വിപണിയിലേക്കിറങ്ങി കുട്ടമ്പുഴക്കാട്ടിലെ കൂവയും കാപ്പിയും: ഇത് കാടിന്റെ കടുപ്പമുള്ള കാപ്പി, കാടിന്റെ കരുത്തുള്ള കൂവ

HIGHLIGHTS
  • വനവിഭവങ്ങളിൽനിന്ന് വരുമാന സംരംഭങ്ങൾ കണ്ടെത്തിയ വനിതകൾ
  • കുടിച്ചു നോക്കുമ്പോഴേ അറിയാം കുട്ടമ്പുഴക്കാപ്പിയുടെ വ്യത്യാസം
kuttambuzha-koova
കൂവപ്പൊടി പായ്ക്ക് ചെയ്യുന്ന അഞ്ചംഗ സംഘം (ഇടത്ത്), കൂവപ്പൊടി അരിച്ച് തെളിച്ചെടുക്കൽ (വലത്ത്)
SHARE

‘മുൻപ് കാടിനുള്ളിലെ ഈ ഗ്രാമം വിട്ടുള്ള യാത്രകൾതന്നെ അപൂർവമായിരുന്നു. വീട്ടുജോലികളും കൃഷിയും മാത്രം. അതുകൊണ്ടുതന്നെ പുറത്തൊരു ഓഫിസിൽ എന്തെങ്കിലും ആവശ്യത്തിനു പോകാനോ ആരോടെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കാനോ  ധൈര്യമില്ലായിരുന്നു. കാർഷിക സംരംഭകരായതോടെ കഥ മാറി. ഇന്നു ഞങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളുമായി അയൽ ജില്ലകളിലുൾപ്പെടെ നടക്കുന്ന മേളകളിൽ പതിവായി പങ്കെടുക്കുന്നു, എല്ലാവരോടും ആത്മവിശ്വാസത്തോടെ ഇടപെടുന്നു. എല്ലാറ്റിലുമുപരി സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം നേടുന്നു. കുടുംബശ്രീയിലൂടെ കൈവന്നതാണ് ഈ നേട്ടങ്ങളെല്ലാം’, എറണാകുളം ജില്ലയിൽ കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് കാടിനുള്ളിലുള്ള പിണവൂർകുടി ഗോത്രവർഗ ഗ്രാമത്തിലിരുന്ന് സജിത പറയുമ്പോൾ ഒപ്പമുള്ള സ്ത്രീകളെല്ലാം അതു ശരിവയ്ക്കുന്നു. 

കാർഷികോൽപന്ന മൂല്യവർധനയില്‍ വിജയകരമായി മുന്നേറുന്ന 2 സംരംഭങ്ങളുണ്ട് പിണവൂർകുടിയിൽ; ഒന്ന് കൂവപ്പൊടി, മറ്റേത് കാപ്പിപ്പൊടി. രണ്ടും 100 ശതമാനം ശുദ്ധമായ വനവിഭവങ്ങൾ. അതുകൊണ്ടുതന്നെ 2 ഉൽപന്നങ്ങൾക്കും മികച്ച സ്വീകാര്യത. സജിത, സതികുമാരി, അജിത, രമ്യ, പ്രഭ എന്നിവരടങ്ങിയ അഞ്ചംഗ സംഘം ചേരുന്ന ശിവ കുടുംബശ്രീ യൂണിറ്റിന്റെ ഉൽപന്നമാണ് വിന്റർ ഗ്രീൻ കൂവപ്പൊടി. ബിന്ദു, ഉഷ, രമണി, സന്ധ്യ, കമലാക്ഷി എന്നീ വനിതകൾ ചേർന്നുള്ള രൂപശ്രീ കുടുംബശ്രീ യൂണിറ്റിന്റെ ഉൽപന്നമാണ് കുട്ടമ്പുഴ കാപ്പി. 

kuttambuzha-koova-1
കൂവ വിളവെടുക്കുന്നു

കാടിന്റെ കരുത്തുള്ള കൂവ

ഗോത്രവർഗ മേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ എറണാകുളം ജില്ല മിഷൻ കുട്ടമ്പുഴയിൽ പല സംരംഭങ്ങളും ആലോചിച്ചപ്പോൾ ഇതേ വനിതകൾ തന്നെയാണ് തങ്ങളുടെ പാരമ്പര്യക്കൃഷിയിനങ്ങൾ നിർദേശിച്ചത്. കൂവയുടെയും കാപ്പിയുടെയും സമൃദ്ധ ലഭ്യത തന്നെയാണ്  അനുകൂല ഘടകമായി കണ്ടത്. ഗോത്രവർഗ സമൂഹത്തിന്റെ പാരമ്പര്യ ഭക്ഷ്യവിഭവമാണ് കൂവ. സ്ത്രീരോഗങ്ങൾക്കു പരിഹാരമായും കുഞ്ഞുങ്ങളുടെ ശരീരപുഷ്ടിക്കുമെല്ലാം കാലങ്ങളായി തങ്ങൾ പ്രയോജനപ്പെടുത്തുന്ന ഔഷധാഹാരമാണ് കൂവയെന്ന് സജിത. 

ഒരു സ്ഥലത്ത് ഒരു തവണ കൃഷി ചെയ്താൽ പിന്നെ ആവർത്തനക്കൃഷി ആവശ്യം വരില്ലെന്ന മെച്ചവുമുണ്ട് കൂവയ്ക്ക്. വിളവെടുപ്പു സമയത്ത് തട മാത്രമെടുത്ത് വിത്ത്, പറിച്ചിടത്തുതന്നെ മണ്ണിട്ടു മൂടും. ഇങ്ങനെ പ്രത്യേക പരിചരണമൊന്നുമില്ലാതെ കുട്ടമ്പുഴയിലെ എല്ലാ പുരയിടങ്ങളിലും കൂവക്കൃഷി കാണാം. സ്വന്തം ആവശ്യത്തിനു മാത്രമല്ല, കൂവക്കിഴങ്ങ് വിൽപനയ്ക്കുമുണ്ട്. എന്നാൽ അത് സീസണിലെ  നാമമാത്ര വരുമാനമേ ആകുന്നുള്ളൂ. കൂവപ്പൊടി നിർമാണത്തിലേക്കും പൊടികൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങളിലേക്കും കടന്നാൽ വർഷം മുഴുവൻ ഈ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമെന്ന് ജില്ല മിഷനും ബോധ്യപ്പെട്ടു.  

കൂവ പൊതുവേ മൂന്നിനമുണ്ട്; വെള്ള, നീല, മഞ്ഞ. കൂടുതൽ ഉൽപാദനം ലഭിക്കുമെന്നതിനാൽ കൃഷി കൂടുതലും വെള്ളക്കൂവ തന്നെ. എന്നാൽ മഞ്ഞക്കൂവയാണ് കുട്ടമ്പുഴക്കാരുടെ പാരമ്പര്യ ഇനം. നീലക്കൂവയും മഞ്ഞക്കൂവയും കൂടുതൽ ഔഷധ–പോഷക മേന്മകളുള്ള ഇനങ്ങളാണെന്നും അവയും ഭക്ഷ്യയോഗ്യമാണെന്നും പലർക്കും അറിയില്ല. വെള്ളക്കൂവപോലെ കിഴങ്ങ് പുഴുങ്ങി കഴിക്കാറില്ലെന്നു മാത്രം. കറയുള്ളതാണു കാരണം. എന്നാൽ കൂവ നൂറ് (starch) എടുക്കാൻ രണ്ടും മികച്ചതുതന്നെ. പക്ഷേ, വെള്ളക്കൂവയിൽനിന്ന് നൂറു തയാറാക്കുന്നതിനെക്കാൾ അധ്വാനം  വേണ്ടിവരും. കറ നീങ്ങി നിറം വെള്ളയാകുന്നതു വരെ പലവട്ടം വെള്ളത്തിൽ കലക്കി, തുണിയിൽ പിഴിഞ്ഞ് തെളിച്ചെടുക്കണം

ജനുവരി–ഫെബ്രുവരി കാലത്താണ് കൂവയുടെ വിളവെടുപ്പ്. ഈ സീസണിൽ പ്രദേശത്തെ കർഷകരിൽ നിന്നെല്ലാം സംഘം കൂവക്കിഴങ്ങു വാങ്ങി സംഭരിക്കും. സംഘത്തിന് സ്വന്തമായി അരയേക്കറിൽ കൂവക്കൃഷിയുണ്ട്. തടകൾ വൃത്തിയായി കഴുകി അരച്ചെടുത്ത്, പലവട്ടം വെള്ളത്തിൽ കലക്കി തെളിച്ചെടുത്ത് പൊടി തയാറാക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. കൂവ അരയ്ക്കാനുള്ള യന്ത്രം സബ്സിഡിയോടെ ജില്ലാമിഷൻ നൽകിയതിനാൽ വലിയൊരു അധ്വാനം ഒഴിവാകുന്നുവെന്ന് സജിത. 

കിലോയ്ക്ക് 1200 രൂപയ്ക്കാണ് സംഘം കൂവപ്പൊടി വിൽക്കുന്നത്. വ്യാപാരമേളകൾ തന്നെയാണ് മുഖ്യ വിപണനമാർഗം. കാടിന്റെ ശുദ്ധിയും ശക്തിയുമുള്ള വിഭവം എന്നതുതന്നെയാണ് തങ്ങളുടെ കൂവപ്പൊടി ക്കു ഡിമാൻഡ്  നൽകുന്നതെന്ന് ഈ വനിതകൾ പറയുന്നു. ഈയൊരു സാധ്യത  കൂടുതൽ വിശാലമായ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജില്ലാമിഷനും. 

kuttambuzha-kappi
രൂപശ്രീ സംഘാംഗങ്ങൾ കാപ്പിയുമായി

കുടിച്ചു നോക്കുമ്പോഴേ അറിയാം കുട്ടമ്പുഴക്കാപ്പിയുടെ വ്യത്യാസം: ഇത് കാടിന്റെ കടുപ്പമുള്ള കാപ്പി    

‘കുടിച്ചു നോക്കുമ്പോഴേ അറിയാം കുട്ടമ്പുഴക്കാപ്പിയുടെ വ്യത്യാസം. ചിക്കറി ചേർക്കാത്ത നാടൻകാപ്പിയുടെ തനിമ. ആസ്വാദ്യകരമായ മണം, രുചി’, സ്വന്തം ഉൽപന്നത്തെക്കുറിച്ച് രൂപശ്രീ യൂണിറ്റിലെ 5 വനിതകളും ആത്മവിശ്വാസത്തോടെ പറയുന്നു. വീട്ടുജോലിയുമായി കാടിനുള്ളിലെ ഗ്രാമവട്ടത്തിൽ ഒതുങ്ങിക്കഴിഞ്ഞ ഈ സ്ത്രീകളെ ഇത്ര ധൈര്യത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കിയതു കുടുംബശ്രീ തന്നെ. 

കൂവപോലെ കുട്ടമ്പുഴയുടെ തനതു വിഭവമാണ് കാപ്പിയും. ഗോത്രവർഗ സമൂഹത്തിന്റെ വരുമാനവിളകളിലൊന്ന്. മിക്ക വീടുകളിലുമുണ്ട് കാപ്പിക്കൃഷി. അതുകൊണ്ട് കാപ്പിക്കുരു സംഭരണം പ്രശ്നമേയല്ല എന്നു സംഘാംഗങ്ങൾ. ചെറി‌യ അളവിൽ കാപ്പിക്കുരു സംഭരിച്ച് മില്ലിൽ കുത്തിയെടുത്ത് അംഗങ്ങളിൽ ഒരാളുടെ വീട്ടിൽ വറുത്തെടുത്ത് പൊടിയാക്കിയാണു തുടക്കം. താമസിയാതെ, ഉൽപാദന യൂണിറ്റിനായി പഞ്ചായത്ത് കെട്ടിട സൗകര്യവും കാപ്പിക്കുരു പൊടിക്കാനായി കുടുംബശ്രീ ജില്ലാമിഷൻ യന്ത്രവും ലഭ്യമാക്കി. ഏതു വൻകിട ബ്രാൻഡിനോടും മത്സരിക്കാവുന്ന പായ്ക്കിങ് മികവോടെയാണ് ഇന്ന് ഈ വനിതകൾ സ്വന്തം ഉൽപന്നം വിപണിയിലെത്തിക്കുന്നത്. ഒരു രൂപ വരുമാനമില്ലാതെ വീട്ടിലൊതുങ്ങിക്കഴിഞ്ഞ 5 പേർക്കും അഭിമാനത്തോടെ പറയാൻ ഇന്നു സംരംഭക എന്ന മേൽവിലാസമുണ്ട്, ഒപ്പം സ്ഥിര  വരുമാനവും അക്കൗണ്ടിൽ, ചെറുതെങ്കിലും ഒരു സമ്പാദ്യവും.

ഫോൺ: 8943686680 (ശിവ കുടുംബശ്രീ), 9747362781 (രൂപശ്രീ കുടുംബശ്രീ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS