ADVERTISEMENT

പാലിനും പാലുൽപ്പന്നങ്ങൾക്കും വളരെയധികം സ്വീകാര്യതയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, ചിലർക്ക് പാലുൽപ്പന്നങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇന്ത്യയിൽ 60 ശതമാനത്തിലധികം ഉപഭോക്താക്കൾ ലാക്ടോസ് ഇൻടോളറൻസ് എന്ന അവസ്ഥയുമായി പോരാടുന്നുവെന്ന് നിങ്ങൾക്കറിയാമോ? എന്നാൽ  എന്താണ് ഈ പ്രശ്നത്തിന് കാരണം? ലാക്ടോസ് ഇൻടോളറൻസ് എന്താണെന്നും, അതിന്റെ ലക്ഷണങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വഴികളും അറിഞ്ഞിരിക്കണം.

ലാക്ടോസ് ഇൻടോളറൻസ്

സസ്തനികളുടെ പാലിൽ മാത്രമായി കാണപ്പെടുന്ന കാർബോഹൈഡ്രേറ്റ് ആണ് ലാക്ടോസ്. ഇത് പാലിലെ പ്രധാന ഊർജസ്രോതസ്സാണ്. ലാക്ടോസിനെ  ചെറുകുടലിൽ വെച്ച് ദഹിപ്പിക്കുന്നതിനായി ലാക്ടേസ് ( β ഗാലക്ടോസിഡൈസ്) എന്ന എൻസൈം ആവിശ്യമാണ്. എന്നാൽ ശരീരത്തിന് ലാക്റ്റേസ് എൻസൈം ഉൽപാദിപ്പിക്കാൻ പറ്റാതെ വരികയോ, കുറഞ്ഞ അളവിൽ ഉൽപാദിപ്പിക്കുകയോ ചെയ്യുമ്പോഴാണ് ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകുന്നത്. ഈ അവസ്ഥയുള്ളവർ പാൽ കുടിക്കുമ്പോൾ ചെറുകുടലിൽ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വൻകുടലിലേക്ക് കടക്കുകയും ചെയ്യുന്നു. അവിടെവച്ച്  ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റുകയും ചെയ്യും. അതിനാൽ അസഹനീയമായ വയറുവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാവുകയും ചെയ്യുന്നു.

ലാക്ടോസ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ

  • പാലും പാലുൽപ്പന്നങ്ങളും
  • പാൻകേക്കുകൾ, ബിസ്ക്കറ്റുകൾ, കുക്കികൾ
  • സാലഡ് ഡ്രെസിങ്ങുകൾ
  • മിഠായികളും മറ്റ് ലഘുഭക്ഷണങ്ങളും
  • ബേക് ചെയ്ത ഭക്ഷണങ്ങൾ

ലാക്ടേസ് കുറയുന്നത്‌ എങ്ങനെയൊക്കെ?

1. പ്രാഥമികമായ ലാക്ടേസ് കുറവ് 

ജനിതക തകരാർ മൂലം ലാക്ടേസ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണിത്. പാരമ്പര്യമായി, ദൈനംദിന ഭക്ഷണത്തിൽ പാലുൽപ്പന്നങ്ങളുടെ ഉപഭോഗം കുറയുമ്പോൾ ശരീരത്തിലെ ലാക്റ്റേസ് ഉൽപാദനവും ആനുപാതികമായി കുറയുന്നതാണ് ഇത്തരത്തിലുള്ള ലാക്ടോസ്  ഇൻടോളറൻസിന് കാരണം.

2. ബാഹ്യ കാരണങ്ങളാലുള്ള ലാക്ടേസ് കുറവ് 

ആമാശയത്തിലെയും കുടലിലെയും അണുബാധ, ദീർഘനാളായി ആന്റിബയോട്ടിക്കുകളുടെ പതിവ് ഉപഭോഗം, ശസ്ത്രക്രിയ, കാൻസർ ചികിത്സ തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ ലാക്ടേസിന്റെ കുറവ്   ഉണ്ടാകാം.

3. ജന്മനാ ഉള്ള ലാക്റ്റേസ് കുറവ്

വളരെ അപൂർവമായി നവജാത ശിശുക്കളിൽ കാണപ്പെടുന്ന ഈ അവസ്ഥ, മാതാപിതാക്കളിൽ നിന്ന് ജനിതകമായി ലഭിക്കുന്ന ജീനുകളുടെ തകരാറുമൂലം സംഭവിക്കുന്നതാണ്. തത്‌ഫലമായി  ലാക്റ്റേസിന്റെ ഉൽപാദന നില പൂജ്യത്തിലേക്കോ ഏതാണ്ട് പൂജ്യത്തിനടുത്തേക്കോ താഴുന്നു.

4. തെറ്റായ വികസനം മൂലം ഉണ്ടാകുന്ന ലാക്റ്റേസ് കുറവ്

ജനനസമയത്ത് ചെറുകുടലിന്റെ തെറ്റായ വികസനം മൂലമാണ് ഇത്തരത്തിലുള്ള കുറവ് സംഭവിക്കുന്നത്. ഇത് സാധാരണയായി താൽക്കാലികവും പ്രായത്തിനനുസരിച്ച് മെച്ചപ്പെടുന്നതുമാണ്.

രോഗനിർണയം

1. ഹൈഡ്രജൻ ബ്രീത് പരിശോധന

ഉയർന്ന അളവിൽ ലാക്ടോസ് അടങ്ങിയ ഒരു പാനീയം കുടിച്ച ശേഷം, കൃത്യമായ ഇടവേളകളിൽ ശ്വസനത്തിലെ ഹൈഡ്രജന്റെ അളവ് നോക്കുന്നു. പുറത്തുവിടുന്ന ശ്വാസത്തിൽ ഹൈഡ്രജന്‍റെ അളവ് കൂടുതലാണെങ്കിൽ ശരീരത്തിൽ ലാക്ടോസ് പൂർണമായും ദഹിക്കുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

2. രക്ത പരിശോധന

ഉയർന്ന അളവിൽ ലാക്ടോസ് അടങ്ങയിട്ടുള്ള പാനീയം കുടിച്ച് രണ്ടു മണിക്കൂറിനു ശേഷം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വർധന ഇല്ലെങ്കിൽ ശരീരത്തിൽ ലാക്ടോസ് ദഹിക്കുന്നില്ലെന്നും, ലാക്ടോസ് ഇൻടോളറൻസ് ഉണ്ടെന്നും മനസിലാക്കാം.

എങ്ങനെ നേരിടാം?

ലാക്ടോസ് ഇൻടോളറൻസിനെതിരെ  പോരാടാനുള്ള ഏറ്റവും നല്ല മാർഗം പാലുൽപ്പന്നങ്ങൾ ഒഴിവാക്കുക എന്നതാണ്. എന്നാൽ, ഇത്തരക്കാർക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒരു പാലുൽപ്പന്നമാണ് തൈര്.  പുളിപ്പിക്കൽ പ്രക്രിയയിലൂടെ  പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിന്റെ ഭൂരിഭാഗവും ബാക്ടീരിയ, ലാക്ടിക് ആസിഡ് ആക്കി മാറ്റുന്നതുമൂലം ഇത് കഴിക്കുന്നത് സുരക്ഷിതമാണ്.

ലാക്ടോസ് ഇൻടോളറൻസ് ഭക്ഷണ നിയന്ത്രണങ്ങളിലൂടെയോ ചികിത്സയിലൂടെയോ അല്ലെങ്കിൽ ഇവ രണ്ടിന്റെയും സംയോജനത്തിലൂടെയോ നേരിടാം. ലാക്ടോസ് ഇൻടോളറൻസ് കണ്ടെത്തിയ രോഗികൾക്ക് പരമാവധി കഴിക്കാൻ പറ്റുന്ന ലാക്ടോസിന്റെ അളവ് 12 ഗ്രാമാണ്. ലാക്ടോസ് അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതിലൂടെ പല രോഗികൾക്കും അവരുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും. തീവ്രമായ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് മാത്രമാണ് ലാക്ടോസ് അടങ്ങിയ ഉൽപ്പന്നങ്ങളുടെ പൂർണമായ ഉന്മൂലനം, ശുപാർശ ചെയ്യുന്നത്. കാരണം ഈ ഭക്ഷണക്രമം കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ എന്നിവയുടെ കുറവുകൾക്ക് കാരണമാകും. ലാക്‌റ്റേസ് എൻസൈം സപ്ലിമെന്റുകളോ പ്രോബയോട്ടിക്കുകളോ ഉപയോഗിച്ചുള്ള ചികിത്സയാണു മറ്റൊരു മാർഗം.

ലാക്ടോസ് ഇൻടോളറൻസ് പലപ്പോഴും പാൽ അലർജിയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  ലാക്ടോസ് ഇൻടോളറൻസ് ദഹനവ്യവസ്ഥയുടെ ഒരു തകരാറാണ്. എന്നാൽ പാൽ അലർജി ആകട്ടെ, ഒന്നോ അതിലധികമോ പാൽ പ്രോട്ടീനുകളോടുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണമാണ്. ഒരു വ്യക്തി ചെറിയ അളവിൽ പാലോ പാൽ ഉൽപന്നമോ കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ പോലും പാലിനോടുള്ള അലർജി ജീവന് ഭീഷണിയാകും. രണ്ടിലെയും ലക്ഷണങ്ങൾ സമാനമായി കാണപ്പെടാം. അതിനാൽ കൃത്യമായ പരിശോധനയിലൂടെ ഇത് തിരിച്ചറിയേണ്ടത് പ്രധാനമാണ്.  ലാക്ടോസ് ഇൻടോളറൻസിന്റെ ചികിത്സയ്ക്കായി ലാക്ടോസ് രഹിത ഭക്ഷണരീതികൾ ഉപയോഗിക്കുകയാണെങ്കിൽ, കാത്സ്യം, വിറ്റാമിൻ ഡി എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിക്കുകയോ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുകയോ ചെയ്തിരിക്കണം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com