ADVERTISEMENT

പച്ചക്കറി ഉൽപാദനത്തിൽ അതിവേഗം സ്വയംപര്യാപ്തത നേടാന്‍ സംസ്ഥാനത്തു സങ്കര ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പു മന്ത്രി പി. പ്രസാദ്. ഇതിനായി കേരള കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള പൊതുമേഖലാ ഗവേഷണസ്ഥാപനങ്ങളുടെ വിത്തുകൾ കൃഷിഭവന്‍ വഴി വിതരണം ചെയ്യുമെന്നു കാര്‍ഷികവികസന കര്‍ഷകക്ഷേമമന്ത്രി പി. പ്രസാദ് അറിയിച്ചു. 5 ഇനം പച്ചക്കറികളുടെ സങ്കരവിത്തുകളാണ് ഈ വർഷം നൽകുക (ബോക്സ് കാണുക). ഇതുവരെ വർഗനിർധാരണത്തിലൂടെയും സ്വാഭാവിക പരാഗണത്തിലൂടെയും വികസിപ്പിച്ച വിത്തിനങ്ങളാണ് സർക്കാർ നൽകിയിരുന്നത്. അവ നിലനിർത്തിക്കൊണ്ടാവും സങ്കരവിത്തുകളും കൃഷിക്കാർക്ക് ലഭ്യമാക്കുകയെന്നു പ്രസാദ് പറഞ്ഞു. കൃത്രിമപരാഗണത്തിലൂടെ ഉൽപാദിപ്പിക്കുന്ന സങ്കരവിത്തുകൾക്ക് കൂടുതൽ ഉൽപാദനക്ഷമതയുണ്ട്. സ്വകാര്യവിത്തുകമ്പനികളുടെ സങ്കരവിത്തുകൾ കേരളത്തിലെ വാണിജ്യ പച്ചക്കറി കർഷകർ ഇപ്പോള്‍തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവയ്ക്ക് ഉയർന്ന വില നൽകേണ്ടിവരും. പൊതുമേഖലയിലെ ഗവേഷണസ്ഥാപനങ്ങളും സങ്കരവിത്തുകൾ വികസിപ്പിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന അവ സംസ്ഥാനത്തെ കൃഷിക്കാർക്കു ലഭ്യമാക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം. അടുത്ത വർഷം ഈയിനം വിത്തുകൾ പ്രാദേശികമായി ഉൽപാദിപ്പിക്കാന്‍ വിഎഫ് പിസികെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നമുക്ക് വിശാലമായ കൃഷിസ്ഥലങ്ങൾ ഇല്ലാത്തതിനാൽ ഉള്ള സ്ഥലങ്ങളിൽ ഉല്‍പാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ. മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതോടൊപ്പം ഉല്‍പാദനക്ഷമതയേറിയ വിത്തിനങ്ങൾ ഉപയോഗിക്കണം. കേരള കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വികസിപ്പിച്ച ഇത്തരം ഇനങ്ങൾ പെരുക്കി കർഷകർക്ക് നല്‍കും. ഡച്ച്  സഹായത്തോടെ വയനാട്ടില്‍ ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് പൂർണമായി പ്രവർത്തനക്ഷ മമാകുന്നതോടെ നമ്മുടെ പഴം, പച്ചക്കറി, പൂക്കള്‍ എന്നിവയ്ക്കു രാജ്യാന്തര വിപണി നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.  

കൃഷിമന്ത്രിയുടെ വാക്കുകൾ

ഭൂമിയെത്ര ലഭ്യമാണെങ്കിലും ചെയ്യാനാളില്ലെങ്കിൽ കൃഷി സാധ്യമാകില്ല. ഉയർന്ന വിദ്യാഭ്യാസലബ്ധിയും തുടര്‍ന്ന് കായികാധ്വാനമുള്ള തൊഴിലുകളോടുള്ള താല്‍പര്യക്കുറവും കേരളീയരുടെ  പ്രൗഢഗംഭീരമായിരുന്ന  കാർഷികമേഖലയ്ക്കു മങ്ങലേല്‍പിച്ചു.  കൃഷി ലാഭകരമല്ലെന്ന ചിന്തയും മലയാളിമനസ്സിനെ കൃഷിയിൽനിന്ന് അകറ്റി. ബാഹ്യസൗന്ദര്യത്തിനും സുഖലോലുപതയ്ക്കും വേണ്ടി ലക്ഷങ്ങൾ മുടക്കുന്ന മലയാളികള്‍ പക്ഷേ, സുരക്ഷിതഭക്ഷണത്തോടു  മുഖംതിരിഞ്ഞു നിൽക്കുന്നു.  

