രക്‌തം ചൊരിയാതെ വില കൊടുത്ത് വാങ്ങിയ രാജ്യം; നാടിന്റെ വളർച്ചയ്ക്ക് 4 കുടിയേറ്റങ്ങൾ; കർഷകർക്കു പറയാനുണ്ട് ചരിത്രം

HIGHLIGHTS
  • വില കൊടുത്ത് വാങ്ങിയ വേറെ ഒരു രാജ്യവും ഈ ഇന്ത്യയിൽ ഉണ്ടാകാൻ വഴിയില്ല
  • ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വന്യമൃഗശല്യം അതിരൂക്ഷമാണ്
idukki-3
image credit: Arnab Chandra/Shutterstock
SHARE

ഇടുക്കിയുടെ പൂർവ ചരിത്രം അറിയാവുന്ന ധാരാളം ചരിത്രകാരന്മാർ ഇന്നു കേരളത്തിൽ പല ഭാഗങ്ങളിലുമുണ്ട്. സംഘകാലത്തെ കുഴമൂർ പട്ടണവും മുനിയറകളും എല്ലാം ചരിത്ര പുസ്തകങ്ങളിൽ ഇടം പിടിച്ച് വിസ്മൃതിയിൽ ആണ്ട് ഏതൊക്കൊയോ ലൈബ്രറികളുടെ ഷെൽഫുകളിൽ അടുങ്ങി ഇരിപ്പുണ്ട്. തമിഴ് രാജകുടുംബാംഗമായിരുന്ന മന്നവേന്ദ്ര മഹാദേവൻ AD 1300കളിൽ മേൽ മലനാടും കീഴ്മലനാടും വിലയ്ക്കു വാങ്ങി ഉണ്ടാക്കിയ പൂഞ്ഞാർ രാജവംശമാണ് ഇടുക്കിയുടെ ഒന്നാം ഉടമസ്ഥർ. ഇന്ത്യാ ചരിത്രം പഠിക്കുന്ന വിദ്യാർഥികൾ പ്രത്യേകം പഠനവിഷയം ആക്കേണ്ട ഒരു സംഗതിയാണിത്. കാരണം, രക്‌തം ചൊരിയാതെ, യുദ്ധം നടത്താതെ വില കൊടുത്ത് വാങ്ങിയ വേറെ ഒരു രാജ്യവും ഈ ഇന്ത്യയിൽ ഉണ്ടാകാൻ വഴിയില്ല. അതേ രാജകുടുംബത്തിൽ നിന്നാണ് 1860ൽ കണ്ണൻ ദേവൻ ഹിൽസ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ബ്രിട്ടീഷുകാർ തേയിലക്കൃഷിക്ക് കരാർ എടുക്കുന്നത്.

തിരുവിതാകൂറിന്റെ സാമന്ത രാജ്യം ആയിരുന്നിട്ടും എന്തുകൊണ്ട് പൂഞ്ഞാർ രാജാവിനോട് കരാർ ഉണ്ടാക്കി എന്നു ചോദിച്ചാൽ ഉടമസ്ഥാവകാശം രേഖകൾ പ്രകാരം പൂഞ്ഞാർ രാജകുടുംബത്തിനു തന്നെ ആയിരുന്നതിനാലാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. 1822ൽ തിരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതി ബായിയാണ് രണ്ടാം ഇടുക്കി കുടിയേറ്റത്തിനു പച്ചക്കൊടി കാണിച്ചത്. 

രാജ്യത്തിന് വരുമാനവും വിദേശ നാണ്യവും നേടുന്നതിനായി തന്റെ സാമന്തരാജ്യം ആയിരുന്ന പൂഞ്ഞാറിന്റെ കിഴക്കൻ മലകളിലേക്ക് മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകരെയും അവർക്ക് കൃഷി ഉപകരണങ്ങൾ നിർമിക്കുന്നതിന് കൊല്ലന്മാരെയും പലചരക്ക് സാധനങ്ങൾ വിൽക്കുന്നതിന് കച്ചവടക്കാരെയും അക്കാലത്തെ ഒഴിവ് സമയ എന്റർടെയിൻമെന്റ് ആയി കറുപ്പും കഞ്ചാവും എല്ലാം അനുവദിച്ച് ഉത്തരവായ രാജകീയ വിളംബരത്തിന്റെ പിൻബലത്തിൽ തൊടുപുഴയിൽ ഒരു തഹസീൽദാരെ നിയമിക്കുകയും അദ്ദേഹത്തിന് ഇടുക്കിയിലെ കൃഷി കാര്യങ്ങളുടെ മേൽനോട്ടം നൽകുകയും ചെയ്തു. ഇവിടെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന ഏലവും കുരുമുളകും വിദേശത്തേക്കു കയറ്റി അയച്ച് ലഭിച്ച വിദേശനാണ്യ ശേഖരമാണ് തിരുവിതാംകൂറിനെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാക്കി മാറ്റിയതും നിലവറകളിൽ ബിട്ടീഷ് സാമ്രാജ്യത്തെപ്പോലും വിലയ്ക്ക് വാങ്ങാനുള്ള സമ്പത്ത് കരുതൽ ധനമുള്ള നാട്ടുരാജ്യമാക്കി മാറ്റിയതും. 

1822ൽ ഏലക്കൃഷിക്ക് കുടിയേറിയ ജനങ്ങൾ 1860ൽ ബ്രിട്ടീഷുകാർ തേയിലക്കൃഷി തുടങ്ങിയതോടെ സ്വതവേ ജോലിഭാരം കൂടുതലുള്ള ഏലക്കൃഷിയിൽനിന്നു പിന്മാറി തേയില, കാപ്പി മുതലായവ കൃഷി ചെയ്തതോടെ കയറ്റുമതി ചെയ്യാൻ ആവശ്യത്തിന് ഏലക്ക തികയാതെ വരികയും കർഷകർ മരങ്ങൾ വെട്ടി മാറ്റി മറ്റു കൃഷിയിലേക്ക് തിരിയുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് 1895ൽ തിരുവിതാംകൂർ കാർഡമം റിസർവ് ഹിൽ നിയമം കൊണ്ടുവരികയും ഏലകൃഷി സംരക്ഷിക്കുകയും ചെയ്തത്.

അക്കാലത്ത് എല്ലാ നിയമങ്ങളും ഉണ്ടാക്കിയത് കൃഷി സംരക്ഷിക്കുന്നതിനും ജനങ്ങൾ കൃഷി ചെയ്യുന്നതിനെ പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. അക്കാലത്ത് കേരളത്തിലെ ഏറ്റവും വരുമാനമുള്ള വില്ലേജ് ഓഫീസ് വണ്ടന്മേട് ആയിരുന്നു. പണം സൂക്ഷിക്കുന്നതിനാൽ സ്വന്തമായി തോക്ക് ഉള്ള വില്ലേജ് ഓഫീസും വണ്ടന്മേട് ആയിരുന്നു. ആ തോക്ക് ഇപ്പോഴും അവിടെ സൂക്ഷിക്കുന്നു. ഇതൊക്കെ ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് നാട് ഒട്ടുക്കും പട്ടിണി നിറഞ്ഞപ്പോൾ ഗ്രോ മോർ ഫുഡ് എന്ന പേരിൽ ഭക്ഷണ സാധങ്ങൾ ഉൽപാദിപ്പിക്കാൻ കർഷകരെ തിരഞ്ഞു പിടിച്ച് വീണ്ടും ഇടുക്കിയിലേക്ക് എല്ലാ സഹായങ്ങളും നൽകി കുടിയേറ്റിയതാണ് മൂന്നാം ഇടുക്കി കുടിയേറ്റം. അന്ന് തിരുവിതാംകൂറും കൊച്ചിയും ചേർന്ന തിരുക്കൊച്ചി രാജ്യമാണ് ഇതിന് ആവശ്യമായ ഉത്തരവുകൾ ഇറക്കിയത്.

idukki-2

വർഷങ്ങൾ പിന്നെയും കടന്ന് പോയി 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1956ൽ ഭാഷയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിച്ചു. അപ്പോൾ പഴയ വില്ലേജ് ഓഫീസ് റെക്കാർഡുകൾ എല്ലാം കീറിക്കളഞ്ഞ് പുതിയത് ഉണ്ടാക്കുകയല്ല ചെയ്തത്. പഴയതിന്റെ തുടർച്ചയായി ബുക്കുകൾ എഴുതിപ്പോരുക മാത്രമാണ് ചെയ്തത്. തമിഴ് സംസാരിക്കുന്ന ജനങ്ങൾ കൂടുതൽ അധിവസിക്കുന്നതിനാൽ ഭാഷാ അടിസ്ഥാനത്തിൽ തിരിക്കുമ്പോൾ തമിഴ്‌നാടിനോട് ചേർക്കപ്പെടേണ്ടിയിരുന്ന മൂന്നാറും ഉടുമ്പൻചോലയും കല്ലാറുമൊക്കെ നാട്ടിൽനിന്നും ആളുകളെ നിർബന്ധിച്ചു കൊണ്ടു പോയി സ്ഥലം സൗജന്യമായി കൊടുത്ത് കുടിയിരുത്തിയാണ് നാലാം ഇടുക്കി കുടിയേറ്റം നടത്തുന്നത്. പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് ആയതിനാൽ പട്ടം കോളനി എന്നാണ് ആ കുടിയേറ്റ സ്ഥലങ്ങൾ അറിയപ്പെടുന്നത്. ഇങ്ങനെ കാലാകാലങ്ങളിൽ വ്യക്തമായ നിയമങ്ങളുടെ പിൻബലത്തിൽ നിയപരമായി തന്നെ കുടിയേറിയ ഒരു ജനതയാണ് ഇന്നത്തെ ആധുനിക ഇടുക്കി കർഷകർ.

അരിക്കൊമ്പനും ചിന്നക്കനാലും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ആനത്താരയിൽ കയറി താമസിച്ചിട്ടല്ലേ? ഇടുക്കി മുഴുവൻ കയ്യേറ്റം അല്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പോയി ചരിത്രം പഠിച്ചിട്ടു വന്ന് സംസാരിക്കൂ എന്നല്ലാതെ എന്തു മറുപടി പറയാൻ?

ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെട്ട 750 ഏക്കർ സ്ഥലം ആംകൂർ റാവുത്തർ കുടുംബത്തിന്റെ വകയായിരുന്നു. കമ്പം–കുമളി റോഡും ബോഡി - പൂപ്പാറ റോഡും കമ്പംമെട്ട് - കമ്പം റോഡും ഒക്കെ നിർമിച്ച ഒരു വൻകിട മരവ്യാപാരി ബ്രിട്ടീഷുകാർക്ക് തേയിലക്കൃഷി ചെയ്യാൻ വേണ്ടി കണ്ണൻ ദേവൻ മലനിരകളിലെ മരങ്ങൾ വെട്ടി കച്ചവടം ചെയ്ത് തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനായി റാവുത്തർ നിർമിച്ച റോഡുകളാണ് ഇന്നത്തെ പ്രധാന അന്തർസംസ്ഥാന പാതകൾ. റാവുത്തർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതിൽ നിന്നും 450 ഏക്കർ KSEBക്ക് നൽകിയതാണ് ഇന്നത്തെ ആന ഇറങ്കൽ ഡാം. ബാക്കി സ്ഥലങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ധാരാളം കർഷകർ അവിടെ കൃഷി ചെയ്യുകയും ചെയ്തുവരുന്നു.

ഇന്ന് ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വന്യമൃഗശല്യം അതിരൂക്ഷമാണ്. ചിന്നക്കനാലിൽ, ശാന്തൻപാറ എന്നീ രണ്ടു പഞ്ചായത്തുകൾ പൂർണമായും രാജകുമാരി, ബൈസൺവാലി എന്നീ പഞ്ചായത്തുകൾ ഭാഗികമായും അതിരൂക്ഷമായ കാട്ടാന ഭീഷണിയിലാണ്. പുറത്തുനിന്ന് നോക്കുന്നതിനേക്കാൾ ഭീകരമാണ് ഇവിടെ ജീവിക്കുന്നവരുടെ അവസ്ഥ. കർഷകരുടെ അവസ്ഥയെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ഏലക്കൃഷി ചെയ്യുന്നതിന് ഭീമമായ ചെലവാണ്, ജോലി ഭാരം കൂടുതലും. പക്ഷേ, തെങ്ങ്, കമുക്, മരച്ചീനി, കരിമ്പ്, വാഴ, നെല്ല്, തുടങ്ങി ഏതു കൃഷി ചെയ്താലും ആന ഇതെല്ലാം ഭക്ഷിക്കും. മറ്റു മൃഗങ്ങളും പിന്നാലെയുണ്ട്. ആന ഭക്ഷിക്കാത്ത ഏക വിള ഏലം മാത്രമാണ്. അതുകൊണ്ട് മാത്രമാണ് ഏലത്തിന് ഇത്ര വിലത്തകർച്ച നേരിട്ടിട്ടും  ഇപ്പോൾ ഇടുക്കി ജില്ലയിൽ ഞാനുൾപ്പടെ പല കർഷകരും മറ്റൊരു കൃഷിയെപ്പറ്റി ചിന്തിക്കാതിരിക്കുന്നത്.

idukki
Image credit: AWL Images on Offset/Shutterstock

പക്ഷേ, ഏലച്ചെടികൾ ആന ചവിട്ടി നശിപ്പിച്ചാൽ പീന്നീട് 2 വർഷത്തേക്ക് വരുമാനം ലഭിക്കില്ല. നവംബർ മാസത്തിൽ പുതിയ ചിമ്പുകൾ അടിച്ചു വരുന്നതിന് മുൻപ് ആന ചവിട്ടിയാൽ പിറ്റേക്കൊല്ലത്തെ വരുമാനം നഷ്ടപ്പെടില്ല. പക്ഷേ ഡിസംബർ മുതലാണ് ആന ചവിട്ടുന്നതെങ്കിൽ വരുമാനം അതിനടുത്ത കൊല്ലം നോക്കിയാൽ മതി.

വളർത്തുമൃഗങ്ങളെ പുലി പിടിക്കുന്നത് ഒരു സാധാരണ സംഭവം ആയി മാറിക്കഴിഞ്ഞു. പല കർഷകരും ആട്, പശു, കോഴി വളർത്തൽ ഒക്കെ ഏറക്കുറെ അവസാനിപ്പിച്ചു കഴിഞ്ഞു. നമ്മുടെ സർക്കാരിനെയും നീതിപീഠത്തെയും ഒക്കെ സ്വാധീനിക്കാൻ മാത്രം പ്രബലമായ അവസ്ഥയിലേക്ക് കപട പരിസ്ഥിതി വാദവും കപട പ്രകൃതി സ്നേഹവും മാറിക്കഴിഞ്ഞു. വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും രണ്ടാണ്. ഒരു വളർത്തു പൂച്ചയെ നമുക്ക് ലാളിക്കാം ഉമ്മ കൊടുക്കാം കൊഞ്ചിക്കാം. അതേസമയം, ഒരു കാട്ടുപൂച്ചയെ അതുപോലെ ലാളിച്ചാൽ അത് മൂക്ക് കടിച്ചെടുക്കും. ഇതുപോലെ തന്നെയാണ് ആനപ്രേമവും. തൃശൂർ പൂരത്തിൽ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിച്ച് നിർത്തിയിരിക്കുന്ന ഗജവീരനെ കാട്ടാനയും ആയി ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ല. സ്നേഹം‌, വാത്സല്യം, കരുണ എന്നീ വികാരങ്ങൾ ഇത്തരം മൃഗങ്ങളിൽ നിന്നു പ്രതീഷിക്കാൻ പാടില്ല. ഭയപ്പെടുത്തി മാത്രമേ ഇത്തരം വന്യമൃഗങ്ങളെ നിയന്ത്രിച്ച് നിർത്താനാവൂ.

അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള സ്വാതന്ത്യവും തുല്യതയും കൊച്ചിയിലെ ഫ്ലാറ്റിലും ചിന്നക്കനാലിലെ കൃഷി ഭൂമിയിലും ഒരുപോലെ ആയിരിക്കണം. കാരണം, രണ്ടു പേരും മനുഷ്യരാണ്. രണ്ടു പേരും ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്കു മുൻപിൽ ഒരു പോലെയാണ്. അവിടെയാണ് നമ്മൾ പ്രകൃതി സ്നേഹികൾ എന്ന് അവകാശ വാദം ഉന്നയിക്കുന്നവരുടെ ഇരട്ടത്താപ്പ് മനസിലാക്കേണ്ടത്. 

കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളിൽ 8 എണ്ണം ഇടുക്കിയിലാണ്. 8 വനങ്ങൾ തമ്മിൽ ബന്ധം ഇല്ലാത്തതിനാൽ ഇതിന് ഇടയിൽ എല്ലാം ജനവാസ മേഖലകളാണ്. കൊച്ചിയിലെ ഫ്ലാറ്റ് നിവാസികളായ പല പരിസ്ഥിതി പ്രേമികളും ധരിച്ചു വച്ചിരിക്കുന്നത് ഇടുക്കിയിലേക്കു വന്നാൽ നേരെ വനത്തിലേക്ക് പോയി കയ്യേറ്റം നടത്താം എന്നാണ്. അങ്ങനെയെങ്കിൽ ഈ കയ്യേറ്റക്കാർക്ക് തൊടുപുഴ–കട്ടപ്പന സംസ്ഥാന പാതയോരത്ത് ഇടുക്കി കലക്ട്രേറ്റിനോട് ചേർന്ന്  കൈയ്യേറിക്കൂടെ? (അവിടെ ഒരു ഉന്തുവണ്ടിയിൽ ഇരിക്കുന്ന ചായക്കട എങ്കിലും കയ്യേറി ഉണ്ടാക്കി വച്ചിരുന്നെങ്കിൽ കളക്ട്രേറ്റ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്ന ജനങ്ങൾക്ക് ഒരു ചായ എങ്കിലും കുടിക്കാമായിരുന്നു).

കുമളി ടൗണിന് അടുത്ത് തേക്കടി വനം കയ്യേറിക്കൂടെ?

എന്തുകൊണ്ട് 25ലധികം കാട്ടാനകൾ നിരങ്ങി നടക്കുന്ന ശരിയായ ഗതാഗത സൗകര്യം പോലും ഇല്ലാത്ത ബിയൽ റാമിൽ പോയി കയ്യേറണം?

റവന്യൂ വകുപ്പിൽ നിന്ന് ഏതെങ്കിലും കാലത്ത് ലഭിച്ചിട്ടുള്ള എന്തെങ്കിലും ഒക്കെ രേഖകൾ പിന്നീട് അസാധു ആക്കപ്പെടുകയോ കോടതി നടപടികളിലൂടെ സാധുത നഷ്ടപ്പെടുകയോ ഒക്കെ ചെയ്യുമ്പോഴാണ് പല സ്ഥലങ്ങളും കയ്യേറ്റം എന്ന ലേബലിലേക്ക് മാറ്റപ്പെടുന്നത്. അതിന് സർവേ അപാകതകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരേക്കർ സ്ഥലത്തിന് 5 സെന്റ് വരെ അലോവബിൾ എറർ (അനുവദനീയമായ തെറ്റ് ) എന്നാണ് ഇപ്പോഴും കോടതികൾ പോലും അംഗീകരിച്ചിരിക്കുന്ന ലാൻഡ് റവന്യൂ ഡിപ്പാർട്ട് മെന്റിന്റെ കണക്ക്. അതായത് 10,000 ഏക്കർ വരുന്ന ഒരു എസ്റ്റേറ്റ് അളക്കുമ്പോൾ 500 ഏക്കർ വരെ കൂടാം, കുറയാം. പിന്നീട് വേറെ ഒരു സർവേയിൽ വ്യത്യാസം വന്നാൽ ആ വ്യത്യാസം മിച്ച ഭൂമിയോ അനധികൃത കയ്യേറ്റമോ എന്നൊക്കെ ഇഷ്ടം പോലെ വ്യാഖ്യാനിക്കപ്പെടാം.

വനം അതിരാണെങ്കിൽ റേഞ്ച് ഓഫീസർക്ക് വനം കയ്യേറ്റം എന്ന പേരിൽ നോട്ടീസ് കൊടുക്കാം. നിയമ നടപടികളിലേക്കു കടക്കാം. പത്രക്കാർക്കും ചാനലുകാർക്കും ആഘോഷിക്കാം. കൊച്ചിയിലോ തൃശൂരോ ഇരിക്കുന്ന ആക്ടിവിസ്റ്റുകൾക്ക് കഥകൾ എഴുതാം. 8000ലധികം ജീവനക്കാരും ആധുനിക സാറ്റ്ലൈറ്റ് അധിഷ്ഠിത കമ്യൂണിക്കേഷൻ സിസ്റ്റവും GPSഉം തോക്കും  എല്ലാം ടെറൈനുകളിലും എത്താനുള്ള തരം വാഹനങ്ങളും വനത്തിനുള്ളിലേക്ക്  അതിർത്തി കടക്കുന്ന മൊബൈൽ നമ്പർ വരെ കണ്ടുപിടിക്കാൻ പറ്റുന്ന സംവിധാനം സ്വന്തമായുള്ള വനം വകുപ്പിന്റെ അധീനതയിൽ ഉള്ള വനം സിനിമകളിൽ മാത്രമേ കയ്യേറാൻ പറ്റൂ എന്ന് ഇവർക്ക് അറിയാത്തതാണോ?

കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്ന ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അവരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് വരുന്ന വഴികൾ പരിശോധിച്ച് അനധികൃതമായ ഇത്തരക്കാരുടെ പ്രവർത്തികൾ നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും 5ഉം 8ഉം തലമുറകൾക്ക് മുൻപ് തന്നെ രണ്ടാം ഇടുക്കി കൂടിയേറ്റ കാലം മുതൽ 200 വർഷത്തോളം കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന ഭൂമികളിൽ സമാധാനപൂർണ്ണമായി, നിർഭയമായി കൃഷി ചെയ്ത്  ജീവിക്കാൻ അവസരം ഒരുക്കി നൽകുകയും ചെയ്താൽ ഈ മണ്ണിൽ പൊന്ന് വിളയുകയും വിദേശ നാണ്യം കൊണ്ട് കേരള സർക്കാരിന്റെ ഖജനാവ് നിറയുകയും ചെയ്യുന്നത് നമുക്ക് കാണാം.

ഇല്ലെങ്കിൽ, കൂടിയേറ്റ ജീൻ ഉള്ളിലുള്ള ജനത ആയതുകൊണ്ടുതന്നെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കുടിയേറ്റം തുടർന്നുകൊണ്ടേയിരിക്കും. അടുത്ത തലമുറ ഈ യുദ്ധം നടത്തുന്നത് ഒരുപക്ഷേ അന്റാർട്ടിക്കയിൽ ഹിമക്കരടിയോടാവാനും സാധ്യത തള്ളിക്കളയാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS