200 മില്ലി ലീറ്റർ പാലിൽനിന്ന് 41 ശതമാനം കാത്സ്യം, പക്ഷേ വെളുത്തതെല്ലാം പാലല്ല: നല്ല പാൽ നാടിന്റെ നന്മയ്ക്ക്

HIGHLIGHTS
  • ഐക്യരാഷ്ട്രസംഘടനയുടെയും ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും ആഹ്വാനമനുസരിച്ച് ജൂൺ 1, ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്. 'നല്ല പാൽ - നമ്മുടെയും നാടിന്റെയും നന്മയ്ക്ക് ' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം
milk
Image credit: S_Photo/Shutterstock
SHARE

ഐക്യരാഷ്ട്രസംഘടനയുടെയും ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും ആഹ്വാനമനുസരിച്ച് ജൂൺ 1, ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്. 'നല്ല പാൽ - നമ്മുടെയും നാടിന്റെയും നന്മയ്ക്ക് ' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുഖ്യപ്രമേയം. നമ്മുടെ ആരോഗ്യകരമായ ആഹാരശീലങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ് പാൽ, പോഷകങ്ങളുടെ നിറസ്രോതസായ ഒരു ഭക്ഷ്യോൽപന്നം എന്നതിനൊപ്പം അനേകകോടി മനുഷ്യരുടെ നിത്യജീവനോപാധി കൂടിയാണ് പാലുൽപാദനമേഖല. പാലിന്റെ തൂവെള്ള വെണ്മയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് ക്ഷീരമേഖലയിൽ രാപകലില്ലാതെ ജോലിയെടുക്കുന്ന ഒരുപാട് പേരുടെ അത്യധ്വാനമാണ്.  

പാൽ സമ്പൂർണ സമീകൃതാഹാരം, എന്തുകൊണ്ട്? ഒരു ദിവസം ഒരാൾ എത്ര പാൽ കുടിക്കണം?

പാലിനെ സമ്പൂർണ സമീകൃതാഹാരം എന്നു വെറുതെ വിശേഷിപ്പിക്കുന്നതല്ല, പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ഇരുമ്പ് ഒഴികെയുള്ള ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിന് വേണ്ടതെല്ലാം പാൽ രുചിയിലുണ്ട്. പേശികൾ നിർമിക്കാനും കരുത്തുറ്റതാക്കാനും വളർച്ചയ്ക്കും സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ഒമ്പത് അവശ്യ അമിനോആസിഡുകളും പാലിലുണ്ട്. ട്രിഫ്റ്റോഫൻ, ലുസിൻ തുടങ്ങിയ അവശ്യ അമിനോഅമ്ലങ്ങളുടെ പാലിലെ ഉയർന്ന സാന്നിധ്യം പ്രധാനപ്പെട്ടതാണ്. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാത്സ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ പാലിലുണ്ട്. പാൽ കുടിക്കുന്നതും പാലുൽപ്പന്നങ്ങൾ കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസ് തടയുകയും എല്ലുകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ദിവസം വെറും 2OO മില്ലീലിറ്റർ പാൽ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ കാത്സ്യത്തിന്റെ 41 ശതമാനവും കിട്ടുന്നു.

ഗർഭകാലത്ത് കുഞ്ഞിന്റെ മസ്തിഷ്കവളർച്ചയെ പിന്തുണയ്ക്കുന്ന അയഡിന്റെ മികച്ച ഉറവിടമാണിത് പാൽ.  ഗർഭകാലത്ത് സ്ത്രീകൾ മൂന്ന് ഗ്ലാസ് എങ്കിലും പാൽ ദിനേന കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ജനനത്തൂക്കം കൂട്ടുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികൾക്ക് പാൽ നൽകുന്നത് ശീലമാക്കിയാൽ അവരുടെ വളർച്ച വേഗത്തിലാവും. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ സ്രോതസ്സാണ്  പാൽ. പാലിലെ ധാതുക്കൾ, പ്രത്യേകിച്ച് കാത്സ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. പാലിൽ ഇല്ലാത്ത ജീവകങ്ങൾ ഇല്ലെന്നാണ് ഭക്ഷ്യഗവേഷകരുടെ നിഗമനം. 

ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ് പാൽ, പ്രത്യേകിച്ച് വിറ്റാമിൻ ബി 12. ദിവസം വെറും 2OO മില്ലീലീറ്റർ പാൽ കുടിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ ബി 12 പൂർണമായും  കിട്ടുന്നു .

ബി ജീവകങ്ങളുടെ സാന്നിധ്യം തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. പാലിനേക്കാൾ ചുരുങ്ങിയ ചെലവിൽ ലഭ്യമാവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷ്യോൽപന്നം വേറെയുണ്ടോ? ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആരോഗ്യമുള്ള ഒരാൾ ദിവസം 300 മില്ലീലിറ്റർ പാൽ എങ്കിലും ദിനേന കുടിക്കണമെന്ന് നിർദ്ദേശിക്കുന്നതിന്റെ കാരണവും ഈ പോഷകസമൃദ്ധി തന്നെ.

milk-karshakasree

പാൽക്കുടം തുളുമ്പി  ഇന്ത്യ 

പാലുല്‍പാദനത്തില്‍ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. രാജ്യത്ത് 1970ൽ തുടക്കമിട്ട ക്ഷീരവിപ്ലവം എന്ന കാർഷിക മുന്നേറ്റമാണ് ഈ കുതിപ്പിന് അടിത്തറപാകിയത്. ക്ഷീരമേഖലയിലെ സഹകരണ മുന്നേറ്റത്തിന്റെ കരുത്തുറ്റ മാതൃകയായ ആനന്ദ് മാതൃകയിലുള്ള ക്ഷീരസഹകരണ പ്രസ്ഥാനങ്ങൾ ക്ഷീരവിപ്ലവത്തിന്റെ ഫലമായി രാജ്യമെങ്ങും ഉദയം ചെയ്തു. കേരളത്തിലെ മിൽമ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ക്ഷീരവിപ്ലത്തിന്റെ ഉപോൽപ്പന്നങ്ങളാണ്. രാജ്യത്ത് 8 കോടിയിലധികം ജനങ്ങളാണ് ക്ഷീരമേഖലയില്‍ ഉപജീവനം തേടുന്നത്. പാൽ സംഭരണം, സംസ്കരണം, വിപണനം, കാലിത്തീറ്റ, തീറ്റപ്പുൽ തുടങ്ങിയ അനുബന്ധ മേഖലകൾ കൂടി പരിഗണിച്ചാല്‍ ക്ഷീരമേഖലയുടെ തൊഴില്‍ ശേഷി ഇനിയും ഏറെ ഉയരും. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2020-21 വർഷം 210 ദശലക്ഷം ടണ്ണും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 221 ദശലക്ഷം ടണ്ണുമാണ് രാജ്യത്തെ പാലുല്‍പാദനം. ആഗോള തലത്തിൽ പാലുൽപാദനത്തിന്റെ 23 ശതമാനത്തോളമാണിത്. 2020-21 വർഷത്തെ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 17 ശതമാനം വർധനയോടെ 7.72 ലക്ഷം കോടിയുടെ വാർഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വർഷം രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും, ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ കണക്കുകൾ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാർഷിക വിള പാൽ ആണെന്ന് അടിവരയിടുന്നു. കാര്‍ഷിക മേഖലയുടെ വിവിധ രംഗങ്ങളില്‍ തളര്‍ച്ച നേരിടുന്നെങ്കിലും ഇന്ത്യയുടെ ക്ഷീരരംഗം പ്രതിവര്‍ഷം 6% എന്ന നിരക്കില്‍ വളരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരമേഖലയിലെ ആഗോള വളര്‍ച്ചനിരക്കിനു മുകളിലാണിത്.

