ജീവനോടെ മത്സ്യം ആവശ്യക്കാർക്ക് എത്തിക്കുന്ന സംരംഭവുമായി എറണാകുളം ജില്ലയിലെ കൂടുമത്സ്യ കർഷകരായ ഷിബുവും യെജുവും. കോട്ടപ്പുറം കായലിലെ കൂടുകളിലാണ് ഇവരുടെ കൃഷി. കേരളത്തിലെതന്നെ ആദ്യത്തെ കൂടുമൽസ്യ കർഷകരാണ് ഇരുവരും. കായലിൽ പൊന്തിക്കിടക്കുന്ന കൂടുകളിൽ സ്വാഭാവിക ജലാശയങ്ങളിലെന്ന പോലെയാണ് മത്സ്യം വളരുക. കൂടുകളിൽ കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, വറ്റ തുടങ്ങിയ ഇനങ്ങളെ വളർത്താറുണ്ട്.
വർഷം മുഴുവൻ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും വിളവെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. കാളാഞ്ചി മത്സ്യങ്ങളെ ശരാശരി 1.5 കിലോ തൂക്കമാകുമ്പോൾ വിൽക്കും. എന്നാൽ കരിമീനുകൾക്ക് ശരാശരി 150 ഗ്രാം തൂക്കമെത്തുമ്പോൾ പിടിച്ചുതുടങ്ങണം. ആവശ്യക്കാർ കൃഷി സ്ഥലത്ത് നേരിട്ടെത്തി മീൻ വാങ്ങുകയായിരുന്നു പതിവ്. എന്നാൽ ജീവനുള്ള മീനുകളെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന സംരംഭം ആരംഭിച്ചത് അടുത്തകാലത്താണ്. നിലവിൽ എറണാകു ളം ജില്ലയിലാണ് ഇത്തരത്തിൽ എത്തിച്ചുകൊടുക്കുന്നത്. ജീവനുള്ള മീനുകളെ മത്സ്യസ്റ്റാളുകളിലും എത്തിക്കുന്നുണ്ട്.
ജീവനോടെ വിൽക്കാനുദ്ദേശിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തി വിളവെടുക്കുന്നതിനും ഓക്സിജനും വായുസഞ്ചാരവും ഉറപ്പാക്കി ടാങ്കുകളിൽ താപനില ക്രമീകരിച്ച് കൊണ്ടുപോകുന്നതിനുമുള്ള സാങ്കേതികവിദ്യ എറണാകുളം ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം നൽകുന്നുണ്ട്. 1000 ലീറ്റർ ടാങ്കിൽ 50 കിലോ മീൻ മാത്രമാണ് കൊണ്ടുപോവുക. മത്സ്യങ്ങൾക്ക് മിതമായ തോതിൽ മെഡിക്കൽ ഓക്സിജൻ നൽകുകയും ചെയ്യും.
വിളവെടുക്കുന്നതിനു മുൻപേ തീറ്റ നിർത്തുന്നതിനാൽ വിസർജ്യങ്ങൾ അടിഞ്ഞുകൂടി ടാങ്കുകളിലെ വെള്ളം കേടാകില്ലെന്ന് ഉറപ്പാക്കാം. ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യമാണെന്ന് ഉറപ്പു വരുത്തിക്കഴിക്കാം എന്നതാണ് ഈ രീതിയുടെ പ്രയോജനം. ചുരുങ്ങിയത് 50 കിലോയ്ക്ക് ഓർഡർ നൽകിയാൽ എറണാകുളം ജില്ലയിലെവിടെയും ജീവനോടെ മത്സ്യങ്ങളെ എത്തിച്ചു നൽകുമെന്നു സംരംഭകര്‍ പറയുന്നു.
ഫോണ്‍: 9847244604