ADVERTISEMENT

മകന്റെ രോഗം, കടക്കെണി– വർഷങ്ങളായി ജ്യോതിമോളും സാബുവും ദുരിതക്കയത്തിലാണ്. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാതെ വിഷമിക്കുന്ന ഭർത്താവിനെ സഹായിക്കാൻ ജ്യോതിമോൾ 2 വരുമാനവഴികൾ കണ്ടെത്തി– കൂൺകൃഷിയും തൈ ഉൽപാദനവും. കാര്യമായി മുതൽമുടക്കില്ലാത്ത ഈ സംരംഭ ങ്ങളാണ് ഇന്ന് അവര്‍ക്കു പിൻബലം. 

അഞ്ചു ലക്ഷം രൂപ വരുന്ന കടക്കെണിയില്‍നിന്നു മോചനം കിട്ടാൻ അധികൃതരുടെ കനിവ് കൂടിയേ തീരൂ. എങ്കിൽപോലും നിത്യച്ചെലവും മകന്റെ ചികിത്സച്ചെലവുമൊക്കെ ഭാഗികമായെങ്കിലും കണ്ടെത്താൻ ഇവ സഹായകമായി. ഡൗൺ സിൻഡ്രോം ബാധിച്ച മകൻ ശ്രീകാന്തിന്റെ പരിചരണത്തിനു വീട്ടിൽ തന്നെ തുടരേണ്ടതിനാൽ ജ്യോതിമോൾക്ക് പുറം ജോലി പറ്റില്ല. വീട്ടില്‍ ചെയ്യാവുന്ന പല സംരംഭങ്ങളും നോക്കിയെങ്കിലും വലിയ മുതൽമുടക്ക് വേണ്ടതിനാൽ ഉപേക്ഷിച്ചു. 

കടക്കെണിയിലായ കുടുംബത്തിന് ആരാണ് വായ്പ കൊടുക്കുക? ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം കൂൺകൃഷി ആരംഭിച്ചത്. കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിൽ പരിശീലനം നേടിയ ശേഷം സാബുവാണ് ജ്യോതിമോളെ കൂൺ കൃഷിരീതികൾ പഠിപ്പിച്ചത്. ആദ്യം 10 ബെഡുകളിൽ പരീക്ഷണക്കൃഷി നടത്തി. അതു ശരിയായതിന്റെ ആത്മവിശ്വാസത്തിൽ 50 ബെഡുകളുമായി തുടക്കം. 25 പാക്കറ്റ് കൂൺവിത്തിന് 1250 രൂപയേ ചെലവ് വന്നുള്ളൂ. വൈക്കോൽ 450 രൂപയ്ക്കു ലഭിച്ചു. ബെഡ് ഉണ്ടാക്കാൻ വേണ്ട പ്ലാസ്റ്റിക് കൂടിന് 200 രൂപയായി. ബെഡുകൾ തൂക്കിയിടുന്നതിനുള്ള ഉറിയുണ്ടാക്കാൻ 100 രൂപയുടെ കയറും. ആകെ 2000 രൂപ മുതൽമുടക്ക്. കൂൺശാലയുണ്ടാക്കാന്‍ വീട്ടിലെ ഒരു മുറി മാറ്റിയെടുത്തു. ആദ്യ വിളവെടുപ്പ് മെച്ചമായില്ല. 50 ബെഡുകളിൽനിന്ന് 22 കിലോ കൂണ്‍. അയൽവീടുകളിലും പരിസരത്തുമായി മുഴുവൻ കൂണും വിറ്റു. ആവശ്യം കൂടിയതനുസരിച്ച് ഉൽപാദനം കൂട്ടി. ഇപ്പോൾ 100 ബെഡുകളിലാണ് കൃഷി. ഉൽപാദനം വർധിച്ചതിനാൽ നെടുങ്കണ്ടം ടൗണിലുള്ള സ്ഥാപനങ്ങൾ കയറിയിറങ്ങിയാണ് വിപണനം. മുഴുവൻ കൂണും അന്നന്നുതന്നെ വിറ്റുതീരുന്നുണ്ടെന്ന് ജ്യോതിമോൾ.

jyothimol
ജ്യോതിമോൾ

കൂണിനൊപ്പം കണ്ടെത്തിയ അധികവരുമാന സ്രോതസ്സാണ് തൈ ഉൽപാദനം. കുരുമുളകുതൈകളാണ് ആദ്യം ഉൽപാദിപ്പിച്ചത്. നല്ല കർഷകരുടെ പക്കൽനിന്നു കുരുമുളകുവള്ളി വാങ്ങി, കൂടകളിൽ മണ്ണു നിറച്ച് മുറിച്ചു നടും. ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നടുന്ന വള്ളികൾ കൃത്യമായി നനച്ചാൽ ജൂണില്‍ വിൽപനയ്ക്കു റെഡി. ഒരു കൂടയിൽ 3 ചുവട് തൈകൾ വീതമാണ് വേരുപിടിപ്പിക്കുന്നത്. ഇത്തരം ഒരു കൂടയ്ക്ക് 30 രൂപ നിരക്കിലാണ് വിൽപന. കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ച 15,000 തൈകളും ഇടുക്കി കൃഷിവി ജ്ഞാനകേന്ദ്രം വഴി വിറ്റു. 

ജ്യോതിമോൾ പിന്നെ കണ്ടെത്തിയ വരുമാനവഴി നഴ്സറികൾക്കായി ബൊഗൈൻവില്ല തൈ ഉൽപാദനം. വേനൽക്കാലത്ത് ബൊഗൈൻവില്ല നിറയെ പൂവിട്ടുനിൽക്കുന്ന വീടുകൾ കണ്ടുവയ്ക്കുകയാണ് ആദ്യ പടി. അവരോട് കമ്പു മുറിക്കാനുള്ള അനുവാദവും വാങ്ങും. മഴക്കാലമെത്തുന്നതോടെ പൂക്കൾ ഒഴിവായ ബൊഗൈൻ വില്ലകൾ മുറിച്ച് വീട്ടിലെത്തിക്കും. അവ ചെറു കമ്പുകളായി മുറിച്ച് പ്ലാസ്റ്റിക് കൂടകളിൽ കുത്തിപ്പിടിപ്പിക്കുന്നു. മഴക്കാലത്തെ അനുകൂല സാഹചര്യത്തിൽ വേരുപിടിച്ചു വളരുന്ന ബൊഗൈൻവില്ല  ഡിസംബറാകുമ്പോഴേക്കും വിൽപനയ്ക്കു തയാർ. ഇക്കഴിഞ്ഞ സീസണിൽ 300 ബൊഗൈൻ വില്ല തൈകളാണ് ഇവർ നഴ്സറികൾക്കു വിറ്റത്.  

വീണ്ടും കുരുമുളകുതൈ ഉൽപാദനത്തിന്റെ തിരക്കിലാണ് ജ്യോതി. ഇത്തവണ ഒരു വ്യത്യാസമുണ്ട്. തണ്ടു നടുന്നതിനു പകരം കുരുമുളകിന്റെ കുരു പാകി കിളിർപ്പിക്കാനാണ് കെവികെയുടെ നിര്‍ദേശം. കരിമുണ്ട, പന്നിയൂർ 1, പന്നിയൂർ 5 ഇനങ്ങളുടെ കുരു ഇതിനായി ശേഖരിച്ചുകഴിഞ്ഞു. 

അനുഭവപാഠങ്ങൾ– കൂൺകൃഷി

ചെറിയ തോതിൽ ചെയ്തു പഠിച്ച ശേഷം മാത്രം വിപുലമാക്കുക. തുടക്കത്തിൽ തിരിച്ചടി സ്വാഭാവികം. വൃത്തിക്കുറവാണ് ഇതിനു പ്രധാന കാരണം. പരിചയസമ്പന്നരായ കൃഷിക്കാരോടും മറ്റും ചോദിച്ചു തിരുത്താവുന്നതേയുള്ളൂ. ആദ്യകാല തിരിച്ചടികളുടെ പേരിൽ ഒരിക്കലും കൂൺകൃഷി ഉപേക്ഷിക്കരുത്. ബെഡ് ഉണ്ടാക്കാന്‍ കുറഞ്ഞത് 3 മാസം പഴക്കമുള്ള വൈക്കോൽ ഉപയോഗിക്കുക. വീടിനോടു ചേർന്നുള്ള ചാർത്തുകൾ, ഉപയോഗമില്ലാത്ത മുറികൾ, തൊഴുത്തുകൾ എന്നിവയൊക്കെ കൂൺശാലയാക്കാം. ഇതൊന്നുമില്ലെങ്കില്‍ മാത്രം കുറഞ്ഞ ചെലവിൽ ഇരുട്ടുമുറി ക്രമീകരിച്ചാൽ മതി. 

അനുഭവപാഠങ്ങൾ – തൈ ഉൽപാദനം

കൂടുതൽ ആവശ്യക്കാരുള്ള വിളകൾ/  ചെടികൾ കണ്ടെത്തി അവയുടെ ഉൽപാദനത്തിനു പറ്റിയ മാതൃസസ്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുക. ഉടമസ്ഥന്റെ അനുമതി അനിവാര്യം. മാതൃസസ്യം നേരിട്ടുകണ്ട് നിലവാരം ഉറപ്പാക്കിയിട്ടു മാത്രം നടീൽവസ്തു ഉൽപാദനത്തിനായി തിരഞ്ഞെടുക്കുക.

ഫോൺ: 9526506503

English summary: Two enterprises with an investment of Rs. 2000; Jyotimol to get her life back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com