കേരളത്തിന്റെ ക്ഷീരസാധ്യതകൾ 

സംസ്ഥാനത്ത് പത്തുലക്ഷത്തിലധികം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ആളുകൾ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്ക്. പാലുൽപാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തിൽ  കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ഗ്രാമീണതലത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാൻ കഴിയുന്നുവെന്നത് നമ്മുടെ പ്രത്യേകതയാണ്. മാത്രമല്ല, ക്ഷീര സഹകരണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. 3600ൽപരം  ക്ഷീരസഹകരണ സംഘങ്ങളിൽ കൂടി പ്രതിദിനം 21 ലക്ഷം ലീറ്ററോളം പാലാണ് സംഭരിച്ച് വരുന്നത്. നമുക്ക് ആവശ്യമായ പാലിന്റെ ഏകദേശം 94 ശതമാനം നിലവിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുണ്ട്. ക്ഷീരമേഖലയിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സ്വയം പര്യാപ്‌തത എന്ന അഭിമാനകരമായ ലക്ഷ്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. 

Also Read: പാൽ ഇനി എടിഎമ്മിലൂടെ... ശീതീകരിച്ച നറുംപാൽ 24 മണിക്കൂറും ലഭ്യം; വാങ്ങാൻ 3 വഴികൾ 

ചെറുകിടക്ഷീരകര്‍ഷകര്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. പാലുല്‍പാദനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം തന്നെയാണ് ഈ പ്രശ്നങ്ങളില്‍ പ്രധാനം. പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പാല്‍ ഉല്‍പ്പാദനച്ചെലവും ഇവിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതാണ് വസ്തുത. ക്ഷീരോൽപാദനത്തിന്റെ 75 ശതമാനം ചെലവും കന്നുകാലി തീറ്റയ്ക്ക് വേണ്ടി മാത്രമാണെന്ന കാര്യവും ഓർക്കണം.  2016- 2017 വർഷത്തിൽ മിൽമ നിയോഗിച്ച എൻ.ആർ.ഉണ്ണിത്താൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഒരു ലീറ്റര്‍ പാലിന്റെ ഉൽപാദനച്ചെലവ്  42.67 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാലിലെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അളവ് അടിസ്ഥാനമാക്കി സഹകരണ സംഘങ്ങളിൽ വിലനിർണയിക്കുമ്പോൾ ഭൂരിഭാഗം കർഷകർക്കും ഇപ്പോഴും ശരാശരി ലഭിക്കുന്നത് 35-37 രൂപയാണ്. കേരളത്തിൽ പശുവിനെ വളർത്തുന്ന ചെറുകിട കർഷകന്‌ ഇപ്പോൾ പ്രതിദിനം 47.64 രൂപയുടെയും ഒരു ലീറ്റർ പാൽ ഉത്‌പാദിപ്പിക്കുമ്പോൾ 5.65 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ്‌ ഈയടുത്ത കാലത്ത് ജയ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസ്‌ കേരളം ഉൾപ്പെടെ ആറ് പ്രധാനപ്പെട്ട പാലുൽപാദന സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രധാനപ്പെട്ട പാലുൽപാദക സംസ്ഥാനങ്ങളെല്ലാം കർഷകർ സ്വന്തം ഉപയോഗത്തിനും കൃഷി ആവശ്യത്തിനുമായി കറവമാടുകളെ വളർത്തുമ്പോൾ കേരളത്തിലെ 86 ശതമാനം കർഷകരും ഉപജീവനത്തിനു വേണ്ടിയാണ്‌ കറവമാടുകളെ പരിപാലിക്കുന്നത്‌ എന്നതാണ്‌ ഈ പഠനത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം.

സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉപഭോഗം ഇന്ന് ശരാശരി 87.5 ലക്ഷം ലീറ്റര്‍ ആണ്. പ്രതിവര്‍ഷം കണക്കാക്കുമ്പോള്‍ ഏകദേശം 31937.5 ലക്ഷം ലീറ്റര്‍ പാല്‍ സംസ്ഥാനത്തിന് വേണ്ടതുണ്ട്. എന്നാൽ ഈ ആവശ്യത്തിന് ആനുപാതികമായ ഉൽപാദന ശേഷി കൈവരിക്കാൻ ഇനിയും കേരളത്തിന്റെ ആഭ്യന്തര ക്ഷീരമേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. 2013-14 കാലഘട്ടത്തില്‍ പ്രതിശീര്‍ഷ പാല്‍ ലഭ്യത രാജ്യത്ത് 307 ഗ്രാം ആയിരുന്നെങ്കില്‍ 2021-2022 കാലഘട്ടത്തില്‍ അത് വളര്‍ച്ചനേടി 444 ഗ്രാം എന്ന ഉയര്‍ന്ന നിരക്കിലാണ്. എന്നാൽ കേരളത്തില്‍ ഇത് ദേശീയ ശരാശരിക്കും താഴെ 189 ഗ്രാം മാത്രമാണ്. മാത്രമല്ല, മുന്‍വര്‍ഷങ്ങളേക്കാള്‍ താഴ്ന്ന നിരക്കുമാണിത്. തീറ്റപ്പുൽ കൃഷി, തീറ്റയുൽപാദനം തുടങ്ങിയ ഘടകങ്ങളിൽ സുസ്ഥിരവും ലാഭകരവുമായ മാർഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ പാലിനും പാലുൽപന്നങ്ങൾക്കും സംസ്ഥാനത്ത് ഇനിയും ആദായകരമായ സംരംഭക, തൊഴിൽ സാധ്യതകൾ ഏറെയുണ്ടെന്ന് ഈ കണക്കുകൾ ഓർമപ്പെടുത്തുന്നു.

മലയാളി തിരിച്ചറിയണം; വെളുത്തതെല്ലാം പാലല്ല

കേരളത്തില്‍ പാലിന്റെ വിപണിവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നതായതിനാൽ  അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍ ഇവിടേക്ക് എത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ സംഭരിച്ച് ഇവിടെയെത്തിച്ച് വിൽപന നടത്തുന്നവരും ഏറെ. കച്ചവടക്കാർക്ക് വലിയ തുക കമ്മീഷൻ നൽകിയും വില കുറച്ച് വിൽപ്പന നടത്തിയുമാണ് അന്യസംസ്ഥാന പാൽ ലോബി വിപണി പിടിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു തരത്തിലുമുള്ള മായം ചേർക്കലുകളും പാലിൽ പാടില്ല. എന്നാൽ മറുനാട്ടിൽ നിന്നും ഒഴുകിയെത്തുന്ന പാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഏറെയാണ്. ഇങ്ങനെയെത്തുന്ന പാലിൽ നിന്നും ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ, ഡിറ്റർജന്റുകൾ, കാസ്റ്റിക് സോഡ, സോഡിയം കാർബണെറ്റ് & ബൈ കാർബണേറ്റ്, യൂറിയ, അമോണിയം സൾഫേറ്റ്, മാൾട്ടോഡെക്സ്ട്രിൻ തുടങ്ങിയ   ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മുൻപ് പലതവണ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വിപണിയിൽ ഇന്ന് പാൽ എന്ന പേരിൽ ലഭ്യമായതെല്ലാം ആരോഗ്യസുരക്ഷിതമല്ലന്ന് ചുരുക്കം.

ഒരു ഫെഡറൽ സംവിധാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ എത്തുന്നത് നിരോധിക്കാൻ ആർക്കും കഴിയില്ല. എന്നാൽ ഗുണനിലവാരമില്ലാത്ത പാൽ കേരളത്തിൽ എത്തുന്നതും വിപണനം നടത്തുന്നതും നിയന്ത്രിക്കാന്‍ കാര്യക്ഷമവും കര്‍ശനവുമായ ഗുണനിലവാര പരിശോധനയിലൂടെയും ഭക്ഷ്യസുരക്ഷാനിയമം-2006,  പാലിന്റെയും പാലുൽപങ്ങളുടെയും ഗുണനിലവാരവുമായി ബന്ധപ്പെട്ട ഇറങ്ങിയ അനുബന്ധമായി വ്യവസ്ഥകൾ പ്രകാരമുള്ള നിയമ നടപടികളിലൂടെയും സാധിക്കും. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, പലപ്പോഴും കാര്യക്ഷമായ പരിശോധനകൾ ഓണം, ക്രിസ്മസ് പോലുള്ള ഉത്സവകാലങ്ങളിൽ മാത്രമായി പരിമിതപ്പെടുകയാണ് പതിവ്. സംസ്ഥാനത്തെ മിക്ക ചെക്ക് പോസ്റ്റുകളിലും ക്ഷീരവികസനവകുപ്പിന് പാൽ ഗുണനിലവാര പരിശോധന നടത്താൻ  സ്ഥിരം സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. സംസ്ഥാനത്ത് മീനാക്ഷിപുരം, വാളയാർ, ആര്യങ്കാവ്, കുമളി ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന സൗകര്യം ഉള്ളത്. മറ്റു സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യമോ സംവിധാനമോ ജീവനക്കാരോ ഇല്ല. ക്ഷീരവികസനവകുപ്പ് പാലിൽ മായം കണ്ടെത്തിയാൽ തുടര്‍ നടപടി എടുക്കാൻ അവർക്ക് അധികാരമില്ല. നടപടി എടുക്കാനും വാഹനം പിടിച്ചെടുക്കാനും പാൽ നശിപ്പിക്കാനുമുള്ള അധികാരം ഭക്ഷ്യ സുരക്ഷാവകുപ്പിനാണ്. പാൽ  പരിശോധന സംബന്ധിച്ച തുടർനടപടികൾ നടപ്പിലാക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിന് ആയതിനാൽ ഗുണനിലവാരം കുറഞ്ഞ പാലിന്റെ വിവരങ്ങൾ സംബന്ധിച്ച പരിശോധന ഫലം പുറത്തു വിടാൻ ക്ഷീരവികസന വകുപ്പ് സാങ്കേതികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവുമുണ്ട്. അങ്ങനെ പുറത്തു വിടുന്ന പക്ഷം ബന്ധപ്പെട്ട ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പാൽ കമ്പനി അധികൃതർ മാനനഷ്ട കേസ് ഉൾപ്പെടെ ഫയൽ ചെയ്യുകയും നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് നടത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത്  ഉദ്യോഗസ്ഥരുടെ ആത്മാർഥത ചോദ്യം ചെയ്യുകയും മനോവീര്യം കെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങളിൽ മാറ്റം വരേണ്ടത് കേരളത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാണ്.

സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലും ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന രീതിയിലും സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെടണം. അതിർത്തി കടന്നെത്തുന്നതും വിപണിയിൽ ലഭ്യമായതുമായ പാലും പാലുൽപ്പന്നങ്ങളും  ഗുണനിലവാരമില്ലന്ന് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ വേണം. ഒപ്പം നിരോധനം, പിഴ  ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന നിയമനടപടികളും വേണം. ഗുണനിലവാര പരിശോധനയുടെ കണ്ടെത്തലുകൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ബോധവൽക്കരിക്കുകയും  ചെയ്യേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ക്ഷീരവികസന വകുപ്പിന്റെയും യോജിച്ചുള്ളതും കാര്യക്ഷമതയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഇതിനാവശ്യമാണ്. ഇത്തരം നടപടികൾ നമ്മുടെ ക്ഷീരമേഖലയ്ക്കും കർഷകർക്കും വലിയ ഊർജ്ജമാവുമെന്ന് മാത്രമല്ല പൊതുസമൂഹത്തിന്റെ ആരോഗ്യസുരക്ഷക്കും ഉപകരിക്കും. ഒപ്പം വെളുത്തതെല്ലാം പാലല്ല എന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുമുണ്ടാവേണ്ടതുണ്ട്. എവിടെ നിന്ന് വരുന്നു, ആര് ഉൽപാദിപ്പിക്കുന്നു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ലാത്ത പാക്കറ്റുപാലുകൾ കുറഞ്ഞ വിലയ്ക്ക്  കിട്ടുമെന്ന ഒറ്റ കാരണത്താൽ വാങ്ങി രോഗം വില കൊടുത്ത് വീട്ടിലെത്തിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ ക്ഷീരകർഷകരിൽ നിന്നും ക്ഷീരസംഘങ്ങളിൽ നിന്നും മിൽമയടക്കമുള്ള വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രം പാൽ വാങ്ങി ഉപയോഗിക്കാനുള്ള ജാഗ്രതയും വിവേകും നമ്മൾ കാണിക്കണം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: World Milk Day Special 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS