ADVERTISEMENT

കാലാവസ്ഥമാറ്റത്തെയും അനുബന്ധ വിഷയങ്ങളെയും അതീജീവനതന്ത്രങ്ങളെയും കുറിച്ച് മലയാളിയായ പ്രമുഖ കാലാവസ്ഥശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ കർഷകശ്രീയോടു സംസാരിക്കുന്നു.

? കാലാവസ്ഥമാറ്റത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ നിരീക്ഷണങ്ങൾ ലളിതമായി വിശദീകരിക്കാമോ.

കേരളത്തിൽ കാലവർഷക്കാലത്തു കിട്ടുന്ന മൊത്തം മഴ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനത്തിന്റെ വ്യക്തമായ സൂചനയാണിത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നു. അതുകൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചു വച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ടോ മണിക്കൂറുകൾകൊണ്ടോ പെയ്തു തീരുകയുമാണിപ്പോൾ. അതിനാല്‍ വെള്ളപ്പൊക്കവും വരണ്ട കാലാവസ്ഥയും ഒരേ സമയം അഭിമുഖീകരിക്കേണ്ട അവസ്ഥയിലാണ് കേരളം. 1950 മുതൽ 2021വരെയുള്ള മഴയളവ് നോക്കിയാൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും കൂടിയിട്ടുണ്ട്. അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മധ്യകേരളത്തിലാണ് – ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ. തൃശൂർ, പാലക്കാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും അതിതീവ്ര മഴ കൂടിയിട്ടുണ്ട്. അതേസമയം, ജൂൺ മുതൽ സെപ്റ്റംബർ വരെ കിട്ടുന്ന മൊത്തം മഴയുടെ അളവിൽ കേരളമൊട്ടാകെ ഗണ്യമായ (10 മുതൽ 20 ശതമാനം വരെ) കുറവാണുള്ളത്.

ഡോ. റോക്സി മാത്യു കോൾ
ഡോ. റോക്സി മാത്യു കോൾ

? കാലാവസ്ഥമാറ്റം ഏറ്റവും ബാധിക്കുന്ന ഭൂപ്രദേശങ്ങളിൽ ഒന്നു കേരളമാണോ. ഈ മാറ്റത്തിനു കാർഷികപ്രവർത്തനങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ട്.

∙ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഇപ്പോൾ തന്നെ ഏറ്റവും പ്രകടമായ പ്രദേശമാണ് കേരളം. ഇതിന്  ഒരു കാരണം അതിവേഗം താപനില കൂടിക്കൊണ്ടിരിക്കുന്ന അറബിക്കടലിന്റെയും കാലാവസ്ഥ-പരിസ്ഥിതി മാറ്റങ്ങൾ അഭിമുഖീകരിക്കുന്ന പശ്ചിമഘട്ടത്തിന്റെയും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖല പ്രദേശമാണ് കേരളം എന്നതാണ്. കാലാവസ്ഥമാറ്റം ബാധിച്ചിരിക്കുന്നത് കേരളത്തിന്റെ ജല-ഭക്ഷ്യ-ഭൂമി-വൈദ്യുതി സുരക്ഷയെ ആണ്. കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം ആഗോളതലത്തിൽ 1850 മുതലുണ്ടായ വ്യവസായവൽക്കരണം വഴി പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളാണ്. എന്നാൽ പ്രാദേശികമായി അതിതീവ്ര കാലാവസ്ഥയുടെ പ്രത്യാഘാതം വർധിക്കാനുള്ള ഒരു കാരണം പ്രാദേശികമായി പരിസ്ഥിതിയിൽ വരുത്തിയ മാറ്റങ്ങളാണ്.

ഉദാഹരണത്തിന്, ഉരുൾപൊട്ടലുണ്ടാകാൻ അതിതീവ്രമഴയും കേരളത്തിന്റെ ചരിവുള്ള ഭൂപ്രകൃതിയും പ്ര ധാന കാരണമാണ്. ചരിവുള്ള കുന്നുകൾ തുരന്ന് ഖനനം ചെയ്യുകയും മണ്ണും വെള്ളവും പിടിച്ചുനിര്‍ത്തു ന്ന മരങ്ങൾ മാറ്റി വീടും റോഡും വ്യവസായശാലയും പണിയുമ്പോൾ ഈ പ്രദേശം ഏറെ ദുർബലമാകുകയും അതിതീവ്ര മഴയില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്യുന്നു.

വളഞ്ഞൊഴുകുന്ന പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോൾ ഈ വെള്ളത്തിന് പരന്ന് ആഴ്ന്നിറങ്ങാനുള്ള മാര്‍ഗമില്ലാതെ പോകുന്നു. അങ്ങനെ സമീപപ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തുന്നു. മണൽ വാരി ആഴം കൂട്ടിയാൽ ഈ പ്രശ്നം തീരില്ല. കുറച്ചു വെള്ളം അതിവേഗത്തിൽ കുത്തിയൊലിച്ചു പോകും. വെള്ളം പരന്ന് ഇറങ്ങാത്തതുകൊണ്ട് വരൾച്ചയും പെട്ടെന്നു വരുന്നു. സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളാക്കുന്നത് ജലസുരക്ഷയെയും ജൈവ വൈവിധ്യത്തെയും ബാധിക്കും. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ 50ശതമാനത്തോളം സ്വാഭാവിക വനപ്രദേശം നഗരവൽക്കര ണത്തിനും കൃഷിക്കുമായി വഴി മാറി.

? കാലാവസ്ഥമാറ്റത്തെ നേരിടുന്നതിന് എന്തൊക്കെയാണ് ചെയ്യാനാവുക. അനുകരിക്കാവുന്ന ഏതാനും മാതൃകകൾ ചൂണ്ടിക്കാണിക്കാമോ.

കാലാവസ്ഥ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പ്രത്യാഘാതവും പരിഹാരമാർഗങ്ങളും പ്രാദേശികമാണ്. അതുകൊണ്ട് ഓരോ പ്രദേശത്തും പഞ്ചായത്തുതലത്തിൽ തന്നെ വിലയിരുത്തൽ (local climate assessment) നടത്തിവേണം പദ്ധതികൾ നടപ്പാക്കാൻ. പശ്ചിമഘട്ടത്തിലാണെങ്കിലും തീരപ്രദേശത്താണെങ്കിലും ചെയ്യുന്ന നിർമാണപ്രവൃത്തികൾ കാലാവസ്ഥമാറ്റത്തെ മുൻകൂട്ടിക്കണ്ടു വേണം. മുന്‍പുണ്ടായ മാറ്റങ്ങളല്ല, അടുത്ത 50 വർഷത്തെയെങ്കിലും കാലാവസ്ഥമാറ്റം കണ്ടുവേണം വീടും റോ‌ഡും പാലവും വ്യവസായവും കെ-റെയിലും സിൽവർലൈനുമൊക്കെ  നിർമിക്കാൻ. ഭാവിയിലെ മാറ്റങ്ങളെ‌ക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) വഴി ലഭ്യമാണ്. അതിതീവ്രമഴ കൂടുന്ന പ്രദേശത്തെ ഭൂപടവും ഉരുള്‍പൊട്ടൽസാധ്യതയുള്ള മേഖലകളുടെ ഭൂപടവും ഒരുമിച്ച് ഉപയോഗിച്ച് ഭൂമി-വനം-പുഴ-ജല വിനിയോഗത്തിന് ദീർഘകാല വീക്ഷണമുള്ള പദ്ധതികൾ ഉണ്ടാക്കണം. ഓരോ വർഷവും കാലാവസ്ഥാപ്രവചനത്തിനു കാത്തിരിക്കരുത്. ഓരോ സ്ഥലത്തിന്റെയും അപകടസാധ്യത നിർണയിക്കാൻ (risk assessment) ജിയോളജി-ജല-കാലാവസ്ഥ വകുപ്പുകളുടെ ഡേറ്റ ഉപയോഗിക്കാം. വ്യാപക  അതിതീവ്രമഴ 2-3 ദിവസം മുന്‍പേ പ്രവചിക്കാൻ സാധിക്കും. പക്ഷേ മേഘ വിസ്ഫോടനം കുറഞ്ഞ സമയത്തിൽ ചെറിയൊരു പ്രദേശത്ത് നടക്കുന്ന പ്രതിഭാസമായതിനാൽ നേരത്തേ പ്രവചിക്കാനാവില്ല. എന്നാല്‍ റഡാറുകളും ഉപഗ്രഹചിത്രങ്ങളും ഉപയോഗിച്ച് ഏതാനും മണിക്കൂറുകൾക്ക് മുന്‍പ് പറയാനാവും. പക്ഷേ, റഡാറുകളുടെ ദൂരപരിധി ചെറുതായതിനാലും ചെലവേറെയായതിനാലും ഇത് പ്രായോഗികമല്ല.

വനസംരക്ഷണം നിർബന്ധമാക്കുക. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനെക്കാൾ, സസ്യ-ജല ബാഷ്പീകരണം (plant evapotranspiration) വഴി ജലം നിലനിർത്തി വീണ്ടും മഴ പെയ്യിക്കുകയും (recycled rain fall), അതേസമയം മണ്ണൊലിപ്പ്‍ തടയുകയും ഭൂഗർഭജലം പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. തമിഴ്നാടിന് ഓരോ വർഷവും കിട്ടുന്ന മഴയുടെ 25-50% വരെ പശ്ചിമഘട്ടത്തിലെ സസ്യജല ബാഷ്പീകരണം വഴിയുണ്ടാകുന്ന മഴമേഘങ്ങളിൽ കൂടിയാണ്. അപ്പോൾ പ്രാദേശികമായി ഇതിന്റെ പ്രാധാന്യം വളരെയേറെയാണ്. 

മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യാൻ വിജയിച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാ ക്കുക. മഴപ്പൊലിമ (groundwater recharging), ജലവർഷിണി (ponds/lakes revival), പുഴ പുനർജനി (river rejuvenation) ഇവയെല്ലാം ചെലവു കുറഞ്ഞ, വിജയിച്ച പദ്ധതികളാണ്. തൊഴിലുറപ്പ് പദ്ധതിയോടൊപ്പം ചേർത്ത് ഇവ എവിടെയും ചെയ്യാം. 

ഭൂഗർഭജലത്തിന്റെ ഭൂപടം ഓരോ ജില്ലയ്ക്കും ലഭ്യമാണ് (Central/State Ground Water Board). ഇവ നോക്കിയാൽ എവിടെയൊക്കെയാണ് ജല ദൗർലഭ്യത തീവ്രമെന്ന് മനസ്സിലാക്കാം. അതനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാം. 

കാലാവസ്ഥ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. സർക്കാരുകൾ, സ്വകാര്യമേഖല, കമ്യൂണിറ്റികൾ എന്നിവയൊക്കെ അപകടസാധ്യത കുറയ്ക്കുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കണം. അപകടസാധ്യതകൾ വിലയിരുത്തുന്നതിനും കാലാവസ്ഥമാറ്റം നിരീക്ഷിക്കുന്നതിനും പഞ്ചായത്തുകൾ, സ്‌കൂളുകൾ, ശാസ്ത്രജ്ഞർ എന്നിവരുമായി പ്രാദേശിക പൗരന്മാർക്കും കർഷകർക്കും സംവദിക്കാനാകും. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ Meenachil River and Rain Monitoring (MRRM) പോലുള്ള പദ്ധതികൾ കൂട്ടായ പ്രവർത്തനങ്ങളുടെ വിജയം കാണിക്കുന്നു.

? കാലാവസ്ഥമാറ്റത്തെ തടയാനാവില്ല , അതിനോടു പൊരുത്തപ്പെടുകയാണ് വേണ്ടത് എന്ന വാദത്തെ എങ്ങനെ കാണുന്നു.

ആഗോളതാപനില ഒരു  ഡിഗ്രി സെൽഷ്യസ് കൂടിയതിന്റെ കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ  നേരി‌ടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ആഗോള ഉടമ്പടിയിൽ ഉറച്ചുനിന്നാലും ആഗോള താപനം 2020നും 2040നുമിടയിൽ 1.5 ഡിഗ്രിയും 2040നും 2060 നുമിടയിൽ 2 ഡിഗ്രിയും കൂടുമെന്ന് IPCC (Intergovernmental Panel on Climate Change) സൂചിപ്പിക്കുന്നു. അതായത്, വരും വർഷങ്ങളിൽ കാലാവസ്ഥ മാറ്റം ഇനിയും പല മടങ്ങ് വർധിക്കും. അതുകൊണ്ട്  അതിന്റെ  പ്രത്യാഘാതം ലഘൂകരിക്കുന്നതിനായി പ്രാദേശികമായി അടിയന്തരമായിത്തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

? കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളെ നിക്ഷിപ്ത താൽപര്യങ്ങൾ വഴി തെറ്റിക്കുന്നതായി തോന്നിയിട്ടുണ്ടോ.

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാന്‍  തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കായി നീക്കിവച്ചിട്ടുള്ള പദ്ധതി കളും ഫണ്ടുകളും സുതാര്യമായും പൂർണമായും ഉപയോഗിക്കപ്പെടുന്നില്ല എന്നൊരു തോന്നലുണ്ട്. ഇത് പഞ്ചായത്ത് തലത്തിൽതന്നെ കർഷകർ അന്വേഷിച്ചു പിന്തുടരേണ്ട കാര്യമാണ്.

? ആഗോള താപനത്തിന്റെയും കാലാവസ്ഥമാറ്റത്തിന്റെയും പേരിൽ തങ്ങൾ മാത്രം ക്രൂശിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതായി മലയോര കർഷകർ പരാതിപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്.

കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം ആഗോളതലത്തിൽ 1850 മുതലുണ്ടായ വ്യവസായവൽക്കരണം വഴി പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളാണ്. ഇതിൽ അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചരിത്രപരമായ ഉത്തരവാദിത്തമുണ്ട്. ചൈനയും ഇന്ത്യയും ഇപ്പോൾ ഈ പട്ടികയിൽ കുടിയേറിയിട്ടുണ്ട്. പക്ഷേ, ഇതിന്റെ പ്രത്യാഘാതം ഏറെയും കേരളംപോലെയുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലാണ്. കാലാവസ്ഥമാറ്റത്തിന്റെ ഉത്തരവാദിത്തം കർഷകന്റെ തോളിൽ അല്ലെങ്കിലും അതിൽനിന്നുള്ള പരിരക്ഷ കർഷകൻ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോൾ.  

? കാലാവസ്ഥമാറ്റം സംബന്ധിച്ച രാജ്യാന്തര ചർച്ചകളിൽ വികസിത രാജ്യങ്ങൾ മറ്റു രാജ്യങ്ങളോടു കാണിച്ചതിനു സമാനമായ വിവേചനമാണ് ഇപ്പോൾ നഗരവാസികൾ നേതൃത്വം നൽകുന്ന ഭരണകൂടവും നയരൂപീകരണ സമിതികളും കൃഷിക്കാരോടു കാണിക്കുന്നതെന്ന് കർഷക സമൂഹം ചൂണ്ടിക്കാട്ടുന്നു.  

∙ പരിസ്ഥിതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങളെ മനസ്സിലാക്കി അതിനായി നമ്മുടെ പഞ്ചായത്തിനെയും നഗരത്തിനെയും സംസ്ഥാനത്തെയും സജ്ജമാക്കാൻ കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക മാത്രമാണ് ഇത്തരം സമീപനം ഒഴിവാക്കാനുള്ള മാര്‍ഗം.

English summary: Are farmers responsible for global warming and climate change?

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com