ജനങ്ങളെ ബോധവല്‍ക്കരിച്ച്  കാർഷികസംസ്കാരത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് ഈ പ്രശ്നത്തിന് ഏക പരിഹാരം. ഈ ഉദ്ദേശ്യത്തോടെയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കിയത്. ജനകീയപങ്കാളിത്തം കൊണ്ടു വൻവിജയമായി മാറിയ പദ്ധതിയിലൂടെ  50 ശതമാനം കുടുംബങ്ങളി ലും അത്യാവശ്യം വേണ്ട പച്ചക്കറികൾ ഉല്‍പാദിപ്പിക്കാനായി.  ഭക്ഷ്യസുരക്ഷ എന്ന സർക്കാര്‍ ലക്ഷ്യം  ഒരു പരിധി വരെ നേടാനും പദ്ധതി സഹായിച്ചു.  

പദ്ധതിയുടെ ഭാഗമായി ആകെ 23000 കൃഷിക്കൂട്ടങ്ങൾ AIMS പോർട്ടലിൽ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇവയിൽനിന്നു തിരഞ്ഞെടുത്ത 5000 കൃഷിക്കൂട്ടങ്ങളെ മൂല്യവർധിതകൃഷി ലക്ഷ്യമാക്കിയുള്ള ഉല്‍പാദകരായും 200 കൃഷിക്കൂട്ടങ്ങളെ ഇവരുടെ സേവനദാതാക്കളായും  വളർത്തും. ഇവരുടെ ഉൽപന്നങ്ങള്‍ മൂല്യവർധന വരുത്താനും  വില്‍ക്കാനുമായി  1000 കൃഷിക്കൂട്ടങ്ങളും തയാര്‍.  ഒന്നാം ഘട്ടമായി 2023-’24 ൽ 10,000ഹെക്ടറിൽ മൂല്യവർധിതകൃഷി നടപ്പാക്കുന്നു. 1000 മൂല്യവർധിത ഉൽപന്നങ്ങള്‍ കേരളാ ഗ്രോ ബ്രാന്‍ഡില്‍ വിപണിയിലിറക്കും. 2026 ആകുമ്പോഴേക്കും കൃഷിക്കൂട്ടങ്ങളിലൂടെ ഒരു ലക്ഷം ഹെക്ടറിൽ മൂല്യവർധിതകൃഷിയും മൂല്യവർധിത  കൃഷിക്കൂട്ടങ്ങളിലൂടെ  3000 കോടിയുടെ വിറ്റുവരവും പ്രതീക്ഷിക്കുന്നു. ഇതിലൂടെ 3 ലക്ഷം തൊഴിലവസരങ്ങളും.

വിള അധിഷ്ഠിത കൃഷിരീതിയിൽനിന്നു വിളയിടാധിഷ്ഠിതകൃഷിരീതിയിലേക്കുള്ള മാറ്റമാണ് ഫാം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. മണ്ണിന്റെ പോഷകസമൃദ്ധി മുതൽ ഉല്‍പന്നത്തിന്റെ വിപണിവരെ മനസ്സിലാക്കി കൃഷി ആസൂത്രണം ചെയ്യുന്ന ഈ രീതിയിലേക്കു മാറുന്നതോടെ കര്‍ഷകനു സ്വന്തം ഉല്‍പന്നങ്ങളുടെ പ്രാദേശിക വിപണന, മൂല്യവർധന സാധ്യതകള്‍ മനസ്സിലാക്കി ഏതു വിള, എത്ര അളവില്‍ കൃഷി ചെയ്യണമെന്നു തീരുമാനിക്കാം. ഇത്തരം 10760 ഫാം പ്ലാനുകള്‍ 2022-’23 വർഷത്തില്‍ തയാറാക്കി. ഇവയെ 1076 കൃഷിക്കൂട്ടങ്ങളായും 100 കര്‍ഷക ഉല്‍പാദക സംഘടന(FPO) കളായും തിരിച്ചു സാമ്പത്തികസഹായം നൽകാനാണ് നടപ്പു(2023– 24) സാമ്പത്തിക വർഷത്തില്‍ ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ 10760 ഫാം പ്ലാനുകൾകൂടി ഈ സാമ്പത്തികവർഷത്തില്‍ ലക്ഷ്യമിടുന്നു. ഫാം പ്ലാനുകൾക്ക് ഉല്‍പാദനവർധനയ്ക്കും മൂല്യവര്‍ധനയ്ക്കും വിപണനത്തിനും ഏതു തരം സഹായവും പ്രോജക്ട് അടിസ്ഥാനത്തിൽ കൃഷിവകുപ്പ് നല്‍കും.   

crops

? മൂല്യവർധന പ്രോത്സാഹിപ്പിക്കല്‍

കർഷകരുടെ വരുമാനം ഉയർത്താൻ കാർഷികോല്‍പന്നങ്ങളുടെ മൂല്യവർധന കൂടിയേ തീരൂ. ഇതിനു സാധ്യത കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മുഖ്യമന്ത്രി അധ്യക്ഷനായി മൂല്യവർധിത കാർഷിക മിഷൻ (VAAM) പ്രവർത്തനം തുടങ്ങി. 2026ൽ 3 ലക്ഷം തൊഴിലവസരങ്ങളാണ് കാർഷികമേഖലയിൽ പ്രതീക്ഷിക്കുന്നത്. അതിൽ 50,000 തൊഴിലവസരങ്ങൾ മൂല്യവർധനമേഖലയിലാണ്.  അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായി 3000 കോടി രൂപയുടെ മറ്റൊരു പദ്ധതിയും ലോകബാങ്കിന്റെ സഹായത്തോടെ വൈകാതെ നടപ്പാക്കാനാവുമെന്നു കരുതുന്നു.  

സിയാൽ മോഡലിൽ ആരംഭിക്കുന്ന കേരള അഗ്രോബിസിനസ് കമ്പനിയും (KABCO) കയറ്റുമതി ഉൾപ്പെടെ യുള്ള വിപണനസാധ്യതകൾ പ്രയോജനപ്പെടുത്താൻ  സഹായിക്കും. സർക്കാരിന് 33% ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് കാബ്കോ. ബാക്കി ഓഹരികളിൽ കർഷകർ, കർഷകഗ്രൂപ്പുകൾ, കാർഷികതാല്‍ പര്യമുള്ള പൊതുജനങ്ങൾ, കാർഷികമേഖലയിലെ ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ട്. അഗ്രോപാർക്കുകൾ, കൃഷിവകുപ്പിന്റെ മൊത്തവ്യാപാരച്ചന്തകൾ തുടങ്ങിയവ കാബ്കോ ഏറ്റെടുക്കും.

കൃഷിവകുപ്പിന്റെയും കാർഷികസംരംഭകരുടെയും  ഉല്‍പന്നങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തി കേരളാഗ്രോ ബ്രാൻഡില്‍ ആഭ്യന്തര,  രാജ്യാന്തരവിപണികളിലെത്തിച്ചു തുടങ്ങി. ഗുണമേന്മയുളളതിനാല്‍ ‘കേരളാ ഗ്രോ’ ഉല്‍പന്നങ്ങള്‍ ഹിറ്റ് ആകുമെന്നുറപ്പ്. 

? നെൽകർഷകർക്ക് യഥാസമയം വില കിട്ടുന്നില്ല

കർഷകരിൽനിന്നു നെല്ല് ശേഖരിക്കുന്നതും ശേഖരിക്കുന്ന നെല്ലിന്റെ വില നൽകുന്നതും സിവിൽ സപ്ലൈസ് വകുപ്പാണ്. സംഭരണം യഥാസമയം പൂർത്തീകരിക്കാനും സംഭരിച്ച നെല്ലിന്റെ വില യഥാസമയം നൽകാനും ചില സ്ഥലങ്ങളിൽ കാലതാമസമുണ്ട്. നെല്ലുസംഭരണം കുറ്റമറ്റതാക്കാൻ ഡോ. വി.കെ.ബേബിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടിയെടുക്കും. തേങ്ങയുടെ സംഭരണവില 32 രൂപയിൽനിന്ന് 34 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്.. കേരഫെഡ് മുഖേന നേരിട്ടും വിഎഫ്പിസികെ, കോക്കനട്ട് ഡവലപ്മെന്റ് കോർപറേഷൻ എന്നിവ വഴിയും തേങ്ങാസം ഭരണം ആരംഭിക്കും. കൊപ്രാസംഭരണം മാർക്കറ്റ് ഫെഡ് വഴി നാഫെഡ് ആരംഭിച്ചിട്ടുണ്ട്.

 ? കൃഷിക്കാരുടെ വിദേശയാത്രാപദ്ധതി തുടരുമോ. അതുകൊണ്ടു പ്രയോജനം

കൃഷിക്കാരുടെ വിദേശയാത്രാപരിപാടി 2023-’24 സാമ്പത്തികവർഷം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇസ്രയേൽയാത്ര നടത്തി തിരികെവന്ന കർഷകരുടെ അനുഭവം  വൈഗ, കൃഷിദർശൻ തുടങ്ങിയ വിവിധ വേദികളിൽ സമാന കർഷകരുമായി പങ്കുവയ്ക്കുന്നുണ്ട്. അവർ നേടിയ അറിവ് സ്വന്തം കൃഷിയില്‍  നടപ്പാക്കിത്തുടങ്ങിയിട്ടുമുണ്ട്. പ്രയോജനകരമോയെന്നു വിലയിരുത്തിയശേഷം 2023-’24ലും  പദ്ധതി തുടരുന്നതിനുള്ള അനുമതിക്കായി ആസൂത്രണ, ധനകാര്യവകുപ്പുകളെ സമീപിക്കാനാണ് ഉദ്ദേശ്യം.

? കാലാവസ്ഥ മാറ്റത്തെ അതിജീവിക്കാൻ കർഷകര്‍ക്കു പിന്തുണ 

കാലാവസ്ഥമാറ്റത്തിന് അനുസൃതമായുള്ള കൃഷിയേ സാധ്യമാകുകയുള്ളൂ. ഹ്രസ്വകാല വിളകൾ, കാലാ വസ്ഥമാറ്റത്തെ അതിജീവിക്കുന്ന വിത്തിനങ്ങൾ, കാർഷിക പാരിസ്ഥിതികമേഖല അടിസ്ഥാനമാക്കിയ കൃഷിരീതി  എന്നിവ പ്രോത്സാഹിപ്പിക്കും. കൂടാതെ കാലാവസ്ഥവ്യതിയാനത്തിനനുസരിച്ച് എല്ലാ വിളകൾക്കും എല്ലാ കർഷകർക്കും കൃഷിനാശത്തിനു നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിൽ പരിഷ്കരിച്ച ഏകീകൃത ഇൻഷുറൻസ് സ്കീം ഉടൻ നടപ്പാക്കും. 

? വന്യമൃഗശല്യം  രൂക്ഷമാകുമ്പോള്‍

വന്യമൃഗശല്യത്തിനിരയാകുന്ന കര്‍ഷകരെ സഹായിക്കാന്‍ ഈ സാമ്പത്തികവർഷം 2 കോടിരൂപ കൃഷിവകുപ്പ് വകയിരുത്തിയിട്ടുണ്ട്.  കർഷകരെ സഹായിക്കാന്‍  നടപടിയെടുക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സോളർ ഫെൻസിങ് അടക്കമുള്ള പരിഹാരമാർഗങ്ങള്‍ക്കായി 60 കോടി രൂപയുടെ പ്രോജക്ട് നടപ്പാക്കും.

English summary: Exclusive Interview with Kerala State Agriculture Minister P Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com