മുളകിന് ഡിമാൻഡ് ഏറെ, ആഭ്യന്തര ഉൽപാദനം വർധിക്കണം; ഭൂമിയോളം താഴ്ന്ന് നാളികേരവിലയും കർഷകരും

HIGHLIGHTS
  • നാളെയെ മുന്നിൽക്കണ്ടുള്ള കൃഷി വികസനത്തിന്‌ മുന്നിട്ടിറങ്ങിയാൽ മാത്രമേ ഈ ഒരു വകുപ്പുകൊണ്ട്‌ കേരളത്തിലെ കർഷകർക്ക്‌ എന്തിലും പ്രയോജനം ലഭിക്കൂ. ഓരോ ഓണകാലത്തും അടുത്ത സീസണിൽ കേരളത്തിന്‌ ആവശ്യമായ പച്ചക്കറി ഇവിടെ ഉൽപാദിപ്പിക്കുമെന്നും തമിഴ്‌നാടിനെ ആശ്രയിക്കുന്ന സ്ഥിതി മാറുമെന്നും പ്രസ്‌താവനകൾ ഇറക്കുന്ന ഒരു സർക്കാർ സംവിധനമല്ല, മണ്ണിൽ പൊന്ന്‌ വിളയിക്കാനുള്ള ഒരു സാഹചര്യമാണ്‌ നാം ഒരുക്കേണ്ടത്‌.
coconut-commodity
SHARE

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ  പ്രവേശനത്തെ ഉറ്റുനോക്കുകയാണ്‌ കാർഷിക കേരളം. മെച്ചപ്പെട്ട മഴയ്‌ക്ക്‌ മൺസൂൺ വഴിതെളിക്കുമെന്നു പ്രതീക്ഷ. ഒപ്പം കാർഷികോൽപാദനത്തിൽ റെക്കോർഡ്‌ വിളയ്‌ക്ക്‌ അവസരം സൃഷ്‌ടിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കൃഷിമന്ത്രാലയം. അടുത്ത സീസണിൽ ധാന്യങ്ങളും എണ്ണകുരുക്കളും സുഗന്ധവ്യഞ്‌ജനങ്ങളുടെയും മികച്ച വിളവാണ്‌ പ്രതീക്ഷിക്കുന്നത്‌.   

ദക്ഷിണേന്ത്യയിലേക്ക്‌ തിരിഞ്ഞാൽ സുഗന്ധവ്യഞ്‌ജനങ്ങളുടെ തട്ടകമായ കേരളത്തിൽ കുരുമുളകും ഏലവും മാത്രമല്ല, കാപ്പി, തേയില, നാളികേരോൽപ്പന്നങ്ങളിലും ബമ്പർ വിളവിനുള്ള സാധ്യതകളാണ്‌ ഉൽപാദകമേഖലയും കണക്കുകൂട്ടുന്നത്‌. 

യുക്രെയ്നിൽനിന്നുള്ള വളം ഇറക്കുമതിയിൽ കുറവ്‌ സംഭവിച്ചെങ്കിലും കാർഷികമേഖല ലഭ്യമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഉൽപാദനം ഉയർത്താൻ കിണഞ്ഞു ശ്രമിക്കുന്നത്‌ അനുകൂല ഫലം ഉളവാക്കും. കാലവർഷം കുരുമുളക്‌ കൊടികളിൽ പുത്തൻ ഉണർവിന്‌ അവസരം ഒരുക്കും. ഉൽപ്പന്ന വില കിലോ 500 രൂപയ്‌ക്ക്‌ മുകളിൽ ഈ വർഷം കരുത്ത്‌ നിലനിർത്തുന്നത്‌ കർഷകരെ തോട്ടങ്ങളിലേക്ക്‌ ആകർഷിക്കുന്നുണ്ട്‌. ഹൈറേഞ്ചിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലെയും ഉൽപാദകർ വളപ്രയോഗങ്ങൾക്കും വേനലിൽ ജലസേചനത്തിനും കാണിച്ച ഉത്സാഹം അടുത്ത വിളവിൽ പ്രതിഫലിക്കും.   

ഇന്ത്യൻ മാർക്കറ്റിൽ മറ്റെല്ലാ സുഗന്ധവ്യഞ്‌ജനങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതൽ ഡിമാൻഡ് കുരുമുളകിനാണ്‌. ആഭ്യന്തര ഉൽപാദനം നമ്മുടെ 50 ശതമാനം ഉപഭോഗത്തിന്‌ തികയാത്ത അവസ്ഥയിലേക്കാണ്‌ കുരുമുളക്‌ ചുവടുവയ്ക്കുന്നത്‌. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ കുരുമുളകിനായി കാത്തുനിന്ന പഴയ കഥകളെ സാക്ഷിയാക്കി ആഭ്യന്തര മാർക്കറ്റിൽ ഉൽപ്പന്ന ഡിമാൻഡ് ഓരോ വർഷം പിന്നിടും തോറും ഉയരുകയാണ്‌. ഇറക്കുമതിയെ ആശ്രയിക്കാതെ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ്‌ കുരുമുളക്‌ പ്രേമം.  

പിന്നിട്ട പത്തു വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌ഘടനയിലുണ്ടായ വളർച്ച ജീവിത നിലവാരത്തിലും ശ്രദ്ധേയമായ മുന്നേറ്റത്തിനു വഴിതെളിച്ചു. ഈ കാലയളവിൽ ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളും ഫാസ്‌റ്റ്‌ ഫുഡ്‌ മേഖല കൈവരിച്ച മുന്നേറ്റങ്ങളും കുരുമുളകിനുള്ള ഡിമാൻഡ് ഇരട്ടിപ്പിച്ചു. നേരത്തെ ചൈന, തായ്‌വാൻ, ഹോങ്കോങ്‌, കൊറിയൻ വിപണികളിൽ കുരുമുളകിന്‌ ആവശ്യം അനുദിനം വർധിപ്പിച്ചിരുന്നു. വിളവ്‌ ഇരട്ടിപ്പിക്കാനുള്ള മാർഗ്ഗങ്ങളിലേക്ക്‌ കേരളവും കർണാടകവും കൂടുതൽ ശ്രദ്ധചെലുത്തേണ്ടതിന്റെ ആവശ്യകത ഉയർന്നു. 

വിപണിയിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച്‌ സംസ്ഥാന കൃഷി വകുപ്പ്‌ കുറെയേറെ പഠിക്കാനുണ്ട്‌. നാളെയെ മുന്നിൽക്കണ്ടുള്ള കൃഷി വികസനത്തിന്‌ മുന്നിട്ടിറങ്ങിയാൽ മാത്രമേ ഈ ഒരു വകുപ്പുകൊണ്ട്‌ കേരളത്തിലെ കർഷകർക്ക്‌ എന്തിലും പ്രയോജനം ലഭിക്കൂ. ആഭ്യന്തര കുരുമുളക്‌ ഉൽപാദനം ഉയർത്തിയാൽ ഇറക്കുമതിയെ ആശ്രയിക്കാതെ ഡിമാൻഡിന്‌ അനുസൃതമായി മുളക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ നമുക്കാവും. കഴിഞ്ഞ സീസണിൽ കേരളം കുരുമുളക്‌ ഉൽപാദനത്തെ കുറിച്ച്‌ പഠിക്കാൻ കൃഷിയുമായി പുലബന്ധം പോലുമില്ലാത്താവരെ ചുമതലപ്പെടുത്തിയത്‌ വഴി ഒരു ലക്ഷം ടൺ ഇവിടെ വിളയുമെന്ന്‌ പഠന റിപ്പോർട്ട്‌ അവർ തയാറാക്കി. കടലാസിൽ അല്ല കുരുമുളക്‌ ഉൽപാദനം ഉയർത്തേണ്ടത്‌, കൃഷിയിടങ്ങളിലാണ്. അതിന്‌ കൃഷിയുമായി ബന്ധപ്പെട്ട ഏജൻസികളെയാണ്‌ ചുമതലപ്പെടുത്തേണ്ടത്‌. 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും കുരുമുളകിന്‌ ഡിമാൻഡ് ഉയർന്നതോടെ ജനുവരിയിൽ ടണ്ണിന്‌ 3100 ഡോളറിന്‌ ഉൽപ്പന്നം കയറ്റുമതി നടത്തിയ വീയറ്റ്‌നാം ഇതിനകം വില 3750‐3950 ഡോളർ വരെ ഉയർത്തി. വർഷാരംഭത്തിൽ 6400 ഡോളറിൽ നിലകൊണ്ട ഇന്ത്യൻ കുരുമുളക്‌ അതേ റേഞ്ചിൽ തന്നെയാണ്‌ ഇപ്പോഴും നീങ്ങുന്നത്‌ രണ്ടു ലക്ഷം ടണ്ണിലധികം കുരുമുളക്‌ ഉൽപാദിപ്പിച്ചിട്ടും വില ഉയർത്തി ചരക്ക്‌ വിറ്റഴിക്കാൻ വിയറ്റ്‌നാമിലെ കർഷകർക്കായെങ്കിൽ എന്തുകൊണ്ട്‌ എറ്റവും മികച്ച കാലാവസ്ഥയും കൃഷിയിൽ പാരമ്പര്യമായി ലഭിച്ച അറിവുകളും സംയോജിപ്പിച്ച്‌ ഉൽപാദനം പുതിയ തലങ്ങളിൽ എത്തിക്കാൻ നാം എന്തിന്‌ അമാന്തിച്ച്‌ നിൽക്കണം.

ഓരോ ഓണകാലത്തും അടുത്ത സീസണിൽ കേരളത്തിന്‌ ആവശ്യമായ പച്ചക്കറി ഇവിടെ ഉൽപാദിപ്പിക്കുമെന്നും തമിഴ്‌നാടിനെ ആശ്രയിക്കുന്ന സ്ഥിതി മാറുമെന്നും പ്രസ്‌താവനകൾ ഇറക്കുന്ന ഒരു സർക്കാർ സംവിധനമല്ല, മണ്ണിൽ പൊന്ന്‌ വിളയിക്കാനുള്ള ഒരു സാഹചര്യമാണ്‌ നാം ഒരുക്കേണ്ടത്‌. 

കാലവർഷത്തിന്റെ കടന്നുവരവ്‌ അവസരമാക്കി പുതിയ ചുവടുവയ്പ്പുകൾക്ക്‌ തയാറായാൽ 2026ൽ ഇന്ത്യൻ കുരുമുളക്‌ ഉൽപാദനം സർവകാല റെക്കോർഡിലേക്ക്‌ ഉയർത്താൻ നമുക്കാവും.

നാളികേരം

നാളികേര കർഷകർ നക്ഷത്രമെണ്ണുകയാണ്‌. കാർഷികച്ചെലവുകൾ ഒരു വശത്ത്‌ കുതിച്ചു കയറുമ്പോൾ ഉൽപ്പന്ന വില ഭൂമിയോളം താഴുന്നതിനെ തടയാനാവാതെ മന്ദിച്ചു നിൽക്കുകയാണ്‌ ഉൽപാദകർ. കൊപ്ര 8000 രൂപയിലെ നിർണായക താങ്ങിൽ ശക്തപരീക്ഷണം നടത്തുകയാണ്‌ കൊച്ചി വിപണിയിൽ. ഉൽപ്പന്ന വില ഈ വിധം തകരുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌ സംസ്ഥാന സർക്കാരും. കർഷക താൽപര്യങ്ങൾക്കൊത്ത്‌ ഉണർന്ന്‌ പ്രവർത്തിക്കാൻ ഭരണ രംഗത്തുള്ളവർക്ക്‌ കഴിയാതെ പോയതിനിടയിൽ മറുവശത്ത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ പോലും കനത്ത പ്രഹരം സൃഷ്‌ടിക്കുമെന്ന യാഥാർഥ്യം ഉൾകൊള്ളാൻ അവർക്കായില്ല.

ഏകദേശം 2800 രൂപ നഷ്‌ടത്തിലാണ്‌ ഉൽപാദകർ കൊപ്ര വിറ്റുമാറുന്നത്‌. കാർഷികച്ചെലവുകളുടെ അടിസ്ഥാനത്തിലാണ്‌ ഓരോ ഉൽപ്പന്നങ്ങൾക്കും കൃഷിമന്ത്രാലയം താങ്ങുവില നിശ്‌ചയിക്കുന്നത്‌. നടപ്പ്‌ വർഷത്തിൽ അവർ 10,860 രൂപയാണ്‌ പ്രഖ്യാപിച്ചത്‌. അതിന്റെ നേട്ടം കർഷകരിൽ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന്‌ സംഭവിച്ച വീഴ്‌ച്ച മനസിലാക്കി ഉണർന്ന്‌ പ്രവർത്തിക്കാൻ കൃഷി വകുപ്പ്‌ തയാറായതുമില്ല. തമിഴ്‌നാട്ടിൽ പച്ചത്തേങ്ങ ലഭ്യത ഇരട്ടിച്ചതോടെ ഇവിടെ നിന്നും ചരക്ക്‌ സംഭരിച്ചിരുന്നവർ പൂർണമായി രംഗം വിട്ടു. അവിടെ 7700 രൂപയ്‌ക്ക്‌ കൊപ്ര യദേഷ്‌ടം ലഭിക്കുമെന്ന്‌ വ്യക്തമായതോടെ ബഹുരാഷ്‌ട്ര കമ്പനികൾ പോലും ചരക്ക്‌ സംഭരണതോത്‌ കുറച്ചത്‌ ദക്ഷിണേന്ത്യൻ നാളികേര വിപണിയെ കൂടുതൽ പ്രതിസന്ധിലാക്കി. കാങ്കയത്ത്‌ 10,950 രൂപയ്‌ക്ക്‌ വെളിച്ചെണ്ണ വിറ്റുമാറാൻ മില്ലുകാർ തിടുക്കം കാണിക്കുന്നു. കാലവർഷം കേരളത്തിൽ പ്രവേശിക്കുന്നതോടെ നാളികേര വിളവെടുപ്പും കൊപ്ര സംസ്‌കരണവും ഇവിടെ മന്ദഗതിലാവുന്നത്‌ വിപണിയിലെ വിലത്തകർച്ചയെ താൽക്കാലികമായി തടയാൻ അവസരം ഒരുക്കും.   

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS