ADVERTISEMENT

ഏഷ്യൻ റബർ കയറ്റുമതി രാജ്യങ്ങളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ചൈനീസ്‌ വ്യവസായികൾ. നീണ്ട ഇടവേളയ്‌ക്കു ശേഷം രാജ്യാന്തര റബർ വിപണിയിലേക്കുള്ള ബീജിങ്‌ വ്യവസായികളുടെ വരവ്‌ വൻ ആഘോഷമാക്കി മാറ്റാനാവുമെന്ന നിഗമനത്തിലായിരുന്നു പ്രമുഖ കയറ്റുമതി രാജ്യങ്ങൾ. 

ലൂണാർ പുതുവത്സരാഘാഷങ്ങൾ കഴിഞ്ഞ്‌ ആഴ്‌ച മൂന്നു പിന്നിട്ടെങ്കിലും വൻ ഓർഡറുകൾ കരസ്ഥമാക്കാൻ തായ്‌ലൻഡിനും ഇന്തോനീഷ്യക്കുമായില്ല. കരുതൽ ശേഖരത്തിലുള്ള റബറിൽ വലിയ പങ്ക്‌ മാർച്ചിനു മുന്നേ കപ്പലിൽ കയറ്റാനാവുമെന്നാണ്‌ ബാങ്കോക്ക്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന കയറ്റുമതികാർ കണക്കുകൂട്ടിയത്‌. എന്നാൽ, റബർ സംഭരണത്തിൽ ചൈന അനുവർത്തിച്ച തണുപ്പൻ മനോഭാവം രാജ്യാന്തര റബർ അവധി വ്യാപാരത്തിലും മ്ലാനത പരത്തി. 

റബർ ഉൽപാദന രാജ്യങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഡിമാൻഡ് ഉയരില്ലെന്ന തിരിച്ചറിവിൽ ഫണ്ടുകളും ഇതര ഓപ്പറേറ്റർമാരും പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബറിൽ ലോങ്‌ പൊസിഷനുകൾക്ക്‌ കാര്യമായ ഉത്സാഹം കാണിച്ചില്ല. ഒക്‌ടോബറിനു ശേഷം കിലോ 238 യെന്നിന്‌ മുകളിൽ ഒരിക്കൽ പോലും ഇടം പിടിക്കാൻ അവസരം ലഭിക്കാഞ്ഞതിനാൽ വിൽപ്പനയ്‌ക്കാണ്‌ പലപ്പോഴും അവർ മുൻ തൂക്കം നൽകിയത്‌. 

ഡിസംബർ മധ്യം 228 യെൻ വരെ കയറിയ റബർ ഓരോ തിരുത്തലിലും പുതിയ താഴ്‌ചകളിലേക്ക് ഊളിയിട്ടു. ജാപ്പനീസ്‌ എക്‌സ്‌ചേഞ്ചിൽ പിന്നിട്ടവാരം 202 യെന്നിലേക്കു തളർന്ന റബറിന് ഫെബ്രുവരിക്ക്‌ 215 യെന്നിൽ പ്രതിരോധം മൂലം ഏഷ്യൻ മാർക്കറ്റുകൾ സ്‌റ്റെഡി റേഞ്ചിൽ നീങ്ങാം. ഉയർന്ന തോതിൽ ഇടപാടുകൾ നടക്കുന്ന ജൂലൈ റബർ 217 ലാണ്‌ നീങ്ങുന്നതെങ്കിലും 228 ന്‌ മുകളിൽ ഇടം പിടിക്കാൻ അൽപ്പം ക്ലേശിക്കേണ്ടിവരാം, അതേസമയം ഉൽപാദക രാജ്യങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടായാൽ ഈ പ്രതിരോധം വിപണി മറികടക്കാം. 

കേരളത്തിൽ വരണ്ട കാലാവസ്ഥ സംജാതമായതോടെ റബർത്തോട്ടങ്ങളിൽ നിന്നും കർഷകർ പിൻതിരിഞ്ഞു. പകൽ താപനില ക്രമാതീതമായി ഉയർന്നതിനൊപ്പം മരങ്ങൾ പാൽ ചുരത്തുന്നത്‌ കുറച്ചതിനാൽ വെട്ട്‌ നിർത്താൻ ചെറുകിട കർഷകരും നിർബന്ധിതരാക്കി. ഇനി എല്ലാം പ്രതീക്ഷകളും വേനൽ മഴയിലാണ്‌. അന്തരീക്ഷ താപനില അമിതമായി ഉയരുന്ന സാഹചര്യത്തിൽ മാർച്ചിൽ ആദ്യ വേനൽ മഴയ്ക്കുള്ള സാധ്യതയുണ്ടങ്കിലും റബർ വെട്ട്‌ പുനരാരംഭിക്കണമെങ്കിൽ തുടർമഴ വേണ്ടിവരും. 

കാർഷിക മേഖലയിലെ കരുതൽ ശേഖരത്തെ കുറിച്ച്‌ വ്യക്തമായ കണക്കുകൾ നിരത്താൻ വ്യാപാര രംഗത്തിനാവുന്നില്ല. അതേസമയം വൻകിട തോട്ടങ്ങളിൽ സ്‌റ്റോക്കുണ്ടാകുമെന്ന സൂചനയാണ്‌ വിപണി വൃത്തങ്ങൾക്ക്‌. സംസ്ഥാനത്തെ നാലാം ഗ്രേഡ്‌ കിലോ 141‐143 രൂപ റേഞ്ചിലും രാജ്യാന്തര വിപണിയിൽ 144 രൂപയിലുമാണ്‌. 

കുരുമുളക്‌

സാമ്പത്തിക വർഷാന്ത്യമായതോടെ വിപണിയിൽ പണത്തിനു ഞെരുക്കം അനുഭവപ്പെടുന്നു. കാർഷിക മേഖല ബാങ്ക്‌ വായ്‌പ്പകൾ തിരിച്ച്‌ അടയ്ക്കാനാവശ്യമായ പണം കണ്ടത്താനുള്ള തത്രപാടിലാണ്‌. ചെറുകിട കർഷകർ കഴിഞ്ഞ ദിവസങ്ങളിൽ കുരുമുളക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ ഉത്സാഹിച്ചതോടെ ഉൽപാദകമേഖലകളിൽ നിന്നും ഉയർന്ന അളവിൽ ചരക്ക്‌ വിൽപ്പനയക്ക്‌ ഇറങ്ങി. കൊച്ചി ടെർമിനൽ മാർക്കറ്റിൽ മാത്രം 284 ടൺ കുരുമുളക്‌ വിൽപ്പനയ്‌ക്കെത്തി. ഈ വർഷം ഇതാദ്യമായാണ്‌ ഒറ്റ വാരത്തിൽ ഇത്രയധികം മുളകുമായി കർഷകർ വിപണിയെ സമീപിക്കുന്നത്‌. വരവ്‌ ശക്തമെങ്കിലും അതിന്‌ അനുസൃതമായി ഡിമാൻഡ് ഉണ്ടായി. എന്നാൽ വാങ്ങലുകാർ നിരക്ക്‌ ഓരോ ദിവസവും താഴ്‌ത്തിയാണ്‌ സംഭരിച്ചത്. ഈ വാരം ഉൽപാദകകേന്ദ്രങ്ങൾ വിൽപ്പന സമ്മർദ്ദം ഒഴിവാക്കിയാൽ വിലത്തകർച്ചയെ പിടിച്ചു നിർത്താനാവും. അന്തർസംസ്ഥാന ഡിമാൻഡിനിടയിലും ക്വിന്റലിന്‌ 700 രൂപ ഇടിഞ്ഞ്‌ അൺഗാർബിൾഡ്‌ മുളക്‌ 48,500 രൂപയായി. 

ഇതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രീലങ്ക കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിക്കുകയാണ്‌. അതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള കുരുമുളക്‌ കയറ്റുമതിക്ക്‌ ഊജം പകരാനുള്ള ശ്രമം കേരളത്തിലെയും കർണാടകത്തിലെയും കുരുമുളക്‌ കർഷകർക്ക്‌ തിരിച്ചടിയാവും. വിയറ്റ്‌നാം, ബ്രസീൽ കുരുമുളക്‌ കൊളംബോ തുറമുഖത്ത്‌ ഇറക്കിയ ശേഷം ശ്രീലങ്കൻ ഉൽപ്പന്നമെന്ന വ്യാജേനയാണ്‌ ഇന്ത്യയിലേക്ക്‌ ഷിപ്പ്‌മെന്റ് നടത്തുന്നത്‌. 

ശ്രീലങ്കൻ മുളകിനെ അപേക്ഷിച്ച്‌ മുഴുപ്പിന്റെ കാര്യത്തിൽ വിയറ്റ്‌നാം മുളക്‌ വലുതാണ്‌. രണ്ടു രാജ്യങ്ങളിലെയും ചരക്കുകൾ തമ്മിലുള്ള അന്തരം നിഷ്‌പ്രയാസം കണ്ടത്താനാവുമെന്നിരിക്കെ വ്യാജ നാമങ്ങളിലെ ഇറക്കുമതിക്ക്‌ കടിഞ്ഞാണിടാൻ വിദേശ വ്യാപാര ഡയറക്ടർ ജനറൽ മുൻകൈയെടുത്താൽ പരിഹരിക്കാവുന്ന പ്രശ്‌നമാണ്‌. എന്നാൽ ഡയറക്‌ടർ ജനറൽ ഫോറിൻ ട്രേഡ്‌ ഇക്കാര്യത്തിൽ കർഷകർക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കുന്നില്ല.

പിന്നിട്ട വർഷത്തിൽ ഏകദേശം 35,000 ടൺ വിദേശ കുരുമുളക്‌ ഇത്തരത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കുമതി നടത്തിയെന്നാണ്‌ വിവരം. ഒക്‌ടോബർ വരെയുള്ള കാലയളവിൽ മലബാർ മുളക്‌ വില ആഭ്യന്തര ഡിമാൻഡിൽ ഉയരേണ്ടതാണെങ്കിലും വർധിച്ചതോതിലുള്ള ഇറക്കുമതികൾ ഉൽപാദകരുടെ പ്രതീക്ഷകളെ തടികം മറിക്കാം. 

ചുക്ക്‌

അറബ്‌ രാഷ്‌ട്രങ്ങൾ നോമ്പുകാല ആവശ്യങ്ങൾക്കുള്ള  ചുക്ക്‌‌ സംഭരണം ശക്തമാക്കി.  ചൈനീസ് ചുക്കിനെ തഴഞ്ഞ്‌ ഇന്ത്യൻ ഉൽപ്പന്നത്തിൽ അവർ മുൻതൂക്കം നൽകിയത്‌ വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. കേരളവും കർണാടകവും ചുക്ക്‌ നീക്കം നിയന്ത്രിച്ച്‌ വില ഉയർത്താൻ ശ്രമിക്കുന്നതിനാൽ വിപണികളിൽ വരവ്‌ ശക്തമല്ല. അതേസമയം മഹാരാഷ്‌ട്രയിൽ ഇക്കുറി പച്ച ഇഞ്ചി റെക്കോർഡ്‌ ഉൽപാദനമായിരുന്നു, അവർ ഇഞ്ചി സംസ്‌കരിച്ച്‌ ചുക്കാക്കാൻ ഉത്സാഹിച്ചു. അവിടെ ഉയർന്ന അളവിൽ ചുക്ക്‌ സ്‌റ്റോക്കുള്ളത്‌ മുന്നേറ്റത്തിന്‌ ഭീഷണിയാവുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ആഭ്യന്തര ചുക്ക്‌ വിപണിയും ചുടുപിടിച്ച്‌ നിൽക്കുകയാണ്‌. കൊച്ചിയിൽ മികച്ചയിനം ചുക്ക്‌ 25,000 രൂപയ്‌ക്കും ശേഖരിക്കാൻ കയറ്റുമതി മേഖല മുന്നോട്ട്‌ വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com