കാപ്പിക്കും കുരുമുളകിനും നല്ലകാലം: ഇക്കുറിയും കേരളത്തിന്റെ കൊപ്ര സംഭരണത്തിൽ പ്രതീക്ഷ വേണ്ട

commodity
SHARE

ആഗോള കാപ്പി കർഷകർ വൻ ആവേശത്തോടെ വിപണിയിലെ ഓരോ ചലനങ്ങളെയും ഉറ്റുനോക്കുന്നു. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം കാപ്പി ഉൽപാദനം അവരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ലെന്നു വ്യക്തമായതോടെ വില പുതിയ ഉയരങ്ങളിലേക്കു ചുവടുവ‌യ്ക്കാനുള്ള തയാറെടുപ്പിലാണ്‌.

ബ്രസീൽ, വിയറ്റ്‌നാം, കൊളംബിയ എന്നു വേണ്ട കാപ്പി ഉൽപാദനത്തിൽ ചുക്കാൻ പിടിക്കുന്ന എതാണ്ട്‌ എല്ലാ രാജ്യങ്ങളിലും വിളവ്‌ കുറയുമെന്ന നിഗനമത്തിലാണ്‌ ആഗോള കാപ്പി ഉൽപാദകർ. മഴ തന്നെയാണു പല മേഖലകളിലും വില്ലനായി മാറിയത്‌. ഇതുമൂലം യഥാസമയം വളപ്രയോഗങ്ങൾക്കും കീടനാശിനി ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ കാർഷിക മേഖല നിർബന്ധിതമായി. ഫലമോ പ്രതീക്ഷിച്ച വിളവ് നടപ്പുവർഷം ഉൽപാദിപ്പിക്കാനാവാത്ത അവസ്ഥയും. ഇത്‌ ആഗോള കാപ്പി വിലയിൽ ബുൾ തരംഗം സൃഷ്ടിക്കുമെന്നുതന്നെയാണ്‌ വിലയിരുത്തൽ. അതേസമയം ചില രാജ്യങ്ങളിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പ്‌ വിപണിയിലെ ലഭ്യതയെ ബാധിക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്‌. 

കയറ്റുമതി മേഖലയിലേക്കു തിരിഞ്ഞാൽ ബ്രസീലിൽ നിന്നുള്ള  ഗ്രീൻ കോഫി ഷിപ്പ്‌മെന്റ് ഫെബ്രുവരിയിൽ തൊട്ട്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ 35.8 ശതമാനം കുറഞ്ഞു. അതായത്‌ രണ്ടു ദശലക്ഷം ചാക്കിലധികം കുറവാണ്‌ ഷിപ്പ്‌മെന്റിലുണ്ടായത്‌.  

ആഗോള തലത്തിൽ ഏറ്റവും വലിയ റോബസ്‌റ്റ ബീൻ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യമാണ്‌  വിയറ്റ്‌നാം. കഴിഞ്ഞ മാസത്തെ അവരുടെ  കാപ്പി കയറ്റുമതിയിൽ 34 ശതമാനത്തിലധികം കുറവ്‌ സംഭവിച്ചു, ജനുവരിയിലും കയറ്റുമതിയിൽ ഇടിവ്‌ നേരിട്ടിരുന്നു. 

ആഗോള കാപ്പി കയറ്റുമതി രംഗത്ത്‌ കൊളംബിയൻ കാപ്പിക്കുള്ള ഡിമാൻഡ് ഒന്ന്‌ വേറെ തന്നെയാണ്‌. ഫെബ്രുവരിയിൽ അവരുടെ കയറ്റുമതിക്കും തിരിച്ചടി നേരിട്ടതായി കൊളംബിയ കോഫി ഗ്രോവേഴ്‌സ്  ഫെഡറേഷൻ വ്യക്തമാക്കി. അറബിക്ക കാപ്പിക്കുരു  ഉൽപ്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ്‌ കൊളംബിയ അലങ്കരിക്കുന്നത്‌. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമലയുടെ  കാപ്പി കയറ്റുമതിക്കു ജനുവരിയിൽ നേരിട്ട തളർച്ചയിൽ നിന്നും തിരിച്ചുവരവിന്‌ അവസരം ലഭ്യമായിട്ടില്ലെന്ന സൂചനയാണ്‌ പുറത്തുവരുന്നത്‌. 

ഇതിനിടെ ഇന്തോനീഷ്യയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ കാപ്പി പ്രേമികളെ  ഞെട്ടിക്കുമെന്ന കാര്യത്തിൽ തകർക്കമില്ല. റോബസ്റ്റ കാപ്പി ഉൽപാദനത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത്‌ നീങ്ങുന്ന ഇന്തോനീഷ്യയുടെ കാപ്പി കയറ്റുമതി ചുരുങ്ങുമെന്ന്‌ വോൾ കഫേ  പ്രവചിക്കുന്നു. കനത്ത മഴ സൃഷ്‌ടിച്ച ആഘാതം മൂലം പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉൽപാദനമാണ്‌ അവിടെ കണക്ക്‌ കൂട്ടുന്നത്‌. 

ഒട്ടനവധി അനുകൂല വാർത്തകൾ രാജ്യാന്തര വിപണിയിൽ നിന്നും പുറത്തുവരുന്നത്‌ ദക്ഷിണേന്ത്യൻ കാപ്പിക്കർഷകർക്ക്‌ ആവേശം പകരും. പ്രത്യേകിച്ച്‌ വയനാട്‌, പാലക്കാട്‌ മേഖലയിലെ കാപ്പി കർഷകർക്ക് ഇതിന്റെ മാധുര്യം നുകരാനാവുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. കേരളത്തിൽ വിളവെടുപ്പ്‌ പൂർത്തിയതോടെ കാപ്പി വില കിലോ 220 രൂപയിലേക്ക്‌ പ്രവേശിച്ചു. വിളവെടുപ്പ്‌ വേളയിൽ കിലോ 160 രൂപയിൽ നീങ്ങിയ അവസരത്തിൽ കർഷകർക്ക്‌ സൂചന നൽകിയതാണ്‌ വില 220‐235 ലേക്കു ചുവടുവയ്ക്കുമെന്ന്‌.  

സംസ്ഥാനത്തെ തെളിഞ്ഞ കാലാവസ്ഥയ്‌ക്കൊപ്പം മികച്ച വെയിൽ ലഭ്യമായതും വിളവെടുത്ത പച്ചക്കാപ്പിക്കുരു ഉണക്കി സംസ്‌കരിക്കാനുള്ള സാവകാശവും ഇക്കുറി ഉൽപാദകർക്ക്‌ ലഭ്യമായി. തിരക്കിട്ട്‌ ചരക്ക്‌ വിറ്റഴിക്കുന്നതിൽ നിന്നും വലിയോരു പങ്ക്‌ കർഷകർ സീസണിൽ തയാറാവാഞ്ഞത്‌ മെച്ചപ്പെട്ട വില അവർക്ക്‌ സ്വന്തമാക്കാനുള്ള സാഹചര്യമാണ്‌ ഒരുക്കിയത്‌. കർണാടകത്തിലേക്ക്‌ തിരിഞ്ഞാൽ വൻകിട ചെറുകിട തോട്ടങ്ങളിൽ 95 ശതമാനം വിളവെടുപ്പ്‌ പൂർത്തിയായെന്നാണ്‌ കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. 

ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയിലും കുറവു സംഭവിച്ചു. പുതുവർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ നമ്മുടെ കയറ്റുമതി 64,180 ടണ്ണിൽ ഒതുങ്ങി. തൊട്ട്‌ മുൻ വർഷം ഇത്‌ 66,018 ടണ്ണായിരുന്നു. മികച്ച വില പ്രതീക്ഷിച്ച്‌ കർഷകർ ചരക്കിൽ പിടിമുറുക്കിയത്‌ കയറ്റുമതി മേഖലയുടെ ഉറക്കം നഷ്‌ടപ്പെടുത്തി. വിദേശ ഓർഡറുകൾ വാരികൂട്ടിയ പലരും ആഭ്യന്തര കാപ്പി വിപണിയുടെ കടുപ്പം കണ്ട്‌ അന്താളിച്ചു നിൽക്കുകയാണ്‌.

കുരുമുളക്

കേരളത്തിലെ കുരുമുളകു കർഷകർ പണത്തിനു നേരിട്ട ഞെരുക്കം മുൻനിർത്തി സ്റ്റോക്കുള്ള ചരക്കിൽ ചെറിയ പങ്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നുണ്ട്‌. വയനാട്‌, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള വിൽപ്പനക്കാരുടെ വരവ്‌ ഉൽപ്പന്ന വിലയെ പ്രതികൂലമായി ബാധിച്ചില്ലെന്ന്‌ ആശ്വാസം. സാധാരണ സാമ്പത്തികവർഷാന്ത്യത്തിലെ ചരക്കുവരവിനിടയിൽ വില ഇടിച്ച്‌ കുരുമുളക്‌ കൈക്കലാക്കുന്ന തന്ത്രം പയറ്റിയിരുന്ന ഉത്തരേന്ത്യക്കാരായ വ്യാപാരികളുടെ നീക്കം ഇക്കുറി വിലപ്പോയില്ല. 

ഉയർന്ന വിലയ്‌ക്കു വേണ്ടി കർഷകർ ഉൽപ്പന്നത്തിൽ പിടിമുറുക്കിയതിനാൽ ലഭ്യത ഉറപ്പാക്കാൻ മറ്റു മാർഗ്ഗമില്ലെന്ന അവസ്ഥയിലായിരുന്നു വാങ്ങലുകാർ. ഉത്തരേന്ത്യൻ പൗഡർ യൂണിറ്റുകൾ വൻ തോതിൽ ഇറക്കുമതി നടത്തിയിട്ടുണ്ടെങ്കിലും വിദേശ ചരക്കിന്‌ ഏരിവ്‌ പകരാൻ നാടൻ മുളക്‌ അവർ കലർത്തിയാണ്‌ പൊടിയാക്കുന്നത്‌. ആഭ്യന്തര ഡിമാൻഡിൽ കുരുമുളക്‌ കിലോ 498 രൂപയായി ഉയർന്നു. 

ഇതിനിടെ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങൾ കൂടിയ ചേർന്നപ്പോൾ അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ കുരുമുളക്‌ വില ടണ്ണിന്‌ 6450 ഡോളറിലേക്ക്‌ പ്രവേശിച്ചു. എന്നാൽ ഇത്ര ഉയർന്ന വിലയ്‌ക്ക്‌ പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാൻ അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ താൽപര്യം കാണിച്ചില്ല. ഇതര ഉൽപാദകരാജ്യങ്ങൾ നമ്മുടെ വിലയെക്കാൾ ടണ്ണിന്‌ 3000 ഡോളർ താഴ്‌ത്തിയാണ്‌ ചരക്ക്‌ വിൽപ്പന നടത്തുന്നത്‌.  

നാളികേരം

നാളികേരോൽപ്പന്നങ്ങളുടെ വില മാസാവസാനത്തിൽ മെച്ചപ്പെടാൻ സാധ്യത തെളിയുന്നു. വിഷു‐ഈസ്റ്റർ ഡിമാൻഡ് എണ്ണ വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കുമെന്ന നിഗമനത്തിലാണ്‌ കൊപ്ര ഉൽപാദകർ. ഉത്സവ ദിനങ്ങൾ മുൻ നിർത്തി കർഷകർ വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്‌. സംസ്ഥാനം അടുത്ത മാസം താങ്ങുവിലയ്‌ക്ക്‌ കൊപ്ര സംഭരണം പുനരാരംഭിക്കുമെന്ന്‌ വ്യക്തമാക്കിയെങ്കിലും ഏതെല്ലാം ഏജൻസികളെ ഇതിനു ചുമതലപ്പെടുത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലാത്തിനാൽ ഇക്കുറിയും കേരളത്തിന്റെ കൊപ്ര സംഭരണത്തിൽ പ്രതീക്ഷ അർപ്പിക്കാനാവില്ല. 

English summary: Commodity Markets Review March 13

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS