നമുക്ക് ക്ലൈമറ്റ് സ്മാർട്ട് ആകാം; കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാൻ കർഷകർക്ക് എന്തെല്ലാം ചെയ്യാനാകും?

HIGHLIGHTS
  • കാലത്തിനൊപ്പം കൃഷിരീതിയും മാറേണ്ടതുണ്ട്
  • ഏകവിളക്കൃഷിക്കു പകരം സമ്മിശ്രക്കൃഷിയും കാര്‍ഷിക വനവല്‍ക്കരണവും സ്വീകരിക്കണം
roxy
ഡോ. റോക്സി മാത്യു കോൾ
SHARE

കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്നതിനു കര്‍ഷകര്‍ക്ക് എന്തെല്ലാം ചെയ്യാനാവുമെന്നു വിലയിരുത്തുന്നു പുണെയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാശാസ്ത്രജ്ഞനും കോട്ടയം ഭരണങ്ങാനം സ്വദേശിയുമായ ഡോ. റോക്സി മാത്യു കോൾ.

കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാന്‍ കേരളത്തിലെ കർഷകർക്ക് പല കാര്യങ്ങളും ചെയ്യാനാവും. അതിന് ആദ്യം വേണ്ടത് കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുകയാണ്. കാലവർഷക്കാലത്തു കിട്ടുന്ന മൊത്തം മഴ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളം, വിശേഷിച്ച് മധ്യകേരളത്തിൽ മഴയുടെ അളവും ജലക്ഷാമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണം. ചൂടും ഈർപ്പവും കൂടുന്നുണ്ട്. കാലാവസ്ഥാമാറ്റം ദീര്‍ഘകാല തോട്ടവിളകളെ ഏറെ ബാധിക്കും.

കാലത്തിനൊപ്പം കൃഷിരീതിയും മാറേണ്ടതുണ്ട്. കൃഷിരീതിയും കൃഷിക്കാരനും ക്ലൈമറ്റ് സ്മാർട്ട് ആകണം. കാർഷിക സർവകലാശാലയും കൃഷി-കാലാവസ്ഥ വകുപ്പുകളും (കൃഷിവിജ്ഞാൻ കേന്ദ്ര) 5 ദിവസത്തെ ഇടവേളയിൽ പുറത്തിറക്കുന്ന കാർഷിക കാലാവസ്ഥ നിർദേശക ബുള്ളറ്റിൻ ഉപയോഗപ്രദമാണ്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിപരിപാലനത്തിനുള്ള നിര്‍ദേശങ്ങൾ മൊബൈൽ ആപ് വഴി ലഭിക്കുന്നുണ്ട്, ഇത് ഉപയോഗപ്പെടുത്തണം. മണ്ണിന്റെ ഘടന, രാസ-ഭൗതിക സ്വഭാവങ്ങൾ എന്നിവ മനസ്സിലാക്കിമാത്രം വളവും കീടനാശിനിയും പ്രയോഗിക്കുക. മണ്ണിന്റെ രാസ-ഭൗതിക ഘടന മനസ്സിലാക്കാൻ കൃഷിവകുപ്പിന്റെ സഹായമോ അല്ലെങ്കിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി(ICAR)ന്റെ ഡിജിറ്റൽ സോയിൽ മാപ്പിങ്ങോ ഉപയോഗിക്കാം.

കൃഷിയുമായി ബന്ധപ്പെട്ട വിവര വിതരണവും, അതനുസരിച്ച് കൃഷിയും വളപ്രയോഗവും പ്ലാൻ ചെയ്യാനും അക്കൗണ്ടിങ്, ഇൻവെന്ററി, വിപണനം എന്നിവ കൈകാര്യം ചെയ്യാനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടണം. എന്റെ സുഹൃത്ത് പാലക്കാട് സ്വദേശി റിജീഷ് രാജൻ (ഫോണ്‍: 7907683358) കേരളത്തിലെ കർഷകർക്കായി ഒരു സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്. കൃഷിരീതി ക്ലൈമറ്റ് സ്മാർട്ട് ആക്കാൻ ഇവയൊക്കെ ഒരു പരിധിവരെ സഹായിക്കും.

ഏകവിളക്കൃഷിക്കു പകരം സമ്മിശ്രക്കൃഷിയും കാര്‍ഷിക വനവല്‍ക്കരണവും സ്വീകരിക്കണം. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വിളകൾക്ക് തണൽ നൽകാനും തീവ്ര കാലാവസ്ഥാസംഭവങ്ങളെ നന്നായി പ്രതിരോധിക്കാനും കാർഷികവിളകളുമായി മരങ്ങളെ സംയോജിപ്പിച്ചുള്ള കാർഷിക വനവൽക്കരണം പ്രാധാന്യമർഹിക്കുന്നു. കേരളത്തിൽ പണ്ടേയുള്ള ഈ രീതി ഏകവിളക്കൃഷി വ്യാപകമായതോടെ ഇല്ലാതാവുകയായിരുന്നു.  കാലാവസ്ഥയെ പ്രതിരോധിക്കാനും മണ്ണൊലിപ്പ് തടയാനും കൃഷിയിടത്തില്‍ മരങ്ങൾ ഉണ്ടാവണം. വൃക്ഷങ്ങള്‍കൂടി ഉള്‍പ്പെടുത്തിയുള്ള കൃഷിരീതി തിരികെ കൊണ്ടുവരണം. വിളകള്‍ക്കൊപ്പം കന്നുകാലികൾ, കോഴി-താറാവ്, മത്സ്യം, തേനീച്ച തുടങ്ങിയവയും ചേര്‍ന്ന സംയോജിതകൃഷിയും തിരിച്ചുപിടിക്കണം. 

മണ്ണ്-ജല സംരക്ഷണപ്രവര്‍ത്തനങ്ങളും സുപ്രധാനം. മഴ കഴിഞ്ഞയുടനെ പുഴയും മണ്ണും വരണ്ടുപോകുന്നുണ്ട് ഇപ്പോൾ. മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യുന്നതില്‍ വിജയിച്ച  മഴപ്പൊലിമ (ഭൂഗർഭജല റീചാർജിങ്), ജലവർഷിണി (കുളങ്ങളും തടാകങ്ങളും പുനരുജ്ജീവിപ്പിക്കല്‍), പുഴ പുനർജനി എന്നീ പദ്ധതികള്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കണം. തൊഴിലുറപ്പ് പദ്ധതിയുമായി യോജിപ്പിച്ചാല്‍ ചെലവു കുറയ്ക്കാനുമാകും. 

അറിവും വിഭവങ്ങളും പങ്കുവയ്ക്കാനും, മാറുന്ന കാലാവസ്ഥയുമായി കൂട്ടായി പൊരുത്തപ്പെടാനും, കർഷക കൂട്ടായ്മകൾ അടിസ്ഥാനമാക്കിയുള്ള സമീപനം ഫലപ്രദമാണ്. ഇതിനുദാഹരണമാണ് മീനച്ചിൽ മഴ-പുഴ നിരീക്ഷണം എന്ന സിറ്റിസൺ സയൻസ് ഗ്രൂപ്പും ഭൂമിക എന്ന കർഷക കൂട്ടായ്മയും കൈകോർത്തു നടത്തുന്ന പ്രവർത്തനങ്ങൾ. 

കാലാവസ്ഥാമാറ്റത്തിന്റെ ഇരകളെന്ന നിലയിൽ നമ്മുടെ കർഷകർ തീർച്ചയായും കൂടുതൽ സഹായം അർഹിക്കുന്നു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR) കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്ന വിളകൾ തയാറാക്കുന്നുണ്ട്. പ്രധാനമായും ധാന്യവിളകൾ, പയർ വർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, കരിമ്പ്, കാലിത്തീറ്റവിളകൾ, പഴം-പച്ചക്കറികൾ തുടങ്ങിയവയ്ക്കൊക്കെ കാലാവസ്ഥാമാറ്റത്തോടു  പ്രതിരോധശേഷിയുള്ള ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ICAR ബുള്ളറ്റിൻ വഴി കൂടുതൽ വിവരങ്ങൾ സമാഹരിക്കാം. കൃഷിയെ കൂടുതൽ സുസ്ഥിരമാക്കുന്നതിനു  യോജ്യമായ പൊരുത്തപ്പെടുത്തലും ലഘൂകരണ സാങ്കേതികവിദ്യകളും സ്വീകരിക്കുന്നതിനൊപ്പം കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുടെ ഗുണനിലവാരമുള്ള വിത്തുകളും ഉറപ്പാക്കേണ്ടതുണ്ട്.   ഭൂമികയെന്ന കര്‍ഷക  കൂട്ടായ്മ നടത്തുന്ന വിത്തുകുട്ടപോലെയുള്ള സംരംഭങ്ങളും വ്യാപകമായുണ്ടാവണം. 

  • ജപ്പാനിലെ ഹോക്കിയാഡോ സർവകലാശാലയിൽനിന്നു സമുദ്ര കാലാവസ്ഥാപഠനത്തിൽ ഡോക്ടറേറ്റ് നേടി.  ഇന്തോ– പസഫിക് മേഖലയിലെ കാലാവസ്ഥാപ്രവചനത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ സമുദ്രമേഖലയ്ക്കായി പ്രഥമ കാലാവസ്ഥാ മോഡൽ വികസിപ്പിച്ചു. ഇപ്പോൾ കാലാവസ്ഥാമാറ്റവും മൺസൂണും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങൾക്കു നേതൃത്വം നൽകുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരിൽ ഒരാളായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS