കുരുമുളകിലപോലെ ചെക്കൻ! പച്ചക്കുരുമുളകുപോലുള്ള പെണ്ണ്!‌; ഉപമയിലുണ്ട് എല്ലാം...

black-pepper
വര: ഹരികുമാർ
SHARE

പണ്ടത്തെ കഥയാണ്. 

മുത്തച്ഛൻ അകലെ ഒരു കല്യാണത്തിനു പോയി. മടങ്ങി വീട്ടിൽ വന്നപ്പോൾ മുത്തശ്ശി ചോദിച്ചു: ‘എങ്ങനെയുണ്ടായിരുന്നു പെണ്ണും ചെറുക്കനും? ’

‘കുരുമുളകിലപോലെ ചെക്കൻ! നല്ല പച്ചക്കുരുമുളകുപോലുള്ള പെണ്ണ്! തിരുവാതിര ഞാറ്റുവേലയിൽ അവർ വേരു പിടിച്ചോളും!’ - മുത്തച്ഛൻ സന്തോഷത്തോടെ പറഞ്ഞു.

അതു കേട്ട് മുത്തശ്ശിയും  ഒന്നു ചിരിച്ചു. 

പയ്യൻ കരുതലും സ്നേഹവും ഉള്ളവനാണെന്നും പെൺകുട്ടി ചൊടിയും ഭംഗിയുമുള്ളവളാണെന്നുമാണ് പിതാമഹൻ പറഞ്ഞതിന്റെ അർഥം!

കർഷകനും രസികനുമായ മുത്തച്ഛന്റെ ഉപമയുടെ  ഭംഗി മനസ്സിലാക്കണമെങ്കിൽ കരുമുളകിന്റെ ഇലയെക്കുറിച്ചും തിരുവാതിര ഞാറ്റുവേലയെക്കുറിച്ചും അറിയണം.

ഇല വെറും ഇലയല്ല!

കുരുമുളകിന്റെ ഇല ഒരു അത്ഭുതമാണ്.

ചെടിയെ പൊന്നുപോലെ വളർത്തി വലുതാക്കുന്നത് അതിന്റെ ഇലകളാണ്. കരുമുളകുതിരിയിൽ നേരിട്ടു വെള്ളം വീഴാത്ത വിധമാണ് ഇലകളുടെ വിന്യാസം. ദിവസങ്ങളോളം തുടർച്ചയായി ചെറിയ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലക്കാലത്ത് തിരി നനയാതെയും നേരിട്ടു വെള്ളം വീണ്  വേരുകൾ അഴുകാതെയും വെയിൽ പതിക്കാതെയും ചെടിയെ കാത്തു രക്ഷിക്കുന്നത് ഇലകളാണ്. അതാണ് കല്യാണപ്പയ്യൻ കുരുമുളകിലപോലെയാണെന്നു മുത്തച്ഛൻ പറഞ്ഞത്. സാമർഥ്യവും സൗന്ദര്യവുമുള്ള പെണ്ണ് പച്ചക്കുരുമുളകു പോലെ വീടിന്റെ ഔഷധവും അടുക്കളയിലെ ഐശ്വര്യവുമാണെന്നും പറയാം.

നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും കിട്ടുന്ന തിരുവാതിര ഞാറ്റുവേലക്കാലത്ത് വിരലൊടിച്ചു കുത്തിയാലും വേരു പിടിക്കുമെന്നാണ് പ്രമാണം. കുരുമുളകിന് ഈ ഞാറ്റുവേല അത്യാവശ്യമാണുതാനും. ഞാറ്റുവേലയുടെ അനുഗ്രഹത്താൽ പെണ്ണും ചെറുക്കനും ഒരു നല്ല കുടുംബമായി വേരു പിടിച്ചോളും  എന്നാണ് മുത്തച്ഛന്റെ ആശംസ. അത് കർഷകന്റെ ഭാഷയിൽ മൂപ്പർ പറഞ്ഞു എന്നേയുള്ളൂ! 

കാലത്തിന്റെ എരിവുമണികൾ

മണി വാല്യു ഉള്ള ഉല്‍പന്നം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ എരിവുമണികൾ കൂടിയാണ് ഈ മുളകുമണികൾ! വർഷംതോറും കൊടുങ്ങല്ലൂരിൽനിന്നു വീടുകളിൽ എത്തിയിരുന്ന വെളിച്ചപ്പാട് തന്നിരുന്ന പ്രസാദത്തിൽ കുരുമുളകും അരിയും ഉണ്ടായിരുന്നു. കുട്ടികൾക്ക് കണ്ണു കിട്ടാതിരിക്കാനും ശത്രുദോഷം മാറാനും കുട്ടിയുടെ തലയ്ക്കു മുകളിൽ ഒരു പിടി കുരുമുളക്  ഉഴിഞ്ഞ് അടുപ്പിലിടുന്ന പതിവുമുണ്ടായിരുന്നു. സോളമൻ രാജാവിന്റ തീൻമേശയിലെ വിഭവങ്ങളിൽപോലും ചേരുവയായി മാറ്റിയ കറുത്ത പൊന്ന് സംസ്കാരങ്ങളുടെ തകർച്ചകൾക്കും ഉദയങ്ങൾക്കും കാരണമായത് മറ്റൊരു കഥയാണ്. സാമൂതിരിയും കോലത്തിരിയും കുരുമുളകുതിരിയുടെ പേരില്‍ പടവെട്ടുമ്പോൾ ചരിത്രം കരിന്തിരി കത്തുകയായിരുന്നു. നമ്മുടെ മാനം മാനാഞ്ചിറ കടക്കുകയായിരുന്നു. യൂറോപ്പിന്റെ തലയിൽ കുരുമുളകു ചാക്കും മടിശ്ശീലയിൽ നിറയെ പണവും കയറിക്കഴിഞ്ഞിരുന്നു.

പക്ഷികൾ തന്ന പോക്കറ്റ് മണി  

പണ്ട് അമ്പലമുറ്റത്തെ ആൽത്തറയിൽ ഭാഗ്യം തിരയുന്ന കുട്ടികളെ കാണാമായിരുന്നു. വൈകുന്നേരമായാൽ അവർ ആലിൻചുവട്ടിലെത്തും. പിന്നെ, നിലത്തു കുത്തിയിരുന്നു തിരച്ചിൽ തന്നെ തിരച്ചിൽ! ഇവർ പരതിയിരുന്നത് മറ്റൊന്നുമല്ല, കുരുമുളകുമണികളായിരുന്നു! അമ്പലത്തിന്റെ അടുത്ത പ്രദേശങ്ങളിലൊന്നും കുരുമുളകുകൃഷിയില്ല. കുരുമുളകുമണികൾ പെറുക്കുന്ന ആ പാവങ്ങൾ  കരുമുളകുവള്ളി കണ്ടിട്ടു പോലുമില്ല! പിന്നെങ്ങനെ ആലിന്റെ ചുവട്ടിൽ മുളകുമണികൾ നിറഞ്ഞു? അതാണ് രസം! വൈകുന്നേരങ്ങളിൽ ആലില്‍ ചേക്കേറുന്ന പക്ഷികൾ കാഷ്ഠിച്ചതാണ് അവ! ഈ കുരുമുളക് പെറുക്കിയെടുത്ത് കടകളിൽ കൊടുത്താൽ നാലഞ്ചു രൂപയെങ്കിലും കിട്ടും! ബസിന്റെ മിനിമം ചാർജ് 10 പൈസയും ഒരു പത്രത്തിന് 8 പൈസയും മാത്രം വിലയുണ്ടായിരുന്ന കാലത്തെ കഥയാണിത്! കുട്ടികൾക്ക് പോക്കറ്റ് മണിയൊന്നും കിട്ടാനില്ലാത്ത അക്കാലത്ത് 10 പൈസയ്ക്കുപോലും വിലയുണ്ടായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്കു പക്ഷികളുടെ ഔദാര്യം വേണ്ടാ. പോക്കറ്റ് നിറയെ മണി അച്ഛനമ്മമാർ  കൊടുക്കുന്നുണ്ടല്ലോ.

കുരുമുളകും പൊറ്റെക്കാട്ടും

ജ്ഞാനപീഠ ജേതാവും നിത്യസഞ്ചാരിയും നോവലിസ്റ്റുമായിരുന്ന എസ്.കെ.പൊറ്റെക്കാട്ട് തന്റെ അവസാന കാലത്ത് 'കുരുമുളക് ' എന്ന പേരിൽ ഒരു നോവൽ എഴുതി. പ്രശസ്തമായ ഒരു വാരികയിലൂടെ ഒരു നിരൂപകന്‍ അതിനെ ഉഗ്രമായി ആക്രമിച്ചു. തുടക്കവും ഒടുക്കവും തമ്മില്‍ ബന്ധമില്ലാത്തതാണെന്നുവരെ ആരോപിച്ചു. പൊറ്റെക്കാട്ട് സാഹിത്യനഭസ്സില്‍ സൂപ്പർസ്റ്റാറായി വിളങ്ങിനിന്ന കാലമായിരുന്നു എന്നോര്‍ക്കണം.  എന്നാൽ, പിറ്റേ ആഴ്ചയിൽ അതേ വാരികയിൽ എഴുതിയ കത്തില്‍ പൊറ്റെക്കാട്ട് കുറ്റങ്ങളെല്ലാം സമ്മതിച്ചു! ‘ശരിയാണ്! കുരുമുളക് വായിച്ചാൽ ആർക്കും അങ്ങനെ തോന്നും! സത്യത്തിൽ പുസ്തകത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് പുസ്തകം പുറത്തിറക്കിയപ്പോൾ ഒന്നാം ഭാഗം എന്ന് അച്ചടിക്കാൻ വിട്ടു പോയി. ഒന്നാം ഭാഗത്തിൽ കുരുമുളകിന്റെ കൊടി കയറിയിട്ടേയുള്ളൂ. അതു തിരിയിട്ട് കായ്ക്കുന്നതും മൂക്കുന്നതും പഴുക്കുന്നതും രണ്ടാം ഭാഗത്താണ്!’- പൊറ്റെക്കാട്ട് എഴുതി.

‘കുരുമുളകി’ന് രണ്ടാം ഭാഗം ഉണ്ടായോ എന്നറിയില്ല. എന്തായാലും, ഒന്നാം ഭാഗം എഴുതി നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ഈ ലോകത്തുനിന്നുതന്നെ വിടവാങ്ങി.

ഒരു വള്ളി വിപ്ലവം!

‍മലനാടിന്റെ അഭിമാനമായിരുന്ന കറുത്ത പൊന്നിന്റെ കുത്തക അയല്‍ സംസ്ഥാനം സ്വന്തമാക്കുന്ന സ്ഥിതിയാണിപ്പോള്‍.  നമ്മുടെ നാട്ടില്‍ കുരുമുളകുകൃഷിയും ഉല്‍പാദനവും കുത്തനെ കുറയുകയാണ്.  എന്തു ചെയ്യും?

പത്തമ്പതു വർഷം മുൻ‌പ് നടന്ന ശീമക്കൊന്ന വിപ്ലവമാണ് ഓർമ വരുന്നത്. രാസവളത്തിനു ക്ഷാമവും വിലക്കയറ്റവും ഉണ്ടായതോടെ ജൈവവളം കിട്ടാനായി ശീമക്കൊന്ന നട്ടുപിടിപ്പിക്കാൻ സർക്കാർ ആഹ്വാനം ചെയ്തു. ഗ്രാമസേവകർ വീടുതോറും ശീമക്കൊന്നക്കമ്പുകളുമായി കയറിയിറങ്ങി. ശീമക്കൊന്നയില്ലാത്ത ഒരു വീടുപോലും ഇല്ലെന്ന സ്ഥിതി വന്നു! തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം മാറ്റാൻ വിശാഖം തിരുനാൾ മഹാരാജാവ് ബ്രസീലിൽനിന്നു മരച്ചീനിക്കമ്പ് കൊണ്ടുവന്ന്  വിപ്ലവം സൃഷ്ടിച്ചതും ഓർക്കണം. ഇതേ പരിപാടി കുരുമുളകിന്റെ കാര്യത്തിലും നടപ്പാക്കരുതോ? 

നമ്മുടെ പറമ്പുകളിലും പുറമ്പോക്കുകളിലും മറ്റും എത്രയോ വൃക്ഷങ്ങൾ വിവാഹപ്രായമായി കുരുമുളകു വള്ളികളെ വരിക്കാൻ തയാറായി നിൽക്കുന്നുണ്ട്!  കമുകിലും തെങ്ങിലും പ്ലാവിലും ആഞ്ഞിലിയിലും  എന്തിന്, കയ്യാലകളിലൂടെപ്പോലും കുരുമുളകുവള്ളി പടരട്ടെ! പൂച്ചട്ടികളിൽ കുറ്റിക്കുരുമുളകും തളിരിടട്ടെ!  നാട്ടിലെങ്ങും ‘കൊടിമരങ്ങൾ’ ഉയരുന്നതോടെ കുരുമുളകുവിപ്ലവം കൊടിയേറും. നമ്മുടെ വീട്ടാവശ്യത്തിന് ഇഷ്ടംപോലെ കുരുമുളകു കിട്ടും.  തിരുവാതിര ഞാറ്റുവേല നമ്മളെ ചതിക്കില്ല. ശീമക്കൊന്ന– മരച്ചീനി റവ ല്യൂഷനുകൾ വിജയിപ്പിച്ച നാടാണിത്!

ഇ– മെയില്‍: krpramodmenon@gmail.com

ഫോണ്‍: 9447809631 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS