ADVERTISEMENT

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാലില്‍ ഏറിയ പങ്കും പാലായിത്തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ തൈര്, മോര്, നെയ്യ്, ചീസ്, പനീർ തുടങ്ങിയവയുടെ വിൽപനയിൽ ഈയിടെയായി വന്‍ വര്‍ധനയുണ്ട്. ജനസംഖ്യയുടെ വർധന, ജീവിതശൈലിയിലെ മാറ്റം എന്നിവയാണ് ഇവയുടെ ഡിമാൻഡ് കൂടാൻ കാരണം. നിർഭാഗ്യവശാൽ ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ നമ്മുടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്കു കഴിയുന്നില്ല. 

? ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ

കേരളത്തിലെ ക്ഷീരമേഖല ഒട്ടേറെ  പ്രശ്നങ്ങൾ നേരിടുകയാണിപ്പോള്‍. അവയിലേറ്റവും പ്രധാനം തീറ്റച്ചെല വിലെ വര്‍ധനതന്നെ. 

  • കുത്തനെ കൂടുന്ന തീറ്റച്ചെലവ്:  കേരളത്തിൽ പാലുൽപാദനച്ചെലവിന്റെ സിംഹഭാഗവും കാലിത്തീറ്റയ്ക്കാണ്. വിവിധ പഠന റിപ്പോർട്ടുകൾ അനുസരിച്ചു പാൽ ഉൽപാദനച്ചെലവിന്റെ 70 ശതമാനവും  കാലിത്തീറ്റയ്ക്കുവേണ്ടിയാണ്. വിപണിയില്‍ ലഭ്യമായ കാലിത്തീറ്റയിലുള്ള അമിത ആശ്രിതത്വമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം. അസംസ്കൃതവസ്തുക്കളുടെ ലഭ്യതയും വിലയുമനുസരിച്ചു കാലിത്തീറ്റവില ചാഞ്ചാടിക്കൊണ്ടിരിക്കും. കോവിഡും റഷ്യ–യുക്രെയ്ൻ യുദ്ധവും കാരണം അസംസ്കൃതവസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനാൽ 40% വരെ വില വർധനയാണ് അടുത്ത കാലത്ത് കാലിത്തീറ്റയ്ക്ക് ഉണ്ടായത്. കേരളത്തിൽ  കന്നുകാലി വളര്‍ത്തല്‍ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവു കുറച്ചേ പറ്റൂ. 
  • സങ്കരയിനം പശുക്കളോടുള്ള അമിത പ്രിയം: കേരളത്തിൽ വളർത്തുന്ന പശുക്കളിൽ 80–90% സങ്കരയിനമാണ്. ശേഷിക്കനുസരിച്ചുള്ള ഉയർന്ന പാൽ ഉൽപാദനം ഇവയ്ക്കു സാധ്യമാകണമെങ്കിൽ മികച്ച പരിപാലനവും തീറ്റക്രമവും പാലിക്കണം. പച്ചപ്പുല്‍ലഭ്യത കുറഞ്ഞ കേരളത്തിൽ ഇത്തരം പശുക്കളെ പരിപാലിക്കുന്നതും ഉൽപാദനച്ചെലവ് ഉയര്‍ത്തുന്നു. സങ്കരയിനം പശുക്കൾക്കു രോഗപ്രതിരോധശേഷി താരതമ്യേന കുറവായതിനാല്‍ രോഗസാധ്യതയും ചികിത്സച്ചെലവും കൂടുകയും ചെയ്യും.
  • അമിതമായ കൃത്രിമ ബീജസങ്കലനം: കേരളത്തിൽ കൃത്രിമ ബീജസങ്കലന നിരക്ക് വളരെ കൂടുതലാണ്. അതു മൃഗങ്ങളുടെ സ്വാഭാവിക ബീജസങ്കലനത്തെയും ശാരീരികപ്രവർത്തനങ്ങളെയും ബാധിക്കുന്നു. തൽഫലമായും  രോഗപ്രതിരോധശേഷി കുറയുന്നു. സ്വാഭാവിക പ്രജനനത്തിന് അവസരം നൽകാതെ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത്  ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ ചെയ്യൂ.
  • മൂല്യവർധനയുടെ അഭാവം: കേരളത്തിലെ ഭൂരിഭാഗം ക്ഷീരകർഷകരും പാൽ അങ്ങനെതന്നെ വിപണനം ചെയ്യുന്നവരാണ്. പാലില്‍ നല്ല പങ്കും ഇവര്‍ നൽകുന്നതു തൊട്ടടുത്തുള്ള ക്ഷീരസംഘങ്ങളിലാണ്.  മൂല്യവർധിത ഉൽപന്നങ്ങളായ തൈര്, നെയ്യ് തുടങ്ങി പനീർ, ചീസ് എന്നിവ ഉൽപാദിപ്പിക്കുന്നവർ ചുരുക്കം.  

? കാലിവളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാം

സങ്കര ഇനങ്ങളെ മാത്രം വളര്‍ത്തുന്ന രീതിയില്‍ മാറ്റം വരണം. സങ്കരയിനങ്ങള്‍ക്കൊപ്പം നാടൻ ഇനങ്ങളെക്കൂടി വളര്‍ത്താം. തദ്ദേശീയ ഇനങ്ങൾക്ക് അകിടുവീക്കംപോലെയുള്ള രോഗങ്ങള്‍ താരതമ്യേന കുറവാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. കേരളത്തിലെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും ഇണങ്ങി ജീവിക്കുന്ന ഇവയ്ക്കു പ്രാദേശികമായി ലഭിക്കുന്ന തീറ്റ മതിയെന്നതിനാല്‍ തീറ്റച്ചെലവ് സാരമായി കുറയും. 

ഇന്ത്യയുടെ പാൽത്തൊട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിലും പഞ്ചാബിലും നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് 18 രൂപ മുതൽ 22 രൂപ വരെയാണ്. കേരളത്തിൽ ഉൽപാദനച്ചെലവ് ഇതിന്റെ ഇരട്ടിയോളം വരും. ഈ ചെലവു നിയന്ത്രിക്കാതെ പാൽവില കൂട്ടി ക്ഷീരകര്‍ഷകരെ രക്ഷിക്കാം എന്നതു മിഥ്യാധാരണയാണ്. 

ഉൽപാദനച്ചെലവ് കുറയ്ക്കാൻ തീറ്റച്ചെലവു നിയന്ത്രിക്കുകയാണ് പ്രധാന മാർഗം. തനതു തീറ്റക്രമം രൂപപ്പെടുത്തുന്നതിൽ പച്ചപ്പുല്ല്, കൈതച്ചക്ക വേസ്റ്റ്, കപ്പ വേസ്റ്റ്, സൈലേജ് പോലുള്ളവയ്ക്കു മുൻഗണന നൽകണം. മൃഗങ്ങൾക്കു കൊടുക്കുന്ന ഖരഭക്ഷണ പദാർഥ(Dry matter)ങ്ങളുടെ 40%ൽ അധികം പെല്ലറ്റ് പോലുള്ള കൃത്രിമത്തീറ്റകള്‍ വരാൻ പാടില്ല. 

ശാസ്ത്രീയ സമീപനം

‘കൃഷി നഷ്ടമാണ്, കൃഷിക്കാർക്ക് ഒന്നുമില്ല’ എന്ന പല്ലവി നമ്മൾ സ്ഥിരം കേൾക്കാറുണ്ട്. എന്നാൽ കൃഷിയെ ശാസ്ത്രീയമായി സമീപിച്ചവരാരും പരാജയപ്പെട്ടിട്ടില്ല എന്നതാണു യാഥാർഥ്യം. അതിന് മികച്ച ഉദാഹരണമാണ് ഐഐടി മുംബൈയിലെ പൂർവ വിദ്യാർഥികളുടെ Eeki foods എന്ന വിജയകരമായ സ്റ്റാർട്ടപ്. ഇവരുടെ അരയേക്കര്‍ അത്യാധുനിക കൃഷിഫാമിൽ ഒരു മാസം ലഭിക്കുന്നത് 7000 കിലോ പച്ചക്കറിയാണ്. ക്ഷീരമേഖലയിലും വൻ വിജയം കൊയ്യുന്ന ചെറുകിട സ്റ്റാർട്ടപ്പുകൾ ഒട്ടേറെ. Country Delight, Stellapps, Happy Milk, Klimom, Milk Mantra തുടങ്ങി ഒട്ടേറെ യുവ ക്ഷീരസംരംഭങ്ങൾ. ഈ സ്റ്റാർട്ടപ്പുകൾ വിജയം നേടുന്നു എന്നതിനർഥം ഇന്ത്യൻ ക്ഷീരമേഖല നഷ്ടത്തിലല്ല എന്നുതന്നെയാണ്.   

എന്തുകൊണ്ടാണ് ഈ വിജയം ആവർത്തിക്കാൻ നമ്മുടെ നാട്ടിലെ ചെറുകിട ക്ഷീരകർഷകന് കഴിയാതെ പോകുന്നത്? പ്രധാന കാരണം ശാസ്ത്രീയ സമീപനമില്ലായ്മ തന്നെ. ഇതിനർഥം ക്ഷീര കർഷകർ ഈ മേഖലയിൽ ബിരുദം നേടണം എന്നല്ല. പുതിയ അറിവുകളും സാങ്കേതികവിദ്യകളും മനസ്സിലാക്കി സംരംഭത്തില്‍ നടപ്പാക്കുക എന്നതാണ്. ഇന്റർനെറ്റ് യുഗത്തിൽ മികച്ച അറിവുകൾ മൊബൈലിൽ തന്നെ ലഭ്യമാണ്.

ഇൻഷുറൻസ്

ഏതു മേഖലയായാലും അവിചാരിത ദുരന്തങ്ങൾ ഉണ്ടാകാം. ഇൻഷുറൻസ് അതിന്റെ ആഘാതം കുറയ്ക്കും. പലപ്പോഴും വളര്‍ത്തുമൃഗങ്ങൾ രോഗം ബാധിച്ച്  ചത്തു പോകാം.  അതിനാൽ തീർച്ചയായും ഇൻഷുറൻസ് എടുക്കുകയും കൃത്യമായി പുതുക്കുകയും വേണം.

മൂല്യവർധന, പുതു  വിപണി 

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തില്‍  പാലിനും പാലുൽപന്നങ്ങൾക്കും മികച്ച പ്രാദേശിക വിപണി കണ്ടെത്താൻ പ്രയാസമില്ല. ആരോഗ്യത്തെക്കുറിച്ച് അവബോധവും ശുദ്ധമായ പാൽ കർഷകരിൽനിന്നു നേരിട്ടു വാങ്ങാൻ പ്രേരണയാണ്. ഈ സാധ്യത മനസ്സിലാക്കി കർഷകർ സംഘടിച്ച് തൊട്ടടുത്തുള്ള ചെറു പട്ടണങ്ങളിലും ഫ്ലാറ്റുകൾപോലെയുള്ള ഭവന സമുച്ചയങ്ങളിലും പാൽ വിതരണം ചെയ്യാം.  ഹരിയാനയിലെ കർഷകർ സംഘടിച്ചു ശുദ്ധമായ പാൽ നേരിട്ടു ഡൽഹിയിലെ ഹൗസിങ് കോളനികളിൽ അതിരാവിലെ ലഭ്യമാക്കുന്നുണ്ട്. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ചേര്‍ന്നുകിടക്കുന്ന കേരളത്തില്‍ ഇതിനു സാധ്യതയേറെയാണ്. ഒപ്പം തന്നെ, ജൈവകൃഷിക്കും ഉൽപന്നങ്ങൾക്കുമുള്ള ഡിമാൻഡ് വർധിച്ചു വരികയാണ്.  

വളരെ പെട്ടെന്നു നശിക്കുന്ന ഉൽപന്നമാണ് പാൽ. അതിനാൽ തന്നെ മൂല്യവർധന അതിപ്രധാനമാണ്. ക്ഷീരസംഘങ്ങളും കമ്പനികളും സംഭരണം വെട്ടിക്കുറച്ചാൽ പാൽ റോഡിൽ ഒഴുക്കേണ്ട ഗതികേടിലാണ് ക്ഷീരകർഷകർ. ഇത്തരം അമിത ആശ്രിതത്വത്തിൽനിന്നു മുക്തി നേടണമെങ്കിൽ മൂല്യവർധന കൂടിയേ തീരൂ. ചെറുകിട കർഷകനു വ്യക്തിപരമായി മൂല്യവർധന നടത്താൻ സാധിച്ചില്ലെങ്കിൽ തന്നെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ സൃഷ്ടിച്ചോ  ചെറുസംഘങ്ങൾ രൂപീകരിച്ചോ മൂല്യവർധന നടത്താം. ഇതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പലതരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ക്ഷീരവികസന വകുപ്പും കൃഷി വിജ്ഞാൻ കേന്ദ്രങ്ങളും സാങ്കേതിക സഹായവും നൽകി വരുന്നു.

വരവായി അവസരങ്ങൾ

രണ്ടു പതിറ്റാണ്ടിനകം ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  150 കോടിയോളം വരുന്ന ജനസംഖ്യയിൽ 60 ശതമാനത്തിലേറെയും യുവാക്കളായിരിക്കും. തീർച്ചയായും ക്ഷീരോൽപന്നങ്ങൾക്ക് ഡിമാൻഡ് ഉയരും. ഈ മാർക്കറ്റിൽ കണ്ണുവച്ചാണ് പാശ്ചാത്യ ക്ഷീര കമ്പനികൾ വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ ഇന്ത്യയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നത്.  ചെറുകിട ക്ഷീര കർഷകർക്കും ഈ സാധ്യത പ്രയോജനപ്പെടുത്തി  നേട്ടമെടുക്കാവുന്നതേയുള്ളൂ. 

(ഡോ. പൊന്നുസ്വാമി, നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റും, ഡോ. ഹിമ സയന്റിസ്റ്റും ആണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com