ചികിത്സാ സംവിധാനങ്ങളും സാധ്യതകളും വർധിച്ചു: 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നത് ക്രൂരതയാണ്

palakkad-veterinary-treatment
SHARE

കേരളത്തിലെ പ്രതിദിന പാലുൽപാദനം ഏകദേശം 78 ലക്ഷം ലീറ്ററാണ്. ശരാശരി ഒരു പശുവിൽനിന്നുള്ള പ്രതിദിന ഉൽപാദനം 10.4 ലീറ്ററും. 1970കളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും പ്രതിദിന ഉൽപാദനം നാടൻപശുക്കളിൽനിന്ന് 2.5 ലീറ്റർ മുതൽ 3 ലീറ്റർ വരെയായിരുന്നു. അക്കാലത്ത് കന്നുകാലി വളർത്തൽ ഒരു ഉപതൊഴിൽ മാത്രമായിരുന്നു. കൃഷിക്കാവശ്യമായ ചാണകത്തിനും വീട്ടാവശ്യത്തിനുള്ള പാലിനും വേണ്ടി മാത്രമായിരുന്നു അന്നൊക്കെ പശുക്കൾ. ആ നിലയിൽനിന്ന് ഇന്ന് ഏകദേശം 5 ലക്ഷം കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗമായി മൃഗസംരക്ഷണ മേഖല മാറിയതെങ്ങനെയെന്ന് നോക്കാം. 

  1. സങ്കര ഇനം കന്നുകാലികളെ കേരളത്തിൽ വളർത്തിയെടുത്തു. ഇതിനായി ദീർഘവീക്ഷണത്തോടെ അന്നത്തെ ഭരണാധികാരികളും, വെറ്ററിനറി ഡോക്ടര്‍മാരും പ്രവർത്തിച്ചു.
  2. ശാസ്ത്രീയ രീതികളും അവബോധവും കർഷകർക്കിടയിൽ ഫലപ്രദമായി നടപ്പിലാക്കി. 
  3. സമീകൃത കാലിത്തീറ്റയും അവ ഉൽപാദിപ്പിക്കുന്നതിനുള്ള ഫാക്ടറികളും സ്ഥാപിതമായി. 
  4. വിപണനത്തിന് മിൽമ നിലവിൽ വന്നു. 
  5. എല്ലാ പഞ്ചായത്തിലും മൃഗാശുപത്രികൾ സ്ഥാപിച്ചു. യഥാസമയം ചികിത്സയും പ്രതിരോധ മരുന്നുകളും കന്നുകാലികൾക്ക് നൽകി ആരോഗ്യമുള്ള കാലി സമ്പത്തിനെ വളർത്തിയെടുക്കാൻ സാധിച്ചു. 
  6. കേരളത്തിൽ കാർഷിക സര്‍വകലാശാലയും തുടർന്ന് വെറ്ററിനറി സർവകലാശാലയും നിലവിൽ വന്നു. ഈ മേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും നടപ്പിലാക്കി. 
  7. കൃത്രിമ ബീജസങ്കലനത്തിനായി കൂടുതൽ വെറ്ററിനറി സബ്സെന്ററും ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാരും ലഭ്യമായി. 
  8. ഇതിനൊക്കെ ഉപരി കർഷകരുടെ കഠിനാധ്വാനവും പ്രയത്നവും ഫലം കണ്ടു. 

ക്ഷീരമേഖലയുടെ ഇന്നത്തെ സ്ഥിതി നമുക്കൊന്ന് പരിശോധിക്കാം

കഴിഞ്ഞ 6 വർഷമായി ക്ഷീരമേഖല സ്വയം പര്യാപ്തമാകാൻ പോകുന്നു, സ്വയംപര്യാപ്തമായി എന്ന് മാറിയും തിരിഞ്ഞും ഭരണകർത്താക്കൾ പ്രസ്താവനകൾ നടത്തുന്നുണ്ട്. കണക്കുകൾ പരിശോധിച്ചപ്പോൾ 2011 മുതൽ 2021 വരെ പാലുൽപാദനം കുറഞ്ഞതായാണ് കാണുന്നത്. ഈ കാലയളവിൽ കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാനത്തുനിന്നും കാലികളെ വാങ്ങാൻ ക്ഷീരവികസന വകുപ്പ് മുഖേന ചെലവഴിച്ചത്. എന്തുകൊണ്ട് ഇത്രയും കോടികൾ ചെലവഴിച്ചിട്ടും പാലുൽപാദനം കൂടിയില്ല? അന്യസംസ്ഥാനത്ത് നിന്നും പശുക്കളെ കൊണ്ടുവന്ന് ഇവിടെ സ്വയം പര്യാപ്തമാകാൻ കഴിയുമോ? മറ്റു സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന അസുഖങ്ങൾ നമ്മുടെ കന്നുകാലികൾക്കിടയിൽ വ്യാപകമാകാൻ കാരണം ഈ നയങ്ങളാണോ?

ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ശരിക്കും ക്ഷീരകർഷകര്‍ തന്നെയാണോ? അതോ സബ്സിഡി തരപ്പെടുത്താൻ വേണ്ടിയുള്ള വ്യാജന്മാരും ഇടനിലക്കാരും ഇതിൽ കടന്നു കൂടിയോ? കഴിഞ്ഞ 5 വർഷമായി അന്യസംസ്ഥാനത്തുനിന്നും കൊണ്ട് വന്ന എത്ര പശുക്കൾ ഇപ്പോൾ നിലവിലുണ്ട്? കുറഞ്ഞപക്ഷം ഈ വർഷം 20 കോടി രൂപ ഈ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ട്. അങ്ങനെയങ്കിൽ ഈ സാമ്പത്തികവർഷം എത്ര ലീറ്റർ പാൽ അധികമായി പാൽ സൊസൈറ്റികൾ വഴി സംഭരിച്ചു?

ഈ വിഷയങ്ങളൊക്കെ പരിശോധിക്കേണ്ടതാണ്. സുസ്ഥിര ക്ഷീര വികസനത്തിനായി നമ്മൾ ഈ കാലഘട്ടത്തിൽ ഒന്നും തന്നെ ചെയ്യുന്നില്ല എന്നു വേണം കരുതാൻ.

കാലിത്തീറ്റയുടെ അമിതവില കാരണം പലരും പശുക്കളുടെ എണ്ണം കുറയ്ക്കുകയോ, ഈ മേഖല വിട്ടു പോകുകയോ ചെയ്തിട്ടുണ്ട്. വർഷം തോറും അന്യസംസ്ഥാനത്തുനിന്നും കൊണ്ടു വരുന്ന പശുക്കൾക്ക് വേണ്ടി ചെലവഴിക്കുന്ന കോടികൾക്ക് പകരം, ആ കോടികൾ ഉപയോഗിച്ച് കാലിത്തീറ്റയുടെ വില കുറയ്ക്കാനുള്ള നടപടികളാണ് ആവശ്യം. ഭരണകർത്താക്കൾ നൽകുന്ന ദീർഘവീക്ഷണമില്ലാത്ത പ്രഖ്യാപനങ്ങൾ ഈ മേഖലയിലുള്ള പ്രതീക്ഷ കെടുത്തുന്നതാണ്. പഞ്ചാബിൽ നിന്നും കുറഞ്ഞവിലയ്ക്ക് വൈക്കോൽ ഇറക്കുമതി ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ട് ഒന്നും നടന്നില്ല. 4 രൂപ ഓരോ ലീറ്റർ പാലിനും സെപ്റ്റംബർ മുതൽ എല്ലാ മാസവും നൽകും എന്ന് പറഞ്ഞു. ഒരു മാസം മാത്രം നൽകി. പിന്നീട് തുടർന്ന് ലഭിച്ചില്ല. കേരളത്തിൽ ചോളം കൃഷി ചെയ്ത്, വിളവെടുത്ത് അതുപയോഗിച്ച് കാലിത്തീറ്റ നിർമിച്ച് ഉൽപാദന ചെലവ് കുറയ്ക്കും എന്ന പ്രസ്താവന കണ്ടു. ഒന്നും നടന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഇതേ പോലെ തന്നെ കർഷകരേയും വെറ്ററിനറി ഡോക്ടർമാരെയും രണ്ട് തട്ടിലാക്കുന്ന പ്രസ്താവന മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. 24 മണിക്കൂറും പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർമാർ സേവന സന്നദ്ധരായി കർഷകരുടെ ഫോൺ അറ്റൻഡ് ചെയ്യണമെന്നും, സേവനം നൽകണമെന്നും. 

കേട്ടാൽ വളരെ നിർദോഷമായി തോന്നുമെങ്കിലും കർഷകരുടെ കയ്യയടി കിട്ടുമെങ്കിലും, ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം 24 മണിക്കൂറും സേവനം നൽകാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. 

മുന്‍കാലങ്ങളിൽ പാലുൽപാദനം ശരാശരി 3 ലീറ്ററിൽനിന്നും 10.4 ലീറ്ററിലേക്ക് എത്തിക്കാൻ കർഷകരും വെറ്ററിനറി ഡോക്ടർമാരും ചേർന്ന് പ്രവർത്തിച്ചപ്പോൾ ആർക്കും ഒരു പരാതിയുമില്ലായിരുന്നു. അന്നൊക്കെ മൃഗാശുപത്രികളുടെ സേവനം രാവിലെ മുതൽ വൈകിട്ട് 3 വരെയാണ്. ഇപ്പോൾ സൗകര്യങ്ങൾ കൂടി രാവിലെ 9 മുതൽ 3 വരെ എല്ലാ പഞ്ചായത്തിലും ഡോക്ടർമാരുണ്ട്. തുടർന്ന് 1 മുതൽ രാത്രി 8 വരെ 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ കർഷകർക്ക് സേവനം ലഭിക്കും. ഇതിനായി കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുണ്ട്. രാത്രി 8 മുതൽ രാവിലെ 8 വരെ രാത്രികാല വെറ്ററിനറി സേവനം ലഭ്യമാക്കാനും വെറ്ററിനറി ഡോക്ടർമാരുണ്ട്. 

രാവിലെ 9 മണിക്ക് ജോലിയില്‍ പ്രവേശിക്കുന്ന ഒരു ഡോക്ടർക്ക് വൈകിട്ട് 3 മണിക്കുള്ളിൽ ആ പഞ്ചായത്തിൽ നടപ്പാക്കേണ്ട ജനകീയാസൂത്രണം പദ്ധതികൾ, ആശുപത്രിയിൽ കൊണ്ടു വരുന്ന എല്ലാത്തരം മൃഗങ്ങളുടെയും ചികിത്സ, കർഷകരുടെ ഭവനങ്ങൾ സന്ദർശിച്ചുള്ള ചികിത്സ, മന്ത്രിയുൾപ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങുകൾക്ക് ആളെക്കൂട്ടൽ, എണ്ണമറ്റ മീറ്റിങ്ങുകൾ തുടങ്ങി നിരവധി കാര്യങ്ങൾ നിറവേറ്റാനുണ്ട്. 3 മണിക്കു ശേഷം രാവിലെ 8 മണി വരെ ചികിത്സ സംബന്ധമായ കാര്യങ്ങൾക്ക് ബദൽ സംവിധാനം നിലവിലുണ്ട്. 

കഴിഞ്ഞയാഴ്ച രാത്രി 7 മണിക്ക് കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ നിന്ന വനിതാ വെറ്ററിനറി ഡോക്ടർ, ഒരു ക്ഷീരകർഷക വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്ന് ഒരു ചാനലിൽ പരാതിപ്പെട്ടപ്പോൾ, മന്ത്രി ഇടപെട്ട് ആ വനിതാ വെറ്ററിനറി ഡോക്ടറെ സസ്പെൻഡ് ചെയ്യുകയുണ്ടായി. നിയമപരമായി രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ മാത്രം സേവനം നൽകിയാൽ മതിയാകും. 3 മണിക്കു ശേഷം ഡോക്ടറുടെ സ്വകാര്യഫോണിൽ വരുന്ന കോളുകൾ എടുക്കേണ്ടതില്ല. അതിന് ബദൽ സംവിധാനങ്ങൾ നിലവിലുണ്ട്. അത്തരം സേവനങ്ങൾകൂടി സ്വീകരിക്കാൻ കർഷകർ തയാറാവണം. അല്ലാതെ 24 മണിക്കൂറും പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർമാർ സേവന സന്നദ്ധരായി കർഷകരുടെ ഫോൺ അറ്റൻഡ് ചെയ്യണമെന്നും സേവനം നൽകണമെന്നും പറയുന്നത് ശരിയല്ല. ഇത് കർഷകസമൂഹത്തിനും വെറ്ററിനറി ഡോക്ടർമാരുടെയും ഇടയിൽ സ്പർധ സൃഷ്ടിക്കാനേ ഉപകരിക്കൂ. കെ.ആർ.ഗൗരിയമ്മ, ഇ.ചന്ദ്രശേഖരൻ നായർ തുടങ്ങിയ പ്രഗത്ഭർ ദീർഘ വീക്ഷണത്തോടെ കെട്ടിപ്പടുത്തതാണ് നമ്മുടെ ക്ഷീരമേഖല. നമുക്ക് അവരുടെ പ്രവർത്തനങ്ങൾ മാതൃകയാക്കാം.

Phone: +919446290897 (whatsapp only)

English: Veterinary Doctors - Farmers Conflict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS