ADVERTISEMENT

ആഗോള ഭക്ഷ്യയെണ്ണ ഉൽപാദനം അടിവെച്ച്‌ ഉയർന്നതിനൊപ്പം ഇറക്കുമതി കുടുതൽ ആകർഷകമായി. പാം ഓയിലും സുര്യകാന്തിയെണ്ണയും രാജ്യത്തെ പ്രമുഖ തുറമുഖങ്ങളിലേക്ക് പ്രവഹിച്ചെങ്കിലും ഉപഭോക്താക്കൾക്ക് രാജ്യാന്തര വിലയിലുണ്ടായ ഇളവ്‌ ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ്‌ ഭക്ഷ്യ മന്ത്രാലയം. എന്നാൽ, എണ്ണക്കുരു കൃഷി ഉപജീവന മാർഗമാക്കിയ ചെറുകിട കർഷകരെ വരും ദിനങ്ങൾ മുൾമുനയിലാക്കുന്ന നിർദ്ദേശമാണ്‌ കേന്ദ്രം പ്രഖ്യാപിച്ചത്‌. 

പാചകയെണ്ണ വില ലീറ്ററിന്‌ 12 രൂപ വരെ അടിയന്ത്രിരമായി കുറയ്ക്കണമെന്ന്‌ ഉൽപാദകർക്ക്‌ നിർദ്ദേശം നൽകി. നിലവിലുള്ള എംആർപി വിലയിലും ലീറ്ററിന്‌ എട്ട്‌ രൂപയ്‌ക്ക്‌ മുകളിൽ കുറയ്ക്കണമെന്നത്‌ ഫലത്തിൽ മൊത്ത വിപണികളിൽ എണ്ണ വില ഇടിക്കും. നിലക്കടല, സൂര്യകാന്തി, കടുക്‌ കർഷകരെ ബാധിക്കുന്നതിന്റെ ഇരട്ടി ആഘാതമാവും പുതിയ നിർദ്ദേശം വഴി നാളികേര മേഖല‌ക്ക്‌ നേരിടുക. പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നാളികേര കർഷകർ ഇതിനകം തന്നെ കനത്ത വിലത്തകർച്ചയിൽ നട്ടം തിരിയുന്ന സാഹചര്യത്തിൽ. കൊപ്രയും വെളിച്ചെണ്ണയും ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ ഇന്ന്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. പാക്കറ്റിൽ വിൽപ്പന നടക്കുന്ന എണ്ണകളുടെ വിലയിലുണ്ടാവുന്ന ഇടിവ്‌ മില്ലുകാരെയല്ല ഉൽപാദകരെ തന്നെയാണ്‌ ഏറ്റവും കൂടുതൽ ബാധിക്കുക. 

വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി കുതിച്ചു കയറുകയാണ്‌. ഏപ്രിലിൽ അവസാനിച്ച ആറ്‌ മാസകാലയളവിൽ ഇറക്കുമതി 21 ശതമാനം വർധിച്ച്‌ 81.10 ലക്ഷം ടണ്ണിലെത്തി. തൊട്ട്‌ മുൻ വർഷം ഇതേ കാലയളവിൽ ഇറക്കുമതി 67 ലക്ഷം ടൺ മാത്രമായിരുന്നു. വില കുറഞ്ഞ വിദേശ ചരക്ക്‌ വരവ്‌ ഉയർന്നതോടെ ആഭ്യന്തര ഉൽപാദകർ നിലനിൽപ്പ്‌ ഭീഷണിയിലുമായി.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ ഇറക്കുമതി നടത്തുന്ന രാജ്യമാണ്‌ ഇന്ത്യ. അതേസമയം കാർഷിക രാജ്യമെന്ന നിലയ്‌ക്ക്‌ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്‌ കൃഷിയെ തന്നെയാണ്‌. ആഭ്യന്തര ഉൽപാദകന്റെ വരുമാനം ഉയർത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലുപരി വിദേശ കർഷകർക്ക്‌ വിപണി കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും ഒരു പരിധി വരെ തിരിച്ചടിക്ക്‌ കാരണമാവും.

കയറ്റുമതി രാജ്യങ്ങൾ പരസ്‌പരം മത്സരിച്ച്‌ സോയാ, സൂര്യകാന്തി, പാം ഓയിൽ വിലകൾ കുറച്ച്‌ ഷിപ്പ്‌മെന്റ് നടത്തുകയാണ്‌. പല രാജ്യങ്ങളിലെയും ഉൽപാദന വർധനയും ഉയർന്ന സ്‌റ്റോക്ക്‌ നിലയും കണക്കിലെടുത്താൽ തൽകാലം വില ഉയരാനുള്ള സാധ്യതകൾ തെളിഞ്ഞിട്ടില്ല. ആ നിലയ്‌ക്ക്‌ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ മാർക്കറ്റിൽ പാചകയെണ്ണ വിലകൾ താഴ്‌ന്ന റേഞ്ചിൽ തന്നെ നീങ്ങാം. 

ബക്രീദും ഓണവും ദീപാവലിയുമെല്ലാം നമുക്ക്‌ മുന്നിലുണ്ടെങ്കിലും കോരന്റെ കഞ്ഞി ഇക്കുറിയും കുമ്പിളിൽ തന്നെയാവും. ജനുവരി ആദ്യം 8600 രൂപയിൽ വിപണനം നടന്ന കൊപ്ര ഇതിനകം 8000ലേക്ക്‌ ഇടിഞ്ഞു. പുതിയ സാചര്യത്തിൽ ബഹുരാഷ്‌ട്ര കമ്പനികളും ചെറുകിട മില്ലുകാരും  കൊപ്ര സംഭരണ വിലയിൽ വരുത്തുന്ന മാറ്റത്തെ ആശങ്കയോടെയാണ്‌ ഉൽപാദകമേഖല ഉറ്റുനോക്കുന്നത്‌. 

എണ്ണ വിലയിൽ സംഭവിക്കുന്ന വ്യതിയാനം ഫലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലിക്കുക കൊപ്രയിലാവും. കാലവർഷത്തിന്റെ വരവ്‌ കൊപ്രക്കളങ്ങളെ നിർജീവമാക്കുന്നത്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം ഉൽപാദകർ. എന്നാൽ സ്ഥിതിഗതികളിലെ മാറ്റവും തമിഴ്‌നാട്ടിൽ വിളവെടുപ്പ്‌ ഊർജിമായതും നാളികേര മേഖലയിലെ ആശങ്ക ഇരട്ടിപ്പിക്കുന്നു.  

കുരുമുളക്‌

കാലവർഷത്തിന്റെ വരവ്‌ മുന്നിൽ കണ്ട്‌ കർഷകർ കരുതൽ ശേഖരത്തിലെ കുരുമുളക്‌ കൂടുതൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ നീക്കുകയാണ്‌. മഴ തുടങ്ങുന്നതോടെ അന്തരീക്ഷത്തിൽ ഇർപ്പം ഉയരുന്നത്‌ കുരുമുളകിൽ പൂപ്പൽ ബാധ്യക്കുള്ള സാധ്യതകൾ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ്‌ പുരോഗമിക്കുന്നത്‌. കാലാവസ്ഥ മാറ്റം മൂലം മുളകിലെ ജലാംശതോത്‌ പത്തു ശതമാനത്തിൽ നിന്നും പതിമൂന്നിലേക്കും അതിന്‌ മുകളിലേക്കും നീങ്ങാറുണ്ട്‌. ഇത്തരം ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തിക്കുമ്പോൾ ജലാംശത്തിന്റെ പേരിൽ മാത്രം വില ഇടിച്ച്‌ ചരക്ക്‌ സംഭരിക്കുന്നത്‌ ചില വാങ്ങലുകാരുടെ പതിവായത്‌ മുൻ നിർത്തിയാണ്‌ ഉൽപ്പന്നം സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ കർഷകർ നീക്കുന്നത്‌. 

കാലവർഷം ഇനിയും കേരള തീരമണഞ്ഞിട്ടില്ലെങ്കിലും അടുത്ത രണ്ട്‌ മൂന്ന്‌ ദിവസങ്ങളിൽ സംസ്ഥാനം മഴയുടെ പിടിയിൽ അകപ്പെടും. അൺ ഗാർബിൾഡ്‌ മുളക്‌ വില മഴയെത്തും മുന്നേ കിലോ നാല്‌ രൂപ ഇടിഞ്ഞ്‌ 488 രൂപയായി. ഉത്തരേന്ത്യയിലെ വൻകിട പൗഡർ യൂണിറ്റുകൾ പലതും ശൈത്യകാല ആവശ്യങ്ങൾക്കുള്ള കുരുമുളക്‌ സംഭരണ വേളയാണെങ്കിലും നിരക്ക്‌ താഴുന്ന പ്രവണത കണ്ട്‌ അവർ രംഗത്ത്‌ നിന്നും താൽക്കാലികമായി പിൻവലിഞ്ഞു. പരമാവധി താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ സംഭരിക്കാമെന്ന നിലപാടിലാണ്‌ അവരിൽ പലരും.

ഉൽപ്പന്ന വിലയിലെ തളർച്ച കണ്ട്‌ കാർഷിക മേഖല വിൽപ്പന കുറച്ച്‌ മെച്ചപ്പെട്ട വിലയെ ഉറ്റുനോക്കുകയാണ്‌. വരവ്‌ കുറഞ്ഞ തക്കത്തിന്‌ ഇറക്കുമതി മുളക്‌ വിറ്റഴിക്കാൻ വ്യവസായികൾ തിരക്കിട്ട നീക്കത്തിലാണ്‌. വിദേശ ചരക്കിന്റെ ഗുണനിലവാരവും എരിവും പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ല. പലരും കർണാടകത്തിൽ നിന്നുള്ള മുളകുമായി കലർത്തി വിൽപ്പനയ്‌ക്ക്‌ എത്തിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിവിന്റെ ആക്കം വർധിപ്പിച്ചു. 

ഏതാണ്ട്‌ ഒരു മാസത്തിൽ ഏറെ മികവ്‌ കാഴ്‌ച്ചവച്ച ശേഷമാണ്‌ കുരുമുളക്‌ വിലയിൽ തിരുത്തൽ സംഭവിച്ചത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവ സീസണിലെ ഡിമാൻഡ് മുന്നിൽക്കണ്ടുള്ള ചരക്ക്‌ സംഭരണ വേളയാണ്‌. നിരക്ക്‌ താഴുന്നതും കാത്ത്‌ അധികനാൾ വിപണിയിൽ നിന്നും വിട്ടു നിൽക്കാൻ അന്തർസംസ്ഥാന വ്യാപാരികൾ തയാറാവില്ലെന്നതിനാൽ ചരക്കിനായി അവർ വീണ്ടും രംഗത്ത്‌ അണിനിരക്കും.  

സുഗന്‌ധവ്യഞ്‌ജന കയറ്റുമതിയിൽ ഇടിവ്‌. ജനുവരിയിൽ അവസാനിച്ച പത്ത്‌ മാസ കാലയളവിൽ മുഖ്യ ഉൽപ്പന്നങ്ങൾക്ക്‌ വിദേശ വിപണികളിലുള്ള സ്വാധീനം കുറഞ്ഞു. മലബാർ മുളകെന്ന ഖ്യാതി ആഗോള വിപണിയിൽ നിലനിർത്തിയിരുന്നു. ഇന്ത്യൻ കുരുമുളക്‌ ഏതാണ്ട്‌ പൂർണമായി തന്നെ പിൻതള്ളപ്പെട്ട അവസ്ഥയിലാണ്‌. 

ഒരോ വർഷവും 20,000 - 25,000 ടൺ കുരുമുളക്‌ അമേരിക്കയിലേക്കും റഷ്യയിലേക്കും കപ്പൽ കയറ്റിയിരുന്നു ആ പഴയ കാലം ഇനി ഓർമ്മകളിൽ മാത്രമായി ഒതുങ്ങും. ഈ രണ്ട്‌ രാജ്യങ്ങൾ മാത്രമല്ല, യൂറോപ്യൻ വിപണികളിലും നമ്മുടെ ഉൽപ്പന്നത്തിന്‌ ആവശ്യക്കാരില്ല. വില കുറവിന്‌ മുൻ തൂക്കം നൽകി ഇറക്കുമതി ലോബി മറ്റ്‌ ഉൽപാദന രാജ്യങ്ങളിലേക്ക്‌ തിരിഞ്ഞു. 

വറ്റൽ മുളക്, ചുക്ക്‌, ചെറിയ ഏലം, ജീരകം, മല്ലി എന്നിവയുടെ കയറ്റുമതിതോത്‌ ഗണ്യമായി കുറഞ്ഞു. വലുപ്പം കുറഞ്ഞ ഏലയുടെ കയറ്റുമതി നാലിൽ ഒന്ന്‌ ഇടിഞ്ഞ്‌ 6447.8 ടണ്ണിൽ ഒതുങ്ങി. വലുപ്പം കൂടിയ ഇനങ്ങളുടെ കയറ്റുമതിയിൽ ഉണർവ്‌ കണ്ടു, ഏകദേശം എട്ട്‌ ശതമാനം ഉയർന്ന് 1541.8 ടണ്ണായി. ഇന്ത്യൻ വെളുത്തുള്ളിക്ക്‌ വിദേശ വിപണികളിൽ പ്രിയമേറി, കയറ്റുമതി 47,329 ടണ്ണായി ഉയർന്നു. കയറ്റുമതി ഡിമാൻഡിൽ മഞ്ഞളും ഉണർവ്‌ കാഴ്‌ച്ചവച്ചു. ജീരക കയറ്റുമതി 18 ശതമാനവും വറ്റൽ മുളക്‌ കയറ്റുമതി 19 ശതമാനവും ഇടിഞ്ഞു. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Commodity Markets Review June 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com