ഊണിന് ‘മുരിങ്ങയിലത്തോരൻ’ എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒട്ടേറെപ്പേർ നമുക്കിടയിലുണ്ട്. എന്നാൽ, മുരിങ്ങയ്ക്കായോട് ഈ വിരോധം കുറവാണ്. മീൻകറിയിലും സാമ്പാറിലും തീയലിലുമെല്ലാം മുരിങ്ങയ്ക്ക ഇടം പിടിക്കുന്നുണ്ട്. മുരിങ്ങപ്പൂവ് ആഹാരമാക്കുന്നവരും കുറവാണ്. അതേസമയം മുരിങ്ങപ്പൂവ് മുട്ടയുമായി ചേർത്ത് ഉലർത്തിയെടുത്തുണ്ടാക്കുന്ന കറി കുറച്ചുപേർക്കെങ്കിലും ഇഷ്ട വിഭവമാണ്.
തെങ്ങിനെയും വാഴയെയുംപോലെതന്നെ മുരിങ്ങയെ ‘കൽപവൃക്ഷ’മായിത്തന്നെ കരുതണം. കാരണം, മുരിങ്ങയുടെ ഓരോ ഭാഗവും പോഷകസമൃദ്ധവും ഔഷധഗുണസമ്പന്നവുമാണ്. അതേസമയം ചില പോഷകവിരുദ്ധ ഘടകങ്ങളും മുരിങ്ങയിലുണ്ട്. എന്നാൽ പാകം ചെയ്യുന്നതോടെ ഇവ മാറിക്കിട്ടും.
മുരിങ്ങയിലയിലും കായയിലും കാത്സ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, കോപ്പർ, നിക്കോട്ടിനിക് ആസിഡ്, വൈറ്റമിൻ സി, ഡി, ഇ എന്നിവ ഉയർന്ന തോതിലുണ്ട്. ഇതിനു പുറമേ, രോഗപ്രതിരോധശേഷി നൽകുന്ന ജൈവിക രാസവസ്തുക്കളായ ടാനിന്റുകൾ ഫൈറ്റോസ്റ്റിറോളുകൾ, ടെർപീനോയ്ഡുകൾ, ഫ്ളേവനോയിഡുകൾ, സാപോണിനുകൾ, ആന്തോസയാനിനുകൾ, ആൽക്കലോയ്ഡുകൾ, റെഡ്യൂസിങ് ഷുഗർ എന്നിവയും സമൃദ്ധം.
ഓറഞ്ചിലുള്ളതിന്റെ 7 മടങ്ങ് കൂടുതൽ വൈറ്റമിൻ സി, 10 മടങ്ങ് പ്രോ–വൈറ്റമിൻ എ, പഴങ്ങളിലുള്ളതിന്റെ 15 മടങ്ങ് പൊട്ടാസ്യവും മുരിങ്ങയിലയിലുണ്ട്. 8 ഔൺസ് പാലിൽ 300–400 മി.ഗ്രാം മാത്രം കാത്സ്യം ഉള്ളപ്പോൾ 100 ഗ്രാം മുരിങ്ങയിലയിൽ 1000 മി.ഗ്രാമും ഉണക്കിയ പൊടിയിൽ 4000 മി.ഗ്രാമും അടങ്ങുന്നു. ഇരുമ്പിന്റെ തോതിലും മുരിങ്ങയില മുന്നിലാണ്. പൊതുവേ കഴിക്കാൻ ബുദ്ധിമുട്ടുള്ള ഇരുമ്പ് ഗുളികകളെക്കാൾ, മുരിങ്ങയില ഭക്ഷിക്കുന്നതു ഗുണംചെയ്യും. അതുകൊണ്ടുതന്നെ വിളർച്ച അകറ്റാൻ മുരിങ്ങയില ഭക്ഷണക്രമത്തിൽ പതിവാക്കുന്നതു നന്ന്. 100 ഗ്രാം ബീഫിൽ 2 മി.ഗ്രാം ഇരുമ്പുള്ളപ്പോൾ 100 ഗ്രാം മുരിങ്ങയിലയിൽ 28 മി.ഗ്രാം അടങ്ങുന്നു. സിങ്ക് എന്ന ധാതുലവണം പുരുഷബീജവും കോശങ്ങളിൽ ഡിഎൻഎയും ആർഎൻഎയും നിർമിക്കാനും അത്യന്താപേക്ഷിതമാണ്. സിങ്ക് 2 തൊട്ട് 3 മി.ഗ്രാം വരെ, 100 ഗ്രാം മുരിങ്ങയിലയിൽ അടങ്ങുന്നു. ഇത് ഒരാള്‍ക്കു ദൈനംദിനം വേണ്ടതിന്റെ 10 ശതമാനം വരും.
മുരിങ്ങക്കുരുവിൽനിന്നുള്ള ‘ബെന്‍ ഓയിൽ’ ഇന്ന് കമ്പോളത്തിൽ ലഭ്യമാണ്. ഇതിൽ ‘ബെഹനിക് ആസിഡ്’ അടങ്ങിയിരിക്കുന്നതു കാരണം ചർമകാന്തിക്കായി നിർമിക്കുന്ന ഉൽപന്നങ്ങളിലും മുടിയിൽ പുരട്ടുന്ന എണ്ണയിലും ചേർക്കുന്നു. മുരിങ്ങക്കുരുവിൽനിന്നുണ്ടാക്കുന്ന എണ്ണയിൽ 76 ശതമാനം വരെ പോളി–അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുണ്ട്. ഇവ പ്രധാനമായും ലിണോലീക്ക് ആസിഡ്, ലിണോലെനിക് ആസിഡ്, ഒളിയിക്ക് ആസിഡ് എന്നിവയായിട്ടാണ് നിലകൊള്ളുന്നത്. അതിനാല്‍ കൊളസ്ട്രോൾ കുറയ്ക്കാനും സഹായകം. ആരോഗ്യവിദഗ്ധർ പാചകത്തിനു നിർദേശിക്കുന്ന ഒലിവ് ഓയിലിനു പകരം ഇത് ഉപയോഗിക്കാം.
സിഗ്‌മാ സ്റ്റീറോൾ, സൈറ്റോ സ്റ്റീറോൾ, കെയ്മ്പ് ഫെറോൾ തുടങ്ങിയ ഫൈറ്റോസ്റീറോളുകൾ അടങ്ങിയിരിക്കുന്നതുകൊണ്ട് മുരിങ്ങപ്പൂവ് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് പാൽ ഉണ്ടാകാൻ സഹായകം. ഇതിന് കൊളസ്ട്രോൾ കുറയ്ക്കാനും കഴിവുണ്ട്. മുരിങ്ങക്കുരുവിന്റെ സത്തിന്റെ സുപ്രധാനമായൊരു കഴിവ് ഈയിടെ ചർച്ച ചെയ്യപ്പെട്ടു. ജലശുദ്ധീകരണത്തിന് പ്രകൃതിദത്ത മാർഗമാണത്രെ മുരിങ്ങക്കുരുസത്ത്. ഇവയിലടങ്ങുന്ന ലെക്റ്റിൻ വെള്ളത്തിലെ ഖരപദാർഥങ്ങളെ 90 ശതമാനം വരെ അടിഞ്ഞുകൂടാൻ സഹായിക്കുന്നു. ഒപ്പം അണുനാശിനിയായും പ്രവർത്തിക്കുന്നു. ഇതു നമ്മുടെ നാട്ടറിവുതന്നെ. അതുകൊണ്ടാണല്ലോ പൂര്‍വികര്‍ കിണറിനടുത്തുതന്നെ മുരിങ്ങ നട്ടുവളര്‍ത്തിയത്. മുരിങ്ങവേരിന്റെയും കുരുവിന്റെയും സത്തിന് കൊതുക് ഉൾപ്പെടെയുള്ള പ്രാണികളെ തുരത്താൻ കഴിവുണ്ടെന്നും ഗവേഷണഫലങ്ങളുണ്ട്.
ഇന്ത്യയിലും ആഫ്രിക്കയിലുമുള്ള പരമ്പരാഗത ചികിത്സകളിൽ ഏതാണ്ട് 300ൽപരം രോഗങ്ങളുടെ ശമനത്തിനു മുരിങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. നാട്ടുചികിത്സയിൽ മുരിങ്ങവേരിന്റെ തൊലിയിട്ടു തിളപ്പിച്ച വെള്ളം വയറിളക്കം, കണ്ണുദീനം, ഹൃദ്രോഗങ്ങൾ എന്നിവയുടെ ശമനത്തിന് ഉപയോഗിച്ചുവരുന്നുണ്ട്.
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മര്‍ദം എന്നീ ജീവിതശൈലീ രോഗങ്ങൾ വരാതിരിക്കാനും ശമനത്തിനും മുരിങ്ങയില നന്നാണെന്നു വെളിപ്പെടുത്തുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. കീമോതെറപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകളിലെ പ്രധാന ഘടകമായ അപ്പിജനിൻ മുരിങ്ങയിൽ സമൃദ്ധം. ഇതേ മരുന്നുകളിലുള്ള അല്ലോസ് ഐസോതലോസൈനേറ്റ് ആസ്ട്രാഗാലിൻ, ഐസോക്വർസറ്റിൻ എന്നീ ഘടകങ്ങളും ഇവയിലുണ്ട്. മുരിങ്ങ യിലയിൽനിന്നു വേർതിരിച്ചെടുത്ത എം.ഒ.എൽ.പി.1 എന്ന മാംസ്യത്തിനു രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാൻ കഴിവുള്ളതായും കാണുന്നു.
മുരിങ്ങയിലയും കുരുവും ഉണക്കിപ്പൊടിച്ച് ചേർത്ത ബ്രെഡ്, ബിസ്കറ്റ്, ബ്രൗണീസ് എന്നിവ നിർമിക്കുന്ന രീതി, വിവിധ ഫുഡ് ടെക്നോളജി ലബോറട്ടറികളിൽ ക്രമീകരിച്ചെടുത്തിട്ടുണ്ട്.
ചെറുധാന്യങ്ങളുടെ മാവിന്റെ കൂടെ മുരിങ്ങയിലപ്പൊടി ചേർത്ത് നിശ്ചിത അളവിൽ നിശ്ചിത കാലയളവിലും നൽകിയപ്പോൾ ന്യൂനപോഷണ രോഗങ്ങൾ കുറഞ്ഞതായും പഠനങ്ങളുണ്ട്.
നമ്മുടെ ഭക്ഷണക്രമത്തിൽ മുരിങ്ങയിലയുടെ വിഭവങ്ങൾ കൂട്ടേണ്ടിയിരിക്കുന്നു. സാലഡുകളിൽ, ഓംലറ്റിൽ, പ്രാതൽ വിഭവങ്ങളിൽ എല്ലാം കുറേശ്ശെ വഴറ്റി ചേർക്കാവുന്നതാണ്. കൂടെ മുരിങ്ങയിലയും മുരിങ്ങക്കായും ചേർന്ന സൂപ്പും ഉണ്ടാക്കാവുന്നതാണ്. മുരിങ്ങക്കായും ഇറച്ചി മസാലയും ചേർത്ത് ചപ്പാത്തിക്കും ഫ്രൈഡ് റൈസിനും ഒപ്പം കഴിക്കാവുന്ന കറി ഉണ്ടാക്കാം.
ദിവസം 7 ഗ്രാം വരെ ഉണക്കിയ മുരിങ്ങയിലപ്പൊടി പതിവായി കഴിക്കുന്നതു പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് പതിവായി മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമംതന്നെ. എന്നാൽ പ്രമേഹത്തിനും ബിപിക്കും വൃക്കരോഗങ്ങൾക്കും മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മുരിങ്ങയിലപ്പൊടി കഴിക്കാൻ ശ്രദ്ധിക്കണം.