്താവനകൾ ചിലപ്പോഴൊക്കെ പശുക്കൾക്ക് ചിരിക്കു വക നൽകി മാനസികോല്ലാസം നൽകുന്നെങ്കിലും, പഞ്ചാബിൽനിന്ന് കച്ചി കൊണ്ടു വന്ന് നൽകാമെന്ന് പറഞ്ഞിട്ട് ഒന്നും കൊണ്ടുവരാത്തതിൽ പശുക്കൾ നിരാശരാണ്. അതിനാൽ കെട്ടിപ്പിടിക്കാൻ പോകുന്നവർ, ആരെയെങ്കിലും കൊണ്ട് പശുക്കളെ ആദ്യമായി ബലമായി മൂക്കുകയറിൽ പിടിച്ച് നിർത്തണം. അല്ലെങ്കിൽ കലിയിളകി ചിലപ്പോൾ പശുക്കൾ കൊമ്പിനു കോരിയെടുത്തെന്ന് വരും. 

ഈ സാഹചര്യത്തിൽ ‘ശാസ്ത്രീയമായി പശുക്കളെ എങ്ങനെ കെട്ടിപ്പിടിക്കാം’ എന്ന് ഒരു സെമിനാർ സംഘടിപ്പിക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS