മുരിങ്ങയിൽനിന്ന് 69 ഉൽപന്നങ്ങൾ: രാജ്യാന്തര വിപണി പിടിച്ച് മിറക്കിൾ ട്രീ

moringa-11
ആർ.എസ്.കുമരൻ
SHARE

ഒന്നും രണ്ടുമല്ല, ഒന്നിനു പിന്നാലെ ഒന്നായി 69 മുരിങ്ങയുൽപന്നങ്ങളാണ് ആർ.എസ്.കുമരൻ എന്ന സംരംഭകൻ രാജ്യത്തിനകത്തും പുറത്തും വിപണിയിലെത്തിക്കുന്നത്. ഓരോന്നും മികച്ച ഗവേഷണപഠനങ്ങളിലൂടെ രൂപപ്പെട്ടത്. ഒരുപക്ഷേ ഏതെങ്കിലുമൊരു വിളയ്ക്കായി ഒരു സംരംഭകൻ നടത്തുന്ന അപൂർവ അധ്വാനംകൂടിയാണ് മിറക്കിൾ ട്രീ. 

വർഷങ്ങൾക്കു മുൻപ് പിതാവിന്റെ ഉദ്യോഗാർഥം തിരുനൽവേലിയിൽനിന്ന് മധുരയില്‍ എത്തിയതാണ് കുമരന്റെ കുടുംബം. എൻജിനീയറിങ് ബിരുദധാരിയും അതേ രംഗത്തുതന്നെ സംരംഭകനുമായ കുമരൻ മുരിങ്ങയിലയുടെ ഔഷധഗുണങ്ങളിൽ ശ്രദ്ധവയ്ക്കുന്നത് തമിഴ്നാട്ടിലെ ജൈവകൃഷി ആചാര്യനായിരുന്ന നമ്മാൾവാരെ പരിചയപ്പെട്ടതോടെയാണ്. ‘നിങ്ങളെപ്പോലെ പഠിപ്പുള്ള യുവാക്കൾ കൃഷിയിലേക്ക്, വിശേഷിച്ചും ജൈവക്കൃഷിയിലേക്കു തിരിയണ’മെന്നായിരുന്നു നമ്മാൾവാരുടെ ഉപദേശം. അക്കാലത്തു നടത്തിയ ശ്രീലങ്കൻയാത്രയിൽ മുരിങ്ങയിലയുടെ അത്ഭുത ഗുണങ്ങൾ പരിചയപ്പെട്ടെന്നും കുമരൻ. 

താമസിയാതെ മധുരയിൽത്തന്നെ 6 ഏക്കറിൽ ജൈവരീതിയിൽ മുരിങ്ങക്കൃഷി തുടങ്ങി. ഇലയ്ക്കുവേണ്ടിയുള്ള മുരിങ്ങക്കൃഷി അന്ന് ആർക്കുമത്ര പരിചിതമായിരുന്നില്ല. എന്നാൽ താമസിയാതെ മുരിങ്ങയിലയുടെ ഗുണങ്ങൾ, വിശേഷിച്ചും ലൈംഗിക ഉത്തേജക ഔഷധം എന്ന നിലയിലുള്ള അതിന്റെ മേന്മകൾ, വിപുലമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങി. കുമരനാകട്ടെ, ക്രമേണ സ്വന്തം മുരിങ്ങക്കൃഷി 135 ഏക്കറിലേക്ക് ഉയർത്തി. മറ്റു കൃഷിക്കാരുമായി ചേർന്നുള്ള കരാർകൃഷി കൂടിയായപ്പോൾ ഇന്ന് ആകെ 500 ഏക്കറിലധികം വരുമെന്ന് കുമരൻ പറയുന്നു. തമിഴ്നാട് കാർഷിക സർവകലാശാലയുടെ ജൈവ സാക്ഷ്യപത്രത്തോടെയാണ് കൃഷിയത്രയും. ഒട്ടേറെ രാജ്യങ്ങളിലേക്കാണ് ഇന്ന് ഈ സംരംഭകൻ മുരിങ്ങയിലപ്പൊടി ഉൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.

കർഷകരിൽനിന്നു കിലോയ്ക്ക് 350 രൂപ നിരക്കിലാണ് ഉണങ്ങിയ മുരിങ്ങയില കുമരന്റെ മിറക്കിൾ ട്രീ ലൈഫ് സയൻസ് കമ്പനി  സംഭരിക്കുന്നത്. 14 കിലോ പച്ചയില ഉണങ്ങുമ്പോഴാണ് ഒരു കിലോ ഉണക്ക ലഭിക്കുക. കുമരൻ തന്നെ രൂപപ്പെടുത്തിയ ഡ്രയർ ഇതിനായി കർഷകർക്കു നൽകി. മുരിങ്ങയിലയുടെ തനത് കടും പച്ചനിറവും മണവും രുചിയും നഷ്ടപ്പെടാതെ സംസ്കരിക്കാവുന്നതാണ് ഈ ഡ്രയർ.   

മനുഷ്യർക്കു മാത്രമല്ല

മുരിങ്ങയിലപ്പൊടി ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒട്ടേറെ സംരംഭകർ ഇന്നു തമിഴ്നാട്ടിലുണ്ട്; വിശേഷിച്ചും തൂത്തുക്കുടി, തിരുനൽവേലി പ്രദേശങ്ങളിൽ. എന്നാൽ അവരെല്ലാം തന്നെ മുരിങ്ങയിലപ്പൊടി, മുരിങ്ങപ്പരിപ്പ്, മുരിങ്ങയെണ്ണ എന്നിങ്ങനെ മൂന്നോ നാലോ ഉൽപന്നങ്ങളിൽ ഒതുങ്ങുന്നവരാണ്. അതായത്, ഒന്നാം തലമുറ മൂല്യവർധന മാത്രം. ഈ ഉൽപന്നങ്ങളിൽനിന്ന് മൂല്യവർധനയുടെ മൂന്നും നാലും തലമുറ സൃഷ്ടിക്കുന്നു എന്നതാണ് കുമരനെ വേറിട്ട സംരംഭകനാക്കുന്നത്. 

ആധുനിക ജീവിതശൈലിയുടെ ഭാഗമായ വെൽനെസ് ഉൽപന്നങ്ങളിലേക്ക് മുരിങ്ങയെ ലയിപ്പിച്ച് പുതുതലമുറയ്ക്കു രുചിക്കുന്ന മുരിങ്ങ വിഭവങ്ങൾ സൃഷ്ടിക്കുന്നു ഈ സംരംഭകൻ. അക്കൂട്ടത്തിൽ മുരിങ്ങ എനർജി ബാർ മുതൽ മുരിങ്ങ ഓംലെറ്റ് വരെയുണ്ട്.  പോഷകമൂല്യവും ആരോഗ്യമേന്മകളും ചേരുംപടി ചേർന്നതാണ് ഓരോ ഉൽപന്നവും. ഓരോന്നിന്റെയും ഗുണനിലവാരത്തെ സംബന്ധിച്ച് കൃത്യമായ ലാബ് റിപ്പോർട്ടുമുണ്ട്.

മുരിങ്ങയുടെ മൂല്യവർധനയിൽ പുതിയൊരു ചുവടുകൂടി വയ്ക്കുന്നു ഈ സംരംഭകൻ. മുരിങ്ങയിൽനിന്ന് വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാമുള്ള പോഷക സപ്ലിമെന്റ് ആണ് പുതിയ ഉൽപന്നം. പെല്ലറ്റ് രൂപത്തിലാണിത്. ഇത് കറവപ്പശുവിനു നിത്യേന 25 ഗ്രാം നൽകുകയാണെങ്കിൽ ഉൽപാദനത്തിലും ആരോഗ്യത്തിലും കുറഞ്ഞ കാലംകൊണ്ടു മികച്ച മാറ്റം കാണാനാകുമെന്ന് കുമരൻ അവകാശപ്പെടുന്നു. മുരിങ്ങയെ മനുഷ്യരുടെയും മൃഗങ്ങളുടെയും നിത്യജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം വിശ്രമമില്ലാതെ തുടരുകയാണ് കുമരന്‍. 

ഫോൺ: 9976327601 

വെബ്സൈറ്റ്: www.miracletree.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA