ഏപ്രിൽ മുതൽ ഇന്ത്യയിലേക്ക് ശ്രീലങ്കൻ കുരുമുളക്, കൊളംബോയിൽ ഷിപ്പ്മെന്റിന് തയാറായി 2500 ടൺ; വില കയറി കൊക്കോ

HIGHLIGHTS
  • കോവിഡ്‌ മൂലം സ്‌തംഭിച്ച വ്യാപാര രംഗത്ത്‌ ഉണർവ്‌ ദൃശ്യമായത്‌ കുരുമുളക്‌ നേട്ടമാക്കും
  • 2020 ഡിസംബറിനു ശേഷം ആദ്യമായി കൊക്കോ വില ടണ്ണിന്‌ 2892 ഡോളർ വരെ മുന്നേറി
black-pepper-cocoa
Image credit: iStockPhoto
SHARE

നോമ്പു കാലത്തിന്‌ തുടക്കംകുറിച്ചതോടെ അന്താരാഷ്‌ട്ര സുഗന്ധവ്യഞ്‌ജന വിപണി ഒരു മാസക്കാലം നീളുന്ന ഹോളി ഡേ മൂഡിലേക്ക്‌. അറബ്‌ രാജ്യങ്ങളെല്ലാം തന്നെ പുതിയ വാങ്ങലുകളിൽനിന്നും അകന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്റർ മുന്നിൽ കണ്ടുള്ള ബയ്യിങ്‌ പൂർത്തിയാക്കി നേരത്തെ തന്നെ രാജ്യാന്തര മാർക്കറ്റിൽനിന്നും പിൻവലിഞ്ഞു.   

വാങ്ങലുകാർ താൽക്കാലികമായി യവനികയ്‌ക്കു പിന്നിലേക്കു വലിഞ്ഞു. ഇനി വിൽപ്പനക്കാരുടെ ഊഴമാണ്‌, ആഗോള സുഗന്ധവ്യഞ്‌ജന വിപണിയിൽ എറ്റവും പ്രിയപ്പെട്ട ഉൽപ്പന്നമായ കുരുമുളക്‌ വിറ്റഴിക്കാനുള്ള നീക്കത്തിലാണ്‌ ഉൽപാദകർ. ജനുവരി മുതൽ വീക്ഷിച്ചാൽ വില ഇടിച്ച്‌ വാങ്ങലുകാരെ ആകർഷിക്കാൻ കയറ്റുമതി രാജ്യങ്ങൾ തിടുക്കം കാണിച്ചില്ല. അതേസമയം അവർ ടണ്ണിന്‌ 3000 ഡോളറിനും 3600 ഡോളറിനും ഇടയിൽ ഉൽപ്പന്ന വിലയെ പിടിച്ചുനിർത്തി ഷിപ്പ്‌മെന്റ് നടത്തുന്ന തന്ത്രം പയറ്റി. 

വിയറ്റ്‌നാം, ഇന്തോനേഷ്യ, ബ്രസീൽ രാജ്യാന്തര വിപണിയുടെ ചുക്കാൻ നിയന്ത്രിച്ചപ്പോൾ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി വിദേശ  വാങ്ങലുകാരെ പൂർണമായി അകറ്റി മലബാർ മുളക്‌. അതിശക്തമായ ആഭ്യന്തര മാർക്കറ്റാണ്‌ മലബാർ മുളകിന്റെ അടിത്തറ. അതുകൊണ്ടുതന്നെ വിദേശ ബയ്യർമാരെ ആശ്രയിക്കാതെ ഉൽപാദനത്തിൽ വലിയോരു പങ്ക്‌ നമുക്ക്‌ വിറ്റഴിക്കാനാകുന്നു.

രണ്ടു ലക്ഷം ടണ്ണിനു മുകളിൽ മുളക്‌ ഉൽപാദിപ്പിച്ച വിയറ്റ്‌നാം ചുരുങ്ങിയ മാസങ്ങളിൽ ഏകദേശം 85,000 ടൺ ചരക്ക്‌ ചൈനയിലേക്ക്‌ മാത്രം ഷിപ്പ്‌മെന്റ് നടത്തിയെന്നാണ്‌ ലഭ്യമാകുന്ന വിവരം. കോവിഡ്‌ വേളയിൽ ചൈന ഏറെ നാൾ വിട്ടു നിന്നതിനാൽ അവിടെ സ്‌റ്റോക്ക്‌ കുറവായിരുന്നു. അയൽ രാജ്യമായ കംബോഡിയിൽ നിന്നും എത്തുന്ന ചരക്കിനെയാണ്‌ അവർ മുഖ്യമായും ആശ്രയിച്ചത്‌. അത്യാവശ്യം ചരക്ക്‌ ചൈന സംഭരിച്ചതിനാൽ ഇനി തിരക്കിട്ടുള്ള വാങ്ങലുകൾ ഉടൻ പ്രതീക്ഷിക്കാനാവില്ല. 

ബമ്പർ ഷിപ്പ്‌മെന്റ് ഒറ്റ രാജ്യത്തേക്കു മാത്രം നടത്തിയത്‌ കണക്കിലെടുത്താൽ വിയറ്റ്‌നാമിന്റെ സ്‌റ്റോക്ക്‌ നില കുറഞ്ഞു. അതായത്‌ വില ഇടിച്ച്‌ വിപണി പിടിക്കാൻ മുന്നിലുള്ള മാസങ്ങളിൽ നീക്കം നടത്തില്ല. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ ഉൽപാദനം അവിടെ പത്ത്‌ ശതമാനം വർധിച്ചെങ്കിലും ഇതും സമ്മർദ്ദം ഉളവാക്കില്ല. 

മൂന്ന്‌ വർഷമായി കോവിഡ്‌ മൂലം സ്‌തംഭിച്ച വ്യാപാര രംഗത്ത്‌ ഉണർവ്‌ ദൃശ്യമായത്‌ കുരുമുളക്‌ നേട്ടമാക്കും. ആഗോള ഉൽപാദനം ഇക്കുറി 5,39,850 ടൺ കണക്കാക്കുന്നു. 2022ൽ ഇത്‌ 5,21,000 ടണ്ണായിരുന്നു. മൊത്തം ഉൽപാദനത്തിലെ ഈ വർധന കയറ്റുമതി രാജ്യങ്ങളിൽ ആശങ്കപരത്താം. അതേസമയം കയറ്റുമതിക്കാർ ഈ കണക്കുകൾ ആഭ്യന്തര മാർക്കറ്റ്‌ വില ഇടിക്കാനുള്ള തന്ത്രമാക്കാം.  

ആഭ്യന്തര ആവശ്യത്തിനുള്ള കുരുമുളകിൽ വലിയോരു ഭാഗം ഇന്ത്യ ഇറക്കുമതിയിലുടെയാണ്‌ കണ്ടെത്തുന്നത്‌. പിന്നിട്ടവർഷം ഏതാണ്ട്‌ 35,000 ടൺ വിദേശ കുരുമുളക്‌ എത്തിയെന്നാണ്‌ വിപണിയുടെ വിലയിരുത്തൽ. അതായത്‌ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളെ പോലെ അതി വിപുലമായ ഒരു വിപണി കുരുമുളകിന്‌ ഇന്ത്യയും വാർത്തെടുത്തു. 

ഇറക്കുമതിക്ക്‌ കടിഞ്ഞാൺ ഇട്ടിരുന്നെങ്കിൽ ആഭ്യന്തര വില കിലോ 750നു മുകളിൽ സഞ്ചരിക്കുമായിരുന്നു. കർഷകരുടെ ഭാഗത്തു നിന്ന്‌ വീക്ഷിക്കുമ്പോൾ വൻ സാമ്പത്തിക നഷ്‌ടമാണ്‌ ഇറക്കുമതി മൂലമുണ്ടായത്‌. അതേസമയം ഒരു ഭക്ഷ്യ ഉൽപ്പന്നത്തിന്റെ വില അമിതമായി മുന്നേറിയാൽ ഭരണകേന്ദ്രങ്ങൾ അതു തടയും. കണ്ണടച്ച്‌ ഇറക്കുമതി പ്രോസാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്‌. 

ഏപ്രിൽ മുതൽ ശ്രീലങ്കൻ കുരുമുളക്‌ ഡ്യൂട്ടി ഫ്രീ ആയി എത്തും. 2500 ടൺ കൊളംമ്പോ തുമുഖത്തുനിന്നും ഇന്ത്യയിലേക്ക്‌ ഷിപ്പ്‌മെന്റിന്‌ ഒരുങ്ങുന്നു. ഇത്‌ വിലത്തകർച്ച സൃഷ്‌ടിക്കില്ലെന്നാണ്‌ ഉത്തരേന്ത്യകാരുടെ വിലയിരുത്തൽ. ജൂൺ മുതൽ വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ വിപണിയിൽ പിടിമുറുക്കാം. ഉത്സവ സീസണിലെ ആവശ്യങ്ങൾ കണക്കിലെടുത്താൽ ഇന്ത്യൻ മാർക്കറ്റ്‌ മികവ്‌ കാണിക്കാം. അൺ ഗാർബിൾഡ്‌ 48,800 രൂപയിലും ഗാർബിൾഡ്‌ 50,800 രൂപയിലുമാണ്‌.

കൊക്കോ

അന്താരാഷ്‌ട്ര കൊക്കൊ വിപണി ബുള്ളിഷ്‌ മൂഡിലാണ്‌. ചോക്ക്‌ലേറ്റ്‌ നിർമാതാക്കൾ ആഗോള തലത്തിൽ ചരക്ക്‌ സംഭരിക്കാൻ പ്രകടിപ്പിക്കുന്ന ഉത്സാഹം വിലക്കയറ്റത്തിനു വേഗം പകരുമെന്ന കർഷകരുടെ പ്രതീക്ഷകൾക്ക്‌ നിറം പകരുന്നു. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ കൊക്കോ അവധി വിലകൾ രണ്ടു വർഷത്തെ ഉയർന്ന തലത്തിലെത്തിയതും കൊക്കോ കർഷകരുടെ ആത്‌മവിശ്വാസം ഇരട്ടിപ്പിച്ചു. 

2020 ഡിസംബറിനു ശേഷം ആദ്യമായി കൊക്കോ വില ടണ്ണിന്‌ 2892 ഡോളർ വരെ മുന്നേറി. ഉൽപാദകരാജ്യങ്ങളിൽ ലഭ്യത ചുരുങ്ങുമെന്ന റിപ്പോർട്ടുകൾ വാങ്ങൽ താൽപര്യം വർധിപ്പിച്ചു. രാജ്യാന്തര വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ രണ്ട്‌ വർഷം മുൻപ്‌ രേഖപ്പെടുത്തിയ 3010 ഡോളറിൽ തടസമുണ്ട്‌. ആ റേഞ്ചിലേക്ക്‌ കൊക്കോ ഉയരും മുന്നേ ചെറിയതോതിൽ സാങ്കേതിക തിരുത്തലുകൾ പ്രതീക്ഷിക്കാം. അതായത്‌ 2773 ഡോളർ വരെ താഴ്‌ന്ന ശേഷം കൊക്കോ കൂടുതൽ കരുത്ത്‌ പ്രദർശിപ്പിക്കാം. 

വിദേശത്തെ ഉണർവ്‌ ഇന്ത്യൻ കൊക്കോയിൽ അനുകൂല ഫലം കാഴ്‌ചവയ്ക്കാം. നിലവില പച്ചക്കൊക്കോ കിലോ 55 രൂപയിലും ഉണക്ക 210 രൂപയിലുമാണ്‌. ഹൈറേഞ്ച്‌ ചരക്കിന്‌ എന്നും ഉയർന്ന വില കമ്പനികൾ ഉറപ്പ്‌ വരുത്താറുണ്ട്‌. ഉണക്ക അവർ 218-220 രൂപയ്‌ക്ക്‌ ശേഖരിക്കുന്നു. ഏപ്രിലിൽ പുതിയ കൊക്കോയുടെ വിളവെടുപ്പിന്‌ തുടക്കം കുറിക്കും. മുൻ വർഷം അനവസരത്തിലെ മഴയും ഫംഗസ്‌ ബാധയും ഉൽപ്പന്നത്തിന്റെ ഗുണമേന്മയെ ബാധിച്ചു. എന്നാൽ ഇക്കുറി പൊതുവേ എല്ലാം അനുകൂലമെന്നാണ്‌ കാർഷിക മേഖലകളിൽ നിന്നുള്ള വിവരം. അന്താരാഷ്‌ട്ര വിപണിയിലെ ഉണർവ്‌ കണക്കിലെടുത്താൽ മുന്നിലുള്ള മാസങ്ങളിൽ ഉയർന്ന വിലയ്‌ക്കുള്ള സാഹചര്യമാണ്‌.  

ആഗോള കൊക്കോ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള എൈവറി കോസ്റ്റിൽ വിളവ്‌ ചുരുങ്ങി. അവരുടെ കൊക്കോ കയറ്റുമതി ഒക്ടോബർ‐ ജനുവരി കാലയളവിൽ ഒൻപത്‌ ശതമാനത്തിലധികം ഇടിഞ്ഞ്‌ 5,30,314 ടണ്ണായി. കൊക്കോയെ ബാധിച്ച ഷൂട്ട് വൈറസ് ബാധ വിളയെ ബാധിച്ചു. നേരത്തെ ഇതേ വൈറസ്‌ ബാധ ആഫ്രിക്കൻ രാജ്യം തന്നെയായ ഘാനയിലെ തോട്ടങ്ങളെയും പിടികൂടിയിരുന്നു. വൈസ്‌ മൂലം കൊക്കോയുടെ വലുപ്പം കുറയുന്നത്‌ വിപണിയിൽ  ആകർഷണം കുറച്ചു. ഇത്തരം ചരക്ക്‌ സംഭരിച്ചാൽ സംസ്‌കരണത്തിനുള്ള അധിക ചെലവ്‌ ചൊക്ക്‌ലേറ്റ്‌ നിർമാതാക്കളെ പിന്നോക്കം വലിക്കുന്നു.  

English summary: Commodity Markets Review March 27

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS