കൃഷിഭവൻ വഴിതെളിച്ചു, ഒപ്പം നടന്ന് കർഷകർ; കൃഷിയിലൂടെ സ്ഥിരവരുമാനം നേടി അഞ്ചു വനിതകൾ

HIGHLIGHTS
  • സ്ത്രീകൾക്ക് കൃഷിയിലൂടെ തുല്യതയും വരുമാനവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി പാലക്കാട് ജില്ലയിലെ എലപ്പുള്ളി കൃഷിഭവൻ
woman 1
എലപ്പുള്ളി കൃഷിഭവന്റെ സഹായത്തോടെ കൃഷി ചെയ്യുന്ന വനിതകൾ
SHARE

‘സ്വന്തമായി വരുമാനം ആഗ്രഹിക്കുന്ന, പ്രതിസന്ധിയിൽ പിടിവള്ളി തേടുന്ന, അവഗണനകൾക്കു പകരം അവസരങ്ങൾ കൊതിക്കുന്ന ഒട്ടേറെ സ്ത്രീകളുണ്ട് നമ്മുടെ ഗ്രാമങ്ങളിൽ. ജോലി തേടി വീടു വിട്ടു പോ കാനോ, വലിയ മുതൽമുടക്കോടെ എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാനോ കഴിയാത്തവരാണ് അവരിൽ നല്ല പങ്കും. അവരെയെല്ലാം ഉൾക്കൊള്ളാനും ചെറുതെങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കാനും കാർഷികമേ ഖലയ്ക്കു കഴിയും. ഈ രംഗത്ത് കാലങ്ങളായി നിശ്ശബ്ദം പണിയെടുക്കുന്ന സ്ത്രീകളുമുണ്ട്. ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ അവസരങ്ങളെക്കുറിച്ചോ അറിവില്ലാത്തതിനാൽ വരുമാനത്തിലോ, ജീവിത നിലവാരത്തിലോ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയാത്തവർ. മേൽപ്പറഞ്ഞവരെയെല്ലാം സമൂഹ ത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം’, എലപ്പുള്ളി കൃഷി ഒാഫിസർ ബി.എസ്. വി നോദ്കുമാറും കൃഷി അസിസ്റ്റന്റ് വിജുമോനും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. ട്രാൻസ്ജെൻഡർ  ഉൾപ്പെ ടെ ഒട്ടേറെ വനിതകളെ കൃഷിയിലേക്ക് കൈപിടിച്ചുയർത്തുകയാണ് പാലക്കാട് ജില്ലയിലെ ഈ കൃഷിഭവൻ.

woman-sumathi
സുമതി

സുസ്ഥിര വരുമാനത്തോടെ സുമതി

ഒറ്റയ്ക്കു ജീവിതം തുഴയേണ്ടി വരുന്ന ഒട്ടേറെ വനിതകളില്‍  ഒരാളാണ് എലപ്പുള്ളി നെയ്‌തല ചെട്ടിക്കളത്തിലെ സുമതി. നെയ്ത്തുകാരനായിരുന്ന ഭർത്താവിന്റെ ഓർക്കാപ്പുറത്തുള്ള വിയോഗം തളർത്തിയപ്പോൾ കരകയറാൻ സുമതിക്കു തുണയായത് കൃഷി. ബാങ്കില്‍നിന്നു വായ്പ എടുത്ത് പശുവിനെ വാങ്ങിയാണ് സുമതിയുടെ തുടക്കം.  നിലവിൽ 10 പശുക്കൾ. കറവയുള്ളവ 4. ദിവസം 50 ലീറ്ററിലേറെ പാലുൽപാദനം. പാൽവിപണനത്തിലൂടെ സ്ഥിര വരുമാനം. അനുബന്ധ വരുമാന മാർഗംകൂടി തേടിയാണ് സുമതി കൃഷിഭവനിലെത്തുന്നത്. സുമതിയുടെ സാഹചര്യവും സാമ്പത്തികശേഷിയും കൃഷിയിടത്തിൽ ചെലവിടാൻ പറ്റുന്ന സമയവുമെല്ലാം കണക്കിലെടുത്ത് കൃഷിഭവൻ നിർദേശിച്ചത് ചിപ്പിക്കൂൺകൃഷി. 2 ഷെഡിലായി ഒരേസമയം 1000 ബെഡ് വരെ കൃഷി ചെയ്തിട്ടുണ്ടെന്നു സുമതി.

മൊത്തമായും ചില്ലറയായും വിൽപന. ചിപ്പിക്കൂണിനൊപ്പം പാൽക്കൂണും പരീക്ഷിക്കുന്നുണ്ട്. ചിപ്പിയെ അപേക്ഷിച്ച് സൂക്ഷിപ്പുകാലം കൂടുമെന്നതാണ് പാൽക്കൂണിന്റെ മെച്ചം. ഷെഡ് പുതുക്കി കൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. വീടിനടുത്തുള്ള 25 സെൻറ് സ്ഥലത്ത് പച്ചക്കറിക്കൃഷിയുമുണ്ട്. ചീര, വെണ്ട, കാബേജ്, കോളിഫ്ലവർ തുടങ്ങി ഒട്ടേറെ ഇനങ്ങൾ. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിക്കു മികച്ച ഡിമാൻഡുമുണ്ട്. ‘അധ്വാനമുണ്ട്, അതിനു തക്ക വരുമാനവുമുണ്ട്. ആരോടെങ്കിലും വായ്പ വാങ്ങിയാൽ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയും’, സുമതിയുടെ വാക്കുകളിൽ നിറയെ സന്തോഷം.

woman-bindu
കൃഷി ഓഫീസർ ബി.എസ്.വിനോദ് കുമാർ (വലത്ത്), കൃഷി അസിസ്റ്റന്റ് വിജുമോൻ (ഇടത്ത്) എന്നിവർക്കൊപ്പം ബിന്ദുവും മകളും

മുല്ലപ്പൂപ്പാടം

എലപ്പുള്ളി ഉപ്പുതോട് പാടശേഖരത്തിലെ കുറ്റിമുല്ലക്കൃഷി കണ്ടാണ് ബിന്ദു പൊന്നുമണിയെ തിരഞ്ഞു പോയതെന്ന് കൃഷി ഓഫിസർ വിനോദ് കുമാർ. ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ കൃഷി വിപുലമാക്കാനുള്ള സാധ്യത പറഞ്ഞപ്പോൾ ബിന്ദുവിനും ഉത്സാഹം. പാലക്കാട് ജില്ലയിൽ ലൂസ് ഫ്ലവർ കൾട്ടിവേഷന് അനുവദിച്ച പദ്ധതി എലപ്പുള്ളി കൃഷിഭവനു ലഭിച്ചതോടെ ബിന്ദുവിന് മുല്ലക്കൃഷിക്കുള്ള സാമ്പത്തിക പിന്തുണയുമെത്തി. നിലവിൽ 50 സെന്റിലാണ് കൃഷി. 2 വർഷം മുൻപ് രാമേശ്വരത്തുനിന്ന് 4500 തൈകൾ വാങ്ങി നട്ട് കൃഷിത്തുടക്കം. മൂന്നാം വർഷമാണ് മികച്ച വിളവു ലഭിച്ചു തുടങ്ങുകയെങ്കിലും നട്ട് മൂന്നാം മാസം മുതൽ തന്നെ പരിമിതമായ ഉൽപാദനം കാണുമെന്ന് ബിന്ദു. 15 വർഷം വരെ വിളവു പ്രതീക്ഷിക്കാം. 

വിപണിയിൽ മൂല്യം കൂടുതലുള്ള രാമേശ്വരം ഇനമാണ് ബിന്ദു കൃഷി ചെയ്യുന്നത്. സുഗന്ധം നീണ്ടു നിൽക്കുമെന്നതാണ് മെച്ചം. കൃഷി പൂർണമായും ജൈവരീതിയിലാണ്. കടലപ്പിണ്ണാക്കും ആട്ടിൻകാഷ്ഠവും വേപ്പിൻപിണ്ണാക്കുമാണ് പ്രധാന വളം. വേരിനു വരുന്ന ചിതൽശല്യമാണ് മുല്ലയുടെ പ്രധാന പ്രശ്നം. അതിനെ ചെറുക്കാൻ വേപ്പിൻപിണ്ണാക്ക് ഉപകരിക്കുന്നു. പൂവിന് അഴകും തിളക്കവും വർധിക്കാൻ കടലപ്പിണ്ണാക്കും ഗുണം ചെയ്യുമെന്ന് ബിന്ദു. മുല്ലപ്പൂവിന് വിപണിയിൽ മിക്കപ്പോഴും മുന്തിയ വിലയുണ്ട്. ഓണം, ശിവരാത്രി, ദീപാവലി കാലങ്ങളിലൊക്കെ വില കിലോയ്ക്ക്  5000 രൂപവരെയെത്തിയിട്ടുണ്ടെന്ന് ബിന്ദു. മാർച്ച് മുതൽ ജൂൺ വരെയാണ് ഉയർന്ന ഉൽപാദനം. എങ്കിലും പരിമിതമായ തോതിൽ എല്ലാക്കാലത്തും ഉൽപാദനവും വരുമാനവും ലഭിക്കും. കാലാവസ്ഥയിലെ നേരിയ മാറ്റം പോലും പൂക്കളുടെ ഉൽപാദനത്തെ ബാധിക്കും. കിലോയ്ക്ക് 3500–4000 രൂപ വിലയുള്ള സമയത്ത് ദിവസം ഒരു കിലോയേ പറിക്കാനുണ്ടാവൂ. 4–5 കിലോയൊക്കെ ലഭ്യമാകുന്ന സമയത്ത് കിലോയ്ക്ക് 300–400 രൂപയാവും വില. 

മുല്ലയ്ക്കു പിന്നാലെ 25 സെന്റിൽ ചെണ്ടുമല്ലിക്കൃഷിയുമുണ്ട്. 2500 തൈകൾ. നാല്–നാലര മാസം കൊണ്ട് തീരുന്ന കൃഷിയാണിത്. നട്ട് 42–ാം ദിവസം മുതൽ വിളവെടുപ്പ്. കിലോയ്ക്ക് 200 രൂപ വിലയുള്ളതിനാൽ അതും നേട്ടം തന്നെ. ഏതായാലും  2 വർഷം മുൻപ് യാദൃശ്ചികമായി പുഷ്പക്കൃഷിയിലെത്തിയ ബിന്ദു ഇപ്പോൾ കൃഷിഭവന്റെ പിന്തുണയോടെ അത് 2 ഏക്കറിലേക്ക് വിപുലീകരിച്ചിരിക്കുന്നു.  മുല്ലയിലൂടെ മുന്തിയ വരുമാനവും കയ്യിലെത്തുന്നു.

woman-karthyayani
കാർത്യായനി നിലക്കടല കൃഷിയിടത്തിൽ

ഒറ്റയാൾ പോരാട്ടം 

മുൻകാലങ്ങളിൽ 10 ഹെക്ടറിലേറെ സ്ഥലത്ത് നിലക്കടലക്കൃഷിയുണ്ടായിരുന്ന പഞ്ചായത്താണ് എലപ്പുള്ളി. തമിഴ്‌നാടായിരുന്നു പ്രധാന വിപണി. അവർ നിശ്ചയിക്കുന്ന തുച്ഛമായ വിലയ്ക്ക് നിലക്കടല വിൽക്കേണ്ടിവന്നതോടെയാണ് എലപ്പുള്ളിയിലെ കർഷകർ നിലക്കടലക്കൃഷിയെ പൂർണമായി കൈവിട്ടതെന്ന് കൃഷിഭവൻ അധികൃതര്‍. എങ്കിലും പരിമിതമായ തോതിൽ  ഇതു തുടരുന്നവരുണ്ട്. അവരില്‍പ്പെടും കൗസുപ്പാറയിലെ കാർത്യായനി എന്ന വീട്ടമ്മ.  ലൊക്കേഷൻ സ്പെസിഫിക് പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായവും എലപ്പുള്ളിയിൽ വിപണനസാധ്യതയും ഉറപ്പു നല്‍കിയതോടെ 3 ഏക്കറിലേക്കു കൃഷി വിപുലമാക്കാൻ കാർത്യായനി ധൈര്യപ്പെട്ടു.  

കൃഷിഭവന്‍  വാക്കുപാലിച്ചു; കൃഷിക്കു  ധനസഹായം യഥാസമയം ലഭ്യമാക്കി. രാവിലെ തന്നെ കാർത്യായനി കൃഷിയിടത്തിലിറങ്ങും. കള പറിക്കലും ജൈവവള പ്രയോഗവും നനയും ഉൾപ്പെടെ എല്ലാ  കൃഷിമുറകളും സ്വയം ചെയ്യും. സഹായത്തിന് കർഷകത്തൊഴിലാളിയായ ഭർത്താവ് ചിലപ്പോഴൊക്കെ ചേരും. അപൂർവമായേ പുറത്തുനിന്നു പണിക്കാരെ വയ്ക്കുകയുള്ളൂ. ചാണകവും ആട്ടിൻകാഷ്ഠവും പ്രധാന അടി വളം. നിലക്കടലയ്ക്ക് പ്രാദേശികമായി ഇന്നു വിപണിയുണ്ട്. കിലോയ്ക്ക് ശരാശരി 40 രൂപ വില കിട്ടും. 

woman-sreedevi
ശ്രീദേവി (വലത്തേയറ്റം)

കൃഷിയിലൂടെ തുല്യത

കഞ്ചിക്കോട് ആലാമരത്ത് ലോട്ടറി വിറ്റിരുന്ന ട്രാൻസ്ജെൻഡർ വനിത ശ്രീദേവി മുഴുവൻസമയ കർഷകയാകാനുള്ള  ശ്രമത്തിലാണ്. സാമൂഹിക അവഗണനകളും ദുരിതങ്ങളും നിറഞ്ഞ കാലത്തുനിന്ന് കൃഷിപ്പച്ചപ്പിലേക്കുള്ള മാറ്റം. ഇടുക്കിയിലെ കർഷക കുടുംബത്തിൽ  ജനിച്ച ശ്രീദേവിക്ക് സ്വന്തം സ്വത്വം വെളിപ്പെടുത്തിയതോടെ നാട്ടിൽ നേരിടേണ്ടി വന്നത് കടുത്ത അവഗണന. അലച്ചിലിന്റെ  കാലമായിരുന്നു പിന്നെ.  ഉപജീവനത്തിന് നൃത്തം മുതൽ ലോട്ടറി വിൽപന വരെ. അതിനിടെ വയനാട്ടിൽനിന്നുള്ള ഇഞ്ചിക്കൃഷിക്കാർക്കൊപ്പം കർണാടകയിലെ കൃഷിയിടങ്ങളിലും പണിയെടുത്തു ഏറെക്കാലം. 

എലപ്പുള്ളിയിൽ താമസം തുടങ്ങിയപ്പോൾ ശ്രീദേവിയുടെ കൃഷിതാൽപര്യം കൃഷിഭവന്റെ ശ്രദ്ധയിൽപ്പെട്ടു. കൃഷിഭവൻ നൽകിയ വിത്തുകളും തൈകളുംകൊണ്ട് പരിമിതമായ പുരയിടത്തിൽനിന്ന് ഇന്നു വീട്ടാവശ്യത്തിനു പച്ചക്കറികളും കിഴങ്ങിനങ്ങളും വിളയിക്കുന്നു.  കൃഷിഭവൻ പരിധിയിൽ തേനാരിയിലുള്ള   ‘തളിർ’കൃഷിക്കൂട്ടത്തിൽ ശ്രീദേവിയെ  ഉൾപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, കരിക്കിൻവെള്ളത്തിൽനിന്നുള്ള വിനാഗിരി,  വിവിധതരം കൊണ്ടാട്ടങ്ങൾ, അച്ചാറുകൾ, ചമ്മന്തിപ്പൊടി എന്നിവ ഉൾപ്പെടെ ഇരുപതോളം മൂല്യവർധിത ഉൽപന്നങ്ങൾ  ഉണ്ടാക്കുന്ന സംഘമാണിത്. നിശ്ചിത ശതമാനം ലാഭമെടുത്ത് ഈ ഉൽപന്നങ്ങളുടെ വിപണനത്തിലേക്കും കടന്നിരിക്കുന്നു ശ്രീദേവി. കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിഭ വന്റെ പിന്തുണയോടെ വിപുലമായ കൃഷിയാണ് ഇപ്പോൾ  ഈ ട്രാൻസ്ജെൻഡർ വനിതയുടെ ലക്ഷ്യം.

woman-santhi
ശാന്തി

വിനോദം വളർന്ന് വരുമാനം

ഹോബിയെ സംരംഭമാക്കി എലപ്പുള്ളി നെയ്തല വലിയതോട്ടത്തിൽ ശാന്തി കുട്ടൻ. പൂച്ചെടികളോടുള്ള ഇഷ്ടംകൊണ്ട് യാത്രപോയ സ്ഥലങ്ങളിൽനിന്നെല്ലാം വിത്തുകളും തൈകളും ശേഖരിച്ച് വിപുലമായ ഉദ്യാനം തന്നെ തീർത്തു ഈ വീട്ടമ്മ. അതൊരു നഴ്സറിയായി വളർത്താൻ ശാന്തിക്കു പ്രചോദനം നൽകിയത് എലപ്പുള്ളി കൃഷിഭവൻ.   

സാമ്പത്തികഭദ്രതയുള്ള കുടുംബമാണെങ്കിൽപ്പോലും സ്ത്രീകൾക്കു സ്വന്തമായി വരുമാനം വേണമെന്ന പക്ഷക്കാരിയാണ് ശാന്തി. വീട്ടുകാര്യങ്ങൾ മുടങ്ങാതെ തന്നെ സ്ത്രീകൾക്ക് ചെയ്യാവുന്ന ഒട്ടേറെ ലഘു സംരംഭങ്ങളുണ്ട്. അവയിലൊന്നാണ് പൂച്ചെടി നഴ്സറി. മുൻപ് കയ്യിൽക്കിട്ടുന്ന പൂച്ചെടികളെല്ലാം ശേഖരിക്കുമായിരുന്നെങ്കിൽ സംരംഭകയാകാൻ തീരുമാനിച്ചതോടെ ഒാരോ ഇനത്തെക്കുറിച്ചും വിപണിയിൽ അവയ്ക്കുള്ള ഡിമാൻഡിനെക്കുറിച്ചും പഠിച്ചു ചെടി വാങ്ങാന്‍ തുടങ്ങിയെന്നു ശാന്തി. ചെടിപരിപാലനത്തെക്കുറിച്ചും തൈ ഉൽപാദനത്തെക്കുറിച്ചും ശാസ്ത്രീയ അറിവുകൾ തന്നെ  നേടി. അഗ്ലോനിമ, ഫിലോഡെൻഡ്രോൺ, കാക്റ്റസ്, കലാത്തിയ, ഹോയ, മണിപ്ലാന്റ് എന്നിവ ഉൾപ്പെടെ വിപണിയിൽ വലിയ ഡിമാൻ ഡുള്ളവയുടെയെല്ലാം വൈവിധ്യങ്ങളുണ്ട് ശാന്തിയുടെ ശേഖരത്തിൽ. ഓർക്കിഡ് ഇനങ്ങളുടെ ശേഖരവും ആകർഷകം. ഹോർട്ടികൾചർ മിഷൻ പദ്ധതിപ്രകാരം ലഭിച്ച മഴമറ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളൊരുക്കി മികച്ച നഴ്സറി സംരംഭകയായി വളരുകയാണ് ഈ വീട്ടമ്മ.

ഫോൺ(എലപ്പുള്ളി കൃഷിഭവൻ): 9645514854, 9847232795

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS