സംസ്ഥാനത്തെ പൈനാപ്പിൾ കർഷകരെല്ലാം തന്നെ വാണിജ്യാടിസ്ഥാനത്തിൽ കൃഷിയിറക്കുന്നവര്‍. ചുരുങ്ങിയത് 5–10 ഏക്കര്‍ കൃഷിയുള്ളവർ. 200–300 ഏക്കർ കൃഷിയുള്ളവരുമുണ്ട്. മിക്കവരും ചെറിയ തോതിൽ തുടങ്ങി വൻകിടക്കാരായി വളർന്നവരാണ്. പൈനാപ്പിൾകൃഷിയില്‍ കൂടുതൽ കർഷകർ ആകൃഷ്ടരാകുന്നതും ഇവരുടെ വളർച്ച കണ്ടുതന്നെ.
സംസ്ഥാനത്തു പൈനാപ്പിൾകൃഷി 2019–’20ൽ 11017.4 ഹെക്ടറിലായിരുന്നെങ്കിൽ 2020–’21ൽ 14.47% ആണ് കൃഷിവളർച്ച. പാട്ടഭൂമിയിലാണ് നല്ല പങ്കും. കോവിഡ്‌കാല പ്രതിസന്ധികളൊക്കെ മറികടന്നതിന്റെ ആശ്വാസത്തിലാണ് കർഷകര്‍. സംസ്ഥാനത്തെ പൈനാപ്പിൾകൃഷി നിയന്ത്രിക്കുന്നത് വാഴക്കുളത്തെ കർഷകരാണ്. എറണാകുളം–ഇടുക്കി ജില്ലയുടെ അതിർത്തിപ്രദേശമായ വാഴക്കുളം, പൈനാപ്പിളിന്റെ പേരിൽ പ്രശസ്തമാണല്ലോ. വാഴക്കുളത്തുനിന്ന് പ്രചരിച്ച വാണിജ്യ പൈനാപ്പിൾകൃഷി എറണാകുളം, ഇടുക്കി ജില്ലകൾ കടന്ന് തെക്കോട്ട് കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വടക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും പടരുന്നു.
പൈനാപ്പിൾകൃഷി ചൂതാട്ടംപോലെയാണെന്നു പറയുന്നു മിക്ക കൃഷിക്കാരും. വില ചിലപ്പോൾ കിലോയ്ക്ക് 40–45 രൂപ വരെ ഉയരാം, ഓർക്കാപ്പുറത്ത് 10–12 രൂപയിലേക്ക് ഇടിയാം. വിലയുള്ളപ്പോള്‍ വിളവുണ്ടാവണമെന്നില്ല, വിളവുള്ളപ്പോൾ വിലയും. എന്നാൽ 3 വർഷം നീളുന്ന ഒരു കൃഷിയിൽ ബമ്പർ വിളവും ഭാഗ്യവിലയും ഒത്തുവരുന്ന അവസരങ്ങൾ കുറവല്ല. മുൻകാല നഷ്ടങ്ങളെല്ലാം പരിഹരിക്കാൻ അതു മതിയെന്നു കർഷകർ. റബറിന് ആദ്യ 3 വർഷത്തെ ഇടവിള എന്ന നിലയ്ക്കാണ് പൈനാപ്പിൾ കളം പിടിച്ചത്. കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുന്നവർതന്നെ റബർ തൈ നട്ട് 3 വർഷം പരിപാലിക്കുമെന്നത് ലാഭമായി സ്ഥലമുടമകളും കണ്ടു. പാട്ടം പണമായി നൽകുന്ന രീതിയുമുണ്ട്.
സംസ്ഥാനത്ത് പൊതുവേ കൃഷിപ്പണിക്ക് ആളെ കിട്ടാനില്ലെങ്കിലും കൂലി കൂടുതൽ കിട്ടുന്ന പൈനാപ്പിൾകൃഷിയിൽ അതിഥിത്തൊഴിലാളികൾ സജീവം. മുൻപ് 3 വർഷത്തെ വിളവെടുപ്പിനു ശേഷമുള്ള സസ്യാവശിഷ്ടങ്ങൾ കർഷകർക്കു തലവേദനയായിരുന്നെങ്കിൽ ഇന്ന്, പശുക്കളുടെ ഇഷ്ട ഭക്ഷണം എന്ന നിലയിൽ ഡെയറി ഫാമുകൾ ഇതു തേടിയെത്തുന്നു.
ജനപ്രീതിക്ക് കാരണങ്ങൾ
- വാണിജ്യക്കൃഷിക്ക് യോജിച്ച മികച്ച ഇനം
- ഏറ്റക്കുറവു പതിവെങ്കിലും മിക്കപ്പോഴും ഉയർന്ന വില
- തുടർച്ചയായി 3 വർഷം വരുമാനം
- കയ്യിലുള്ള മൂലധനത്തിന് അനുസൃതമായി കൃഷി വിസ്തൃതി വർധിപ്പിക്കാം
- റബറിന് ഇടവിളയെന്ന നിലയിൽ കൃഷിയിടങ്ങളുടെ വിപുലമായ ലഭ്യത

വിപണി സുരക്ഷിതമാക്കാം; നേട്ടം തുടരാൻ കൃഷിയിലും സമീപനത്തിലും മാറ്റങ്ങൾ ആവശ്യമെന്ന് കർഷകർ
‘പൈനാപ്പിള്‍ വിപണി ഓരോ കൊല്ലവും വളരുകയാണ്. കോവിഡ് കാലത്തിനു മുന്‍പ് കേരളത്തില്‍ ഒരു ദിവസം 100 ടണ്‍ ആണ് വിറ്റിരുന്നതെങ്കില്‍ ഇന്നതിന്റെ ഇരട്ടി വില്‍ക്കുന്നുണ്ട്. സീസണില്‍ ഡല്‍ഹിയിലേക്ക് മാത്രം ദിവസം 200 ടണ്‍ എങ്കിലും ഇവിടെനിന്ന് കയറ്റിപ്പോകുന്നു. ഉപഭോഗം ദിനംപ്രതി വര്‍ധിക്കുകയാണ്. കേരളം വിട്ടാല്‍ പൈനാപ്പിള്‍കൃഷി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമാണ്. കന്യാകുമാരി ജില്ലയിലുമുണ്ട്. എന്നാല്‍ ഇവിടങ്ങളിലൊന്നും കണക്കില്‍ പറയുന്നത്ര കൃഷിയില്ല. നമ്മുടെ സംസ്ഥാനത്താകട്ടെ കണക്കില്‍ പറയുന്നതിലേറെയുണ്ടുതാനും. ഏതാണ്ട് 45,000 ഏക്കറിലെങ്കിലും കേരളത്തില്‍ കൃഷിയുണ്ട്. വര്‍ഷം നാലര ലക്ഷം ടണ്‍ ഉല്‍പാദനവുമുണ്ട്. മാത്രമല്ല, നമ്മുടെ സംസ്ഥാനത്തെപ്പോലെ മറ്റൊരിടത്തും നേട്ടമുണ്ടാക്കുന്നുമില്ല. ഈ സാധ്യത ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പൈനാപ്പിളില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് അവസരമുണ്ട്’, 38 വര്‍ഷമായി പൈനാപ്പിള്‍കൃഷിയിലും കര്‍ഷക സംഘടനാരംഗത്തും പ്രവര്‍ത്തിക്കുന്ന വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോണ്‍ പറയുന്നു.
കാലാനുസൃത മാറ്റങ്ങള്‍ കൃഷിയില്‍ ആവശ്യമെന്നു ബേബി ജോണ്‍. തുടങ്ങിയ കാലം മുതല്‍ മൗറീഷ്യസ് ഇനമാണ് ഇവിടെ കൃഷി ചെയ്യുന്നത്. പഴം എന്ന നിലയില്‍ മൗറീഷ്യസിന് ഡിമാന്‍ഡ് ഉണ്ടെങ്കിലും ഫാക്ടറിതല സംസ്‌കരണത്തിനു യോജ്യമായ രൂപഘടനയല്ല ഇതിന്റേത്. കൃഷി വര്‍ധിക്കുമ്പോള്‍ ഉല്‍പാദനത്തിലൊരു പങ്ക് മൂല്യവര്‍ധനയിലേക്കു മാറണം. എങ്കിലേ വിപണിവില സുസ്ഥിരമായി തുടരൂ. MD2 പോലെ കയറ്റുമതിക്കും സംസ്‌കരണത്തിനും യോജിച്ച ഇനങ്ങളിലേക്കു നാം മാറണമെന്നും ബേബി ജോണ്‍.
വരുമോ പുതിയ ഇനങ്ങൾ
ലോകത്ത് ഉല്‍പാദിപ്പിക്കുന്ന പൈനാപ്പിളില്‍ നല്ല പങ്കും MD2 ആണ്. MD2 ഇനത്തിന്റെ ടിഷ്യു കള്‍ചര്‍ തൈകള്‍ 2008 മുതല്‍ പരിമിതമായ തോതില്‍ വാഴക്കുളത്തെ പൈനാപ്പിള്‍ ഗവേഷണകേന്ദ്രം ലഭ്യമാക്കുന്നുണ്ട്. 20 രൂപയാണ് വില. ചെടിയില്‍നിന്നു പൊട്ടിമുളയ്ക്കുന്ന കാനി (sucker) തന്നെയാണ് മൗറീഷ്യസ് ഇനത്തിന്റെ തുടര്‍ക്കൃഷിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തൈയ്ക്ക് പണംമുടക്കു വരുന്നില്ല. മാത്രമല്ല ആവശ്യം കഴിഞ്ഞുള്ള കാനി വില്‍ക്കുകയും ചെയ്യാം. ഈ സാഹചര്യത്തില്‍ പണം കൊടുത്തു പുതിയ ഇനം വാങ്ങി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറാവില്ല. 3 വര്‍ഷത്തില്‍ 4 വട്ടം വിളവെടുക്കുന്നവരാണ് പൈനാപ്പിള്‍ കര്‍ഷകര്‍. ഈ സ്ഥാനത്ത് 2 വിളവേ MD2 ല്‍ നിന്നു ലഭിക്കൂ. മുളയ്ക്കുന്ന കാനികളുടെ എണ്ണവും കുറവ്. എന്നാല്‍ പാട്ടക്കര്‍ഷകരല്ലാത്ത, സ്വന്തമായി കൃഷിയിടമുള്ളവര്‍ക്ക് ഇതു കൃഷി ചെയ്ത് കാനികള്‍ ഉല്‍പാദിപ്പിച്ച് കൃഷി വിപുലമാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്കു പക്ഷേ സര്‍ക്കാര്‍തലത്തിലുള്ള പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്.

കൃഷിഭവൻ കാണുന്നുണ്ടോ
പൈനാപ്പിള്‍കൃഷിക്ക് കൃഷിവകുപ്പിന്റെ ശക്തമായ പിന്തുണ ആവശ്യമെന്ന് കര്‍ഷകരായ കൂത്താട്ടുകുളം കാരിക്കാപ്പുഴ ജോയി ഐസക്കും മകന്‍ ജോബിനും പറയുന്നു. 200 ഏക്കറിനു മുകളിലെത്തും ഇവരുടെ കൃഷി. എന്‍ജിനീയറിങ് ബിരുദമെടുത്ത ജോബിന്‍ ജോലി ഉപേക്ഷിച്ചാണ് കൃഷിയിലെത്തുന്നത്. വിപണി പഠിച്ച് കൃഷിക്കിറങ്ങിയാല്‍ പൈനാപ്പിള്‍ മികച്ച നേട്ടം തന്നെയെന്ന് ജോബിന്‍. എന്നാൽ ഈ കൃഷിയെ കൃഷിഭവനുകളും കൃഷിവകുപ്പും പരിഗണിക്കുന്നതേയില്ല. ഏക്കര്‍കണക്കിന് സ്ഥലം പാട്ടത്തിനെടുത്താണ് ഓരോ ആളും കൃഷി ചെയ്യുന്നത്. സ്ഥലത്തിന്റെ കൃഷിയോജ്യത, മണ്ണിലെ പോഷകങ്ങളുടെ അളവ് എന്നിവയൊക്കെ അതതു പ്രദേശത്തെ കൃഷിഭവനുകള്‍ പഠിച്ച് ശാസ്ത്രീയ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ കൃഷി കൂടുതല്‍ ആദായമാകുമെന്ന് ജോബിനും ജോയിയും പറയുന്നു.
വരവും ചെലവും
നിലവില്‍ 3,80,000 മുതല്‍ 4,20,000 വരെയാണ് ഒരു ഏക്കര്‍ കൃഷിക്കു ചെലവെന്ന് ബേബി ജോണ്‍. നല്ല പങ്കും പാട്ടക്കൃഷിയാണ്. ഏക്കറിന് 60,000 മുതല്‍ 1,00,000 രൂപവരെ 3 വര്‍ഷത്തേക്കു പാട്ടത്തുക. ആദ്യ വര്‍ഷം ഒരേക്കറില്‍നിന്ന് 12-14 ടണ്‍ വിളവു പ്രതീക്ഷിക്കാം. രണ്ടാം വര്‍ഷം 11 ടണ്‍. മൂന്നാം വര്‍ഷം 9 ടണ്‍. അതായത്, 3 വര്‍ഷം നീളുന്ന ഒരു ബാച്ച് കൃഷിയില്‍നിന്ന് 32-35 ടണ്‍. കിലോയ്ക്കു ശരാശരി 30 രൂപ കിട്ടിയാല്‍ കൃഷി ലാഭമെന്ന് ബേബി ജോണ്‍. കർഷകരുടെ കൂട്ടത്തിൽ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് പൈനാപ്പിള്‍ കര്‍ഷകന്‍. ഏക്കറിന് ഒരു വര്‍ഷം കൃഷിയിടത്തില്‍ മാത്രം നൽകുന്നത് കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങള്‍.
കരുതലോടെ കൃഷി
എല്ലാ ചെടികളും ഒരേ സമയം പുഷ്പിക്കാനുള്ള എഥിഫോണ്‍ പ്രയോഗത്തിന് പൈനാപ്പിള്‍കൃ ഷിയില്‍ നിര്‍ണായക പങ്കുണ്ട്. വിപണിയിലെ അനുകൂല സാഹചര്യം കണക്കു കൂട്ടി കുലപ്പിച്ച് വിളവെടുപ്പു സമയം ആസൂത്രണം ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. എന്നാൽ 4-5 വര്‍ഷമായി ചില തോട്ടങ്ങളില്‍ എഥിഫോണ്‍ പ്രയോഗം കഴിഞ്ഞ് പൂങ്കുല രൂപപ്പെടാന്‍ തുടങ്ങിയ ശേഷം പുറത്തേക്കു തള്ളിവരാതെ നശിച്ചു പോകുന്നതായും പകരം കൂടുതല്‍ കാനികള്‍ (10-14 എണ്ണം വരെ) പൊട്ടി വരുന്നതായും കാണുന്നുവെന്ന് കേരള കാര്‍ഷിക സര്‍വകലാശാല യുടെ വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രം മേധാവി ഡോ. മായ പറയുന്നു. ഇത് കർഷകർക്ക് കാര്യമായ ഉൽപാദനനഷ്ടമുണ്ടാക്കും. ഇത്തരത്തിലുള്ള ചെടികളിലും ഇങ്ങനെ പൊട്ടി വരുന്ന കാനികളിലും നടത്തിയ പരിശോധനകളില്‍ ജിബറിലിക് ആസിഡിന്റെ അളവ് സാധാരണയിലും കൂടുതലായി കണ്ടു. ഈ വ്യതിയാനം കാണിച്ച ചെടികളില്‍നിന്നു ശേഖരിച്ച കാനികളില്‍ പകുതിയിലേറെ എണ്ണത്തിനും എഥിഫോണ്‍ പ്രയോഗത്തിനു ശേഷം പൂങ്കുല വന്നില്ലെന്നും ഡോ. മായ. വളപ്രയോഗത്തിലെ അശാസ്ത്രീയത ഈ വ്യതിയാനത്തിനു കാരണമാകുന്നുണ്ടാവാം.
പൈനാപ്പിള്‍ ഗവേഷണകേന്ദ്രം നിര്‍ദേശിക്കുന്ന പ്രതിവിധികള്‍: ഹ്രസ്വകാലവിളകളായ പച്ചക്കറി കളില്‍ പ്രയോഗിക്കുന്ന വളര്‍ച്ചാത്വരകങ്ങള്‍ പൈനാപ്പിളില്‍ പ്രയോഗിക്കരുത്. ഉല്‍പാദനവ്യതിയാനമുള്ള ചെടികളുടെ കാനികള്‍ തുടര്‍ക്കൃഷിക്ക് ഉപയോഗിക്കരുത്. എഥിഫോണിനൊപ്പം മറ്റു ജൈവ ഘടകങ്ങള്‍ ചേര്‍ക്കരുത്. കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിക്കുന്ന വളങ്ങള്‍ മാത്രം ഉപയോഗിക്കുക.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Profitability of Pineapple Production