ADVERTISEMENT

കണ്ണൂരിൽ ഏകദേശം നൂറോളം വളർത്തുപന്നികളെ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കുന്നു. ഫാമുകളിൽ വളർത്തുന്ന പന്നികളിൽ ചിലതിന് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനാലാണ് മറ്റു പന്നികളെയും രോഗം കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെയും പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഉത്തരവിട്ടത്. കൂടാതെ 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നിഫാമുകളിലും നിരീക്ഷണം നടത്താനും, ഈ അസുഖബാധയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും ജില്ലാ മൃഗസംരക്ഷണ ഓഫിസർക്കും പൊലീസിനും RTOയ്ക്കും നിർദേശം നൽകി. കണ്ണൂരിൽ മാത്രമല്ല ഇടുക്കി വാത്തിക്കുടിയിലും തൃശൂർ ചാലക്കുടിയിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന നടപടിക്രമങ്ങളാണ് ഇവിടങ്ങളിലും നടക്കുക. ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്കു പടരില്ല. പന്നികളിൽ നിന്നും പന്നികളിലേക്കു മാത്രം പടരുന്ന അസുഖമാണ്. മൃഗങ്ങളിലെ പകർച്ചവ്യാധി തടയുന്നതിനായുള്ള OIE എന്ന അന്താരാഷ്ട്ര സംഘടനയുടെ മാർഗനിര്‍ദേശ പ്രകാരമാണ് പന്നികളെ കൊന്നൊടുക്കുന്നത്. മരുന്ന് കുത്തിവച്ചാണ് പന്നികളെ കൊല്ലുന്നത്. 

കുറച്ച് മാസങ്ങൾക്കു മുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ ആ മേഖലയിലെ അസുഖം വന്നതിനെയും, വരാത്തതിനെയും കഴുത്ത് ഞെരിച്ച് കൊന്നതും നാം കണ്ടതാണ്. കോഴി, താറാവ്, അരുമപക്ഷികൾ തുടങ്ങി എല്ലാവിധ പക്ഷിവർഗങ്ങളെയും മുൻകരുതല്‍ എന്ന നിലയിൽ കൊല്ലണം എന്നാണ് നിയമം. മുട്ട ഉൾപ്പെടെ നശിപ്പിച്ച് കളയണം. അതാണ് നിയമം. പശുക്കളിൽ ക്ഷയരോഗം കണ്ടെത്തിയാൽ കൊന്നുകളയണം. ‘ഭ്രാന്തിപ്പശു’ രോഗം ബാധിച്ച നൂറു കണക്കിന് പശുക്കളെ വർഷങ്ങൾക്ക് മുൻപ് യൂറോപ്പിൽ കൊന്നൊടുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നമുക്ക് കേരളത്തിലെ ‘തെരുവ് പട്ടി’ വിഷയം ഒന്നു വിശകലനം ചെയ്യാം. 

ഒരു മാസം മുൻപ് 11 വയസ്സുള്ള സംസാരശേഷിയില്ലാത്ത കുട്ടിയെയും തെരുവുനായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോഴും, തുടർന്ന് ആ സ്ഥലത്തെ തന്നെ ഒരു പെൺകുട്ടിയെ ആക്രമിച്ചപ്പോഴും പേപ്പട്ടിവിഷയവും തെരുവുനായ്ക്കളും വാർത്തകളിൽ സജീവമായി. തുടർന്ന് മന്ത്രിതല ചർച്ചയും, എല്ലാ വർഷങ്ങളും ചെയ്യാറുള്ളതുപോലെ സ്ഥിരമായി എടുക്കുന്ന തീരുമാനങ്ങളുമെടുത്ത് ചർച്ച അവസാനിച്ചു. ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല, സുപ്രീംകോടതിയിൽ കേസ് കൊടുക്കാം എന്ന തീരുമാനത്തിൽ പട്ടികടി വാർത്തകൾ ശമിച്ചു. നിയമത്തിന്റെ ചട്ടക്കൂട്ടിൽനിന്ന് മാത്രമേ സുപ്രീംകോടതിയിൽനിന്ന് വിധി വരുകയുള്ളൂവെന്ന് അറിയാത്തവരല്ല നമ്മുടെ ഭരണകർത്താക്കൾ. 

മനുഷ്യരിലേക്ക് പകരാത്ത ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളെ കൊല്ലാമെങ്കിൽ, പക്ഷിപ്പനിബാധിച്ചതും അല്ലാത്തതുമായ പക്ഷികളെ കൂട്ടത്തോടെ കൊല്ലാമെങ്കിൽ ക്ഷയരോഗം ബാധിച്ച പശുക്കളെ കൊല്ലാമെങ്കില്‍ പേ പിടിച്ച, തലയ്ക്ക് കടിയേറ്റാൽ പ്രതിരോധ മരുന്നുകൾ ഫലപ്രദമാകാതെ മനുഷ്യൻ മരിക്കുമെന്ന് ഉറപ്പുള്ള തെരുവുനായ്ക്കളെ കൊല്ലുന്നതിനെ നിയമം മൂലം തടയുന്നത് എന്തുകൊണ്ട്? മൃഗക്ഷേമ ബോർഡിന്റെ മുൻപിൽ പന്നി, പട്ടി, കോഴി, പശു ഇവയെല്ലാം തുല്യമല്ലേ? എന്തുകൊണ്ട് മൃഗക്ഷേമ ബോർഡ് ‘തെരുവുപട്ടികൾക്ക്’ മാത്രം പ്രത്യേക നിയമ പരിരക്ഷ നൽകുന്നു?

പേ പിടിച്ച ഒരു നായ അതിന്റെ കൂട്ടത്തിലുള്ള ഒരുപാട് നായ്ക്കളെ കടിച്ചിട്ടുണ്ടാകും. ആ കൂട്ടത്തിലുള്ള എല്ലാ നായ്ക്കളും അസുഖവാഹകരാകും. തന്മൂലം മനുഷ്യന് അപകടം ഉണ്ടാക്കുന്ന ഗണത്തിൽ വരുന്നതുമാകും. 

കൂട്ടത്തിലുള്ള ഒരു പന്നിക്ക് (മനുഷ്യരിലേക്ക് പകരില്ലെങ്കിൽ പോലും) അസുഖം വന്നാൽ, ആ ഫാമിലെ മുഴുവൻ പന്നികളേയും കൊല്ലാമെങ്കിൽ, പേ പിടിച്ച ഒരു പട്ടി മനുഷ്യനെ ക്രൂരമായി ആക്രമിച്ചാൽ, പേ പിടിച്ച പട്ടിയേയും, ആ കൂട്ടത്തിലുള്ള പട്ടികളേയും ഒഴിവാക്കുകയല്ലേ വേണ്ടത്? എന്തുകൊണ്ട് പട്ടിയോടു മാത്രം (അത് പേ പിടിച്ചതായാലും) ഒരു പ്രത്യേകതരം മൃഗസ്നേഹം? ആ സ്നേഹം എന്തുകൊണ്ട് മറ്റു മൃഗങ്ങളുടെ കാര്യത്തിലുണ്ടാകുന്നില്ല?

ഇതിനൊക്കെ തടസ്സമായി നിൽക്കുന്നത് മൃഗക്ഷേമ ബോർഡിന്റെ നിയമങ്ങളാണെങ്കിൽ, ഈ നിയമനിർമാണത്തിന്റെ ഘട്ടത്തിലോ, അതിന്റെ കരട് പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലോ എന്തുകൊണ്ടാണ് നമ്മുടെ ഭരണസംവിധാനങ്ങളും വിദഗ്ധരും മിണ്ടാതിരുന്നത്? ഇത്തരം നിയമങ്ങൾ തിരുത്തിയെഴുതുന്നതും, ജനോപകാരപ്രദമായ നിയമങ്ങൾ സൃഷ്ടിക്കുന്നതുമാണ് ഒരു ഭരണകൂടത്തിന്റെ കടമ. അടുത്ത പട്ടികടി വാർത്തയാകുന്നതു വരെ നമുക്ക് സുഖമായിരിക്കാം. 

മറ്റു മൃഗങ്ങളോടില്ലാത്ത കരുണയും കരുതലും തെരുവുനായ്ക്കളോട് ഉണ്ടാകുന്നതിന്റെ പിറകിലുള്ള കാരണങ്ങൾ പഠനവിധേയമാക്കേണ്ടതാണ്. ലോകത്ത് പേവിഷബാധയേറ്റുള്ള ആകെ മരണത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നു കൂടി ഓർക്കണം. അപ്പോൾ പ്രതിരോധ വാക്സീനു വേണ്ടി ഇന്ത്യയിൽ ചെലവഴിക്കുന്ന തുക എത്രയായിരിക്കും?

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Why stray dog gets more attention than other animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com